Saturday 03 December 2022 01:38 PM IST : By ഡോ. എബിൻ ഏബ്രഹാം ഇട്ടി

ഒറ്റമൂലികളുടെ പുറകേ പോയി സമയം കളയരുത്: അറിയാം സോറിയാസിസിന്റെ പുത്തൻ ചികിത്സകൾ

534643

ശരീരത്തില്‍ പ്രധാനമായും ത്വക്കിനേയും സന്ധികളേയും ബാധിക്കുന്ന ഒരു ക്രോണിക് ഇന്‍ഫ്‌ളമേറ്ററി രോഗമാണ് സോറിയാസിസ്. ശരീരത്തിന്റെ പ്രതിരോധഘടനയുടെ ഭാഗമായ ടി–ലിംഫോസൈറ്റ്സ് എന്ന കോശങ്ങളും അവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ചില വസ്തുക്കളുമാണ് സോറിയാസിസ് ഉണ്ടാകാന്‍ കാരണം. ജനിതകമായ കാരണങ്ങള്‍ മൂലമാണ് മേല്‍പ്പറഞ്ഞ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതും ഈ രോഗാവസ്ഥയ്ക്ക് പ്രധാന പങ്കുവഹിക്കുന്നതും.

ഈ അസുഖത്തിനു ചികിത്സ ഇല്ലെന്നും ഇതു വന്നു കഴിഞ്ഞാല്‍പ്പിന്നെ ഒരിക്കലും മാറില്ലെന്നുമുള്ള തെറ്റിദ്ധാരണകള്‍ പലര്‍ക്കുമുണ്ട്. ചികിത്സ ഇല്ല എന്ന മിഥ്യാധാരണ ഉള്ളതുകൊണ്ട് സോറിയാസിസിന്റെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണാതെ പലപ്പോഴും നാടന്‍ ഒറ്റമൂലികളും മറ്റും പരീക്ഷിച്ചു നോക്കാറാണ് പതിവ്. ഇത് മൂലം പലരിലും രോഗം മൂര്‍ച്ഛിക്കാറുണ്ട്. എന്നാൽ സോറിയാസിസിന് വളരെ ഫലപ്രദമായ ചികിത്സകൾ ഇന്നു നിലവിലുണ്ട്. 

സോറിയാസിസിന്‍രെ ചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ലേപനങ്ങള്‍, യുവി രശ്മികള്‍ കൊണ്ടുള്ള ചികിത്സയായ ഫോട്ടോതെറാപ്പി, ഗുളികകള്‍, biologics injection എന്നിവയാണ്. ത്വക്കിന്റെ 20%-ല്‍ താഴെ ബാധിച്ചിട്ടുള്ള രോഗത്തിന് ലേപനങ്ങള്‍ കൊണ്ടുള്ള ചികിത്സയാണ് സാധാരണയായി നല്‍കുന്നത്. ത്വക്കിന്റെ 20%-ല്‍ കൂടുതല്‍ ബാധിച്ചിട്ടുള്ള രോഗത്തിനും സന്ധികളെ ബാധിച്ചിട്ടുള്ളതിനും ഗുളികകളോ ഇന്‍ജക്ഷനുകളോ ഉപയോഗിക്കാറുണ്ട്. യുവിഎ, യുവിബി എന്ന രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സാമാര്‍ഗം വളരെ ഫലപ്രദമാണ്.

സാധാരണയായി നല്‍കുന്ന ലേപനങ്ങള്‍ കൊണ്ടോ ഗുളികകള്‍ കൊണ്ടോ മാറ്റം വരാത്ത സാഹചര്യത്തില്‍ biologicals injection ഫലപ്രദമാകാറുണ്ട്.

സോറിയാസിസിന്റെ ഏതൊരു ചികിത്സ കൊണ്ടും ഉദ്ദേശിക്കുന്നത് അസുഖം നിയന്ത്രിക്കക എന്നതാണ്. ചികിത്സ തേടുന്ന രോഗികളില്‍ ജീവിതരീതിയുടെ നിലവാരം മുന്നു മാസത്തെ ചികിത്സയ്ക്കു ശേഷം മെച്ചപ്പെടുന്നതായി ഞങ്ങള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.

ജനിതകമായ ഒരു രോഗാവസ്ഥ ആയതിനാല്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റുക എന്നത് പലപ്പോഴും അപ്രായോഗികമാണ്. എന്നാല്‍ ചികിത്സകൊണ്ട് അസുഖം കുറയുകയും അതിനു ശേഷം മരുന്ന് കുറച്ച് നിര്‍ത്തുകയും പിന്നീട് emollienst/moisturisers എന്നീ ലേപനങ്ങള്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മറച്ചു വെച്ചുകൊണ്ട് സോറിയാസിസിനെ ഒരു ഒറ്റമൂലി കൊണ്ട് പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാം എന്ന് പലരും അവകാസപ്പെടാറുണ്ട്. ഈ വാദങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ പിന്‍ബലവും ഇല്ല എന്നുള്ളതാണ് വാസ്തവം.

പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുംപോലെ കുറച്ചു നാളത്തെ തുടര്‍ച്ചയായ ചികിത്സയും അതോടൊപ്പം കൃത്യമായ പരിരക്ഷയും വേണ്ട ഒരു രോഗാവസ്ഥയാണ് സോറിയാസിസ് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ദീര്‍ഘനാളായി സോറിയാസിസ് ഉള്ളവരിലും ഇത് കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാത്തവരിലും ഹൃദ്രോഗങ്ങള്‍, കരളില്‍ കൊഴുപ്പടിഞ്ഞുള്ള രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവയുടെ സാധ്യത ഏറുന്നു.

സോറിയാസിസ് മറ്റു രോഗങ്ങളിലേയ്ക്ക് നയിക്കുമോ?

ദീര്‍ഘകാലമായി സോറിയാസിസ് ഉള്ള രോഗികളില്‍ ഹൃദയധമനികള്‍ ചുരുങ്ങി ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു

കരളില്‍ കൊഴുപ്പ് അടിഞ്ഞിട്ടുള്ള രോഗമായ non alcoholic fatty liver disease, 50%-ത്തോളം സോറിയാസിസ് രോഗികളില്‍ കാണുന്നു. മാനസിക പിരിമുറുക്കവും depression പോലുള്ള മാനസിക രോഗങ്ങളും സോറിയാസിസ് ഉള്ളവരില്‍ കൂടുതലായി കണ്ടുവരാറുണ്ട്. മറിച്ച് മാനസിക പിരിമുറുക്കവും സോറിയാസിസ് കൂടുന്നതിന് കാരണമാകുന്നു. ദീര്‍ഘകാലമായി സോറിയാസിസ് ഉള്ളവരില്‍ പലപ്പോഴും വൃക്കരോഗങ്ങളും കാണപ്പെടുന്നു. ചെറിയ ശതമാനം സോറിയാസിസ് രോഗികളില്‍ സ്‌കിന്‍ കാന്‍സറിനുള്ള സാധ്യത കൂടുന്നതായും ചില പഠനങ്ങള്‍ തെളിയിക്കുന്നു.

ഡോ. എബിന്‍ ഏബ്രഹാം ഇട്ടി

കൺസൽറ്റന്റ് & ഹെഡ്

ഡെർമറ്റോളജി വിഭാഗം

വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Manorama Arogyam
  • Health Tips