Friday 15 March 2024 12:18 PM IST : By സ്വന്തം ലേഖകൻ

മദ്യപാനത്തിനിടെ ഐ ഫോണ്‍ മോഷ്‌ടിച്ചു; വിശന്നപ്പോള്‍ 100 രൂപയുടെ പാവ് ഭാജിക്ക് പകരമായി ഐ ഫോണ്‍ വിറ്റു!

pavbhaj87788

മനുഷ്യനാല്‍ അടക്കാന്‍ പറ്റാത്ത ഒന്നാണ് വിശപ്പ്. കയ്യിലുള്ളത് വിറ്റിട്ടാണെങ്കിലും വിശപ്പ് ശമിപ്പിക്കാനും ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ അതൊരു ഐ ഫോണാണെങ്കിലോ, അതും മോഷ്​ടിച്ചത്. ഗോവയിലാണ് ഗൗരവതരമെങ്കിലും തമാശ നിറഞ്ഞ സംഭവം നടന്നത്. ഡല്‍ഹി സ്വദേശിയായ ബേദാര്‍ദി രാജയാണ് ഗോവയില്‌ വച്ച് തനിക്ക് നേരിട്ട അനുഭവം എക്​സിലൂടെ പങ്കുവച്ചത്. 

നന്നായി മദ്യപിച്ച ഒരാളാണ് തന്‍റെ ഐ ഫോണ്‍ മോഷ്‌ടിച്ചതെന്നാണ് യുവാവ് പറയുന്നത്. താനും നന്നായി മദ്യപിച്ചിരുന്നു. മോഷണത്തിന് പിന്നാലെ അയാള്‍ക്ക് വിശന്നപ്പോള്‍ ചെറിയൊരു കടയില്‍ നിന്നും പാവ് ബാജി കഴിക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍ കയ്യില്‍ പണമുണ്ടായിരുന്നില്ല. അതിനാല്‍ മോഷ്​ടിച്ച ഐ ഫോണാണ് യുവാവ് പകരം നല്‍കിയത്. 60,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള ഐ ഫോണാണ് 100 രൂപയുടെ പാവ് ഭാജിക്ക് പകരമായി യുവാവ് നല്‍കിയത്. എന്നാല്‍ അത് നിരസിക്കുന്നതിന് പകരം ഫോണ്‍ വാങ്ങിവച്ച കടക്കാരന്‍ ചാര്‍ജ് ചെയ്​തുവെന്നും ബേദാര്‍ദി രാജ പറഞ്ഞു. 

ഫോണ്‍ നഷ്​ടപ്പെട്ട് 36 മണിക്കൂറിന് ശേഷം വിളിച്ചപ്പോള്‍ കടക്കാരന്‍ ഫോണ്‍ ഫോണ്‍ എടുക്കുകയും ചെയ്​തു. അയാളുടെ വീട് ഗോവന്‍ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരെ ഒരു ഉള്‍പ്രദേശത്തായിരുന്നു. അവിടെ വരെ പോയി ഫോണ്‍ കൈപ്പറ്റേണ്ടി വന്നുവെന്നും യുവാവ് എഴുതി. രസകരമായ കമന്‍റുകളാണ് ബേദാര്‍ദി രാജയുടെ കുറിപ്പിന് ലഭിക്കുന്നത്. പാവ് ബാജിക്ക് അത്ര രുചികരമായിരിക്കും എന്നായിരുന്നു ഒരു കമന്‍റ്. ഐ ഫോണ്‍ സുരക്ഷിതമാക്കിയതിന് പാവ് ബാജി കടക്കാരനെ അഭിനന്ദിച്ചും കമന്‍റുകളെത്തി. മറ്റു ചിലര്‍ കൊച്ചുമക്കള്‍ക്ക് പറഞ്ഞ് കൊടുക്കാനൊരു കഥയായി എന്നായിരുന്നു എഴുതിയത്.  

Tags:
  • Spotlight