Friday 22 December 2023 11:39 AM IST : By Deepthi Philips

കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ വീട്ടിൽ തയാറാക്കാം പ്ലം കേക്ക്!

plum cake

ക്രിസ്തുമസ് ആയാൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ പ്ലം കേക്ക്. പലർക്കും പഞ്ചസാര കാരമലൈസ് ചെയ്യുമ്പോൾ കരിഞ്ഞ ടേസ്റ്റ് വരാറുണ്ട്, എന്നാൽ പഞ്ചസാര കാരമലൈസ് ചെയ്യാതെ പ്ലം കേക്ക് ഉണ്ടാക്കാൻ ഒരു എളുപ്പവഴി ഉണ്ട്. കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയോടു കൂടിയ പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാനായി സാധിക്കും. എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

•മുന്തിരി ജ്യൂസ് - 1 കപ്പ്

•ഉണങ്ങിയ പപ്പായ (അരിഞ്ഞത്) - 1/4 കപ്പ്

•ഉണങ്ങിയ ബ്ലൂബെറി - 1/4 കപ്പ്

•ഉണക്കമുന്തിരി - 1/4 കപ്പ്

•കറുത്ത മുന്തിരി - 1/4 കപ്പ്

•ഉണങ്ങിയ പൈനാപ്പിൾ (അരിഞ്ഞത്) - 1/4 കപ്പ്

•ഉണങ്ങിയ ക്രാൻബെറി - 1/4 കപ്പ്

•ഉണങ്ങിയ ആപ്രിക്കോട്ട് (അരിഞ്ഞത്) - 1/4 കപ്പ്

•ഉണങ്ങിയ ചെറി (അരിഞ്ഞത്) - 1/4 കപ്പ്

•ഓറഞ്ച് മാർമലേഡ് - 1 ടീസ്പൂൺ

•മിക്സഡ് ഫ്രൂട്ട് ജാം - 1 ടീസ്പൂൺ

•ഓറഞ്ച് തൊലി ചുരണ്ടിയത് - 1 ടീസ്പൂൺ

•നാരങ്ങ തൊലി ചുരണ്ടിയത് - 1 ടീസ്പൂൺ

•അണ്ടിപ്പരിപ്പ് - 1/4 കപ്പ്

•ബ്രൗൺ ഷുഗർ - 3/4 കപ്പ് (150 ഗ്രാം)

•മൈദ / ഗോതമ്പ് പൊടി - ഒന്നര കപ്പ്

•പൊടിച്ച കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ഏലക്ക - 1 ടീസ്പൂൺ

•ഉപ്പില്ലാത്ത വെണ്ണ - 220 ഗ്രാം

•മുട്ട-3

•ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ

•ബേക്കിംഗ് സോഡ - 1/4 ടീസ്പൂൺ

•വാനില എസ്സൻസ് - 1 ടീസ്പൂൺ

•ഉപ്പ് - ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം

•ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എല്ലാ ഡ്രൈ ഫ്രൂട്ട്സും, ബ്രൗൺ ഷുഗറും, മുന്തിരി ജ്യൂസും, വെണ്ണയും, മിക്സഡ് ഫ്രൂട്ട് ജാമും, ഓറഞ്ച് മർമലൈടും ചേർത്ത് 10 മിനിറ്റ് വേവിക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.

•ശേഷം ഇത് ചൂടാറാനായി മാറ്റി വെക്കുക. ചൂടാറിയ ഈ കൂട്ടിലേക്ക്‌ 3 മുട്ട നന്നായി ബീറ്റ് ചെയ്തു ചേർക്കുക നട്സ് കൂടെ ചേർക്കാം.

•ഒരു അരിപ്പയിലേക്കു മൈദ പൊടി, ബേക്കിംഗ് പൌഡർ, ജാതിക്ക പൊടിച്ചത്, കരയാമ്പൂ പൊടിച്ചത്, പട്ട പൊടിച്ചത്, ഉപ്പ് എന്നിവ ഇട്ട് നന്നായി ഇടഞ്ഞെടുക്കുക. ഇതിലേക്ക് ഓറഞ്ചിന്റെ തൊലിയും നാരങ്ങയുടെ തൊലിയും ഗ്രേറ്റ് ചെയ്തത് ചേർക്കാം. ഇനി നേരത്തെ മിക്സ് ചെയ്തു വെച്ച ഫ്രൂട്സ്കൂട്ടിലേക്ക് ഇത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

•മയം പുരട്ടിയ കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വെച്ച് ഈ മിശ്രിതം ഒഴിച്ച് ഒരു മണിക്കൂർ ചെറിയ തീയിൽ വെച്ച് വേവിച്ചെടുക്കാം.

Tags:
  • Cookery Video
  • Desserts
  • Pachakam