Tuesday 06 February 2024 10:25 AM IST : By സ്വന്തം ലേഖകൻ

കെമിക്കൽ പീലിങ്ങിനു ശേഷം ചർമം ചുളിഞ്ഞു പോകുമോ? പൂർണമായ ഫലം എങ്ങനെ ഉറപ്പാക്കാം... അറിയേണ്ടതെല്ലാം

bty32432 മോഡൽ : ഡോ. നവീൻ തോമസ് പശ്ചാത്തലം : മെഡ്‌ട്രസ്‌റ്റ് എസ്തറ്റിക്സ് ഡെർമറ്റോളജി വിഭാഗം മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ , കൊച്ചി

ചർമഭംഗി വർധിപ്പിക്കുന്ന കെമിക്കൽ പീൽ ചികിത്സകളേക്കുറിച്ച് നാം ഇന്നു ധാരാളമായി കേൾക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള സംശയങ്ങൾക്കു വിദഗ്ധ ചർമരോഗ വിദഗ്ധൻ നൽകുന്ന മറുപടികൾ അറിയാം

1. കെമിക്കൽ പീലിങ്ങിനെക്കുറിച്ചു പൊതുവെയുള്ള ധാരണകൾ എന്തെല്ലാം?

പീലിങ്ങിനുശേഷം ചർമം ചുളിഞ്ഞുപോകുമോ, ദീർഘകാലത്തിൽ ചർമത്തെ മോശമായി ബാധിക്കുമോ, ഭാവിയിൽ ചർമത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിക്കുമോ എന്നിവയാണു സാധാരണമായ തെറ്റിധാരണകൾ. എന്നാൽ കെമിക്കൽ പീലിങ്ങ് വളരെ ലഘുവായ ഒരു പ്രക്രിയയാണ്. ഇത് ചർമത്തിലെ പാടുകളും, ചുളിവുകളും ഇല്ലാതാക്കി മുഖത്തിന്റെ ഭംഗി വർധിപ്പിക്കാൻ സഹായിക്കുന്നു. ഭാവിയിൽ ചർമത്തെ യാതൊരു വിധത്തിലും ദോഷകരമായി ബാധിക്കുകയില്ല.

2. ഏതു പ്രായത്തിലുള്ളവരാണ് കെമിക്കൽ പീലിങ് ചെയ്യേണ്ടത്? സ്ത്രീകൾക്കും പുരുഷന്മാർക്കും ചെയ്യാമോ?

എല്ലാ പ്രായത്തിലുള്ളവർക്കും കെമിക്കൽ പീലിങ് ചെയ്യാം. എന്നാൽ പൊതുവെ കുട്ടികളിൽ ഇതു ചെയ്യുന്നതു കുറവാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ പീലിങ് ചെയ്യാം.

3. പീലിങ് ഒരു തവണ ചെയ്യുന്നതിലൂടെ പൂർണഫലം ലഭിക്കുമോ? എത്ര സിറ്റിങ് ആയാണ് ഇതു പൂർത്തിയാക്കുന്നത്?

ഓരോ തവണ ചെയ്യുമ്പോഴും ഫലം ലഭിക്കുമെങ്കിലും, ഉത്തമ ഫലത്തിനു സാധാരണയായി മൂന്നോ, നാലോ സിറ്റിങ്ങോ, അതിനുശേഷം മെയിന്റനെൻസ് പീലിങ് വേണ്ടിവന്നേക്കാം.

4. കെമിക്കൽ പീലിങ്ങിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

പീലിങ്ങിനുശേഷമുള്ള ആദ്യത്തെ മൂന്ന്, നാല് ദിവസങ്ങൾ ചർമം സെൻസിറ്റീവ് ആയിരിക്കും. ഈ ദിവസങ്ങളിൽ മുഖത്ത് ഫെയ്‌സ് വാഷ്, സോപ്പ്, മറ്റു ക്രീമുകൾ എന്നിവ ഒഴിവാക്കേണ്ടതാണ്. അതു പോലെതന്നെ വെയിലേൽക്കാതിരിക്കുകയും സൺസ്ക്രീൻ ഉപയോഗിക്കുകയും വേണം.

5. കെമിക്കൽ പീലിങ്ങിന്റെ പാർശ്വഫലങ്ങൾ എന്തെല്ലാം?

വളരെ ലഘുവായ പ്രക്രിയയായതുകൊണ്ട് കെമിക്കൽ പീലിങ്ങിനു പാർശ്വഫലങ്ങൾ വളരെ കുറവാണ്. ഉപയോഗിക്കുന്ന പീൽ ചർമത്തിനു യോജിക്കാതിരുന്നാൽ ചെറിയ പ്രതിപ്രവർത്തനങ്ങൾ, പാടുകൾ എന്നിവ താൽക്കാലികമായി ഉണ്ടാകാം.

6. സാധാരണ ചെയ്യുന്ന പീലുകളുടെ ഏകദേശം ചെലവ് എത്രയാണ്?

ഉപയോഗിക്കുന്ന പീലിങ്ങ് ഏജന്റനുസരിച്ചാണു ചെലവു നിർണയിക്കുന്നത്. ഒരു സിറ്റിങ്ങിന് ഏകദേശം 1,500/- മുതൽ 4,500/-രൂപ വരെ ചെലവു വരാം.

വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം ഫെബ്രുവരി ലക്കം കാണുക

തയാറാക്കിയത്

ഡോ. നവീൻ തോമസ്

കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്,

കോസ്മറ്റോളജിസ്‌റ്റ് & ഹെയർ ട്രാൻസ്പ്ലാന്റ് സർജൻ

മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam