Saturday 26 June 2021 03:57 PM IST : By Murali krishnan

ബുള്ളറ്റുമായി ജയ്പൂരിൽ: കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടു; പണം പോയാലും പുഷ്കർ മേള കണ്ടു !

4 - jaipur

ജയ്‌പുർ വിമാനത്താവളത്തിലെ കൺവേയർ ബെൽറ്റിലൂടെ എന്റെ പച്ച നിറമുള്ള ബാഗ് ആദ്യം വന്നു. അതുവരെ നടത്തിയ വിമാനയാത്രകളിൽ ഇത് ആദ്യാനുഭവം. സന്തോഷത്തോടെ വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങി. ബുള്ളറ്റ് വാടകയ്ക്ക് കിട്ടുന്ന സ്ഥലത്തേക്കു പോകാൻ യൂബർ ടാക്സി വിളിച്ചു. ജയ്പൂരിൽ നിന്നു പുഷ്കർ വരെ 160 കി.മീ. ബുള്ളറ്റോടിച്ച് വഴിയോരക്കാഴ്ച ആസ്വദിക്കാനാണ് തീരുമാനം.

പൂർണചന്ദ്രനുദിക്കുന്ന രാത്രിയാണ് പുഷ്കർമേളയുടെ സമാപനം. പുഷ്കറിൽ മഹോത്സവം നടക്കുന്ന ദിവസം വൈകിട്ടാണ് ഞാൻ ജയ്പൂരിൽ ഇറങ്ങിയത്. അവിടേക്കു കുതിക്കാനായി എൻഫീൽഡ് ബുള്ളറ്റ് 500 സിസിയുടെ താക്കോൽഏറ്റു വാങ്ങി. ദിവസ വാടക 1500 രൂപ. ജയ്‌പൂരിൽ നിന്ന് അജ്മർ വഴി പുഷ്കർ വരെ ആറു വരിപ്പാത നല്ലതാണെന്ന് ബുള്ളറ്റ് വാടകയ്ക്കു തന്നയാൾ പറഞ്ഞു. അദ്ദേഹം പറഞ്ഞതു വാസ്തവം. തെരുവു വിളക്കുകൾ, മികച്ച റോഡ്, കാവലിനു പൊലീസ്.

സൂര്യനസ്തമിച്ചാൽ ജയ്പൂരിൽ തണുപ്പു തുടങ്ങും. ജാക്കറ്റ് ബുള്ളറ്റിന്റെ പിൻസീറ്റിലെ ബാഗിലാണ്. കെട്ടഴിച്ച് ബാഗിനുള്ളിൽ നിന്ന് അത് എടുക്കണം. മെനക്കെടാൻ നിന്നില്ല. തണുപ്പു സഹിച്ച് വണ്ടിയോടിച്ചു. മൊബൈൽ ഫോൺ ചാർജർ പെട്ടെന്നു കിട്ടുംവിധം ബാഗിന്റെ സൈഡിൽ മാറ്റിവച്ചിട്ടുണ്ട്. ഇത്തരം യാത്രയിൽ ഫോൺ, ഇന്റർനെറ്റ് അനുബന്ധ സാധനങ്ങൾ അരികിൽ വേണം.

2 - jaipur

പുഷ്കർ

പുഷ്കറിലെത്തിയ ശേഷം ടെന്റ് ബുക്ക് ചെയ്ത ഫോൺ നമ്പറിൽ വിളിച്ചു. അർധരാത്രിയിൽ പത്തു തവണ വിളിച്ചിട്ടും ഫോണിന്റെ മറു തലയ്ക്കൽ പ്രതികരണം ഉണ്ടായില്ല. ഗേറ്റിനു പുറത്താണു ഞാൻ നിൽക്കുന്നത്. എനിക്ക് അന്തിയുറങ്ങാനുള്ള ടെന്റ് ആകാശം നോക്കി കിടക്കുന്നത് എനിക്കു കാണാം. രണ്ടും കൽപിച്ച് മതിലു ചാടി. റിസപ്ഷൻ ശൂന്യം. രണ്ടു മൂന്നു തവണ വിളിച്ചു. മറുപടി കിട്ടിയില്ല. ടെന്റിൽ കിടന്നുറങ്ങിയ ശേഷം പുഷ്കർ മേളയ്ക്കു പോകാമെന്നുള്ള മോഹം അവിടെ ഉപേക്ഷിച്ചു. വീണ്ടും മതിലു ചാടി പുറത്തിറങ്ങി. ഒരു ഗൈഡിന്റെ നമ്പറിൽ വിളിച്ച് ഹോട്ടലിൽ മുറിയൊപ്പിച്ചു.

യാത്രാക്ഷീണത്തിൽ പെട്ടെന്ന് ഉറങ്ങി. പുലർച്ചെ അലാം കേട്ട് ഞെട്ടിയുണർന്നു. ആദ്യം പുഷ്ക്കർ മേള നടക്കുന്ന മൈതാനത്ത് പോകണം. അതു തൊട്ടടുത്താണ്.

മേള കഴിഞ്ഞെങ്കിലും ആളുകളും ഒട്ടകങ്ങളും അരങ്ങൊഴിയാൻ സമയമെടുക്കും. അതെല്ലാം കണ്ടാസ്വദിക്കലാണ് രാവിലത്തെ പ്രോഗ്രാം. മഴ നനഞ്ഞ് വെള്ളം കയറിയ ക്യാമറയുടെ ലെൻസിനെ ഓർത്ത് സങ്കടപ്പെട്ടു. സാരമില്ല, ഗോ പ്രോ ക്യാമറയും മൊബൈൽ ഫോണും കയ്യിലുണ്ട്.

ഫുട്ബോൾ ഗ്രൗണ്ട് പോലെ വിസ്താരമേറിയ മൈതാനം. കച്ചവടക്കാർ ഉറക്കമുണർന്ന് കടകൾ തുറക്കുന്നതേയുള്ളൂ. രാജസ്ഥാനി മാല, കമ്മൽ, സാരി, മേക്കപ് സാധനങ്ങൾ തുടങ്ങിയ സാധനങ്ങളെല്ലാം വിൽപനയ്ക്കുണ്ട്. അലങ്കരിച്ചു നിർത്തിയ ഒട്ടകങ്ങളെ കണ്ടു. മരണ കിണർ, ജയന്റ് വീൽ തുടങ്ങിയ വിനോദപരിപാടികളാണ് മറ്റൊരു കാഴ്ച. തലേന്നത്തെ ജനത്തിരക്കിന്റെ ആവേശം ഇപ്പോഴും ആളുകളുടെ മുഖത്തു നിന്നു വിട്ടുമാറിയിട്ടില്ല. അവർക്കിടയിലൂടെ നടന്നതിനു ശേഷം ബ്രഹ്മക്ഷേത്രം സന്ദർശിച്ചു. ഇന്ത്യയിലെ ഏക ബ്രഹ്മ ക്ഷേത്രമാണത്രേ പുഷ്കറിലേത്.

തിരികെ മുറിയിലെത്തി ഭക്ഷണം കഴിച്ച ശേഷം തുടർയാത്രയ്ക്ക് ഒരുങ്ങി. ഡെസ്റ്റിനഷൻ ലിസ്റ്റ് തയാറാക്കി – അജ്മർ വഴി ജയ്‌പുർ. ഹവാ മഹൽ, നഹർഗഡ് ഫോർട്, ജന്തർ – മന്തർ.

അജ്മർ - പുഷ്കർ റൂട്ട് പ്രകൃതി അതിമനോഹരം. പ്രഭാതക്കാഴ്ച മനസ്സിനു കുളിരു പകർന്നു. കറുത്ത വരപോലെ നീണ്ടു കിടക്കുകയാണ് റോഡ്. ലൈൻ ഡ്രൈവിങ് നിർബന്ധമുള്ള പാതയാണ്. 90 – 100 കി.മീ വേഗത്തിൽ കുതിച്ചു. പോകുംവഴി ‘ജയ്‌പൂർ ലസ്സിവാല’ ലസ്സി കടയിൽ കയറി. ബദാം, കപ്പലണ്ടി തുടങ്ങിയവ ചേർത്തുണ്ടാക്കിയ രുചികരമായ പാനീയം. ഒരു ഗ്ലാസിന് എഴുപതു രൂപ.

ഹവാ മഹൽ ഗംഭീര ദർശനം. ശ്രീകൃഷ്ണന്റെ കിരീടത്തിന്റെ ആകൃതി ധ്യാനിച്ചാണത്രേ ശിൽപി ആ സൗധം നിർമിച്ചത്. വാസ്തുവിദ്യയുടെയും അലങ്കാര കൊത്തു പണികളുടെയും സമ്പൂർണത അവിടെ കണ്ടാസ്വദിച്ചു.

ആ യാത്രയിൽ വലിയൊരു അപകടത്തിൽ നിന്നു രക്ഷപെട്ടു. അവിടെയുള്ള റോഡുകളിൽ വാഹനങ്ങൾ തമ്മിൽ ഉരസിയാണ് മുന്നോട്ടു നീങ്ങുന്നത്. ആർക്കും യാതൊരു പരാതിയുമില്ല. വാഹനങ്ങളിലെ ചെറുതും വലുതുമായ സ്‌ക്രാച്ചുകൾ ഇരുകൂട്ടരും വകവയ്ക്കുന്നില്ല. ഒരു റിക്ഷാക്കാരൻ എന്റെ ബുള്ളറ്റിന്റെ പിൻ-ടയറിൽ ഇടിച്ചു. ശരീരത്തിനു പരിക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം. ചരിത്രപ്രസിദ്ധമായ ഹവാ മഹലിനു മുന്നിൽ ട്രാഫിക് നിയന്ത്രിക്കാൻ ഒരു ഉദ്യോഗസ്ഥനെ പോലും കണ്ടില്ല.

ഹവാ മഹലിനു സമീപത്താണ് ജന്തർ മന്തർ. അവിടേക്കുള്ള പോകുമ്പോൾ വണ്ടിക്കു സംഭവിച്ച കേടുപാടുകളെ കുറിച്ചായിരുന്നു ചിന്ത. റിക്ഷാക്കാരന്റെ ശ്രദ്ധയില്ലായ്മ കാരണം ബുള്ളറ്റിന്റെ ഹാൻഡിൽ വളഞ്ഞു, കണ്ണാടിയും നാശമായി. ബുള്ളറ്റിന്റെ ഉടമ എത്ര രൂപ നഷ്ടപരിഹാരം ചോദിക്കുമെന്ന് അറിയില്ല. പ്രതീക്ഷിച്ചതു പോലെ വലിയ ധനനഷ്ടം സംഭവിച്ചില്ല. ബുള്ളറ്റിന്റെ ഉടമ ഫോണിൽ സംസാരിക്കുന്ന തിരക്കിലായിരുന്നു. വാഹനം ഉടമയെ ഏൽപിച്ച് ഡൽഹിയിലുള്ള സുഹൃത്തിനെ ഫോൺ വിളിച്ച് അവിടെ നിന്നു മടങ്ങി.

1 - jaipur

ഡൽഹിയിലേക്കു പോകാൻ ജയ്‌പുർ ബസ് േസ്റ്റഷനിൽ എത്തി. അവിടെ ബസ് കാത്തിരുന്ന ദമ്പതികൾ എന്നോടു വിശേഷങ്ങൾ ചോദിച്ചു. അവരുടെ മകൻ കോയമ്പത്തൂരിലെ ഒരു കോളജിൽ ചേർന്നു. പക്ഷേ ദക്ഷിണേന്ത്യയിലെ ഭക്ഷണം ഇഷ്പ്പെടാത്തതിനാൽ പഠനം ഉപേക്ഷിച്ച് ജയ്പൂരിലേക്കു മടങ്ങി.കഥ കേട്ടതിനു ശേഷം അവരോടു യാത്ര പറഞ്ഞ് ഡൽഹിയിലേക്കു ബസ് കയറി.

തലസ്ഥാനം

രാവിലെ നഗരക്കാഴ്ചകൾ കാണാനായി പുറപ്പെട്ടു. "ബുള്ളറ്റ് റെഡിയാണ്..." – അവൻ പറഞ്ഞു. "എന്റെ ഈശ്വരാ, വീണ്ടും ബുള്ളെറ്റ്..." ഞാൻ ദീർഘനിശ്വാസം വിട്ടു. ഭയപ്പെടാനില്ല, സുഹൃത്തിനു പരിചയമുള്ള നഗരമാണു ഡൽഹി. – ട്രിപ്പ് പ്ലാൻ ചെയ്തു – റെഡ് ഫോർട്, മസ്ജിദ്, ലോട്ടസ് ടെംപിൾ, ഹുമയൂണിന്റെ ശവകുടീരം, കുത്തബ്‌ മിനാർ.

റെഡ് ഫോർട് അതിശയകരമായ കാഴ്ചയാണ്. വാസ്തുവിദ്യ അദ്ഭുതം തന്നെ. ജമാമസ്ജിദ് മറ്റൊരു കൗതുകം. മിനാരത്തിൽ കയറാൻ 50 രൂപയാണ് ടിക്കറ്റ്. വളഞ്ഞു പുളഞ്ഞ പടികളിലൂടെ മിനാരത്തിനു മുകളിൽ കയറിയാൽ ഡൽഹി നഗരത്തിന്റെ പൂർണചിത്രം കിട്ടും. മസ്ജിദിന്റെയടുത്ത് ചായയും ബണ്ണും ലഭിക്കുന്ന കടകളുണ്ട്. കടകളുടെ മുൻപിൽ എപ്പോഴും തിരക്കാണ്.

സമീപത്തുള്ള തെരുവിലൂടെ നടന്നു. ചെറിയ കുട്ടികളും വൃദ്ധരും കൈനീട്ടി ഭിക്ഷ യാചിക്കുന്നു. ഒട്ടേറെ വൃദ്ധർ തെരുവുനായ്ക്കളോടൊപ്പം വഴിയോരത്ത് കിടന്നുറങ്ങുന്നു. അതെല്ലാം കണ്ടു നെഞ്ചു പിടഞ്ഞു. നിലത്തിരുന്നു കോഴിയെ അറുത്ത് പ്രതിഫലം വാങ്ങുന്ന കുട്ടികളെ അവിടെ കണ്ടു. കേരളത്തിൽ ജീവിക്കുന്ന നമ്മൾ സൗഭാഗ്യങ്ങളുടെ ‘ജനിതക ലോട്ടറി’ അടിച്ചവരാണ്, സംശയമില്ല.

3 - jaipur

പിന്നീട് ലോട്ടസ് ടെംപിൾ കാണാൻ പോയി. അതിനു ശേഷം ഹുമയൂണിന്റെ ശവകുടീരം സന്ദർശിച്ചു. കുത്തബ് മിനാറിനു മുന്നിൽ വലിയ ജനക്കൂട്ടത്തെ കണ്ടതിനാൽ തൽക്കാലം അതിനകത്തു കയറാനുള്ള ശ്രമം ഉപേക്ഷിച്ചു.

ബുള്ളറ്റ് യാത്ര കഴിഞ്ഞ് നഗരത്തിൽ നിന്നു തിരികെ മുറിയിലെത്തിയപ്പോൾ എന്തെന്നില്ലാത്ത ക്ഷീണം. ഛർദിയുമുണ്ടായി. അന്തരീക്ഷ മലിനീകരണം ആരോഗ്യത്തെ ദുർബലമാക്കുന്നത് എങ്ങനെയെന്ന് അനുഭവിച്ചറിഞ്ഞു. കൊച്ചി – ഡൽഹി ടിക്കറ്റിനു തീപിടിച്ച വിലയായതിനാൽ മടക്ക യാത്രയ്ക്കും ജയ്പൂരിൽ നിന്നാണു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. താജ്മഹൽ കാണാനുള്ള ആഗ്രഹം ബാക്കിയാക്കി തലസ്ഥാനത്തോടു യാത്ര പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം കൺവേയർ ബെൽറ്റിനു മുന്നിൽ കാത്തു നിന്നു. ഭാഗ്യം, എന്റെ പച്ച ബാഗ് ആദ്യം വന്നില്ല.