Monday 01 April 2024 03:24 PM IST : By സ്വന്തം ലേഖകൻ

ഇടക്കിടെ പൊട്ടിക്കരഞ്ഞു, കണ്ടുനില്‍ക്കാനാകാതെ ചടങ്ങിനിടെ തളര്‍ന്നുവീണ് സിദ്ധാര്‍ഥന്റെ അമ്മ; 41ാം ചരമദിനം, നൊമ്പരക്കാഴ്ച

sidharth-one.jpg.image.845.440

പൂക്കോട് വെറ്ററിനറി കോളജില്‍ ക്രൂരമായ റാഗിങ്ങിനിരയായി മരിച്ച സിദ്ധാര്‍ഥന്റെ 41ാം ചരമദിനമായിരുന്നു ഇന്നലെ. ആ വീടിന്റെ വേദനയും കണ്ണീരും ചിന്തിക്കുന്നതിനും അപ്പുറമാണ്. മകന്റെ 41ാം ചരമദിനത്തിലെ ചടങ്ങുകള്‍ക്കിടെയില്‍ ഒന്നുനേരെ നില്‍ക്കാനാവാതെ ആ അമ്മ തളര്‍ന്നു വീഴുന്ന കാഴ്ചയാണ് ഇന്നുകണ്ടത്. ഒരു പെറ്റ വയറിനും കണ്ടു നില്‍ക്കാനാവില്ല ആ കാഴ്ച. ശോകമൂകമായ അന്തരീക്ഷം. ബന്ധുക്കള്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോവുന്നതിനിടെ ആ അമ്മയുടെ നിലവിളി ഇടക്കിടെ കേള്‍ക്കാം. ഈ നിലവിളിക്കും ഈ കാഴ്ചയ്ക്കും ഉത്തരവാദികളായവരെ പിടികൂടും വരെ യുദ്ധം ചെയ്യുമെന്നാണ് സിദ്ധാര്‍ഥന്റെ പിതാവും പറയുന്നത്.

ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പോലൊരു വീട്, ആ വീടിന്റെ മുന്നോട്ടുള്ള കരുത്തും പ്രതീക്ഷയുമായിരുന്നു സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥി. 8 മാസത്തോളം നീണ്ട ക്രൂര റാഗിങ്ങിനും പീഡനങ്ങള്‍ക്കുമിടയിലും അച്ഛനെയോ അമ്മയെയോ കൂടുതലൊന്നും അവന്‍ അറിയിക്കാതിരുന്നതും പഠനം മുന്നോട്ട് കൊണ്ടുപോവണമെന്ന ഉറച്ച ബോധ്യത്താല്‍ തന്നെയാകണം. അത്ര മിടുക്കനായിരുന്നു അവന്‍. പക്ഷേ തന്റെ കുഞ്ഞ് ഇനി കോളജില്‍ നിന്നും തിരിച്ചുവരില്ലെന്ന സത്യം ആ അമ്മയ്ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. 

പൊന്നോമന മകനെ ആരൊക്കെയോ ചേര്‍ന്ന് ഇല്ലാതാക്കിയെന്ന സത്യം ആ അച്ഛന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളുടെ മൂര്‍ച്ചയില്‍ അത് വ്യക്തമാണ്. ഇനി ഒന്നും നോക്കാനില്ല ആരോടും പോരാടാന്‍ തയാറെന്ന തരത്തില്‍ സര്‍ക്കാറിന്റെ നിഷ്ക്രിയതയെയും പൊലീസിന്റെ സമീപനത്തെയും ആ പിതാവ് അത്രത്തോളം രൂക്ഷമായി തന്നെ വിമര്‍ശിച്ചു കഴിഞ്ഞു.

Tags:
  • Spotlight