Wednesday 18 January 2023 11:17 AM IST : By സ്വന്തം ലേഖകൻ

ഏഴു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ കുരിശടിക്കു മുന്നിൽ ഉപേക്ഷിച്ചു; കടിച്ചു കീറാൻ വട്ടം കൂടി തെരുവുനായ്ക്കള്‍, രക്ഷിച്ചത് തട്ടുകടക്കാരൻ

kurishadi.jpg.image.845.440

ഏഴു ദിവസം പ്രായമായ ചോരക്കുഞ്ഞിനെ കുരിശടിക്കു മുന്നിൽ ഉപേക്ഷിച്ച് സ്കൂട്ടർ യാത്രക്കാരൻ കടന്നു കളഞ്ഞു. കടിച്ചു കീറാൻ വട്ടം കൂടിയ തെരുവുനായ്ക്കളിൽ നിന്നു കുഞ്ഞിനെ രക്ഷിച്ചത് സമീപത്തെ തട്ടുകടക്കാരൻ. ഇന്നലെ പുലർച്ചെ രണ്ടരയോടെ എംസി റോഡിൽ വാളകം ബഥനി സ്കൂളിനു മുന്നിലെ കുരിശടിക്കു മുന്നിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നവജാതശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ സുരക്ഷിതമായി കഴിയുന്നു.

നിരീക്ഷണക്യാമറ ദൃശ്യങ്ങളിൽ നിന്നു ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചുവപ്പ് തലപ്പാവ് ധരിച്ചയാൾ കുരിശടിയിലേക്ക് എത്തി കുഞ്ഞിനെ വച്ച ശേഷം തിരികെ പോകുന്നതാണ് ദൃശ്യം. രാത്രി എട്ടരയോടെ എത്തി ഉപേക്ഷിച്ചതായാണ് സിസിടിവിയിൽ രേഖപ്പെടുത്തിയ സമയത്തിൽ നിന്നു മനസ്സിലാക്കാനായതെന്നു പൊലീസ് പറയുന്നു.

കുഞ്ഞിന്റെ ഉച്ചത്തിലുള്ള നിലവിളിയും തെരുവു നായ്ക്കളുടെ കുരയും കേട്ടാണ് 100 മീറ്റർ അകലെ തട്ടുകട നടത്തിയിരുന്ന ആർ.രാജീവ്കുമാർ ഓടിയെത്തിയത്. കുഞ്ഞുമായി റോഡിലേക്ക് ഇറങ്ങി നിന്ന് അതുവഴി പോയ വാഹനയാത്രക്കാരോട് സഹായം അഭ്യർഥിച്ചു. ഒരു മണിക്കൂർ കാത്തിരിപ്പിന് ശേഷം അതു വഴി പോയ കാറിൽ വന്ന ദമ്പതികൾ സഹായികളായി. അപ്പോഴേക്കും പട്രോളിങ് നടത്തിയ ചടയമംഗലം സ്റ്റേഷനിലെ പൊലീസ് വാഹനവും സ്ഥലത്ത് എത്തി.

രാജീവും പൊലീസിനൊപ്പം കുഞ്ഞുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി. നഴ്സുമാരുടെ പരിചരണത്തിലുള്ള കുഞ്ഞിന് 2.86 കിലോ ഭാരമുണ്ട്.മൂന്നാം തവണയാണ് ഇതേ കുരിശടിക്ക് മുന്നിൽ കുഞ്ഞിനെ ഉപേക്ഷിച്ച് ആളുകൾ കടന്നു കളയുന്നത്. 2021 ജൂണിലും 2022 ഫെബ്രുവരിയിലുമാണ് മുൻപുണ്ടായ സംഭവങ്ങൾ. അതിന് ശേഷമാണു കുരിശടിയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.

Tags:
  • Spotlight