Thursday 21 September 2023 03:29 PM IST

പെട്ടെന്നു പഠനത്തിൽ പിന്നിലാവുക, ഇതുവരെ പഠിച്ചതു മറന്നുപോവുക: ചൈൽഡ്ഹുഡ് ഡിമൻഷ്യയെ നിസാരമാക്കരുത്

Asha Thomas

Senior Sub Editor, Manorama Arogyam

dem454 ഇൻസെറ്റിൽ ഡോ. കെ. പി. വിനയൻ

ഡിമൻഷ്യ അഥവാ മറവിരോഗത്തെ, പ്രായമായവരുമായി ബന്ധപ്പെടുത്തിയാണു സാധാരണ നാം ചിന്തിക്കാറ്. എന്നാൽ കുട്ടികളിലും ഡിമൻഷ്യ വരാമെന്നതാണ് യാഥാർഥ്യം. കുട്ടികളിലെ തലച്ചോറിന് അപചയം വരുത്തുന്ന ഒരുകൂട്ടം രോഗാവസ്ഥകളയോ ക്രമക്കേടുകളെയോ മൊത്തത്തിൽ പ്രതിനിധീകരിക്കുന്ന പദമാണ് ചൈൽഡ്ഹുഡ് ഡിമൻഷ്യ. ഇതു മിക്കവർക്കും പുതിയൊരു അറിവായിരിക്കും. ഈ രോഗത്തെക്കുറിച്ചു വേണ്ടത്ര ബോധവൽകരണം ലഭിക്കാത്തത്, ഇതൊരു പുതിയ രോഗമായതിനാലോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതിനാലോ അല്ല. 2020 വരെയുള്ള കണക്കനുസരിച്ച് ലോകമാകെ 7 ലക്ഷത്തോളം കുട്ടികൾ ചൈൽഡ്ഹുഡ് ഡിമൻഷ്യ പിടിപെട്ടു ജീവിക്കുന്നുണ്ട്. കുട്ടികളിൽ ഡിമൻഷ്യയ്ക്കു കാരണമാകുന്ന രോഗാവസ്ഥകളെ വെവ്വേറെയാണു പരിഗണിച്ചിരുന്നതും പഠിച്ചിരുന്നതും. എന്തുകൊണ്ടാണ് ഡിമൻഷ്യ വരുന്നത് എന്നതിലേക്കായിരുന്നു മുഴുവൻ ഊന്നലും.

ലോകാരോഗ്യസംഘടനയുടെയോ മറ്റു രാജ്യാന്തര തലത്തിലുള്ളതായ രോഗവർഗീകരണങ്ങളിലോ മെഡിക്കൽ ലിറ്ററേച്ചറുകളിലോ ഈ പദം ഉൾപ്പെടുത്തിയിരുന്നില്ല. മറവിരോഗം സംബന്ധിച്ചുള്ള പ്രചാരണങ്ങളിലും പോളിസികളിലും ഈ രോഗത്തെക്കുറിച്ച് അടുത്തിടെവരെ പരാമർശിച്ചിട്ടില്ല. എന്നാൽ സങ്കീർണവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ പരിചരണം ആവശ്യമുള്ള ഈ രോഗത്തിന് അർഹമായ പരിഗണനയും തിരിച്ചറിയലും ലഭിക്കുന്നതിനും രോഗാവസ്ഥ സംബന്ധിച്ചു കൂടുതൽ ഗവേഷണങ്ങളിലേക്കുള്ള വഴി തുറക്കാനുമായി ചൈൽഡ്ഹുഡ് ഡിമൻഷ്യ എന്ന പേരിൽ തന്നെ വിളിക്കാം എന്നാണ് പുതിയ തീരുമാനം.

അഞ്ചാംപനി പോലുള്ള അണുബാധകളും കാരണം

ഏകദേശം 200–250 ഒാളം രോഗങ്ങൾ കുട്ടികളിൽ ഡിമൻഷ്യയ്ക്കു കാരണമാകാറുണ്ട്. ഇതിൽ ഏതാണ്ട് 40 ഒാളം രോഗങ്ങൾക്ക് രോഗം തീവ്രമാകുന്നതു നിയന്ത്രിക്കുന്നതിനായുള്ള മരുന്നുകളുണ്ട്. (ഇവയിൽ ചിലതു പുതുതായി വന്നവയാണ്– നമ്മുടെ നാട്ടിൽ ലഭ്യമായവയല്ല). പ്രധാനമായും ജനിതകമായ ചില രോഗാവസ്ഥകളാണ് കുട്ടികളിൽ ഡിമൻഷ്യയ്ക്കു കാരണമാകുന്നത്. ജനിതക പരിശോധനകൾ വ്യാപകമാകുന്നതോടെ രോഗത്തെ കൃത്യമായി നിർവചിക്കാനും എളുപ്പം കണ്ടെത്താനുമൊക്കെ സാധിക്കുന്നുണ്ട്.

നമ്മുടെ നാട്ടിലും ഈ രോഗം ബാധിച്ച ഒട്ടേറെ കുട്ടികളെ കാണാറുണ്ട്. എന്നാൽ, ഭാഗ്യവശാൽ ഇവിടുത്തെ കുട്ടികളിൽ വരുന്ന ഡിമൻഷ്യയുടെ ചില കാരണങ്ങളെ നമുക്കു പ്രതിരോധിക്കാവുന്നതാണ്. ഉദാഹരണത്തിന് അഞ്ചാംപനി (മീസിൽസ്) പോലെയുള്ള ചില അണുബാധകൾ. വൈറസുകളും മറ്റും തലച്ചോറിലെത്തി അതിലെ കോശങ്ങളെ നശിപ്പിക്കുന്നതാണ് ഡിമൻഷ്യക്ക് ഇടയാക്കുന്നത്. അഞ്ചാംപനി കൊണ്ടുവരുന്ന ഡിമൻഷ്യ തടയാൻ മീസിൽസ് പ്രതിരോധ കുത്തിവയ്പ് സഹായിക്കും.

എച്ച്ഐവി പൊലെയുള്ള അണുബാധകളും കുട്ടികളിൽ മറവിരോഗം വരുത്താം. എച്ച്ഐവി ബാധിതയായ അമ്മയ്ക്കു ജനിക്കുന്ന കുഞ്ഞിന് മറവിരോഗം വരാനിടയുണ്ട്. ഭാഗ്യവശാൽ എച്ച്ഐവി രോഗം ഉള്ളവരുടെ എണ്ണം നിയന്ത്രിക്കാനായതോടെ ഇതുവഴിയുള്ള ഡിമൻഷ്യയും കുറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ഫിറ്റ്സ് വന്നു തലച്ചോറിലെ കോശങ്ങൾക്കു നാശം സംഭവിച്ചു ഡിമൻഷ്യയിലേക്കു പോകാം.

പെട്ടെന്നു ബൗദ്ധികശേഷികൾ കുറഞ്ഞാൽ

കുട്ടികളിൽ ബൗദ്ധിക–ശാരീരിക ശേഷികളിൽ പൊടുന്നനെ സംഭവിക്കുന്ന പ്രശ്നങ്ങളാണ് രോഗലക്ഷണം.

ബൗദ്ധികവെല്ലുവിളികളും ഒാട്ടിസവുമൊക്കെ ശൈശവത്തിലേ തന്നെ തുടങ്ങുന്നതും ലക്ഷണങ്ങളിലൂടെ നേരത്തേ തന്നെ തിരിച്ചറിയാവുന്നതുമാണ്. എന്നാൽ കുട്ടികളിലെ ഡിമൻഷ്യയിൽ ആദ്യമൊന്നും കുട്ടിക്ക് ഒരു പ്രശ്നവുമുണ്ടാകില്ല. ഒരു കുഴപ്പവുമില്ലാതെ പഠിച്ചുകൊണ്ടിരുന്ന കുട്ടിയിൽ പെട്ടെന്നു ബൗദ്ധികശേഷിയിൽ കുറവു വരുന്നതായാണു കാണുന്നത്. സ്കൂൾ കുട്ടികളിലാണെങ്കിൽ, തൊട്ടുമുൻപുള്ള ക്ലാസ്സിൽ പഠിച്ചിരുന്ന കാര്യങ്ങൾ പോലും മറന്നുപോവുക, വായിക്കാൻ സാധിക്കാതെ വരിക, നടക്കാൻപ്രയാസം, ശാരീരിക ബലക്ഷയം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വന്നുതുടങ്ങും. കൊച്ചുകുട്ടികളിൽ സംസാരം കുറയുക, പദസമ്പത്തു കുറയുക എന്നിവ ശ്രദ്ധിക്കണം. ഇത്തരം പെട്ടെന്നുള്ള മാറ്റങ്ങളെ നിസ്സാരമാക്കാതെ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കണം. ആദ്യഘട്ടത്തിലേ തന്നെ രോഗം തിരിച്ചറിയാനായാൽ, ചികിത്സയുള്ള കാരണമാണെങ്കിൽ ഉടനെ തന്നെ ചികിത്സ നടത്താനാകും. കുട്ടികളിൽ ഏതു പ്രായത്തിലാണു ഡിമൻഷ്യ വരിക എന്നു തീർത്തു പറയാനാകില്ല. കാരണമാകുന്ന രോഗത്തിന് അനുസരിച്ച് രോഗാരംഭത്തിന്റെ പ്രായവും വ്യത്യാസപ്പെടും. ഒരു വയസ്സിലും വരാം, 10–12 വയസ്സിലും വരാം.

കാരണങ്ങൾക്ക് അനുസരിച്ച് മറവിരോഗം തീവ്രമാകുന്ന തോതും വ്യത്യാസപ്പെടും. ചിലപ്പോൾ മെല്ലെയാകും രോഗം തീവ്രമാകുക. ചിലപ്പോൾ ആദ്യമൊക്കെ രോഗം പെട്ടെന്നു തീവ്രമാകുമെങ്കിലും പിന്നീടു മെല്ലെ മെല്ലെയാകും പുരോഗമിക്കുക.

ഒരു കുഴപ്പവുമില്ലാതെ പാറിപ്പറന്നു നടന്നിരുന്ന കുട്ടി പെട്ടെന്നു തലച്ചോർ മുരടിച്ചു, ബൗദ്ധിക വൈകല്യത്തിന്റെ പിടിയിലമരുന്ന കാഴ്ച കുടുംബാംഗങ്ങളിൽ ഏറെ മാനസിക വ്യഥയുണ്ടാക്കാം. മുതിർന്ന മറവിരോഗികളുടെ പരിചരണം പോലെ തന്നെ ബുദ്ധിമുട്ടേറിയതും മനസ്സു തളർത്തുന്നതുമാണ് ഇങ്ങനെയുള്ള കുട്ടികളുടെയും പരിചരണം. ഇതു തിരിച്ചറിയപ്പെടുകയും അനുഭാവപൂർണമായ പദ്ധതികളും പോളിസികളും രൂപപ്പെടുകയും ചെയ്യേണ്ടതുണ്ട്. തലച്ചോറിലെ നാഡീകോശങ്ങളുടെ നാശത്തെ തിരുത്താനാവാത്തതിനാൽ രോഗം പ്രതിരോധിക്കുന്ന കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കുട്ടികളിലെ ഡിമൻഷ്യ എന്ന പേരിൽ ഈ രോഗത്തെ അഭിസംബോധന ചെയ്യുന്നത് ഭീതിയുണർത്താനല്ല എന്നു മനസ്സിലാക്കുക. പൊസിറ്റീവായ മാറ്റങ്ങൾക്കുള്ള ഒരു ശ്രമമായി ഇതിനെ കാണണം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. വിനയൻ കെ.പി.

പ്രഫസർ ആൻഡ് ഹെഡ്

പീഡിയാട്രിക് ന്യൂറോളജി വിഭാഗം

അമൃത ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam