Friday 20 January 2023 11:01 AM IST : By സ്വന്തം ലേഖകൻ

‘മാതാപിതാക്കൾ അടിച്ചാലേ കേസുള്ളൂ, നാട്ടുകാർ കൂടി അടിച്ചതിന് എന്തു കേസ്?’; പൊലീസിന്റെ പരിഹാസം, അമ്മയ്ക്കും മകൾക്കും ‌ലഹരി സംഘത്തിന്റെ ക്രൂരമർദനം

lathikaggb667899

വീടിനടുത്ത് ലഹരി ഉപയോഗം കണ്ടാൽ വിളിച്ച് അറിയിക്കണമെന്നും വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ലഹരിക്കെതിരായ ‘യോദ്ധാവ്’ പദ്ധതിയിലൂടെ സർക്കാർ നൽകിയ ഉറപ്പു വിശ്വസിച്ചാണ് അവൾ ‘100’ എന്ന നമ്പറിൽ പൊലീസിനെ വിളിച്ചത്. തുടർച്ചയായി പരാതി പറഞ്ഞിട്ടും പൊലീസിനും എക്സൈസിനും പ്രതികൾക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ജനുവരി 7 ന് രാത്രി 9.30. അവളുടെ പരാതിയിലെ പ്രതി ലഹരിയുടെ ബലത്തിൽ അവളുടെ വീട്ടിലേക്ക് അതിക്രമിച്ചെത്തി അമ്മയെയും അവളെയും ക്രൂരമായി മർദിച്ചു. ഇപ്പോൾ അവളുടെ ചോദ്യം–‘ഞങ്ങൾ ആരെ വിശ്വസിക്കും? എങ്ങനെ സ്കൂളിൽ പോകും?’ ആ ദിവസത്തിനു ശേഷം, സുരക്ഷിതമെന്നു കരുതിയിരുന്ന വീട്ടിൽ മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയാതെ രാത്രി ഞെട്ടിയുണരുകയാണ് പിരപ്പൻകോട് സ്വദേശിയായ ആ പ്ലസ് ടു വിദ്യാർഥിനി. സ്കൂളിൽ പോകണമെങ്കിൽ അമ്മ പുറത്തു കാവലിരിക്കണമെന്ന് അവൾ അപേക്ഷിക്കുന്നു.

ആരാണ് കുട്ടിയുടെ പേര് ചോർത്തിയത് ?

ഞങ്ങൾക്കു രാഷ്ട്രീയ സ്വാധീനമില്ല. ഇവിടത്തെ പഞ്ചായത്തംഗം ഇതുവരെ ഞങ്ങളെ വിളിക്കുകയോ വന്നു സഹായം നൽകുകയോ ചെയ്തിട്ടില്ല. അവരെല്ലാം ഞങ്ങളെ മർദിച്ചവർക്കൊപ്പമാണ്–’ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചു പൊലീസിനു വിവരം കൈമാറിയതിന് രാത്രി വീടുകയറിയുള്ള ആക്രമണത്തിന് ഇരയായ മാണിക്കൽ പഞ്ചായത്തിലെ വീട്ടമ്മ ലതിക പറയുന്നു. ലതികയ്ക്കും മകൾക്കുമാണ് ക്രൂരമായ മർദനമേറ്റത്.

‘മകളുടെ സ്കൂളിൽ ലഹരിക്കെതിരെ ‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണം ഉണ്ടായിരുന്നു. നിങ്ങളുടെ വീടിനടുത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞാൽ അറിയിക്കാൻ ഒരു നമ്പർ നൽകി‍. വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അവർ ഉറപ്പു നൽകി. അങ്ങനെയാണ്, എപ്പോഴും മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും ബഹളമുണ്ടാക്കുന്ന അയൽക്കാരനായ മുരുകനെപ്പറ്റി പലവട്ടം സ്കൂളിൽ നിന്നു ലഭിച്ച നമ്പറിലേക്കും ‘100’ എന്ന നമ്പറിലേക്കും വിളിച്ചു പറഞ്ഞു.

അവർ ചോദിച്ചപ്പോൾ മകൾ പേരും സ്കൂളിന്റെ പേരും പറഞ്ഞിട്ടുണ്ട്. ഒന്നിലധികം തവണ പൊലീസും എക്സൈസും വന്നു പരിശോധിച്ചു. അയാൾ പിടി കൊടുത്തില്ല. ജനുവരി 7 ന് രാത്രി 9 മണിയോടെ മുരുകൻ വീട്ടിൽ വന്ന് അസഭ്യം പറഞ്ഞു. കുട്ടികളുടെ മുന്നിൽ വച്ച് ചീത്ത വിളിക്കരുതെന്നു പറഞ്ഞ് ഞാൻ വീടിനുള്ളിലേക്കു കയറാൻ തുടങ്ങിയപ്പോൾ അവൻ എന്റെ മുടിയിൽ പിടിച്ചു വലിച്ചിറക്കിയ ശേഷം മൺവെട്ടിയുടെ കൈ ഉപയോഗിച്ച് എന്നെ തല്ലി. വീടിന്റെ മുന്നിലെ ട്യൂബ് ലൈറ്റും തകർത്തു.

പേടിച്ച് ഓടി വന്ന മൂത്ത മകളുടെ മുടിയിൽ പിടിച്ചു വലിച്ച് ‘‘എടീ, നിന്നെയാണ് എനിക്ക് ആവശ്യം’ എന്നു പറഞ്ഞ് തള്ളിയിട്ടു. അവൾ ചാടി എഴുന്നേൽക്കാൻ നോക്കിയപ്പോൾ മുരുകന്റെ ഭാര്യയുടെ അനുജത്തി മായ, അവരുടെ ഭർത്താവിന്റെ പേരും മകൾ പൊലീസിനു കൊടുത്തു എന്നു പറഞ്ഞ് അവളുടെ മുടിയിൽ പിടിച്ചു മുറ്റത്തിട്ടു കറക്കിയ ശേഷം തള്ളിയിട്ട് മുകളിൽ കയറിയിരുന്ന് അസഭ്യം പറ‍ഞ്ഞുകൊണ്ട് മുഖത്തും നെഞ്ചിലും ഇടിച്ചു. ഇതിനിടയിൽ മുരുകന്റെ ഭാര്യ മഞ്ജു സിമന്റ് കല്ല് എടുത്ത് മകളുടെ മുകളിലേക്ക് എറിയാൻ ഭാവിച്ചപ്പോൾ ഞാൻ ചാടിയെണീറ്റ് പിടിച്ചു തള്ളി’– അന്നു തെറിച്ചു വീണ സിമന്റ് കല്ല് ചൂണ്ടിക്കാണിച്ച് ലതിക പറഞ്ഞു.

വിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് അവർ പറഞ്ഞു

വീടിനടുത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞാൽ അറിയിക്കാൻ ഒരു നമ്പർ നൽകി‍. വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അവർ ഉറപ്പു നൽകി. അങ്ങനെയാണ്, എപ്പോഴും മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും ബഹളമുണ്ടാക്കുന്ന അയൽക്കാരനായ മുരുകനെപ്പറ്റി പരാതി പൊലീസിൽ നൽകിയത്- ലതിക രഞ്ജിത്ത്

‘എങ്ങനെ ഞാൻ സ്കൂളിൽ പോകും?’: അവൾ ചോദിക്കുന്നു

‘ഞങ്ങളെ മർദിച്ചതിനു ശേഷം സമീപത്തെ ജംക്‌ഷനിലൂടെ നടക്കുമ്പോൾ പ്രതികളിലൊരാൾ എന്നെ വെല്ലുവിളിച്ചു– ‘നീ കേസു കൊടുത്തെന്നു കരുതി ഞങ്ങളെ ആരും തൊടില്ല’ എന്നാണ് അവർ പറഞ്ഞത്. എങ്ങനെ ഞാൻ ധൈര്യത്തോടെ സ്കൂളിൽ പോകും–’ മർദനത്തിനിരയായ പെൺകുട്ടിയുടെ ചോദ്യം. പ്രധാന പ്രതി മുരുകൻ അടുത്ത ദിവസങ്ങളിലും ഭീഷണിപ്പെടുത്തിയെന്നും ആ കുടുംബം പറയുന്നു.

‘എസ്എസ്എൽസി പരീക്ഷയുടെ തലേന്നും ഇതുപോലെ ബഹളമുണ്ടായിരുന്നു. പിറ്റേന്ന് ഉറക്കം തൂങ്ങിയാണ് പരീക്ഷയെഴുതിയത്–’ ആ പെൺകുട്ടിയുടെ വിഷമങ്ങൾ ഇങ്ങനെ. പ്രധാന പ്രതി ഇന്നലെയും പ്രദേശത്തു കൂടി സ്വതന്ത്രമായി നടക്കുന്നുണ്ടായിരുന്നു. അപ്പോഴും പൊലീസ് പറയുന്നത് അയാൾ ഒളിവിലാണെന്ന്!

പൊലീസിന് എന്തു കേസ്?

അയൽപക്കത്തെ ചിലർ പിടിച്ചു മാറ്റിക്കൊണ്ടു പോകുന്നതിനിടയിലാണ് മുരുകൻ വടി ഉപയോഗിച്ച് മകളുടെ മുതുകിൽ അടിച്ചതെന്ന് ലതിക പറയുന്നു. അതിനിടയിൽ മകളുടെ കഴുത്തിലെ മാലയും അടിയേറ്റ ചെവിയിലെ കമ്മലും കാണാതായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം 8 ന് പുലർച്ചെ രണ്ടരയ്ക്കു വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ‘രാവിലെ 10 ന് വീണ്ടും എത്തിയപ്പോൾ എസ്ഐ വിനീഷ് പരാതി വായിച്ചു നോക്കുക പോലും ചെയ്യാതെ, ‘അവനെ പിടിച്ചു കൊണ്ടു വന്ന് നമുക്ക് സ്റ്റേഷൻ ജാമ്യത്തിൽ വിടാം’ എന്നു പറഞ്ഞു.

കുട്ടിയെ അടിച്ചതിനു കേസില്ലേ എന്ന് ചോദിച്ചപ്പോൾ, ‘മാതാപിതാക്കൾ അടിച്ചാലേ കേസുള്ളൂ, നാട്ടുകാർ കൂടി അടിച്ചതിന് എന്തു കേസ്’ എന്ന് ചിരിച്ചു കൊണ്ട് പരിഹസിക്കുകയായിരുന്നു. ഞങ്ങളുടെ മൊഴിയെടുത്ത പൊലീസുകാരി, ‘മുറിവില്ലല്ലോ, ചതവല്ലേ ഉള്ളൂ’ എന്നു നിസ്സാരമായി പറഞ്ഞു. മകളും ഞാനും പറഞ്ഞ മൊഴിയൊന്നും കൃത്യമായി രേഖപ്പെടുത്തിയില്ല. മാല നഷ്ടപ്പെട്ടു, അതു വാങ്ങിത്തരാം എന്നു മാത്രമാണ് പറഞ്ഞത്–’ ലതിക വിതുമ്പി. ജനുവരി 9 ന് കുട്ടി സ്കൂളിൽ എത്താത്തതു കൊണ്ട് ക്ലാസ് ടീച്ചർ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  

ലഹരി സംഘത്തെക്കുറിച്ച് പറഞ്ഞില്ല: പൊലീസ് 

കുടുംബ വഴക്കിനെത്തുടർന്ന് വീടുകയറി മർദിച്ചുവെന്നാണ് ആദ്യം പരാതി നൽകിയതെന്ന് പൊലീസ്. പരിശോധനയ്ക്കു കൊണ്ടു പോകുമ്പോഴും ലഹരി മരുന്നു സംഘത്തെക്കുറിച്ച് പൊലീസിനോടു പറഞ്ഞിരുന്നില്ല. ലഹരി മരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ല.– പൊലീസ്  പറയുന്നു. 

Tags:
  • Spotlight