Monday 26 February 2024 11:34 AM IST : By പി.കെ. രതീഷ്

കൊടുംതണുപ്പും കോവിഡും യുദ്ധവും ഒരുക്കിയ തടസ്സങ്ങള്‍ മറികടന്നു; ഒടുവിൽ ഡോക്ടറുടെ കോട്ടണിഞ്ഞ് ഹിസാന ഷെറിൻ

malappuram-hisana-irin

യുദ്ധക്കാഴ്ചകൾ കണ്ടും അനുഭവിച്ചും പതറാതെ, ആത്മവിശ്വാസവും ധൈര്യവും മുറുകെപ്പിടിച്ച് ഹിസാന ഷെറിൻ ഡോക്ടറുടെ കോട്ടണിഞ്ഞു. കൊടുംതണുപ്പും പിന്നീട് കോവിഡ് മഹാമാരിയും പിന്നാലെ യുദ്ധവും ഒരുക്കിയ തടസ്സങ്ങളെ മറികടന്നുള്ള ഹിസാനയുടെ നേട്ടത്തിന് തിളക്കമേറെയുണ്ട്.

റഷ്യ- യുക്രെയ്ൻ യുദ്ധം തന്റെ ഡോക്ടറാകാനുള്ള മോഹം തകർക്കുമെന്ന് ഉറപ്പിച്ചിടത്തു നിന്നാണ് തിരൂർ സ്വദേശി ഹിസാന ഷെറിൻ ധൈര്യം സംഭരിച്ച് യുദ്ധഭൂമിയിലേക്കു തിരിച്ച് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം യുക്രെയ്നിലെ നാഷനൽ പിരഗോവ് യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാനച്ചടങ്ങ് ഒരു മലയാളി വിദ്യാർഥിനിയുടെ ജീവിതത്തിൽ പഠനപൂർത്തീകരണത്തിനായി അനുഭവിച്ച ത്യാഗത്തിനുള്ള വലിയ അംഗീകാരം കൂടിയായി.

2018 ലാണ് ഹിസാന യുക്രെയ്നിൽ എംബിബിഎസ് പഠനത്തിനായി എത്തിയത്. പിന്നീട് ഇവിടെയുണ്ടായ അതിശൈത്യം ഒരുപാട് ശാരീരികപ്രശ്നങ്ങളുണ്ടാക്കി. 2020ൽ കോവിഡ് വന്നതോടെ പഠനം തകിടം മറിഞ്ഞു. പിന്നീട് ഒരു വർഷത്തോളം പുറത്തിറങ്ങാതെ യുക്രെയ്നിലെ ഒരു ഹോസ്റ്റൽ മുറിയിൽ കഴിച്ചുകൂട്ടി. പിന്നീട് ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചു. ഇതിനിടെയാണ് 2022 ഫെബ്രുവരി മുതൽ റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായത്. പരിസരത്തായി മിസൈൽ വർഷവും തലയ്ക്കു മീതെ യുദ്ധവിമാനങ്ങളും കണ്ട് എല്ലാവരും ഭയന്നു. 2022 മാർച്ച് 3നാണ് ഡൽഹിയിലെത്തിയ ശേഷം കൊച്ചിയിലേക്ക് വന്നത്. 

പിന്നീട് ഏറെക്കാലം ഓൺലൈനായി ക്ലാസിൽ പങ്കെടുത്തെങ്കിലും പ്രാക്ടിക്കലിനായി യൂണിവേഴ്സിറ്റിയിൽ നേരിട്ടെത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഇതോടെ വീട്ടുകാരെയെല്ലാം സമാധാനിപ്പിച്ച് 2023 ഫെബ്രുവരി 19ന് ഹിസാന ഷെറിൻ പോളണ്ട് വഴി ഒറ്റയ്ക്ക് യുക്രെയ്നിലേക്കു തിരിക്കുകയായിരുന്നു. തുടർന്നും ക്ലാസിലും പരീക്ഷാ സമയത്തുമെല്ലാം പുറത്ത് ഭീകര ശബ്ദത്തോടെയുള്ള സൈറണുകൾ മുഴങ്ങി. യുദ്ധ കോലാഹലങ്ങൾ കണ്ടു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ അവിടെ തങ്ങി. പരീക്ഷ പൂർത്തിയാക്കി.

കഴിഞ്ഞ 19ന് യുക്രെയ്നിലെ യൂണിവേഴ്സിറ്റിയിൽ, ഇന്ത്യൻ അംബാസഡർ ഹർഷ്കുമാർ ജെയിൻ അതിഥിയായി പങ്കെടുത്ത ബിരുദദാനച്ചടങ്ങിൽ സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെയാണ് ഹിസാനയുടെ പഠനത്തിന്റെ തീവ്രപരീക്ഷണകാലത്തിനു വിരാമമായത്. റിസാന ഷെറിന്റെ എംബിബിഎസ് പഠനപൂർത്തീകരണത്തിൽ പിതാവ് നിറമരുതൂർ ഗവ. യുപി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന പി.പി.സാദിഖും മാതാവ് കൂട്ടായി യുപി സ്കൂൾ അധ്യാപികയായ പി.ഫൗസിയയും ഏറെ സന്തോഷത്തിലാണ്.

Tags:
  • Spotlight