Wednesday 17 April 2024 11:32 AM IST

റിട്ടയർമെന്റ് പണം മുഴുവനും മക്കൾക്ക് കൊടുക്കേണ്ട ആവശ്യമില്ല, സാമ്പത്തികഭദ്രത വേണ്ടത് ഈ പ്രായത്തിൽ

Vijeesh Gopinath

Senior Sub Editor

old-age-happiness

റിട്ടയർമെന്റ് പണം മുഴുവനും മക്കൾക്ക് കൊടുക്കേണ്ട ആവശ്യമില്ല, സാമ്പത്തികഭദ്രത വേണ്ടത് ഈ പ്രായത്തിൽ

ജീവിത വൈകുന്നേരങ്ങളിൽ നമ്മൾ ഒറ്റപ്പെട്ടു പോയെന്ന ചിന്ത എന്തിനാണ്? മക്കൾ ചിറകു നീർത്തി പറക്കട്ടെ...

നരയ്ക്കുന്നതു തലമുടി മാത്രമാണ്. മനസ്സിൽ ഇ പ്പോഴും മഴവില്ലു വിരിഞ്ഞു തന്നെ നിൽക്കണം. സ്ത്രീ എന്ന അതിശക്തമായ, ആത്മാഭിമാനത്തോടെയുള്ള യാത്രയിലെ സുന്ദരമായ നിമിഷങ്ങളിലാണു നമ്മൾ ഇപ്പോൾ. കൗമാരം മുതൽക്കു ഭാര്യയും അമ്മയും ഒക്കെയായി ജീവിച്ച് ഇപ്പോൾ അമ്മൂമ്മയുടെ സ്ഥാനത്തേക്ക് എത്തി. മക്കളെ വ്യക്തിത്വമുള്ളവരായി വളർത്താൻ പ്രധാന റോൾ എടുത്തു. ഇത്രയുമാകുമ്പോൾ ചിലർക്കെങ്കിലും തോന്നാം ‘ഇനി എന്ത്’ എന്ന്. അത്തരം ചിന്തകൾ മനസ്സിൽ നിന്നു മായ്ച്ചു കളയുക തന്നെ വേണം.

∙ ഈ പ്രായത്തിൽ‍ മക്കൾ എല്ലാവരും പറന്നു പോയി, ഞാൻ ഒറ്റയ്ക്കായെന്ന തോന്നലിനെ ‘കൂടൊഴിഞ്ഞ കിളി സിൻഡ്രം’ എന്നു വിളിക്കാം. സ്ത്രീകളാണ് ഈ സിൻഡ്രമിൽ ഏറ്റവും കൂടുതൽ പെട്ടുപോകുന്നത്.

കിളികളെ കണ്ടാണ് പഠിക്കേണ്ടത്. ചിറകിനു ബലം വ യ്ക്കുമ്പോൾ അമ്മക്കിളി കൊത്തി പുറത്താക്കുന്നു. മനുഷ്യർ മാത്രമാണു കൂടൊഴിഞ്ഞു പോയല്ലോ എന്നോർത്തു സങ്കടപ്പെട്ടിരിക്കുന്നത്. വാർധക്യത്തിൽ അത്തരം ചിന്തകൾ ഉണ്ടാകാൻ പാടില്ല. മക്കൾ പറക്കട്ടെ. ആ വേഗം കണ്ട് കൂട്ടിൽ ഇരിക്കാം.

ഇത് അവരുടെ ജീവിതം

∙കുട്ടികൾ വലുതായി അവരുടെ ജീവിത തിരക്കുകളിൽ പെട്ടുപോയേക്കാം. അതുകൊണ്ട് അവർ പരിഗണിക്കുന്നില്ല എന്ന തോന്നലുണ്ടാകരുത്. വിവാഹം കഴിഞ്ഞതോടെയാണ് ഈ മാറ്റങ്ങൾ എന്നൊക്കെ പറഞ്ഞു മറ്റൊരു രീതിയിൽ മനസ്സിലേക്ക് എടുക്കാനും പാടില്ല.

∙ മറ്റുള്ളവരല്ല നമ്മളെ നോക്കേണ്ടത്. നമ്മൾ നമ്മളെ ത ന്നെ പരിഗണിക്കണം. അപ്പോഴാണു സ്വാതന്ത്ര്യത്തോടു കൂടി, അഭിമാനത്തോടു കൂടി ജീവിക്കാൻ പറ്റുകയുള്ളൂ.

∙ പങ്കാളികൾക്കു തമ്മിൽ ഏറ്റവും കൂടുതൽ ആശയവിനിമയം ഉണ്ടാക്കാനുള്ള അവസരം ആണിത്. സംസാരിക്കാനുള്ള സമയം ധാരാളമുണ്ട്. ആ സ്പേസ് കൃത്യമായി ഉപയോഗിക്കുക.

∙ ആശയവിനിമയം കുറ്റപ്പെടുത്തലിലേക്ക് എത്തരുത്. വയസ്സായില്ലേ ഇനി ഭർത്താവുമായി എന്താണ് സംസാരിക്കാൻ ഉള്ളത് എന്നു തോന്നൽ ഉണ്ടാകും. ഇത്തരം ചിന്തകൾ സംസാരിക്കാനുള്ള അവസരത്തെ ഇല്ലാതാക്കാം.

∙ ഈ പ്രായത്തിൽ പൊതുവേ സ്ത്രീകൾ ഭക്തിമാർഗത്തിലേക്കു തിരിയും. മനസ്സിനെ ശാന്തമാക്കാനാകുന്ന എ ന്തും വളരെ നല്ലതാണ്. പക്ഷേ, അതു മാത്രമാകരുത്. ഭർ‌ത്താവിനും കുടുംബത്തിനും ഒപ്പമുള്ള സമയം നൽകുക തന്നെ വേണം. മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ഇടയ്ക്കൊരു ഡിന്നറിനൊക്കെ പോകാം.

∙ പൊതുവേ പുരുഷന്മാരുടെ ആയുസ്സ് സ്ത്രീകളെ അപേക്ഷിച്ചു കുറവാണ്. വേർ‌പാടുകൾ നേരിടാനുള്ള കഴിവ് മനസ്സിനുണ്ടാക്കിയെടുക്കേണ്ട കാലമാണിത്. മരണം എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളണം. അതു മറികടക്കാനുള്ള മനക്കരുത്ത് ഉണ്ടാക്കിയെടുക്കണം.

∙ വേർപാടുകൾ അപകടകരമായ ശോകത്തിലേക്കു കൊണ്ടു പോകരുത്. ദേഹവിയോഗം ജീവിതത്തിന്റെ അവസാനം എന്ന അവസ്ഥയിലേക്ക് എത്തരുത്. പങ്കാളിയില്ലാതാവുന്നതോടെ ലോകം ചുരുങ്ങിപോയെന്നും ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും ഒക്കെയുള്ള തോന്നലുകൾ സ്ത്രീകളിലാണു കൂടുതലായി ഉണ്ടാവുന്നത്. ആ വേദനകൾ കാലം മായ്ക്കും. വേർപാടിന്റെ വേദനകൾ പൂർണമായി മാറില്ലെങ്കിലും ചെറുസന്തോഷങ്ങൾ മുളപൊട്ടുക തന്നെ ചെയ്യും.

∙ചിലർക്കെങ്കിലും വലിയ ഉപേക്ഷിക്കലുകളും ശാരീരിക അതിക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടാവും. അതുകൊണ്ടു തന്നെ വയോജനസംരക്ഷണ നിയമത്തെക്കുറിച്ചു ധാരണയുണ്ടാവണം. ആദ്യമേ നിയമം എടുത്തു പ്രയോഗിക്കാതെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. എന്നിട്ടും വേദനിപ്പിക്കുന്നതു തുടരുകയാണെങ്കിൽ നിയമപരമായ നടപടികൾക്ക് ഒരുങ്ങുക. റിവേഴ്സ് മോർട്ട് ഗേജ് ലോൺ പോലുള്ള ധനസഹായങ്ങൾ ബാങ്കുകൾ നൽകുന്നുണ്ട്.

∙റിട്ടയർമെന്റിനു ശേഷമുള്ള മുഴുവൻ പണവും മക്കൾക്ക് കൊടുക്കേണ്ട ആവശ്യമില്ല. സാമ്പത്തികഭദ്രത ഈ പ്രായത്തിൽ തീർച്ചയായും വേണം.

∙ പ്രായമായെന്നു കരുതി സമൂഹവുമായുള്ള ബന്ധം ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കേണ്ട. സമപ്രായക്കാരുമായി സംസാരിക്കാനുള്ള സാഹചര്യവും ഉണ്ടാക്കിയെടുക്കണം.

∙ വീട്ടിൽ ഒറ്റയ്ക്കിരിക്കാതെ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാം. കുട്ടികൾക്കു ട്യൂഷൻ എടുക്കുന്നതാവാം, പച്ചക്കറി കൃഷിയാവാം. വരുമാനം എന്നതിനേക്കാൾ സമയം ബുദ്ധിപരമായി ഉപയോഗിക്കാനുള്ള വഴിയാണ് ഇതെല്ലാം.

∙ വൃദ്ധസദനങ്ങൾ എന്നതു മോശം കാര്യമായി ചിന്തിക്കുകയേ വേണ്ട. വിദേശത്തു മക്കളുള്ള ഒരുപാടു അമ്മമാരുണ്ട്. താൽപര്യമുണ്ടെങ്കിൽ മാത്രം മികച്ച ഒരിടം കണ്ടെത്തുക. സമപ്രായക്കാർക്കൊപ്പം ജീവിതം ചെലവിടുക. ഇത് മക്കളുടെ ഇഷ്ടത്തിനാകരുത്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു മാത്രം തീരുമാനിക്കേണ്ട കാര്യമാണ്.

∙ മറന്നു പോവുന്ന മക്കളോടു സ്നേഹത്തോടെ പറയുക– പറന്നോളൂ... പക്ഷേ, മറക്കാതിരിക്കുക.

അവളെ ശരിയായി അറിയൂ

∙ വളരും തോറും മനസ്സ് റിവേഴ്സ് ഗിയറിലാണെന്നു മറക്കരുത്. പ്രായമായവരുടെ മനസ്സ് ‘കുഞ്ഞുമനസ്സായി’ തിരികെ നടന്നിട്ടുണ്ടാകും. ചെറു പരിഗണന മതി ആ മനസ്സിൽ മഴവില്ലു നിറയ്ക്കാൻ. അതുകൊണ്ടുചേർത്തു നിർത്തുക. സ്നേഹിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്തുക. കുഞ്ഞുവാശികൾ മനസ്സിലാക്കുക

∙ പുറത്തു പോകണം എന്ന ആഗ്രഹത്തിനു കൂട്ടു നിൽക്കുക. ഇടയ്ക്കു സമപ്രായക്കാരെ കാണാനുള്ള അവസരങ്ങളുണ്ടാക്കുക. ആരാധനാലയങ്ങളിലോ മറ്റു പ്രിയപ്പെട്ട ഇടങ്ങളിലോ കൊണ്ടു പോകുക.

∙ ഒറ്റയ്ക്കായി പോയവരെ ഒരു നോട്ടം പോലും മുറിപ്പെടുത്തും. പങ്കാളിയുണ്ടായിരുന്ന കാലത്തെ കുറിച്ചോർത്ത്, ഒറ്റയ്ക്കായി പോയതോർത്തു നീറിയെന്നിരിക്കും. അത്തരം സാഹചര്യങ്ങൾ ഉണ്ടാക്കരുത്.

∙ ചെറിയ വരുമാനമാർഗമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകും. ട്യൂഷനെടുത്തോ ചിത്രം വരച്ചോ െചടികൾ വളർ‌ത്തിയൊ ഒക്കെയുണ്ടാക്കുന്ന ഈ വരുമാനത്തെ വേണ്ട എന്നു വയ്ക്കരുത്. അവരുടെ ക്വാളിറ്റി ടൈം ആണത്. അതൊക്കെ ചെയ്യാൻ ആരോഗ്യമുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ അവരെ ഇഷ്ടത്തിനൊപ്പം വിടുക.

∙ പങ്കാളികളെ രണ്ടു വീട്ടിൽ ആക്കാതിരിക്കുക. അ ച്ഛൻ മകളുടെ വീട്ടിലും മകന്റെ വീട്ടിൽ അമ്മയും എന്ന പങ്കുവയ്ക്കലുകൾ വേണ്ട. ജീവിത വൈകുന്നേരത്ത് അവർ കൈപിടിച്ച് ഒന്നിച്ചിരിക്കട്ടെ.

വിജീഷ് ഗോപിനാഥ്