Monday 29 May 2023 12:56 PM IST : By സ്വന്തം ലേഖകൻ

‘അതൊക്കെ എളുപ്പത്തിൽ സാധിക്കും’; മൃതദേഹം മുറിച്ചത് വിശദീകരിച്ചപ്പോൾ കണ്ടുനിന്നവർ മൂക്കത്തു വിരൽവച്ചു! കൂസലില്ലാതെ ഷിബിലിയും ഫർഹാനയും

malappuram-murder.jpg.image.845.440

അടുത്തിടെ പ്രാദേശിക സഞ്ചാരികൾ പെരിന്തൽമണ്ണയിലെ ‘മിനി ഊട്ടി’ ആക്കി മാറ്റിയ ചീരട്ടാമല വ്യൂ പോയിന്റിലേക്ക് ഉച്ചസമയത്ത് പൊലീസ് വാഹനങ്ങളടങ്ങുന്ന വൻ സംഘം കുതിക്കുന്നതു കണ്ട് നാട്ടുകാർ അമ്പരന്നു. വഴി ചോദിച്ചപ്പോൾ പ്രദേശവാസികളിലൊരാൾ പറഞ്ഞത്  ‘അങ്ങോട്ട് പൊലീസ് പടയും പോകുന്നതു കണ്ടു,  എന്താ സംഭവം?’.  കേരളം ഞെട്ടിയ നിഷ്ഠുരമായൊരു കൊലപാതകത്തിന്റെ രഹസ്യങ്ങൾ ഇവിടത്തെ തോട്ടപ്പയർ വള്ളികൾക്കിടയിലായിരുന്നു മറഞ്ഞുകിടന്നതെന്ന് അവരറിഞ്ഞിട്ടുണ്ടായിരുന്നില്ല.  

തിരൂരിൽ നിന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെയും കൊണ്ട് അങ്ങാടിപ്പുറത്തേക്ക് തിരിക്കുമ്പോൾ തുക പിൻവലിച്ച എടിഎം കൗണ്ടറിലെ തെളിവെടുപ്പിനെന്നായിരുന്നു വിവരം. പിന്നീടാണ് സിദ്ദീഖിന്റെ വസ്ത്രങ്ങളും കൊലപാതകത്തിനും തെളിവു നശിപ്പിക്കാനും ഉപയോഗിച്ച വസ്തുക്കളും വലിച്ചെറിഞ്ഞ ചീരട്ടാമലയിലേക്കാണ് യാത്രയെന്ന വിവരം പുറത്തായത്.

ആദ്യം 2 പൊലീസുകാരെ വിട്ട് സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമാണ് സംഘം ഇങ്ങോട്ടെത്തിയത്. ഉച്ചയ്ക്ക് 1.15ന് എത്തിയ സംഘം 1.30ന് ആണ് തെളിവുകൾ വീണ്ടെടുക്കാൻ ആരംഭിച്ചത്. ഫർഹാനയാണ് കവർ വലിച്ചെറിഞ്ഞ സ്ഥലം കൃത്യമായി ചൂണ്ടിക്കാട്ടിക്കൊടുത്തത്. ആ സമയം ഒരു പൊലീസുകാരി അവരുടെ ഇടത്തേ കൈ മുറുക്കിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു. ഷിബിലിയെ കൈവിലങ്ങിട്ട് മറ്റൊരു പൊലീസ് ജീപ്പിന്റെ പിൻസീറ്റിൽ ഇരുത്തിയിരിക്കുകയായിരുന്നു. 5 മിനിറ്റിനുള്ളിൽ ആദ്യത്തെ കെട്ട് കിട്ടി. 

സാധനങ്ങൾ നിറച്ചൊരു മഞ്ഞക്കവർ മറ്റൊരു കറുത്ത കവറുകൊണ്ട് പൊതിഞ്ഞ നിലയിൽ. അതിൽ നിന്ന് 2 എടിഎം കാർഡുകൾ, ടർക്കി, ചോരക്കറയുള്ള ബെഡ്ഷീറ്റ്, കത്തി തുടങ്ങിയ സാധനങ്ങൾ കിട്ടി. പിന്നാലെ ഇലക്ട്രിക് കട്ടറും അതിന്റെ മുറിഞ്ഞൊരു ബ്ലേഡും മുറിയാത്തൊരു ബ്ലേഡും കിട്ടി. ചുറ്റിക ലഭിച്ചത് അൽപം കൂടി അകലെ നിന്ന്. സിദ്ദീഖിന്റെ ജീൻസും മറ്റു ചില സാധനങ്ങളും കിട്ടിയത് 300 മീറ്റർ അകലെ റബർ തോട്ടത്തിൽ നിന്ന്. ഒരുമിച്ച് എറിഞ്ഞതായിരുന്നു കവറുകളെങ്കിലും പട്ടിയോ മറ്റോ വലിച്ചു കൊണ്ടുപോയതാകാം എന്നാണ് പൊലീസ് നിഗമനം.

ഡി കാസ എന്ന ലോഡ്ജിന്റെ പേരെഴുതിയ തലയണക്കവർ, സിദ്ദീഖിന്റെ ചെരിപ്പുകൾ, മൃതദേഹം കീറിമുറിക്കുന്നതിനായി ഉപയോഗിച്ച കയ്യുറകൾ തുടങ്ങിയവയെല്ലാം ഇവിടെ നിന്ന് കിട്ടിയവയിൽപ്പെടും. വിവരമറിഞ്ഞ് ആളുകൾ ഒഴുകിയെത്തിയതോടെ ഫർഹാനയെ ജീപ്പിലേക്ക് മാറ്റി. ഓരോ സംശയം ചോദിക്കുമ്പോഴും ഭാവഭേദമൊന്നുമില്ലാതെയായിരുന്നു ഫർഹാനയുടെ മറുപടി. ഇലക്ട്രിക് കട്ടറുകൊണ്ട് മൃതദേഹം ആഴത്തിൽ മുറിക്കുന്നതിൽ പ്രദേശവാസികളിലൊരാൾ സംശയമുന്നയിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ അക്കാര്യം ഷിബിലിയോട് ചോദിച്ചു. അതൊക്കെ എളുപ്പത്തിൽ സാധിക്കുമെന്ന് മറുപടി. തുടർന്ന് എങ്ങനെയാണ് അരിഞ്ഞുമുറിച്ചതെന്ന് വിശദീകരിച്ചപ്പോൾ കണ്ടുനിന്നവർ മൂക്കത്തു വിരൽവച്ചു. ഫൊറൻസിക്, വിരലടയാള വിദഗ്ധർ ഓരോ തെളിവുകളും വിശദമായി പരിശോധിച്ചു. പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി ബിഗ് ഷോപ്പറിലേക്കു മാറ്റി. 3 മണിയോടെ ഇവിടെ നിന്നും പൊലീസ് മടങ്ങുമ്പോഴേക്കും പ്രധാന തെളിവുകളെല്ലാം ശേഖരിച്ചിരുന്നു. അനുബന്ധ തെളിവുകൾ ഇനിയും ലഭിക്കാനുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.

ചീരട്ടാമല ഷിബിലിക്ക് നേരത്തേ പരിചിതം

ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങളും ഉപകരണങ്ങളും വലിച്ചെറിയാൻ പ്രതികൾ ചീരട്ടാമല തിരഞ്ഞെടുത്തത് മുൻപ് ഷിബിലി ഇവിടെ ലഹരി ഉപയോഗത്തിനായി വന്ന പരിചയം കണക്കിലെടുത്തെന്ന് പൊലീസ്. അങ്ങാടിപ്പുറത്ത് താമസിക്കുന്ന സമയത്ത് ഷിബിലിക്ക് ലഹരി ഇടപാടും ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും ചീരട്ടാമല–ചെറുമല റോഡിലെ ആളൊഴിഞ്ഞ ഈ പ്രദേശത്ത് വരാറുണ്ടായിരുന്നെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അങ്ങാടിപ്പുറത്തു നിന്ന് 5 കിലോമീറ്റർ അകലെയാണ് ചീരട്ടാമല. എന്നാൽ വ്യൂ പോയിന്റിന്റെ ഭാഗത്ത് ഇരുവശത്തുമായി ഒരു കിലോമീറ്ററോളം ഭാഗത്ത് ആൾത്താമസമില്ലാത്തതിനാൽ ഇവിടെ ആരെങ്കിലും വന്നു പോകുന്നത് നാട്ടുകാരും ശ്രദ്ധിക്കാറില്ല.

എന്നാൽ പാതിരാത്രിയിലും പുലർച്ചെയുമൊക്കെ വാഹനങ്ങളിൽ ആളുകൾ എത്താറുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു സ്ത്രീ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് വെള്ളം ചോദിച്ചിരുന്നതായും പ്രദേശവാസികളിലൊരാൾ പറഞ്ഞു. റബർത്തോട്ടവും കാടുമൂടിക്കിടന്നതുമായ പ്രദേശമായിരുന്നു ഇവിടെ. ശുചിമുറി മാലിന്യം അടക്കം ഇവിടെ കൊണ്ടു തള്ളുന്നതും പതിവായിരുന്നു. ഇതുകൊണ്ടൊക്കെ ആരും ശ്രദ്ധിക്കില്ലെന്ന ധാരണയിലാകാം കവറുകൾ ഇവിടെ ഉപേക്ഷിക്കാൻ ഷിബിലി തീരുമാനിച്ചതെന്നാണ് നിഗമനം. എന്നാൽ കഴിഞ്ഞ ആഴ്ചയാണ് ഒരുഭാഗത്തെ കാടു വെട്ടിത്തെളിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.

നാടു വിടാൻ തീരുമാനിച്ചത് 3 ദിവസത്തിനു ശേഷം

സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം നാട്ടിൽ തന്നെ തുടർന്ന ഷിബിലിയും ഫർഹാനയും നാടുവിടാൻ തീരുമാനിച്ചത് 3 ദിവസത്തിനു ശേഷം പൊലീസ് അന്വേഷണം തുടങ്ങിയെന്ന വിവരം ലഭിച്ചപ്പോൾ. 18ന് സിദ്ദീഖിനെ കൊലപ്പെടുത്തി കുളിമുറിയിൽ വച്ച് കഷണങ്ങളാക്കി ട്രോളി ബാഗിൽ നിറച്ച ശേഷം 19നാണ് ഇവർ കോഴിക്കോട്ടെ ലോഡ്ജിൽ നിന്ന് മടങ്ങിയത്. സിദ്ദീഖിന്റെ കാറിലായിരുന്നു യാത്ര. അട്ടപ്പാടിയിൽ ചെന്ന് ട്രോളി ബാഗ് ഉപേക്ഷിച്ചു. പിന്നെ അതേ കാറിൽ 19ന് രാത്രി അങ്ങാടിപ്പുറം ചീരട്ടാമലയിൽ മറ്റു വസ്തുക്കളടങ്ങിയ കെട്ടുകളും ഉപേക്ഷിച്ചു. പിന്നീടാണ് കാർ ഉപേക്ഷിക്കുകയും പ്രതികൾ വീടുകളിലേക്ക് മടങ്ങുകയും ചെയ്തതെന്നാണ് വിവരം.

കടക്കാൻ ശ്രമിച്ചത് അസമിലേക്ക്

ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും കടന്നുകളയാൻ ശ്രമിച്ചത് അസമിലേക്ക്. അവിടെ തങ്ങാൻ സഹായം തേടിയതാകട്ടെ മുൻപ് കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ തൊഴിലാളിയോടും. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ക്വാർട്ടേഴ്സിൽ ഷിബിലി താമസിച്ചിരുന്നപ്പോഴാണ് ഈ അസം സ്വദേശിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ടെ സ്ഥാപനത്തിലെത്തുന്നതിനു മുൻപ് അങ്ങാടിപ്പുറത്തു താമസിച്ച് ഹോട്ടലുകളിലും മറ്റുമായി ഷിബിലി ജോലി ചെയ്തിരുന്നു. കൊലപാതക ശേഷം ഷിബിലിയും ഫർഹാനയും ആഷിക്കും വീടുകളിലേക്ക് മടങ്ങിയിരുന്നു.

പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് നാടുവിടാൻ തീരുമാനിച്ചത്. എങ്ങോട്ടു പോകുമെന്ന ആലോചനയിലാണ് അസം സ്വദേശിയായ സുഹൃത്തിന്റെ കാര്യം ഓർമ വന്നത്. അങ്ങനെ അങ്ങോട്ടു കടക്കാൻ തീരുമാനിക്കുകയായിരുന്നു.ഷിബിലി വല്ലപ്പുഴയിൽ നിന്ന് ഫർഹാനയെക്കൂട്ടി ബൈക്കിൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെത്തിയാണ് ട്രെയിൻ കയറിയത്. പിന്നീടാണ് ചെന്നൈയിൽ പിടിയിലായത്.

എടിഎം പിൻ ഷിബിലിക്ക് നേരത്തേ അറിയാം

കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദീഖിന്റെ എടിഎം കാർഡ് പിൻ നമ്പറുകൾ മർദിച്ചു കൈവശപ്പെടുത്തിയതല്ല, ഷിബിലിയെ വിശ്വസിച്ച് അദ്ദേഹം തന്നെ നേരത്തേ കൈമാറിയതെന്ന് പൊലീസ്. ഹോട്ടലിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഷിബിലിയുടെ കൈവശം കാർഡ് കൊടുത്തയയ്ക്കാറുണ്ടായിരുന്നു. ഇതിന്റെ കൂടെ പിൻ നമ്പറും പറഞ്ഞു കൊടുത്തിരുന്നതായി ഷിബിലി മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ എടിഎം കാർഡിൽ നിന്ന് പണം പിൻവലിക്കാൻ അതുകൊണ്ടു തന്നെ പ്രതികൾക്ക് എളുപ്പമായി.

malappuram-tools.jpg.image.845.440

പൊലീസിനെ സഹായിച്ചത് സിസിടിവി ദൃശ്യങ്ങൾ

സിദ്ദീഖിന്റെ തിരോധാനം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസ് കടന്നത് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ നിന്ന്. കോഴിക്കോട്ടെ ഹോട്ടൽമുറിയിലേക്ക് സിദ്ദീഖ് കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹം തിരിച്ചു പോകുന്ന ദൃശ്യങ്ങളില്ല. പകരം മറ്റു 3 പേർ മാത്രമാണ് തിരിച്ചു പോകുന്നത്. ഇതിനൊപ്പം ട്രോളി ബാഗുകൾ മുറിയിലേക്ക് എത്തിക്കുന്നതും കൊണ്ടു പോകുന്നതുമായ ദൃശ്യങ്ങൾ കൂടി കണ്ടതോടെയാണ് കൊലപാതകം നടത്തി മൃതദേഹം മുറിച്ചു കടത്തിയെന്ന സംശയത്തിലേക്ക് പൊലീസ് കടന്നത്.

കൊലയ്ക്കുശേഷം ഷോപ്പിങ്!

അരുംകൊലയ്ക്ക് ശേഷം ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ മടങ്ങിയത് ഷോപ്പിങ് നടത്തിയ ശേഷം. 18ന് രാത്രി സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം രാത്രി 9 മണിയോടെ ഫർഹാനയും ഷിബിലിയും ആഷിഖും മാനാഞ്ചിറ ഭാഗത്തേക്കു പോയി. അവിടെ നിന്ന് ട്രോളി ബാഗ് വാങ്ങി. അതിനുശേഷം മൂന്നു പേർക്കും പുതിയ വസ്ത്രങ്ങൾ കൂടി വാങ്ങിയ ശേഷമാണ് ഇവർ മടങ്ങിയെത്തിയത്. ഒരു ട്രോളിയിൽ മൃതദേഹം കൊള്ളില്ലെന്നു കണ്ടതോടെ പിറ്റേന്ന് രാവിലെ വീണ്ടും പുറത്തിറങ്ങി ട്രോളി ബാഗും ഇലക്ട്രിക് കട്ടറും വാങ്ങുകയായിരുന്നു.

അട്ടപ്പാടി ചുരം ആഷിഖിന്റെ സിലക്‌ഷൻ

മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതി തയാറാക്കിയത് പ്രതികളിലൊരാളായ ആഷിഖ്. ഫർഹാന പറഞ്ഞതനുസരിച്ചാണ് ആഷിഖ് 18ന് കോഴിക്കോട്ടെത്തിയത്. ഷൊർണൂറിൽ നിന്ന് ട്രെയിൻ മാർഗമാണെത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് വീണ സിദ്ദീഖിന്റെ നെഞ്ചിൽ ചവിട്ടിയത് ആഷിഖാണ്. ഈ ചവിട്ടിൽ സിദ്ദീഖിന്റെ വാരിയെല്ല് പൊട്ടിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അട്ടപ്പാടിയെക്കുറിച്ച് നല്ല ധാരണയുള്ള ആഷിഖാണ് 9–ാം വളവിലെ ചുരത്തിൽ നിന്ന് ട്രോളി ബാഗുകൾ വലിച്ചെറിയാമെന്ന പദ്ധതി തയാറാക്കിയത്. 3 പ്രതികളും ഒരുമിച്ച് സിദ്ദീഖിന്റെ കാറിൽ പോയാണ് മൃതദേഹ ഭാഗങ്ങളടങ്ങിയ ട്രോളി ബാഗുകൾ വലിച്ചെറിഞ്ഞത്.

പ്രതികൾക്ക് സഹായം ലഭിച്ചെന്ന് സൂചന

ഹോട്ടലുടമ സിദ്ദീഖിന്റെ ക്രൂരമായ കൊലപാതകത്തിനു പിന്നിൽ കൂടുതൽ പ്രതികളെന്നു സൂചന. നേരിട്ട് പങ്കെടുത്തത് 3 പേരാണെങ്കിലും ഇവർക്ക് മറ്റു ചിലരിൽ നിന്ന് സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു. കട്ടർ വാങ്ങാനും മൃതദേഹം മുറിക്കാനുമുള്ള തീരുമാനം പ്രതികൾ സ്വന്തമെടുത്തതാണോ മറ്റാരെങ്കിലും പറഞ്ഞതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു. 

മുറിയിൽ ബഹളം നടക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിട്ട് ലോഡ്ജിലെ ജീവനക്കാർ ഇക്കാര്യം അ‍റിഞ്ഞില്ലേയെന്ന സംശയവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജീവനക്കാരെ ചോദ്യം ചെയ്തേക്കും. കൊലപാതകം നടന്ന ശേഷം പ്രതികൾ 15 മണിക്കൂറിലേറെ ലോഡ്ജിൽ താമസിച്ചിട്ടുണ്ട്. സിദ്ദീഖിനെയും പ്രതികളെയും ജീവനക്കാർക്ക് നേരത്തേ അറിയാമായിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്.

ഫർഹാനയുടെ മാതാവ് പറയുന്നു: സിദ്ദീഖ് പറഞ്ഞിട്ട് ഷിബിലി ഫർഹാനയെ വിളിപ്പിച്ചു

ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു വരുത്തിയതു കൊല്ലപ്പെട്ട സിദ്ദീഖിന്റെ നിർദേശപ്രകാരം ഷിബിലിയാണെന്നു ഫർഹാനയുടെ മാതാവ് ഫാത്തിമ പറയുന്നു. ഷിബിലിയെ സിദ്ദീഖിനു പരിചയപ്പെടുത്തിയതും കോഴിക്കോട്ടെ ഹോട്ടലിൽ ജോലി തരപ്പെടുത്തിയതും ഫർഹാനയാണെന്നും അവർ പറഞ്ഞു. മുൻപു ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഷിബിലിയെ കാത്തു റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണു സിദ്ദീഖിനെ പരിചയപ്പെട്ടത്. 

ടിക് ടോക് വഴി പരിചയപ്പെട്ട ഫർഹാനയും ഷിബിലിയും വർഷങ്ങളായി അടുപ്പത്തിലാണ്. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ആദ്യം പിന്മാറിയെങ്കിലും പിന്നീട് വീണ്ടും അടുത്തു. ഷിബിലിയുടെ ഭീഷണിയെത്തുടർന്നാണിതെന്നും ഫാത്തിമ ആരോപിച്ചു. ‘ഷിബിലി ഫ്രോഡാണെന്ന്’ ഫർഹാനയുടെ പിതാവ് വീരാൻകുട്ടി ആരോപിച്ചു. ഇക്കാര്യം പലതവണ മകളോടു പറഞ്ഞിരുന്നെങ്കിലും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആഷിഖിനെതിരെ വാറന്റും

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വല്ലപ്പുഴ വാലുപ്പറമ്പിൽ മുഹമ്മദ് ആഷിഖിനെതിരെ (ചിക്കു-23) ഒറ്റപ്പാലം സബ് കലക്ടർ മാർച്ചിൽ വാറന്റ് ഇറക്കിയിരുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണു വാറന്റ് അയച്ചത്. പല തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണു വാറന്റ് അയച്ചത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ സമാധാനലംഘനം ആരോപിച്ചു പട്ടാമ്പി പൊലീസ് നൽകിയ ശുപാർശയിലാണ് സബ് കലക്ടർ നടപടി തുടങ്ങിയത്. സബ് കലക്ടർക്കു മുന്നിൽ ഹാജരായി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ ബോണ്ട് സമർപ്പിച്ചു ജാമ്യം എടുക്കുന്ന നടപടിയാണിത്.

ഒരു വർഷത്തിനകം വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കും. ആഷിഖിനെതിരെ മൂന്നു കേസുകളാണ് പൊലീസിലുള്ളത്. ദലിത് വനിതയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് തൃത്താല പൊലീസിലും, സംഘം ചേർന്ന് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കോവിഡ് മാനദണ്ഡം പാലിക്കാതെ പുറത്തിറങ്ങി നടന്നതിനും 2 കേസുകൾ പട്ടാമ്പിയിലുമുണ്ട്.

Tags:
  • Spotlight