Wednesday 24 April 2024 03:57 PM IST : By സ്വന്തം ലേഖകൻ

ബിപി നിയന്ത്രിക്കാൻ ഇത്തിരി അടുക്കളകാര്യം അറിയാം...

bpe2343

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) നടത്തിയ പഠനങ്ങളനുസരിച്ചു ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാര രീതിയിൽ ഉൾപ്പെടുത്തുന്നത് അമിതമായ രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ കുറക്കാൻ സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. DASH (Dietary approaches to stop hypertension) ഭക്ഷണ ക്രമം ഇതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ തവിടു കളയാത്ത ധാന്യങ്ങൾ, പലതരം മത്സ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ പൂരിത കൊഴുപ്പുള്ള ഭക്ഷണം (ചുവന്ന മാംസം, സംസ്കരിച്ച ഭക്ഷമം, വെണ്ണ, നെയ്യ് തുടങ്ങിയവ) പരിമിതമാക്കിയുള്ള ഭക്ഷണരീതിയാണിത്.

താഴെ പറയുന്ന ഭക്ഷണങ്ങൾ എങ്ങനെ ബി.പി. കുറക്കാൻ സഹായിക്കും എന്ന് നമുക്ക് നോക്കാം:

ഓട്സ്:

ഓട്സിലെ ബീറ്റ ഗ്ലുക്കൻ എന്ന ലയനശേഷിയുള്ള നാരുകളും, മറ്റു ചില ഹൃദയാരോഗ്യത്തിന് ഗുണകരമായ ഘടകങ്ങളും ഓക്സിഡേറ്റീവ് സ്ട്രെസ് എന്ന അവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ബ്ലഡ് പ്രഷർ കുറക്കാനും സഹായകമാണെന്നു പമനങ്ങൾ പറയുന്നു.

ഡാർക്ക് ചോക്‌ലറ്റ്

ചോക്‌ലറ്റ് നമുക്കെല്ലാം ഇഷ്ടമാണെങ്കിലും, പലർക്കും ഡാർക്ക് ചോക്ലേറ്റിനോട് അത്ര പ്രിയം പോരാ. ടേസ്റ്റ് തന്നെ പ്രധാനം! എന്നാൽ ഇവയിലെ ഫ്ളവനോയിഡ്‌സ് എന്ന ഘടകം ബി.പി കുറക്കാൻ സഹായകമാണ്. ആന്റിയോക്സിഡന്റുകൾ എന്ന സ്വഭാവമാണ് ഇതിന്റെ ഗുണത്തിന് കാരണം.

ബീറ്റ്റൂട്ട്:

ഡയറ്ററി നൈട്രേറ്റുകൾ അടങ്ങിയ ഭക്ഷണ പദാർഥമായതിനാൽ രക്തനസമ്മർദ്ദത്തിനു ബീറ്റ്റൂട്ട് വളരെ നല്ലതാണെന്നു കരുതപ്പെടുന്നു.

ഏത്തപ്പഴം :

ഏതു പ്രായക്കാർക്കും കഴിക്കാവുന്ന, പോഷണ സമ്പുഷ്ടമായ ഏത്തപ്പഴത്തിലെ പൊട്ടാസ്യം എന്ന ഘടകവും മറ്റു ധാതുക്കളും നാരുകളും രക്തസമ്മർദത്തിനും ഗുണകരമായി ഭവിക്കുന്നു.

ബെറികൾ:

ആന്തോസയാനിൻ എന്ന ആന്റി ഒാക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ബെറികൾ ഹൃദയാരോഗ്യത്തിനും ചുറുചുറുക്കിനും ഏറെ നന്ന്!

തണ്ണിമത്തൻ:

സിട്രുലിൻ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്ന തണ്ണിമത്തൻ ഉപാപചയ പ്രവർത്തനങ്ങളിലൂടെ രക്തധമനികളുടെ ആയാസരഹിതമായ പ്രവർത്തനത്തിന് വേണ്ടുന്ന ഘടകങ്ങൾ ഉൽപാദിപ്പിച്ചു കൊണ്ട് രക്തസമ്മർദത്തെ കുറക്കാൻ സഹായിക്കുന്നു.

മുകളിൽ പറഞ്ഞവ കൂടാതെ നാരുകളും ആന്റിയോക്സിഡന്റുകളും എല്ലാം സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറിലുമെല്ലാം ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ബി.പി. നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു. മസാലകളും പാക്കറ്റ് ഭക്ഷണങ്ങളും അടങ്ങിയ പുതുതലമുറ ട്രെൻഡിൽ നിന്നും, പ്രകൃതിയോടിണങ്ങുന്ന ആഹാര രീതി പിൻതുടരാൻ സാധിച്ചാൽ പല അസുഖങ്ങളെയും വരുതിയിലാക്കാൻ നമുക്ക് സാധിക്കും. അത് പോലെ, അധികമായാൽ അമൃതും വിഷം എന്ന് ഓർമ്മിച്ചുകൊണ്ടു, ഒന്നും അധികമാകാതിരിക്കാനും നമുക്ക് ശ്രദ്ധിക്കാം. മതിയായ യോഗ്യതയുള്ള ഒരു ഡയറ്റിഷന്റെ സേവനം ഇക്കാര്യത്തിൽ തേടാൻ മടി കാണിക്കണ്ടാ!

ഡോ. മഞ്ജു ജോർജ്, ചീഫ് റജിസ്േറ്റഡ് ഡയറ്റീഷൻ, വി.പി. എസ്. ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam
  • Diet Tips