Monday 24 July 2023 11:40 AM IST : By സ്വന്തം ലേഖകൻ

‌‌‘വെയിലത്തു കളിച്ചു വരുമ്പോൾ ‘ആകെ കറുത്തല്ലോ’ എന്ന പറച്ചിൽ, അതു കരുതലല്ല’: കരുതലും സൗഹൃദവും എന്തെന്ന് പഠിപ്പിക്കാം

sex-education-care-

പല വിഷയങ്ങളും ലൈംഗീക വിദ്യാഭ്യാസത്തോട് അനുബന്ധമായി കുട്ടികളുമായി ചർച്ച ചെയ്യുമ്പോഴും മിക്ക മാതാപിതാക്കളും തൊടാതെ പോകുന്നൊരു കാര്യമാണു സൗഹൃദം എന്ന വിഷയം. ഇതിപ്പോൾ എന്താണിത്ര ചർച്ച ചെയ്യാനുള്ളത് എന്നോർത്ത് അവഗണിക്കുന്ന വിഷയം.

കുട്ടികൾ നാലു–അഞ്ചു വയസ്സു മുതൽ സാമൂഹികമായി ഇടപഴകാൻ തുടങ്ങുന്നു. അവർ കിന്റർഗാർട്ടനിലും അംഗനവാടിയിലും സ്കൂളിലുമൊക്കെ പോയി തുടങ്ങുന്ന സമയം. സൗഹൃദത്തിലെ കളിചിരി ബഹളങ്ങൾ കുട്ടികൾ നന്നായി ആസ്വദിക്കും. പക്ഷേ, വഴക്കു വരുമ്പോഴാണ് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു കുട്ടിക്കും മാതാപിതാക്കൾക്കും അറിയാതെ പോകുന്നത്.

സൗഹൃദവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മാതാപിതാക്കളോടു വന്നു പറയുമ്പോൾ അതെങ്ങനെ കേൾക്കണം, പരിഹരിക്കണം എന്നതൊക്കെ പറഞ്ഞു കൊടുക്കുന്നതും ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെ ചെയ്തു പോരുന്നവയാണ്. അതിൽ ഏറ്റവും പ്രധാനമായത് ആരോഗ്യകരമായ സൗഹൃദം എന്തെന്നു പറഞ്ഞു കൊടുക്കലാണ്.

ഈ വിഷയം സംസാരിക്കുമ്പോൾ ആദ്യം ചർച്ച ചെയ്യേണ്ട കാര്യമാണ് ബുള്ളിയിങ്. ചില കുട്ടികൾ കുറച്ച് അക്രമ സ്വഭാവമൊക്കെ കാണിക്കാൻ ഇടയുണ്ട്. അതേപോലെ പിരുപിരുപ്പുള്ള കുട്ടികളും കാണും. അവർക്ക് അടങ്ങി ഇരിക്കാൻ എപ്പോഴും സാധിച്ചെന്ന് വരില്ല. മറ്റു കുട്ടികളെ തള്ളിയിടാനോ ദേഷ്യം പിടിപ്പിക്കാനോ ഒക്കെ സാധ്യതയുണ്ട്. അതിനാണ് ബാല്യത്തിലെ ബുള്ളിയിങ് ആയി കണക്കാക്കുന്നത്.

കുറച്ചു കൂടി മുതിരുമ്പോൾ ഒരു കുട്ടിയെ കളിയാക്കിയുള്ള പെരുമാറ്റങ്ങളും ചേഷ്ടകളും കാണിക്കുന്ന തരത്തിൽ ബുള്ളിയിങ്ങിന്റെ ആക്കം കൂടി വരാം. ‘ആ കുട്ടി വഴക്കു പറഞ്ഞു, എന്നോട് ഉച്ചത്തിൽ സംസാരിച്ചമ്മാ’ എന്നൊക്കെ പറയുന്ന തരത്തിലുള്ള ബുള്ളീയിങ് തുടങ്ങി ‘ഞാൻ മെലിഞ്ഞിരിക്കുന്നതിന് എന്നെ ശാരീരികാധിക്ഷേപം നടത്തി’ എന്നതൊക്കെ വരെ ബുള്ളിയിങ്ങിന്റെ ആക്കം കൂടാം.

സുഹൃത്തായാൽ പോലും ആരും കുട്ടിയോടു മോശമായി പെരുമാറാൻ പാടില്ലെന്നും ശരീരത്തെ കുറിച്ചു കമന്റ് പറയാൻ പാടില്ലെന്നും ഒക്കെ കുട്ടിക്കു പറഞ്ഞു കൊടുക്കാം. അതിന്റെ ആദ്യപടി വീട്ടുകാർ തന്നെ കുട്ടിയുടെ ശരീരത്തെ കുറിച്ചു മോശം പറയരുതെന്നതാണ്. ‘നീ മെലിഞ്ഞിരിക്കുന്നു, നിനക്കെന്തൊരു വണ്ണമാണ്.’ എന്ന കമന്റ്സ് പാടെ നിർത്തുക. വെയിലത്തു കളിച്ചു വരുമ്പോൾ ‘ആകെ കറുത്തല്ലോ’ എന്നൊക്കെ പറയാറുണ്ട്. അ തു കരുതലല്ല. അങ്ങനെ പറയുന്ന നമുക്ക് മറ്റുള്ളവർ കുട്ടിയെ കുറ്റം പറയാൻ പാടില്ല എന്ന് എങ്ങനെ ഉറപ്പോടെ പറയാനാകും? അതുകൊണ്ട് മാതാപിതാക്കൾ കുട്ടിയുടെ ഉറ്റ സുഹൃത്തിനു പോലും നിന്നോട് ഒച്ചവച്ചു സംസാരിക്കാൻ അധികാരമില്ലെന്നു പറഞ്ഞിട്ടു കുട്ടി തെറ്റു ചെയ്യുമ്പോൾ ചാടിക്കടിക്കുന്നതു വിപരീത ഫലം ചെയ്യും. എല്ലാത്തിനും മാതാപിതാക്കൾ മാതൃകയായേ പറ്റൂ.

അതേപോലെ പറഞ്ഞു കൊടുക്കേണ്ട ഒന്നാണ് സൗഹൃദത്തിലെ അതിർവരമ്പുകൾ. കളിക്കാൻ പോകാൻ തോന്നുന്നില്ലെങ്കിൽ പോകേണ്ട ആവശ്യമേയില്ല എന്നു കുട്ടിയോടു പറയാം. എന്റെ മകൾ മായയെ കൂട്ടുകാർ കളിക്കാൻ വിളിക്കുമ്പോൾ അവൾ ‘നോ’ പറഞ്ഞാലും അതിലൊരു കുട്ടി ആ നോ കാര്യമാക്കാതെ വീണ്ടും വിളിക്കും. അവൾ അതുകേട്ട് അസ്വസ്ഥയാകാറുണ്ട്. ‘ഞാൻ പോകണോ? പോകാതിരിക്കണോ?

പോകാതിരുന്നാൽ അത് ആ കുട്ടിക്ക് വിഷമമാകുമോ?’ എന്നൊക്കെ ചോദിക്കും. മറുപടിയായി ഞാൻ പറയുന്ന കാര്യം നല്ല സുഹൃത്തുക്കൾ ഒരിക്കലും നമ്മുടെ അതിർവരമ്പുകൾ ലംഘിക്കാൻ പ്രേരിപ്പിക്കില്ല എന്നാണ്.

മറ്റുള്ളവരുടെ ഇഷ്ടത്തിനു വേണ്ടി നമ്മുടെ ക്ഷേമം മാറ്റി വയ്ക്കരുതെന്ന് കുട്ടിയോടു പറയാം. വിട്ടുവീഴ്ച്ച ചെയ്തു ശീലിക്കുന്നവരാണ് ഭാവിയിൽ ‘പീപ്പിൾ പ്ലീസേഴ്സ്’ ആയി മാറുന്നത്. ചങ്ങാതിയുടെ ഇഷ്ടാനിഷ്ടങ്ങളെ ബഹുമാനിക്കുന്നവരെ ഒപ്പം നിർത്താൻ, ആരോഗ്യകരമായ സൗഹൃദമുണ്ടാകാൻ ഇത് ഉപകരിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

സ്വാതി ജഗ്ദീഷ്
സെക്‌ഷ്വാലിറ്റി എജ്യൂക്കേറ്റർ