Tuesday 02 April 2024 01:02 PM IST : By സ്വന്തം ലേഖകൻ

ശരീരം വളർന്നെങ്കിലും കൊച്ചുകുട്ടിയെ പോലെ; തളർന്നുകിടക്കുന്ന മകനെയും കൊണ്ട് എങ്ങോട്ടെന്നറിയാതെ ദമ്പതികള്‍! വീട് ജപ്തി ഭീഷണിയില്‍..

Kochi.jpg.image.845.440

ജപ്തി ഭീഷണിയിലായ വീട്ടിൽ നിന്ന് തളർന്ന് കിടക്കുന്ന മകനെയും കൊണ്ട് എങ്ങോട്ടിറങ്ങുമെന്നറിയാത്ത ദുരവസ്ഥയിലാണ് കൂലിപ്പണി‌ക്കാരനായ ഉദയനും ഭാര്യയും. ആലുവ നെടുവന്നൂർ തവിടപ്പിള്ളി കോളനിയിലെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളാരംഭിച്ചതോടെയാണ് കട്ടിലിൽ പോലും കിടക്കാൻ കഴിയാത്ത മകനെയും കൊണ്ട് ഇവർക്ക് തെരുവിലിറങ്ങേണ്ടി വരുന്നത്. 

ജന്മനാ കൈകാലുകൾ തളർന്ന, സംസാരശേഷിയില്ലാത്ത മകൻ അജയനുമായാണ് കഴിഞ്ഞ 37 വർഷമായി ആലുവ നെടുവന്നൂർ സ്വദേശി  ഉദയന്‍റേയും ഭാര്യ സുമതിയുടെയും ജീവിതം. ശരീരം വളർന്നെങ്കിലും കൊച്ചുകുട്ടിയെ പോലെ പ്രതികരിക്കുന്ന അജയനെ നോക്കാൻ മുഴുവൻ സമയവും ഒരാൾ അടുത്ത് വേണം. പ്രാഥമിക ആവശ്യങ്ങൾക്ക് എടുത്ത് പുറത്ത് കൊണ്ട് പോകണം. കൂലിപ്പണിക്കാരനായ ഉദയന് നാല് വർഷം മുമ്പ് പക്ഷാഘാതം വന്ന് കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. ഇതോടെ നിത്യവൃത്തിക്ക് പോലും വകയില്ലാതായി.  

ആധാർ കാർഡോ, റേഷൻ കാർഡിൽ പേരോ ഇല്ലാത്ത അജയന് കഴിഞ്ഞ 23 വർഷമായി ലഭിച്ചിരുന്ന വികലാംഗ പെൻഷൻ സാങ്കേതിക കാരണങ്ങളുടെ പേരിൽ നിലച്ചു. വീട് പണിക്കെടുത്ത ഒന്നര ലക്ഷം പെരുകി മൂന്ന് ലക്ഷമായതോടെയാണ് നാല് സെന്‍റ് സ്ഥലവും വീടും ജപ്തി ചെയ്യാൻ ബാങ്ക് നടപടികൾ ആരംഭിച്ചത്. കട്ടിലിൽ പോലും കിടക്കാൻ കഴിയാത്ത മകന് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യവുമായാണ് ഉദയനും ഭാര്യയും നിൽക്കുന്നത്. ബാങ്ക് വായ്പ അടച്ച് തീർത്ത് കിടപ്പാടമെങ്കിലും സുരക്ഷിതമാക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. 

Tags:
  • Spotlight