Wednesday 08 November 2023 12:07 PM IST

അമ്മയ്ക്കെന്താണ് എന്നെ മനസ്സിലാകാത്തത്? ഓർക്കുക, ആ ചോദ്യത്തിൽ തകരുന്നതു മകളിലേക്കുള്ള പാലമാണ്

Vijeesh Gopinath

Senior Sub Editor

teenage-parenting

എല്ലാവരെക്കുറിച്ചും അല്ല. എന്നാലും പല വീട്ടിലും ദാ, ഇങ്ങനെയുള്ള അമ്മയെയും‌ കൗമാരക്കാരിയെയും നമ്മൾ കണ്ടിട്ടുണ്ട്. കാണുന്നുമുണ്ട്.

∙മുപ്പതു വർഷം മുൻപ്

അമ്മ:‘‘ഞാൻ വളർന്നതു പോലെ സാദാ പെണ്ണായി വളർന്നാൽ മതി. കോളജിലേക്കു പോകുമ്പോൾ കാലു കാണിച്ചുള്ള ഉടുപ്പൊന്നും വേണ്ട. ചുരിദാർ മതി. ആൾക്കാരെ കൊണ്ടു പറയിപ്പിക്കരുത്. അടങ്ങി ഒതുങ്ങി കഴിയണം.

മകൾ: നിശബ്ദം. (ദേഷ്യവും സങ്കടവും അമ ർത്തി മൂലയ്ക്ക് പോയിരുന്നു കരയും. )

∙ഇരുപതു വർഷം മുൻപ്

അമ്മ: ഫാഷനൊക്കെ കൊള്ളാം, പക്ഷേ നീ ഇതൊന്നും ഇടേണ്ട.

മകൾ: അമ്മ പഴഞ്ചനാണ്. എന്റെ ക്ലാസ്സിൽ എത്ര പേരാണ് ഇങ്ങനെ വരുന്നത്. (പിന്നെ യുദ്ധം, കോലാഹലം)

∙പത്തു വർഷം മുൻപ്

അമ്മ: ആനിവേഴ്സറിയാണു വരുന്നത്. അ ച്ഛന് ഒരു ഷർട്ട് ഒാൺലൈനിൽ ഒാർഡർ ചെയ്യാൻ പഠിപ്പിക്കാമോ?

മകൾ: ഞാൻ മൊബൈലെടുക്കുമ്പോൾ വ ലിയ ബഹളം ആണല്ലോ. എന്തായാലും ക്ലാസ്സു കഴിഞ്ഞു വന്നിട്ടു നോക്കാം.

∙ഇന്ന്

അമ്മ: നീ മുടി കളർ ചെയ്യാൻ പോകുമ്പോ എന്നെയും വിളിക്കാമോ? എനിക്കും മുടി മുറിക്കണം.

മകൾ: എന്നാൽ ഞാനത് റീൽസ് ആക്കും.

കാലം മാറുകയാണ്. കൗമാരക്കാരികളുടെ അമ്മമാർ സ്മാർട്ട് ആകുകയാണ്. പ്രായത്തിനോടു കടക്കു പുറത്തെന്നു പറ‍ഞ്ഞു മനസ്സുകൊണ്ടു കൂടുതൽ സുന്ദരിമാരാകുകയാണ്. ‌അമ്മമാർ‌ പെൺമക്കളെ ജീവിതം ‘പഠിപ്പിക്കുന്ന’ കാലം തേഞ്ഞു തീർന്നു തുടങ്ങി.

ഇതു പുതുകാലം. മകളിൽ നിന്നു പുതുതലമുറയുടെ ജീവിതം പഠിക്കാൻ അമ്മയ്ക്ക് കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക.

കൗമാരക്കാരിയായ മകൾ എന്നത് അമ്മമാർക്കു പുതിയ കാലത്തെക്കുറിച്ചു തിരിച്ചറിയാനുള്ള ഒരു പാഠപുസ്തകമാണ്. മകളിൽ നിന്ന് അമ്മ പഠിക്കേണ്ട 25 കാര്യങ്ങൾ.

മനസ്സൊരുക്കാം

ആദ്യം വേണ്ടതു മനസ്സ് ഒരുക്കലാണ്. മകൾ എന്താണു ചിന്തിക്കുന്നതെന്നും അവളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തൊക്കെയാണെന്നും അമ്മ പഠിക്കണം. അമ്മ വളര്‍ന്ന സാഹചര്യത്തിൽ നിന്ന് ഒരുപാട് അകലെയാണ് പുതിയ കാലം. ആ വ്യത്യാസം കണ്ട് അമ്പരക്കുകയോ അമ്മ വളർന്ന കാലമാണ് നല്ലതെന്ന തോന്നൽ ഉണ്ടാകാനോ പാടില്ല. പുതുകാലത്തിനൊത്തു കുട്ടി വളരട്ടെ. നിയന്ത്രണമല്ല ഒപ്പം നിൽക്കലാണു വേണ്ടത്. മകളിൽ നിന്നു പഠിക്കണമെങ്കിൽ ഈ ചിന്ത ഉള്ളിലുണ്ടാകണം.

∙മകളിൽ നിന്ന് പഠിക്കാം: ഏതു ബന്ധത്തിലായാലും ഒ പ്പം നിന്നാൽ മതി. നിയന്ത്രണമല്ല വേണ്ടത്.

അറിവുകളുടെ ലോകം

അമ്മമാരേ, ഒരുകാര്യം തിരിച്ചറിയുക – പുതിയ കാലത്തെ വേഗത്തിൽ ഉൾക്കൊള്ളുന്നതു കൗമാരക്കാരാണ്. അവർ പിറന്നു വീണതു തന്നെ ഇന്റർനെറ്റിന്റെ ലോകത്തേക്കാണ്.

നിങ്ങൾ ഇപ്പോൾ പഠിച്ചെടുക്കുന്നതു പോലെയല്ല, അ വർ വളർന്നതു തന്നെ അറിവിന്റെ ആ വലിയ ലോകത്തിനൊപ്പമാണ്. അതുകൊണ്ടു തന്നെ മകളിലൂടെ അറിവിന്റെ വലിയ ലോകത്തെ കണ്ടെത്താൻ ശ്രമിക്കുക എന്ന ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കാനുള്ള അവസരമാണ് ഇതെന്നു തിരിച്ചറിയുക.

കൗമാരക്കാരാണു ലോകത്തിലെ മാറ്റങ്ങൾ ഏറ്റവും പെട്ടെന്ന് ഉൾക്കൊള്ളുന്നത്. ആ മാറ്റം നിങ്ങളും ഉൾക്കൊള്ളുന്നതോടെ പുതിയ തലമുറയുടെ പ്രതിനിധിയായി നിങ്ങളും മാറുകയാണ്. പ്രായമെന്നതു വെറും നമ്പർ മാത്രമാണെന്നു നിങ്ങളും നിങ്ങൾക്കു ചുറ്റുമുളളവരും അപ്പോൾ തിരിച്ചറിയും.

∙മകളിൽ നിന്നു പഠിക്കാം: പുതിയ കാലത്തെക്കുറിച്ചു പ ഠിച്ചാൽ തോൽക്കുന്നതു പ്രായമാണ്.

ആ തോന്നല്‍ ആപത്ത്

മകളേക്കാളും ജീവിതപരിചയം ഉള്ളതുകൊണ്ട് എനിക്കെല്ലാം അറിയാം – അമ്മമാർക്ക് ഈ തോന്നലുണ്ടെങ്കിൽ അതു മാറ്റണം. പാഠപുസ്തകങ്ങളിൽ‌ നിന്നായാലും ഇടപെടുന്ന മറ്റു മേഖലകളിൽ നിന്നായാലും അവർ‌ക്ക് ഒരുപാടു വിവരം കിട്ടുന്നുണ്ട്. അറിവിന്റെ കാര്യത്തിൽ‌ അമ്മയേക്കാളും ഒരു കാതം മുന്നിലാണു മകൾ എന്ന സത്യം തിരിച്ചറിയുക.

∙മകളിൽ നിന്നു പഠിക്കാം: അറിയാത്ത പല മേഖലകളെക്കുറിച്ചും പഠിക്കാനുള്ള അവസരമാണിത്. എല്ലാം അറിയാം എന്ന തോന്നൽ അകലുമ്പോഴേ നല്ല വിദ്യാർഥിയായി അമ്മ മാറൂ.

ദേഷ്യം മായ്ച്ചു കളയുക

അമ്മയ്ക്കെന്താണ് എന്നെ മനസ്സിലാകാത്തത്? ആ ചോദ്യത്തിൽ തകരുന്നതു മകളിലേക്കുള്ള പാലമാണ്. മകളെ തിരിച്ചറിയാൻ കഴിയാതാകുമ്പോഴാണു പലപ്പോഴും ദേഷ്യം തീയായ് പടരുന്നത്.

കൗമാരത്തിൽ അമിതവികാര പ്രകടനങ്ങൾ ഉണ്ടാകാം. ചില സമയത്തു അമ്മയോടു ഭയങ്കര ദേഷ്യം ആയിരിക്കും. ചിലപ്പോൾ ഇഷ്ടവും. ഈ വൈകാരിക വേലിയേറ്റങ്ങൾ എന്തുകൊണ്ടാണ് എന്ന് അമ്മയ്ക്കു തിരിച്ചറിയാൻ പറ്റണം. അത് അന്വേഷിക്കാനുള്ള മനോഭാവം വേണം. അതു കണ്ടെത്താനുള്ള കഴിവും വേണം. ഒപ്പം അതിനനുസരിച്ചു പെരുമാറാനുള്ള ശൈലിയും സ്വന്തമാക്കണം. ഈയൊരുമാറ്റം മകളുമായിട്ടുള്ള ബന്ധത്തിൽ മാത്രമല്ല മറ്റു ബന്ധങ്ങളെയും കൂടുതൽ ഊഷ്മളമാക്കാം.

∙മകളിൽ നിന്നു പഠിക്കാം: താൻ കരുതും പോലെ മറ്റുള്ളവർ പെരുമാറണമെന്നു കരുതുന്നതു തെറ്റാണ്. പരസ്പരം അംഗീകരിക്കുക.

സൗഹൃദത്തിന്റെ വൻകരകൾ

ചങ്ങാത്തങ്ങളാണു കൗമാരത്തിന്റെ ജീവൻ. അമ്മയോളം സ്വാധീനിക്കാൻ കഴിവുള്ള കൂട്ടുകാരിയോ കൂട്ടുകാരനോ മകൾക്ക് ഉണ്ടാകും. തുറന്ന മനസ്സോടെ ആ സത്യം തിരിച്ചറിയുക, അംഗീകരിക്കുക. മകളുടെ സൗഹൃദങ്ങളിലേക്ക് അവളുടെ അനുവാദത്തോടെ ഒരു വഴി അമ്മയ്ക്കു തുറക്കാവുന്നതാണ്. സിബിെഎ ആകാനല്ല. മറിച്ച് അമ്മയും എന്റെ കൂട്ടുകാരിയാണെന്ന ചിന്ത മകളിലുണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല. ഇതൊടെ അമ്മയ്ക്കു മകളോടും മകൾക്ക് അമ്മയോടും മനസ്സു തുറന്നുസംസാരിക്കാനുള്ള വഴി തുറന്നു കിട്ടും.

∙മകളിൽ നിന്നു പഠിക്കാം: പുതിയ കാലത്തിന്റെ ചിന്തകളും ചങ്ങാത്തത്തിന്റെ പോസിറ്റീവ് എനർജിയും അമ്മയ്ക്കു തിരിച്ചറിയാനാകും. പഴയ സൗഹൃദങ്ങളെ വീണ്ടെടുക്കാനും പുതുസൗഹൃദങ്ങളെ കണ്ടെത്താനുമുള്ള മനസ്സൊരുക്കമാകാം ഇത്.

മനസ്സു മാത്രമല്ല ലുക്കും മാറ്റാം

പുതുഫാഷനുകൾ പരീക്ഷിച്ചു നോക്കാനുള്ള മോ ഹം സ്വാഭാവികമായും മകൾക്കായിരിക്കും കൂടുതൽ. അതിനെല്ലാം അമ്മ കണ്ണടച്ച് എതിരു നിൽക്കരുത്. മുടിക്കു നിറം കൊടുക്കലൊക്കെ ആരോഗ്യത്തിനു കുഴപ്പമില്ലെങ്കിൽ മകൾ പരീക്ഷിക്കുന്നതിൽ എന്താണു തെറ്റ്. മകൾക്കു കംഫർട്ടബിളായ, അഭംഗിയില്ലെന്ന് അവൾക്കു തോന്നുന്ന വസ്ത്രം ധരിക്കട്ടെ. ഇത്തരം മാറ്റങ്ങൾ സ്വന്തം ജീവിതത്തിലേക്ക് അമ്മയ്ക്കും പകർത്താം. മകളുടെ നിർബന്ധത്തിനു വഴങ്ങാതെ ആത്മവിശ്വാസം കൂട്ടുന്ന ഏതു മാറ്റവും അമ്മയും സ്വീകരിക്കണം.

∙മകളിൽ നിന്നു പഠിക്കാം: മുടി മുറിക്കുന്നതിലൂടെ കളർ ചെയ്യുന്നതിലൂടെ ചുരിദാറിൽ നിന്ന് കുർത്തിയിലേക്കു മാറിയതിലൂടെ ആത്മവിശ്വാസമാണു കൂടുക.

വലിച്ചെറിയേണ്ട ചിന്തകൾ

നിറവും തടിയും ഉയരവുമൊന്നും പരിഹാസത്തിനുള്ള ആയുധമല്ലെന്ന ചിന്ത മകളിൽ നിന്ന് അമ്മ പഠിക്കണം. സ്ത്രീകൾ അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന ചിന്താഗതിയൊന്നും പുതുതലമുറയ്ക്കു വച്ചു പുലർത്താൻ പോലുമാകില്ല. അത് അടിച്ചേൽ‌പ്പിക്കാനും പാടില്ല. എവിടെയും തുല്യരാണ് എന്ന ചിന്താഗതിയാണു പങ്കുവയ്ക്കേണ്ടത്. സ്വാതന്ത്ര്യബോധവും വ്യക്തിത്വവും ഉള്ള ആളായാണു മകൾ വളരേണ്ടത്.

മകൾ കൗമാരത്തിലെത്തുമ്പോഴാണു മിക്ക അമ്മമാർക്കും ഇത്തരമൊരു തിരിച്ചറിവ് ലഭിക്കുക. പുതു ചിന്താഗതികൾ പ്രാക്ടീസ് ചെയ്യാനുള്ള അവസരം കൂടിയാണിത്. സ്ത്രീകളെല്ലാം അനുഭവിച്ച് കഴിയേണ്ടവരാണെന്ന് ചിന്തിക്കുന്ന ഭർത്താവോ മകനോ ഉണ്ടെങ്കിൽ അവരെ തിരുത്താൻ കിട്ടുന്ന അവസരവും പാഴാക്കരുത്.

∙ മകളിൽ നിന്നു പഠിക്കാം: വീട്ടിലായാലും സമൂഹത്തിലായാലും തുല്യത എന്ന വാക്കിന് വിലയുണ്ട്. നമ്മുടെ സംസാരത്തിൽ പോലും നിറവും രൂപവും ഒന്നും പരിഹാസത്തിനുള്ള വഴിയാക്കരുത്.

അടയ്ക്കരുത് ആ വാതിൽ

കൗമാരക്കാരിയായ മകളെ സംബന്ധിച്ചിടത്തോളം ഉപദേശം എന്ന വാക്ക് ചെകുത്താൻ കുരിശു കണ്ടതു പോലെയാണ്. അവർക്കു വേണ്ടത് ഉപദേശമല്ല. ‘എന്റെ അച്ഛന്‍ ഭയങ്കര സ്ട്രിക്ട് ആയിരുന്നു, അമ്മ എന്നെ ഇങ്ങനെയാണു വളർത്തിയത്.’ എന്ന മട്ടില്‍ ഭൂതകാലവുമായുള്ള താരതമ്യം ശരിയല്ല. ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് ഒരു ഗുണവുമില്ല. വെറുപ്പു സമ്പാദിക്കാം എന്നു മാത്രം. മാത്രമല്ല മകളിലേക്കുള്ള ജാലകങ്ങൾ അടഞ്ഞുപോകാനും സാധ്യതയുണ്ട്.

ആശയവിനിമയ ശൈലിയിൽ മാറ്റം വരുത്തിയാൽ മതി. പുതിയ കാലത്ത് ഉപദേശത്തിനു വിലയില്ലെന്നു തിരിച്ചറിയുക. അതിനു പകരം തുറന്ന സംസാരത്തിലൂടെ പറയാനുള്ള പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ ചർച്ചചെയ്യാം.

പുതിയ ആകാശങ്ങൾ

എനിക്ക് സ്വാതന്ത്ര്യം വേണം, സ്വകാര്യത വേണം – കൗമാരത്തിന്റെ സവിശേഷതയാണ് ഇത്. അമ്മ അതു തിരിച്ചറിയണം. അനുവദിച്ചു കൊടുക്കണം.

ചരടു കെട്ടി വലിച്ചു മുറുക്കിയിട്ടു കാര്യമില്ല. അവർ പറക്കട്ടെ. പക്ഷേ, കരുതലിന്റെ നൂലു കൈയിൽ വേ ണം. അതു പൂർണമായും വിട്ടു കൊടുക്കേണ്ട. എന്നാൽ അവരെ വരിഞ്ഞു മുറുക്കാനും പാടില്ല. പട്ടം പറത്തുന്ന പോലുള്ള ആ കഴിവ് അമ്മ പഠിച്ചെടുക്കുക തന്നെ വേണം. അങ്ങനെ ആയാൽ നമുക്കതു വേണോ എന്ന അമ്മയുടെ ചോദ്യത്തിനു മകൾ കാതുകൊടുക്കും. അമ്മ വേണ്ടെന്നു പറയുന്ന കാര്യം എന്തുകൊണ്ടെന്നു തിരിച്ചറിയാനും സാധിക്കും.

തീരുമാനമെടുക്കാനും അതിൽ ഉറച്ചു നിൽക്കാനും പുതുതലമുറയ്ക്കു കഴിവുണ്ട്. അതു പ്രോത്സാഹിപ്പിക്കുക.

∙മകളിൽ നിന്നു പഠിക്കാം : നോ പറയേണ്ടത് ഒരു കലയാണ്. മകൾ വഴി ആ കഴിവ് അമ്മ പരിശീലിക്കാം. പണ്ട്, അമ്മയുടെ കൗമാരത്തിൽ പാറാൻ പറ്റാത്ത ആകാശങ്ങൾ മകൾ കാണിച്ചു തരുമ്പോൾ പറക്കാൻ ശ്രമിക്കുക. സ്വകാര്യതയും അവനവനോടു സംസാരിക്കാനുള്ള സമയവും സ്വയം സ്നേഹിക്കാനുള്ള മനസ്സും ഒക്കെ ഉണ്ടാക്കുക. ഡ്രൈവിങ് ഉൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കാൻ ആത്മവിശ്വാസവും നേടാം.

∙മകളിൽ നിന്നു പഠിക്കാം: തുറന്ന ആശയവിനിമയ ശേഷി. ചേച്ചി, അമ്മ റോൾ അല്ല ഒപ്പം നിന്നു ചങ്ങാതിമാരേപ്പോലെ സംസാരിക്കുന്നതാണു നല്ലത്. മകളോടെന്നല്ല ആരോടായാലും ഈ ഒരു ആശയവിനിമയ ശേഷി വളർത്തുക.

mom-and-teenage-girl

സാങ്കേതികവിദ്യയുടെ ലോകം

ബാങ്കിങ് മുതൽ ഗ്യാസ് ബുക്കിങ് വരെ ഫോണിലായ കാലമാണ്. മാറി നിന്നിട്ട് ഒരു കാര്യവുമില്ല. മകൾ അതു പഠിപ്പിച്ചു തരുമ്പോൾ ചിലപ്പോള്‍ ചെറിയ കോംപ്ലക്സ് തോന്നിയേക്കാം. പഠിക്കാനാകില്ലെന്ന ആത്മവിശ്വാസക്കുറവും പരിഹസിക്കപ്പെടുന്നോ എന്ന സങ്കടവും വന്നേക്കാം. അതെല്ലാം മായ്ച്ചു കളയണം. ഡിജിറ്റൽ ലോകത്തേക്കു പിറന്ന് വീണവരാണു കുട്ടികൾ. അവർക്കതു വളരെ എളുപ്പമാണ്.

മാറി നിന്നാൽ ഒരുപാടു പിന്നിലായി പോകും എന്നുറപ്പാണ്. മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ യൂട്യൂബ് വിഡിയോകൾ വഴി പഠിക്കാം. സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ മകൾ പറഞ്ഞു തരുന്നത് എഴുതി വയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ മകളുമായി അടുപ്പം ഉണ്ടാക്കുകയാണ്. പങ്കാളിത്തത്തിലൂടെ പഠിക്കുമ്പോൾ അതുവഴി മറ്റു പല വിഷയങ്ങളും സംസാരിക്കാനുള്ള അകലം കുറഞ്ഞു വരും.

∙മകളിൽ നിന്നു പഠിക്കാം: ജീവിതം കൂടുതൽ ഈസി ആകും. ആത്മവിശ്വാസം കൂടും. ബാങ്കിങ്, ഒാൺലൈൻ ഷോപ്പിങ് അങ്ങനെ എല്ലാം ഒറ്റയ്ക്കു ചെയ്യാനാകും.

മകൾക്കൊപ്പം സ്ക്രീനിൽ

പുതിയ കൗമാരത്തിന്റെ ജീവശ്വാസമാണു സോഷ്യൽമീഡിയ. റീൽസ് പോലുള്ളവ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അപ്പോൾ പിന്നെ മുഖം തിരിച്ചു നിന്നിട്ടു കാര്യമില്ല. അതൊന്നും വേണ്ട എന്നതിനു പകരം അഡിക്‌ഷനാകാത്ത രീതിയിൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കാം. പറ്റുമെങ്കിൽ ഇൻസ്റ്റയിലും ഫെയ്സ്ബുക്കിലുമെല്ലാം മകളെ ഫോളോ ചെയ്യുക.

∙മകളിൽ നിന്ന് പഠിക്കാം: സ്വന്തം കഴിവുകൾ എന്തൊക്കെയെന്നു കണ്ടെത്തുക. ആത്മവിശ്വാസത്തോടെ അതു സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുക.

ലോകത്തെ അറിയൂ

മകൾക്കൊപ്പം പുതിയ സിനിമകൾ കാണുക. അവൾ കേൾക്കുന്ന പാട്ടുകളും സോഷ്യൽമീഡിയ പേജുകളും ഫോളോ ചെയ്യുക. ചിലപ്പോൾ താൽപര്യങ്ങൾ രണ്ട് അറ്റത്താകാം. എങ്കിലും പുതു കാലഘട്ടത്തിൽ എന്തൊക്കെയാണു നടക്കുന്നതെന്നു മനസ്സിലാക്കാനുള്ള അവസരമാണിത്, പാഴാക്കാതിരിക്കുക.

പുതിയകാല ചലനങ്ങളെക്കുറിച്ച് അറിയാതാകുമ്പോഴാണു പഴഞ്ചൻ എന്ന മുഖം കിട്ടുന്നത്. ‘പല കാര്യങ്ങളും പറഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാകില്ലെന്ന’ തോന്നൽ മകൾക്കും അമ്മയ്ക്കും ഇടയിൽ ഒരു മതിലുണ്ടാക്കും.

∙മകളിൽ നിന്ന് പഠിക്കാം: എപ്പോഴും പുതിയകാല ചലനങ്ങളെക്കുറിച്ച് അറിയാനുള്ള വഴിയാണു മകൾ. ചോദിച്ചു മനസ്സിലാക്കാന്‍ മടിക്കേണ്ട. അത് അടുപ്പം കൂട്ടുകയേയുള്ളൂ.

പുതുവാക്കുകൾ

ഏതുകാലത്തും പുതു തലമുറയ്ക്ക് അവരുടേതായ വാക്കുകൾ ഉണ്ടാകും. അമ്മയുടെ തലമുറയിൽ ചെത്ത് സ്റ്റൈലും അടിപൊളിയും ഒക്കെയായിരുന്നു. മകളിലേക്കെത്തുമ്പോൾ നൈസും പന്നിപ്പൊളിയും വൈബും ഒക്കെയായി മാറി.

ആശയവിനിമയത്തിലെപ്പോഴും സംസാരിക്കുന്നവർ ഉ പയോഗിക്കുന്ന വാക്കുകൾക്കു വളരെ പ്രാധാന്യമുണ്ട്. മ കളോടു നിന്റെ വൈബ് എനിക്കു കിട്ടുന്നുണ്ടെന്നു പറഞ്ഞാൽ കുറച്ചു കൂടി അടുപ്പം തോന്നും. എന്നാൽ അപഹാസ്യമാകാത്ത രീതിയിലുള്ളവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

∙മകളിൽ നിന്നു പഠിക്കാം: പുതിയ തലമുറയുടെ വാക്കുകൾ അറിയുന്നത് ആ പ്രായത്തിലുള്ളവരുമായുള്ള ആശയവിനിമയം എളുപ്പമാക്കും. മലയാളമായാലും ഇംഗ്ലിഷായാലും കൃത്യമായ ഉച്ചാരണത്തോടെ സംസാരിക്കുന്നത് ആത്മവിശ്വാസം പകരും.

പഠനത്തിൽ ഒപ്പം നിൽക്കുക

പുതിയ ലോകത്തിെന്റ അദ്ഭുതമായി മാറുന്ന പല സാങ്കേതിക വിദ്യകളും ഉണ്ട്. ഉദാ: ആർട്ടിഫിഷൽ ഇന്റലിജൻസ്, ചാറ്റ് ജിപിടി. കാലം മാറുന്നതിനനുസരിച്ചു നമ്മുടെ ജീവിതത്തിലേക്കു വരുന്ന ഇത്തരം സാങ്കേതിക വിദ്യകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ടെ പഠന ശാഖകളെക്കുറിച്ചും മനസ്സിലാക്കുക. മകളിൽ നിന്ന് അത്തരം കാര്യങ്ങൾ പഠിക്കാം. അതിലുള്ള താൽപര്യവും തിരിച്ചറിയാം.

അവരുടെ കരിയറിനെ രൂപപ്പെടുത്തുന്നതിൽ അമ്മയ്ക്കു സഹായിക്കാനാകും. ഇത്തരം അറിവുകളിലൂടെ പ രമ്പരാഗത രീതിയിലുള്ള ഡോക്ടർ – എൻജിനീയർ പഠനശാഖയിൽ നിന്നു മാറി നടക്കാൻ അവരെ പ്രേരിപ്പിക്കാം. അതിനായി പ്രോത്സാഹിപ്പിക്കാം.

∙മകളിൽ നിന്നു പഠിക്കാം: മകളുടെ പഠനം അവളുടെ തീരുമാനമാണെങ്കിലും ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള അറിവ് കരിയർ സാധ്യതകളെക്കുറിച്ചൊക്കെ മനസ്സിലാക്കാനും അതേക്കുറിച്ചു കൂടുതൽ‌ പഠിക്കാനും നിർദേശങ്ങൾ നൽകാനുമുള്ള അറിവ് നേടിത്തരും.

പഠനം എവിടെ വേണം

ജോലിക്കു പോകുന്നതു പോലെയല്ല, പഠിക്കാനായി ഒരു പെൺകുട്ടി ഇന്ത്യക്കു പുറത്തു പോകുന്നു, അതിനായി ലക്ഷങ്ങൾ വായ്പ എടുക്കുന്നു. പല അമ്മമാർക്കും അത് അംഗീകരിക്കാൻ പോലുമാകില്ല. ആ ചിന്താഗതി മാറ്റണം.

അതിനുള്ള വഴി വിദേശവിദ്യാഭ്യാസത്തെകുറിച്ചു പഠിക്കുകയാണ്. മകൾ പോകാനാഗ്രഹിക്കുന്ന രാജ്യത്തെക്കുറിച്ചും കോഴ്സിനെ കുറിച്ചും അമ്മ പഠിക്കുക. ആശങ്കകളും റിസ്കുകളും അതിന്റെ സാധ്യതകളും മകളുമായി ചർച്ചചെയ്യുക. പലപ്പോഴും അറിവില്ലായ്മയാവും അമ്മയുടെ മനസ്സില്‍ ആശങ്ക നിറയ്ക്കുക. അവിടെയുള്ള വിദ്യാർഥികളെ കണ്ടെത്തി അവരുമായി സംസാരിക്കാവുന്നതാണ്.

∙മകളിൽ നിന്ന് പഠിക്കാം: വിദേശ രാജ്യങ്ങളിലെ പഠനവും ജോലി സാധ്യതയും തിരിച്ചറിയാം. ആശങ്കകള്‍ മായ്ച്ചുകളഞ്ഞു പിന്തുണയ്ക്കാം.

കാഴ്ചപ്പാടു മാറുന്നു

സമ്പാദ്യത്തിനു വലിയ പ്രധാന്യം നൽകിയ തലമുറയാകും അമ്മയുടേത്. സമ്പാദ്യശീല ത്തെ തള്ളിപ്പറയുന്നില്ലെങ്കിലും പുതിയ തലമുറയുടെ വിശ്വാസം അതില്‍ മാത്രം ഒതുങ്ങുന്നതല്ല. ജീവിതത്തോടുള്ള ചിന്താഗതിയിൽ വലിയ മാറ്റങ്ങളുണ്ട്. എത്രയും വേഗം ക്യാംപസ് റിക്രൂട്ട്മെന്റ് വഴി ജോലി നേടാനാകും അവർ ശ്രമിക്കുക. ഒരു ജോലിയിൽ തന്നെ നിൽക്കാതെ ശമ്പളമനുസരിച്ച് അവർ ചാടിക്കൊണ്ടേയിരിക്കും.

അതുപോലെ തന്നെ കിട്ടുന്ന ശമ്പളം ചെലവഴിക്കുന്നതിനെ കുറിച്ചും അവർക്കു ധാരണയുണ്ട്. കിട്ടുന്നതു മുഴുവൻ എടുത്തുവയ്ക്കാതെ യാത്രയ്ക്കായും അവർക്കിഷ്ടപ്പെട്ടതൊക്കെ സ്വന്തമാക്കാനും ശ്രമിക്കുന്നു. ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാനാണ് അവർക്ക് ഇഷ്ടം.

∙മകളിൽ നിന്ന് പഠിക്കാം: പണമെന്നത് സമ്പാദിച്ചു മാത്രം വയ്ക്കാനുള്ളത് എന്ന ചിന്താഗതി മാറ്റണം. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ക്കായും യാത്രകൾക്കായുമൊക്കെ ചെലവഴിക്കാം. ജീവിതത്തെ കുറച്ചു കൂടി ആസ്വദിക്കാനുള്ള വഴികൾ തേടുക.

ആശങ്കകൾ തിരിച്ചറിയുക

കൗമാരത്തിന്റേതായ ആശങ്കകളും വേവലാതികളും മനസ്സിലാക്കാൻ അമ്മ ശ്രമിക്കണം. സൗഹൃദത്തിലുണ്ടാകുന്ന പിണക്കങ്ങളും പ്രണയത്തകർച്ചയും ഒക്കെയാകും ആദ്യത്തെ ആശങ്ക. പലപ്പോഴും കൂട്ടുകാരുടെ കാര്യങ്ങളെക്കുറിച്ചാണ് അവർ‌ പറയുക. അമ്മയുടെ മറുപടിയിൽ കുറ്റപ്പെടുത്തൽ ഉണ്ടാകാൻ പാടില്ല. ‘പ്രണയിക്കാൻ പോയിട്ടല്ലേ, അതു ഭയങ്കര തെറ്റാണ്. ഇതു നിനക്കൊരു പാഠമാകണം’ പോലുള്ള ഡയലോഗ് മകൾക്കു തുറന്നു പറയാനുള്ള മനസ്സില്ലാതാക്കും.

ഇതെല്ലാം സാധാരണമാണെന്നു തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാരം പറഞ്ഞു കൊടുക്കാന്‍ അമ്മയ്ക്കു കഴിയണം. കൂട്ടുകാരുടെ കാര്യത്തിൽ പിന്തുണ നൽകിയാലേ മകൾക്ക് അതുപോലെ ഒരു പ്രണയമോ ബ്രേക്ക് അപ്പോ വന്നാൽ അമ്മയോടു തുറന്നു പറയാനുള്ള ധൈര്യം ഉണ്ടാവൂ. ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് ഒരു പ്ലാൻ മുൻകൂട്ടി തയാറാക്കുക.

∙മകളിൽ നിന്നു പഠിക്കാം: പ്രതിസന്ധികൾ കുട്ടികൾ കൈകാര്യം ചെയ്യുന്നതു കാണുക. അത്ര ഗൗരവമായി കാണേണ്ട ഒന്നല്ല ജീവിതം‌ എന്നു തിരിച്ചറിയുക.

വിവാഹവും ജീവിതവും

ആദ്യഘട്ടത്തിലെ പ്രശ്നങ്ങൾ പ്രണയവും സൗഹൃദത്തിലെ പിണക്കങ്ങളുമാകും. പഠനവും കരിയറും കഴിഞ്ഞാണു വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ വരുന്നത്. വിവാഹം ഒരിക്കലും കൗമാരക്കാരിയുടെ ഫൈനൽ ഡെസ്റ്റിനേഷൻ അല്ല. അതിനേക്കാൾ‌ പ്രാധാന്യം ജോലിക്കും ഉപരിപഠനത്തിനും ‌അവർ നൽകുന്നുണ്ട്. അത് അമ്മ തിരിച്ചറിയാതെ പോകുമ്പോഴാണ് പൊട്ടിത്തെറികൾ ഉണ്ടാവുന്നത്.

വിവാഹം എപ്പോൾ വേണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മകൾക്കു കൊടുക്കുക. വിവാഹം പോലെ ത ന്നെ വിവാഹമോചനത്തെക്കുറിച്ചും അവർക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. പീഡനം സഹിച്ചു മുന്നോട്ടു കൊണ്ടുപോകേണ്ട ഒന്നല്ല വിവാഹബന്ധം എന്നു തിരിച്ചറിയുന്ന കാലമാണിത്. സ്വന്തം കാലിൽ നിൽക്കണമെങ്കിൽ ജോലി വളരെ അത്യാവശ്യമാണ് എന്നു മകൾക്കറിയാം. ‘എന്റെ സുരക്ഷ എന്റെ കൈകളിലാണ്.’ അതാണു നയം.

∙മകളിൽ നിന്നു പഠിക്കാം– സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയ ശേഷം മതി വിവാഹമെന്ന ചിന്ത നല്ലതാണ്. അത് നൽകുന്ന സ്വാതന്ത്ര്യവും അഭിമാനവും വലുതാണ്.

കുറ്റപ്പെടുത്തലല്ല തിരുത്തൽ

കണ്ണടച്ചുള്ള കുറ്റപ്പെടുത്തലും ദേഷ്യപ്പെടലും വിമർശനവും കൗമാരത്തിന് ഉൾക്കൊള്ളാനാവില്ല. ബുദ്ധിപൂർവമായ തിരുത്തലാണു വേണ്ടത്. പ്രോത്സാഹനം നൽകിക്കൊണ്ട് അവരുടെ തെറ്റുകൾ തുറന്നു പറയുക.

സ്നേഹം, അഭിനന്ദനം – ഇതിനു രണ്ടിനും ജീവൻ വയ്ക്കുന്നത് അതു തുറന്നു പറയുമ്പോഴും കാണിക്കുമ്പോഴുമാണ്. ഉള്ളിൽ സ്നേഹമുണ്ടെങ്കിലും തുറന്നു കാണിച്ചില്ലെങ്കിൽ കാര്യമില്ല. അതുപോലെ നല്ലൊരു കാര്യം ചെയ്താൽ മനസ്സു തുറന്ന് അഭിനന്ദിക്കാനും പഠിക്കുക.

∙മകളിൽ നിന്നു പഠിക്കാം: കേൾക്കുക, അവരോടു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം. പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ട ശേഷം നൽ‌കുന്ന നിർദേശങ്ങൾക്ക് വലിയ വിലയാണ്. കുറ്റപ്പെടുത്തലുകളേക്കാളും എല്ലാം കേട്ടശേഷം നൽകുന്ന നിർദേശങ്ങൾക്കാണ് എവിടെയും വില.

മകളുടെ ഹോബി തിരിച്ചറിയുക

മകളുടെ ഹോബികളും താൽപര്യങ്ങളും തിരിച്ചറിയുക. ആ ഹോബി പഠനത്തിനോടു ചേർന്നു നിൽക്കണമെന്നു നിർബന്ധമില്ല. മകൾക്കൊപ്പം അതിൽ പങ്കാളിയാകാം. അതുവഴി മകളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാം പിന്നീട് അതു വഴി പഠനത്തെക്കുറിച്ചൊക്കെ സംസാരിക്കാനും കഴിയും.

ഒരുമിച്ചു നീങ്ങുക

അമ്മയും മകളും തമ്മിലുള്ള അടുപ്പം കൂട്ടാനുള്ള ചില വഴികൾ പരിശീലിക്കാവുന്നതാണ്. പല കാര്യങ്ങളും ഒ രുമിച്ചു ചെയ്യാം. ഷോപ്പിങ്ങിന് ഒരുമിച്ചു പോകുക, ഒരുപോലുള്ള വസ്ത്രങ്ങൾ എടുക്കുക, വളർത്തുമൃഗങ്ങളെ ഒാമനിക്കുക, പൂന്തോട്ടത്തിലെയും അടുക്കളത്തോട്ടത്തിലെയും ജോലികൾ ഒരുമിച്ചു ചെയ്യുക, മകൾ പറയുന്ന പുസ്തകം വായിക്കുക, സെൽ‌ഫികൾ എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുക...

ഇതൊക്കെ അമ്മയും മകളും തമ്മില്‍ സംസാരിക്കാനും താൽപര്യങ്ങൾ പങ്കുവയ്ക്കാനും ഉള്ള അവസരങ്ങളാണ്. പലപ്പോഴും ഇത്തരം അവസരങ്ങളിൽ ഒരുമിച്ചു മനസ്സു തുറക്കാനുള്ള സന്ദർഭങ്ങൾ ഉണ്ടായേക്കാം.

∙മകളിൽ നിന്നു പഠിക്കാം: മകൾക്കൊപ്പമുള്ള ഷോപ്പിങും മറ്റും അമ്മയുടെ ‘പ്രായം കുറയ്ക്കും.’ കൗമാരത്തിന്റെ ചിന്താഗതിയിലേക്കു, നിറങ്ങളിലേക്കു നിങ്ങളും നടന്നു ചെല്ലും.

∙മകളിൽ നിന്നു പഠിക്കാം: വീട്, മക്കൾ, കുടുംബം ഇതിനു ചുറ്റും മാത്രം ഒാടേണ്ടതല്ല ജീവിതം. ഒരു ഹോബി ജീവിതത്തിന്റെ നിറം പോലും മാറ്റിയേക്കാം.

മുൻധാരണകൾ വേണ്ട

ഒരാളെക്കുറിച്ചും മുൻധാരണയോടെ സംസാരിക്കരുത്. പ്രത്യേകിച്ചു മകളുടെ കൂട്ടുകാരെക്കുറിച്ച്. കുടുംബത്തിൽ പിറന്നവരല്ലെന്നു തുടങ്ങി ജാതിയും മതവും സൂചിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ഒാരോ വ്യക്തിയുടെയും ജീവിതം അവരുടെ സ്വാതന്ത്ര്യമാണ്. അതിനെക്കുറിച്ച് അഭിപ്രായം പറയാനും വിലയിരുത്താനും മറ്റൊരാൾക്ക് അവകാശം ഇല്ല.

∙മകളിൽ നിന്നു പഠിക്കാം: മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അനാവശ്യമായി അഭിപ്രായം പറയരുത്.

ഈ ലോകം ഞങ്ങളുടേതാണ്

രണ്ടാംനിരയിലേക്കു മാറ്റി നിർത്തപ്പെടുന്നു എന്ന തോന്നൽ ഉണ്ടായാൽ പ്രതികരിക്കുന്നവരാണു പുതുതലമുറയിലുള്ളവർ. ഏതുസാഹചര്യത്തിലായാലും പ്രതികരിക്കാനും അഭിപ്രായം മുഖത്തു നോക്കി പറയാനും ഒരു മടിയും അവർക്കില്ല. ലോകത്തെ ഏതുകോണിലും എത്തിച്ചേരാനാകും എന്ന ആത്മവിശ്വാസവും ഉണ്ട്.

ഒപ്പം ആരെയും ആശ്രയിക്കാതെ കുടുംബം നോക്കാനാകും എന്ന ഉറപ്പും അവർക്കുണ്ട്. മകളുടെ ഈ ആത്മവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. മറിച്ച് ആൺതുണയില്ലാതെ വീടു മുന്നോട്ടു പോകില്ല എന്ന മട്ടിലുള്ള പഴ‍ഞ്ചൻ‌ ഡയലോഗ് വേണ്ട.

∙മകളിൽ നിന്നു പഠിക്കാം: സ്ത്രീ എന്ന ആത്മവിശ്വാസം തിരിച്ചറിയാം അമ്മയുടെ കൗമാരകാലത്തു സ്ത്രീ ആയതുകൊണ്ട് പിൻനിരയിൽ നിൽക്കേണ്ടി വന്നിരിക്കാം. പല ചങ്ങലക്കെട്ടുകൾ ഉണ്ടായിരിക്കാം. പക്ഷേ, കാലം മാറിയതോടെ അതെല്ലാം മാറി എന്ന തിരിച്ചറിവ് നേടുക.

ചൂഷണത്തെക്കുറിച്ച് പറയാം

സ്ത്രീ സുരക്ഷയെക്കുറിച്ചും എവിടെ വച്ചൊക്കെ ചൂഷണം ചെയ്യപ്പെടാം എന്നതിനെക്കുറിച്ചുമുള്ള അറിവ് മകൾക്കു കൂടുതലായിരിക്കും. ചങ്ങലയിട്ടു പൂട്ടാതെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക.

മകൾ ഇപ്പോഴും കൊച്ചു കുട്ടിയാണെന്നും ഒറ്റയ്ക്കു യാത്രചെയ്താൽ, വീട്ടിലെത്താൻ കുറച്ചു വൈകിയാൽ ഒ ന്നും ഒരു പരിധിവിട്ടു ടെൻഷനാകേണ്ട കാര്യമില്ല. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള കുട്ടിയു‍ടെ അറിവ് അമ്മ പരിശോധിക്കുന്നതു നല്ലതാണ്. അത്യാവശ്യ നമ്പരുകൾ സേവ് ചെയ്യാനും നിയമസഹായത്തെക്കുറിച്ചും പരസ്പരം പങ്കുവയ്ക്കാവുന്നതാണ്.

∙മകളിൽ നിന്നു പഠിക്കാം: വീടിനകത്തായാൽ പോലും ഏൽക്കുന്ന പീഡനങ്ങൾ എതിർ‌ക്കപ്പെടുക തന്നെ ചെയ്യണം. കുടുംബപ്രശ്നങ്ങളിൽ‌ അമ്മയ്ക്കൊപ്പം നിൽ‌ക്കാൻ മകൾക്കും പറ്റും എന്ന തിരിച്ചറിവ് ഉണ്ടാക്കുക.

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സി.ജെ. ജോൺ
സീനിയർ സൈക്യാട്രിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ, കൊച്ചി

ഡോ. കെ. ജി. ജയേഷ്
സൈക്കോളജിസ്റ്റ്, ‌
ജനറൽ ഹോസ്പിറ്റൽ,
ഇരിങ്ങാലക്കുട, തൃശൂർ