Thursday 21 March 2024 02:36 PM IST

‘കല്യാണം കഴിക്കാന്‍ വെളുത്തിരിക്കണം പോലും, മുതിർന്നപ്പോഴേക്കും മെലിഞ്ഞിരിക്കുന്നതായി പ്രശ്നം’

Shyama

Sub Editor

sherin-vanitha-story

നിമിഷ തിരുവാതിര കളിക്കാൻ നിൽക്കണ്ടാ ട്ടോ.. ഒരു കാര്യം ചെയ്യ്. ആ പാട്ടു പാടുന്നോരുടെ കൂടെ നിന്നോ.’’ നിറത്തിന്റെ പേരിൽ ഇത് ആദ്യമായിട്ടല്ല മാറ്റി നിർത്തപ്പെടുന്നത്. പക്ഷേ.. ഇത്തവണ സ്വന്തം ടീച്ചറാണ് പറയുന്നത്. ഇതു കേൾക്കുന്ന ‘നിമിഷമാരുടെ’ മാനസികാവസ്ഥ എന്തായിരിക്കും എ ന്ന് ഈ പറയുന്നവർ ഓർക്കുന്നുണ്ടോ?

ആ ചകിരി മുടി ഒന്ന് ചീകിയൊതുക്കി വച്ചൂടെ? വീട്ടിലെ എല്ലാവർക്കുമുള്ള റേഷൻ നീയാണോ കഴിച്ചു തീർക്കുന്നത്? മുന്നും പിന്നും ഇല്ലാതെ വര പോലെ നടന്നാൽ നിന്നെ ഏതു ചെക്കൻ കെട്ടും? മുടി കളറ് ചെയ്തു നടന്നാ തലതെറിച്ചതാണെന്നു നാട്ടുകാരോർക്കില്ലേ? അത്ര ചുവന്ന ചായമൊന്നും ചുണ്ടിലിട്ടു നടക്കുന്നതു കുടുംബത്തിൽ പിറന്നോർക്കു ചേർന്നതല്ല, നീ മഞ്ഞയൊന്നുമിടണ്ടാ, ഒന്നൂടെ ഇരുണ്ടിരിക്കും തുടങ്ങി പരിഹാസ തിരമാലകൾ ഒന്നിനു പിറകെ മറ്റൊന്നായി സമൂഹം പെൺകുട്ടികൾക്കു നേരെ അയച്ചു കൊണ്ടിരിക്കും. കാലം പോകെ എത്ര വലിയ തിരമാലയ്ക്കു മുകളിലൂടെയും തകരാതെ മുന്നേറാനുള്ള കരുത്ത് അവർ ആർജിക്കുമെന്നു ചുറ്റുമുള്ളവരും മനസിലാക്കേണ്ടതുണ്ട്.

ഒരാളുടെ ശരീരത്തെ കുറിച്ചു ചോദിക്കാതെ അഭിപ്രായം പറയുന്നതിന്റെ പേര് ‘കെയറിങ്’ എന്നോ സ്നേഹമെന്നോ അല്ല, മറിച്ച് അതു മറ്റൊരാളുടെ അതിർവരമ്പിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാം.

പെണ്ണ് വെളുത്തിരിക്കണം’ എന്നാണ് അവരുടെ സങ്കൽപം

ഷെറിൻ ഗ്ലോറിയ കെ.ജെ.

എസ്.എം.ഇ യൂണിലിവർ, ബെംഗളൂരു.

ചെറുപ്രായത്തിൽ നിറത്തിന്റെ പേരിലാണു ബുദ്ധിമുട്ടു തോന്നിയിരുന്നത്. പ്രധാനമായും അകന്ന ബന്ധുക്കളിൽ നിന്നും മറ്റുമാണു കളിയാക്കൽ. എനിക്ക് ഇരുണ്ട പ്രകൃതമായിരുന്നു. പെണ്ണായാൽ വെളുത്തിരിക്കണം എന്നൊരു സങ്കൽപ്പമാണല്ലോ അന്ന്. കുറച്ചു മുതിർന്നപ്പോഴേക്കും മെലിഞ്ഞിരിക്കുന്നതായി പ്രശ്നം. അതും വീട്ടുകാർക്കല്ല നാട്ടുകാർക്ക്.

കല്യാണം കഴിക്കാൻ ഇന്ന തരത്തിലുള്ള ശരീരപ്രകൃതം വേണം എന്നൊക്കെയാണ് അവർ പറയുക. വീട്ടിൽ നിന്ന് അത്തരം നിർബന്ധമൊന്നുമില്ലാത്തതു കൊണ്ട് അതെന്നെ കാര്യമായി ബാധിച്ചില്ല. പൊതുവേ ഞാൻ എന്റെ കാര്യത്തിൽ വളരെ ആത്മവിശ്വാസമുള്ളൊരാളാണ്. മറ്റുള്ളവരെന്തു പറയുന്നു എന്നൊന്നും അത്രത്തോളം ഗൗനിക്കാറുമില്ല.

ആരോഗ്യവതിയാണെങ്കിൽ നിങ്ങളുടെ ശരീരാകൃതിയോ നിറമോ ഒന്നും ഒരു പ്രശ്നമല്ല. ഇന്നും ചർമത്തിന്റെ നിറത്തെ കുറിച്ചു പെൺകുട്ടികൾ വളരെയധികം ആകുലപ്പെടുത്തതായി തോന്നിയിട്ടുണ്ട്.

പലരും സൗന്ദര്യം വിവരിക്കുമ്പോൾ വെളുത്ത നിറക്കാരെയാണ് അറിഞ്ഞോ അറിയാതെയോ ആദ്യം ഉദാഹരണമായി പറയുന്നത്. അതങ്ങനെയാകാൻ ഒ രുപാടു കാരണങ്ങളുമുണ്ട്. എന്നിരുന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്നു മാറ്റം വരുന്നു. എല്ലാ നിറത്തിനും സ്ഥാനം കൊടുക്കുന്ന പ്രവണത യുവതലമുറയ്ക്കുണ്ട്.