Thursday 16 February 2023 11:57 AM IST : By മനോരമ ആരോഗ്യം

പ്രായമാകുമ്പോഴുള്ള കേൾവിക്കുറവിനെ മറികടക്കാം; ശ്രവണസഹായികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

hearingaid4454

പ്രായമായവരിൽ കണ്ടുവരുന്ന ഇ.എൻ.ടി പ്രശ്നങ്ങളിൽ ഏതാണ്ട് പകുതി കർണ്ണസംബന്ധമാണ്. ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള ആരോഗ്യസ്ഥിതി ശരിയാകാതെ വന്നാൽ കേൾവിക്കുറവിന് ശ്രവണസഹായി തന്നെയാണ് നിർദേശിക്കപ്പെട്ടാറ്. ഞരമ്പിന്റെ തളർച്ചമൂലം ചെവിയ്ക്കുള്ളിൽ മണിമുഴക്കം അല്ലെങ്കിൽ ചൂളം വിളി പോലുള്ള ശബ്ദം അഥവാ ടിന്നിട്ടസ് (TINNITUS), ചെവിടയടപ്പ്, മറ്റുള്ളവരുടെ സംസാരം കേൾക്കുന്നതിലെ വ്യക്തതക്കുറവ് എന്നിവയാണ് കേൾവിക്കുറിവിന്റെ ലക്ഷണങ്ങൾ. കേൾവിക്കുറവ് ഇരുചെവികളെയും ബാധിക്കാമെന്നതും പ്രശ്നം കൂടുതൽ വഷളാക്കുന്നു. ശ്രവണസഹായി കൊണ്ടു ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ശ്രവണസഹായി തിരഞ്ഞെടുക്കതിലും ശ്രദ്ധ വേണം.

1. ചുറ്റുപാടുമുള്ള ബഹളങ്ങൾക്കിടയിലും നന്നായി കേൾക്കാൻ ബാഹ്യകർണ്ണനാളിയ്ക്കുള്ളിൽ കയറ്റി വയ്ക്കുന്ന ഐറ്റിസി (ITC –INSIDE THE CANAL) ശ്രവണസഹായി ഉപകരിക്കും. മറ്റൊന്ന് സിഐസി (CIC –COMPLETELY IN THE CANAL) എന്നതു പൂർണമായും കർണ്ണനാളിയ്ക്കുള്ളിലേയ്ക്കു തിരുകി വയ്ക്കുന്നതാണ്. ഇത്തരത്തിലുള്ള മെഷീനുകൾ വളരെ വലുപ്പം കുറഞ്ഞവയാണ്. പ്രായമായവർക്കു കൈകൾക്കുണ്ടാവുന്ന ചെറിയ വിറയലും മറ്റും ചെറിയ മെഷീൻ ഊരിമാറ്റാനും വീണ്ടും ധരിക്കാനും ബുദ്ധിമുട്ടുണ്ടാക്കാം. ഇവർക്ക് ബിറ്റിഇ (BTE –BEHIND THE EAR) മെഷീനാണ് ശ്രവണസഹായിയായി ഉപയോഗിക്കാൻ നല്ലത്. ഈ മെഷീനിൽ കർണ്ണനാളിയുടെ വലുപ്പത്തിനനുസരിച്ചുള്ള ഇയർ മോൾഡ് (EAR MOLD) ഘടിപ്പിക്കാവുന്നതുകൊണ്ട് ചെവിവേദന ഉണ്ടാവില്ല. സുഖപ്രദമായ അനുഭവം കിട്ടും. അവരുടെ സഹായിയായി നിൽക്കുന്നയാൾക്ക് എടുത്തുമാറ്റാനും വീണ്ടും ധരിപ്പിക്കാനും എളുപ്പമാണ്. ഐറ്റിസിയും സിഐസിയും കർണ്ണനാളിയ്്ക്കുള്ളിൽ അമർന്ന് അടഞ്ഞ് ഇരിക്കുമ്പോള്‍ വിയർപ്പും നനവും തങ്ങി മെഷീൻ കേടുവരാനും, പൂപ്പൽ ബാധയും മറ്റ് അണുബാധയും പിടിപെടാനും ഇടയാക്കും. ബിറ്റിഇ മെഷീൻ ചെവിക്കുടയുടെ മുകളിലും പുറകിലുമായി ചേർന്നിരുന്നു കൊള്ളും. ചെറിയ ട്യൂബും അതിനറ്റത്തുള്ള മൃദുവായ മോൾഡും ചെവിയ്ക്കകത്തേയ്ക്കു ശബ്ദത്തെ നയിക്കും. എന്നാൽ കർണ്ണനാളി പൂർണ്ണമായി കൊട്ടിയടക്കപ്പെടുന്നില്ല.

2. ശ്രവണസഹായി മെഷീൻ ബട്ടൻ ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ബാറ്ററിയുടെ പ്രവർത്തന കാലാവധി 3 മുതൽ 20 ദിവസം വരെയാണ്. മെഷീനിൽ തന്നെ ഘടിപ്പിച്ച അവസ്ഥയിൽ എത്ര നേരം ബാറ്ററി ഇരിക്കുന്നോ അത്രയും ബാറ്ററി പ്രവർത്തിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് കൂടുതൽ നീണ്ട പ്രവർത്തന കാലാവധി കിട്ടണമെങ്കിൽ അത്യാവശ്യ സമയത്തിനുള്ളിൽ മാത്രം മെഷീൻ ധരിച്ചാൽ മതിയാകും. ഉച്ചയുറക്കത്തിന്റെ സമയം മെഷീൻ വയ്ക്കാനുള്ള ഡപ്പിയിൽ വയ്ക്കാം. ബാറ്ററിയുടെ കള്ളി തുറന്നുവച്ചാൽ അതിന്റെ പ്രവർത്തനം കട്ട് ഓഫാകും. രാത്രിയുറക്കിന്റെ സമയത്തു ബാറ്ററി അതിൽ നിന്ന് അഴിച്ചുമാറ്റി ബാറ്ററിയ്ക്കായുള്ള ഡപ്പിയിലും മെഷീൻ അതിനുവേണ്ടിയുള്ള ഈർപ്പരഹിതമാക്കാനുള്ള സിലിക്കാ ജെൽ പോലുള്ള ഡ്രയർ (DRYER) അടങ്ങിയ പൗച്ച് (POUCH) വച്ചിട്ടുള്ള ഡപ്പിയിൽ വയ്ക്കണം. ഈ മാർഗങ്ങളിലൂടെ ബാറ്ററി ലൈഫ് കൂട്ടാൻ സാധിക്കും. മെഷീൻ ഈർപ്പരഹിതമായി വയ്ക്കുന്നത് അത് കേടുവരാതെയും നോക്കും.

3. ബഹളമുള്ള ചുറ്റുപാടിലേയ്ക്കു പോകുമ്പോൾ ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും ഒരുമിച്ച് ചെവിയ്ക്കുള്ളിലേക്ക് കയറി അത് ആന്തരിക കർണത്തിന്റെ തകരാറുമൂലമുള്ള റിക്രൂട്മെന്റ് (RECRUITMENT) എന്ന ഒരു പ്രക്രിയയിലൂടെ അമിത ശബ്ദം വലിയ അളവിൽ അനുഭവപ്പെടുകയും ചെയ്യാം. ഈ ബുദ്ധിമുട്ട് ഓരോ വൃക്തിയ്ക്കും അനുയോജ്യമായ ഡിജിറ്റൽ ശ്രവണസഹായി ഉപയോഗിക്കുമ്പോൾ ഉണ്ടാകില്ല. ശ്രവണസഹായി തിരഞ്ഞെടുക്കുന്നതിനു മുൻപു പരിശോധിക്കുന്ന ഓഡിയോഗ്രാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശേഷിക്കുറവ് കാണിക്കുന്ന ഫ്രീക്വൻസികൾ മാത്രം അധികരിച്ചു കേൾക്കുന്ന തരത്തിൽ പ്രോഗ്രാം ചെയ്യുന്ന ഹിയറിങ് എയ്ഡ് ഉപയോഗിക്കുന്നതാവും ഭേദം.

4. ഇയർഫോൺ വച്ചു തുടങ്ങി ആദ്യ ദിവസങ്ങളിൽ പലരും തുടർടച്ചയായി ഒരു ഇരമ്പൽ ശബ്ദം കേൾക്കുന്നതായി പരാതിപ്പെടാറുണ്ട്. എന്നാൽ ഈ ബുദ്ധിമുട്ട് കുറച്ചു ദിവസങ്ങളേ നീണ്ടു നില്‍ക്കൂ. മെഷീനുമായി താദാത്മ്യം വരാനുള്ള ഒരു കാലയളവാണത്.

5. ഇയർഫോണിന്റെ കൂടെ കിട്ടുന്ന സാമഗ്രികളായ ബട്ടൺ ബാറ്ററികൾ, മെഷീനും ബാറ്ററിയ്ക്കുമുള്ള പ്രത്യേക ഡപ്പികൾ, ബാറ്ററി ഊരിയെടുക്കാൻ സഹായിക്കുന്ന ഒരു കാന്തം, മെഷീനിന്റെ ഡപ്പിയിൽ ഊർപ്പം വലിച്ചെടുക്കാൻ സഹായിക്കുന്ന സിലിക്ക ജെൽ അടങ്ങിയ പൗച്ച് എന്നിവ സൂക്ഷിച്ചുവെയ്ക്കണം. ബിറ്റിഇ ഇയർ ഫോണിന്റെ മോൾഡ് ഏതെങ്കിലും കാരണവശാൽ കേടുവന്നാൽ, മോൾഡ് മാത്രമായി ഊരി മറ്റൊന്ന് ഘടിപ്പിക്കാൻ എളുപ്പമാണ്.

6. ബിറ്റിഇ ഹിയറിങ് എയ്ഡ് വയ്ക്കുന്നതിന്റെ കൂടെ കണ്ണട ഉപയോഗിക്കുന്നവരുണ്ടാകും. കാരണം വൃദ്ധരിൽ കാഴ്ചക്കുറവും കേഴ്‌വിക്കുറവും ഒരുമിച്ച് അനുഭവപ്പെടാം. ചെവിയ്ക്കു മുകളിലും പുറകിലുമായി ശ്രവണസഹായി വയ്ക്കുമ്പോൾ കണ്ണട വയ്ക്കാനുള്ള സംവിധാനം പ്രത്യേകം തയാറാക്കണം.

7. അതിനൂതനമായ ചില സാങ്കേതിക ഗുണങ്ങളുള്ള വില കൂടിയ ശ്രവണ സഹായികൾ ഇന്ന് ലഭ്യമാണ്. അത്യാവശ്യ ശബ്ദങ്ങളെ ഫിൽട്ടർ ചെയ്യാനുള്ള സംവിധാനം, വിവിധ ചുറ്റുപാടുകളുമായി ചേരുന്ന രീതി, കേൾക്കുന്ന ശബ്ദത്തിന്റെ എക്കോ (ECHO) വരുന്നത് ഒഴിവാക്കൽ, മൊബൈൽ ഫോണുമായോ മൈക്ക് സിസ്റ്റമായോ മറ്റു അസിസ്റ്റീവ് ഡിവൈസുമായോ വയർലെസ്സായി കണക്ട് ചെയ്യാവുന്ന സാധ്യത എന്നിവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ്.

8. ബട്ടൺ ബാറ്ററിയെ കൂടാതെ റീച്ചാർജബിൾ (RECHARGABLE) ബാട്ടറി ഉള്ള മെഷീനുകളും ഇന്ന് ലഭ്യമണ്.

9. ഏറ്റവും കുറഞ്ഞ (MILD) കേൾവിക്കുറവു മുതൽ അതി തീവ്ര (PROFOUND) ബധിരതയ്ക്കും കൃത്യമായി പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാവുന്ന മെഷീനുകൾ ഉണ്ട്.

10. ഇയർഫോൺ വാങ്ങുന്നതിനു മുൻപ് ഒരു ഹിയറിങ് എയ്ഡ് സെന്ററിൽ പോയി റേഡിയോ ഗ്രാമിനനുസരിച്ച് ഇയർഫോൺ വച്ച് ട്രയൽ നോക്കി ശരിയാകുന്നതു മാത്രം തിരഞ്ഞെടുക്കാം.

11. ഇരു ചെവികൾക്കും ബധിരത ബാധിച്ചിട്ടുണ്ടെങ്കിൽ, ബധിരത കണ്ടു പിടിച്ചിട്ട് ഒട്ടും വൈകാതെ തന്നെ ശ്രവണസഹായി ഇരു ചെവികൾക്കും ഉപയോഗിക്കാൻ തീരുമാനിക്കുക. വ്യക്തിയുടെ ജീവിതരീതി, ദിനചര്യകൾ എന്നിവയ്ക്കൊക്കെ തൃപ്തിപ്പെടുത്തുന്ന, വേണ്ടത്ര വില വരുന്ന മെഷീൻ തിരഞ്ഞെടുക്കുക.

ഡോ. ബി. സുമാദേവി

ഇഎൻടി സർജൻ

ഇഎസ്ഐസി ഹോസ്പിറ്റൽ

ഉദ്യോഗമണ്ഡൽ, എറണാകുളം

Tags:
  • Daily Life
  • Manorama Arogyam