Friday 23 December 2022 04:56 PM IST : By സ്വന്തം ലേഖകൻ

ശ്വാസകോശപ്രശ്നങ്ങളും വൃക്കരോഗവും മൂലം വരാം വായ്‌നാറ്റം; അകറ്റാൻ ഇതാ പൊടിക്കൈകൾ

bad5456

വായ്‌നാറ്റം കുട്ടികളും , മുതിർന്നവരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്.അതുകൊണ്ട് തന്നെ വായ് തുറന്ന് സംസാരിക്കാന്‍ പോലും ഇത്തരക്കാര്‍ക്ക് പലപ്പോഴും ഭയമായിരിക്കും. തന്മൂലം പലരും അന്തർമുഖൻമാർ ആയി തീരുന്നു. . രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ തന്നെ വായ്‌നാറ്റം അനുഭവപ്പെടാം. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ ബാക്ടീരിയകള്‍ വരെ വായ്‌നാറ്റത്തിന്റെ കാരണക്കാരാവാം. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അവരോട് അടുത്ത് ഇടപെടുമ്പോഴുമാണ് പലപ്പോഴും വായ്‌നാറ്റത്തിന്റെ തീവ്രതയെക്കുറിച്ച് പലര്‍ക്കും അറിയാന്‍ കഴിയുന്നത്. സംസാരിക്കുന്നതിനു പോലും ബുദ്ധിമുട്ടും പ്രശ്‌നങ്ങളും വായ്‌നാറ്റം മൂലം ഉണ്ടാവുന്നു.

വായനാറ്റം ആത്മവിശ്വാസത്തെപ്പോലും തകര്‍ക്കുന്നു. ഒന്നു ശ്രദ്ധിച്ചാല്‍ വായ്‌നാറ്റത്തെ നമുക്ക് പരിഹരിക്കാവുന്നതേ ഉള്ളൂ. മോണരോഗങ്ങള്‍, പല്ലിലെ കേടുകള്‍, പല്ലിനിടയിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയൊക്കെ വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. പല വിധത്തിലുള്ള പരിഹാരവും നമ്മള്‍ ചെയ്‌തെങ്കിലും അത് വീണ്ടും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നതിന്റെ പ്രധാന കാരണം കൃത്യമായി ഇതിനെ നേരിടാത്തതാണ്. . നമ്മുടെ ഒരു ദിവസത്തിലെ അല്‍പസമയം ഇതിനായി നീക്കി വെച്ചാല്‍ പരിഹാരം കാണാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ എന്നതാണ് സത്യം. 

വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. ദുര്‍ഗന്ധങ്ങളില്‍ ഏറ്റവും അസഹനീയമായതുകൂടിയാണ് വായ്‌നാറ്റം. ഹാലിറ്റോസിസ് (Halitosis) എന്നാണ് വായ്‌നാറ്റം ശാസ്ത്രീയമായി അറിയപ്പെടുന്നത്. ദന്തരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വായ്‌നാറ്റം. ഉമിനീരിന്റെ അളവില്‍ വരുന്ന വ്യത്യാസവും വായ്‌നാറ്റത്തിന് കാരണമാകുന്നുണ്ട്. സ്ഥിരമായി അനുഭവപ്പെടുന്ന വായ്‌നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാം. തുടക്കത്തിലെ ചികിത്സിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതാണ് വായ്‌നാറ്റം. പല്ലുതേച്ചാല്‍ വായ്‌നാറ്റം അകറ്റി നിര്‍ത്താം. എന്നാല്‍ ചിലരില്‍ അല്‍പസമയത്തിന് ശേഷം വീണ്ടും വായ്‌നാറ്റം കടന്നുവരാം. പ്രമേഹ രോഗികളിൽ വായ നാറ്റത്തിന്റെ ചെടിപ്പിക്കുന്ന രൂക്ഷ ഗന്ധം ഉണ്ടാകാറുണ്ട്.

ശ്വാസകോശം, ആമാശയം, വൃക്കരോഗം അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളും വായ്‌നാറ്റത്തിന് കാരണമാകും. പുകവലിയാണ് മറ്റൊരു വില്ലന്‍. സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയവ വായ്‌നാറ്റത്തിന്റെ കാരണമാകാം. ഗ്യാസ്, ദഹനക്കുറവ് എന്നിവയും വായ്‌നാറ്റം വരാനുള്ള കാരണങ്ങളാണ്.സസ്യഭക്ഷണത്തേക്കാള്‍ മാംസഭക്ഷണങ്ങള്‍ കഴിക്കുന്നവരിലാണ് വായ് നാറ്റം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ടിന്‍ഫുഡ് ഇന്നത്തെ കാലത്ത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ഇതെല്ലാം വായ്‌നാറ്റം ഉണ്ടാക്കുന്ന കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. പല്ലിനിടയില്‍ കുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൃത്യമായി വൃത്തിയാക്കാതെയുള്ള ശീലമാണ് പ്രധാനമായും വായ് നാറ്റത്തിന് കാരണമാകുന്നത്.

വായയിലെ പ്രശ്‌നങ്ങളാണ് വായ്‌നാറ്റത്തെ സൃഷ്ടിക്കുന്ന മറ്റ് കാരണങ്ങള്‍. മോണരോഗം, ഭക്ഷണാവശിഷ്ടങ്ങള്‍ തടഞ്ഞുനില്‍ക്കുക, തൊണ്ടയിലെയും ടോണ്‍സിലിലെയും അണുബാധ, ജലദോഷം തുടങ്ങിയവയും വായ്‌നാറ്റത്തിന് കാരണമാണ്. കാന്‍സര്‍, വൃക്ക – കരള്‍ രോഗങ്ങളും വായ്‌നാറ്റത്തിനുള്ള കാരണമാണ്.

വായ നാറ്റം തടയാൻ :

∙ എപ്പോൾ ഭക്ഷണം കഴിച്ചാലും വായ നല്ല വെള്ളത്തിൽ വൃത്തിയായി കഴുകുക

∙ ചെറു ചൂടുവെള്ളം കൊണ്ട്  കവിൾ കൊള്ളുക

∙ ബ്രഷിങ്ങിന് ശേഷം 3 മിനിറ്റ് മോണ മസാജ് ശീലമാക്കുക

∙ പല്ലിട വൃത്തിയാക്കുവാൻ ഡന്റൽ ഫ്ളോസിംഗ് ശീലമാക്കുക. ഇതിനായി ഫ്ലോസ് എന്നറിയപ്പെടുന്ന പ്രത്യേകതതരം നൂൽ ലഭ്യമാണ്. 

∙ ശീതളപാനിയങ്ങളും , ഫാസ്റ്റ് ഫുഡും പരമാവധി കുറയ്ക്കുക

∙ പല്ല് ക്ലിൻ ചെയ്ത് സംരക്ഷിച്ചാൽ ഒരു പരിധി വരെ പല്ലിലെ അഴുക്കും , കറകളും പൂർണ്ണമായും കളയുവാൻ സാധിക്കും. അതിനാൽ വർഷത്തിൽ ഒരു തവണ പല്ല് ക്ലീനിങ് അഥവാ ഓറൽ പ്രൊഫൈലാക്സിസ് ചെയ്യുന്നത് നല്ലതാണ്.

വായ്‌നാറ്റം അകറ്റാനുള്ള ചില പൊടികൈകൾ

∙ ദിവസം രണ്ട്‌ നേരം പല്ലു തേയ്ക്കണം. ഒപ്പം നാക്ക് വടിക്കുകയും വേണം. നാക്ക് വടിച്ചില്ലെങ്കില്‍ നാക്കില്‍ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്‌നാറ്റമായി രൂപപ്പെടും. ബ്രഷ് ചെയ്യുന്നതില്‍ മാത്രം ഒതുക്കാതെ നാക്ക് ക്ലീൻ ചെയ്യുക കൂടി ചെയ്താല്‍ വായ്‌നാറ്റം ഒഴിവാക്കാം.

∙ ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്. ഏറ്റവും നാചുറലായ ചികിത്സ കൂടിയാണിത്. വായ്‌നാറ്റത്തിന് കാരണമായ സള്‍ഫര്‍ കോംപൗണ്ട് അകറ്റാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സിന് കഴിയും.

∙ തൈര് കഴിക്കുന്നതും വായ നാറ്റം പരിഹരിക്കുവാൻ നല്ലതാണ് . ദന്തക്ഷയത്തിൽ നിന്ന് പല്ലുകളെ രക്ഷിക്കാനും തൈരിന് ആന്റി ഓക്‌സിഡന്റ്‌സിന് ശേഷിയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

∙ നാരങ്ങനീര് വായനാറ്റം തടയാൻ നല്ലതാണ്. അണുക്കൾ നശിക്കാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും.

∙ വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. വായയിലെ ഉമിനീര്‍ വറ്റുന്നതുമൂലം ഉണ്ടകുന്ന വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് കൊണ്ട് സാധിക്കും.

∙ തുളസി ഇല, പേരയ്ക്ക ഇല, കറിവേപ്പില എന്നിവ ദിവസവും കഴിക്കുന്നത് വായ നാറ്റം മാറാൻ സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ ഫലവർഗ്ഗങ്ങൾ കൂടുതൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

∙ ആഹാരം കഴിച്ചതിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ദഹനക്കേട് കുറയ്ക്കുക വഴി വായ്‌നാറ്റവും പ്രതിരോധിക്കാം. ഉമിനീരിന്റെ ഉത്പാദനം ഉയര്‍ത്തി വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കാന്‍ പെരുംജീരകത്തിന് കഴിയും ദിവസം 2 ലിറ്റർ വെള്ളം കുടിക്കു ന്നത് ശീലമാക്കുക.

അജയകുമാർ കരിവെളളൂർ

സീനിയർ ഡന്റൽ ഹൈജീനിസ്റ്റ്

ജില്ലാ ആശുപത്രി

കണ്ണൂർ

Tags:
  • Daily Life
  • Manorama Arogyam