Saturday 23 December 2023 10:50 AM IST : By സ്വന്തം ലേഖകൻ

വീട്ടമ്മയിൽ നിന്ന് 20,000 രൂപ കൈക്കൂലി ചോദിച്ചു, 10,000 രൂപ വാങ്ങി; വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ അറസ്റ്റില്‍

malappuram-edakkara-bribe-case

ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താവിൽ നിന്നു 10,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ (വിഇഒ) വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വഴിക്കടവ് പഞ്ചായത്തിലെ വിഇഒ ചുങ്കത്തറ കോട്ടേപ്പാടം സ്വദേശി അമ്പക്കാടൻ നിജാസിനെ (38)  ആണ് അറസ്റ്റ് ചെയ്തത്. കോരൻകുന്നിലുള്ള വീട്ടമ്മയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്  വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷെഫീഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

ഭൂരഹിതരായ കുടുംബങ്ങൾക്ക് സ്ഥലവും വീടും വാങ്ങുന്നതിന് 6 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ഇതിൽ സ്ഥലം വാങ്ങാൻ 2 ലക്ഷവും വീട് നിർമിക്കാൻ 4 ലക്ഷവുമാണ് നൽകുന്നത്. സ്ഥലം വാങ്ങുന്നതിന് അനുവദിച്ച രണ്ട് ലക്ഷത്തിൽനിന്ന് 20,000 രൂപയാണ് വിഇഒ കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിക്കാരി പറയുന്നു. എന്നാൽ, ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ തൽക്കാലം പതിനായിരം രൂപ നൽകാനും ബാക്കി പതിനായിരം രൂപ വീട് അനുവദിക്കുമ്പോൾ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു ഇതോടെ വീട്ടമ്മ വിജിലൻസിന് സമീപിക്കുകയായിരുന്നു.

കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ പി.ജ്യോതീന്ദ്രകുമാർ, എസ്ഐമാരായ എം.സജി, മോഹനകൃഷ്ണൻ, ശ്രീനിവാസൻ, എഎസ്ഐമാരായ സലിം, ജിഫ്സ്, മധു, ഹനീഫ, പൊലീസ് ഓഫിസർമാരായ രത്നകുമാരി, വിജയകുമാർ, രാജീവ്, സന്തോഷ്, ശ്രീജേഷ്, ധനേഷ്, ഷിഹാബ്, ശ‍്യാമ, സുബിൻ, മലപ്പുറം ഇറിഗേഷൻ അസി.എൻജിനീയർ സബീബ്, കീഴാറ്റൂർ കൃഷി ഓഫിസർ നസ്മി അബ്ദുൽ ഖാദർ  എന്നിവരും വിജിലൻസ്  സംഘത്തിൽ ഉണ്ടായിരുന്നു.

Tags:
  • Spotlight