Wednesday 17 January 2024 02:33 PM IST : By സ്വന്തം ലേഖകൻ

സ്ഥലം വിറ്റു, 26 ലക്ഷം രൂപ നൽകാതെ പറ്റിച്ചു; ബസ് ഉടമയുടെ വീടിനു മുന്നിൽ സമരവുമായി കിടപ്പുരോഗിയും കുടുംബവും

kadakkalsojith-(5).jpg.image.845.440

കൊല്ലം കടയ്ക്കലിൽ ബസ് ഉടമയുടെ വീടിനു മുന്നിൽ സമരവുമായി കിടപ്പുരോഗിയും കുടുംബവും. അഞ്ചൽ നെടിയറ സ്വദേശി സോജിത്തും കുടുംബമാണ് ഭൂമി ഇടപാടിന്റെ പണത്തിനായി സമരം തുടങ്ങിയത്. ഇതേ രീതിയില്‍ നേരത്തെ സമരം ചെയ്തപ്പോള്‍ ലഭിച്ച ഉറപ്പ് പാലിച്ചില്ലെന്നാണ് പരാതി.

അപകടത്തെ തുടര്‍ന്ന് തളര്‍ന്ന ശരീരവുമായി ഇതേപോലെ പലവട്ടം അഞ്ചല്‍ നെടിയറ സ്വദേശിയായ സോജിത്ത് സമരം ചെയ്തിട്ടുണ്ട്. സാമ്പത്തികബാധ്യത തീർക്കാനായി സോജിത്തിന്റെ പേരിൽ ഉണ്ടായിരുന്ന രണ്ടരയേക്കർ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബസ് ഉടമയ്ക്ക് വിറ്റതിന് പിന്നാലെയാണ് പ്രശ്നത്തിന്റെ തുടക്കം.

ഇരുപത്തിയാറു ലക്ഷം രൂപ ലഭിക്കാനുണ്ട്. പണം കൈവശം തന്നിട്ട് തിരികെ വാങ്ങി കബളിപ്പിച്ചതായും സോജിത്ത് പറയുന്നു. ഏറെനാളായി പണം ലഭിക്കാനായി പല സമരങ്ങള്‍ ചെയ്തെങ്കിലും ഫലമുണ്ടായിട്ടില്ല.

വിഷയത്തിൽ പലവട്ടം പൊതുപ്രവർത്തകരും പൊലീസും ഇടപെട്ടതാണ്. സിപിഎം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സോജിത്തിന് പിന്തുണയുമായി ഉണ്ടെങ്കിലും പരിഹാരമാകുന്നില്ല. വിഷയത്തില്‍ ആരോപണവിധേയനായ ബസ് ഉടമയുടെ വിശദീകരണം ലഭിച്ചിട്ടില്ല.

Tags:
  • Spotlight