Wednesday 22 July 2020 05:12 PM IST : By ഡോ. ടൈറ്റസ് ശങ്കരമംഗലം

കടുത്ത പനിക്കൊപ്പം നീർക്കെട്ടും വയറിളക്കവും : കുട്ടികളിലെ കോവിഡ് പ്രകടമാകുന്നത് കാവാസാക്കി ലക്ഷണങ്ങളോടെ

kawasakki7878

കോവിഡ് എന്ന മഹാമാരിക്ക് ഇരയാകുന്നവരിൽ കുട്ടികളും ധാരാളമുണ്ട്. ഇന്ത്യയുൾപ്പെടെ കോവിഡ് പടർന്ന മിക്ക രാജ്യങ്ങളിലും കുട്ടികളിൽ രോഗം പ്രകടമായത് കാവസാക്കി രോഗത്തിനു സമാനമായ ലക്ഷണങ്ങളോടെയാണ്. ഇക്കാരണത്താൽ കാവസാക്കി രോഗത്തെക്കുറിച്ചും അതിന്റെ ലക്ഷണം ചികിത്സ എന്നിവയെക്കുറിച്ചും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കൊച്ചു കുട്ടികളിലെ ഹൃദ്രോഗത്തിനു മുഖ്യകാരണമായി പറയുന്ന രോഗമാണ് കാവസാക്കി. ചെറിയ കുട്ടികളിലെ വലുപ്പം കുറഞ്ഞ ചില രക്തധമനികളിൽ നീർക്കെട്ട് അഥവാ ഇൻഫ്ലമേഷൻ ഉണ്ടാക്കുകയാണ് ഈ രോഗം ചെയ്യുന്നത്. ഹൃദയത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ രക്തം എത്തിക്കുന്നതിനുള്ള ഹൃദയത്തിലെ കൊറോണറി ധമനികളെ ബാധിക്കുന്നതിനാൽ ആണ് ഈ രോഗം മാരകമാകുന്നത്. തീരെ ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ 5 വയസ്സിൽ താഴെയുള്ളവരെയാണ് ഈ രോഗം കൂടുതൽ ബാധിക്കുക. ആൺകുട്ടികളിലാണ് കൂടുതലായി കാണുക. രോഗം തുടങ്ങി 10 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ഹൃദയത്തെ കാര്യമായി ബാധിക്കും.

കാവസാക്കി രോഗത്തിന്റെ കാരണം ഇപ്പോഴും നമുക്ക് വ്യക്തമല്ല. ജനിതക തകരാറുകളോ വൈറസുകളോ ബാക്ടീരിയകളോ മറ്റു പല രാസവസ്തുക്കളോ ഒക്കെയാകാം രോഗം വരുത്തുന്നത്. സാധാരണഗതിയിൽ ഇതൊരു പകരുന്ന രോഗം അല്ല. പക്ഷേ സമൂഹത്തിൽ പലയിടത്തും കൂട്ടംകൂട്ടമായി രോഗം കാണാറുണ്ട്. കോവിഡ് -19 പടർന്നുപിടിച്ച പലരാജ്യങ്ങളിലും കൊച്ചുകുട്ടികളിൽ കാവസാക്കി രോഗത്തിന് തുല്യമായ ചില ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. എന്താണ് ഇതിന് കാരണം എന്ന് വ്യക്തമല്ല.

പനിയും ചർമ പ്രശ്നങ്ങളും

അപ്രതീക്ഷിതമായി വളരെ വേഗത്തിലായിരിക്കും കാവസാക്കിരോഗം കടന്നുവരിക. എന്നിരുന്നാലും രോഗലക്ഷണങ്ങൾ ഏതാനും ഘട്ടങ്ങളിലൂടെ എത്തുന്നത് കാണാനാകും.

ഒന്നാം ഘട്ടം

1.കടുത്ത പനി, 101ഡിഗ്രി ഫാരൻഹീറ്റിനു മുകളിൽ അഞ്ച് ദിവസം വരെയൊക്കെ നീണ്ടുനിൽക്കും. മാത്രമല്ല സാധാരണ പനി മരുന്നുകൾ കൊണ്ട് പനി കുറയുന്നില്ല. 2.ചർമത്തിലെ ചുവന്നു തടിപ്പ്, കുരുക്കൾ (Rash) എന്നിവയും കാണാം. ശരീരത്തിൽ പല ഭാഗത്തും ചർമം പാളിയായി ഇളകി പോകാം. നെഞ്ചിലും കാലിലും ജനനേന്ദ്രിയ ഭാഗങ്ങളിലുമാണ് ഇത് കൂടുതൽ കാണുക. 3. കൈകളിലും കാലുകളിലും അടിഭാഗവും നീർക്കെട്ടും ചുവപ്പും. 4. ചുവന്ന കണ്ണുകൾ. 5. ചുവന്ന ചുണ്ടുകൾ, വായും തൊണ്ടയും ചുവക്കും. അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടും. നാവും നീർക്കെട്ട് വന്ന്, വലുപ്പം കൂടി ചുവന്ന നിറത്തിൽ ആകും.6. കഴുത്തിലെ കലകൾ (lymph nodes) വീർത്തിരിക്കും. രണ്ടാം ഘട്ടംസന്ധിവേദന, നീണ്ടു നിൽക്കുന്ന വയറുവേദന, ഛർദ്ദി, വയറിളക്കം. മൂന്നാംഘട്ടം രോഗലക്ഷണങ്ങൾ പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങും. എട്ട് ആഴ്ചകൾ വേണ്ടിവരും രോഗം പൂർണമായും മാറി കിട്ടാൻ.

ഡോക്ടറെ കാണേണ്ടത് എപ്പോൾ?

നാലു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന കടുത്തപനി (101F -103F )ഉള്ള കുട്ടികളെ ഉടനെ തന്നെ ഡോക്ടറുടെ അടുത്ത് എത്തിക്കണം. ആദ്യഘട്ടത്തിൽ തന്നെയുള്ള ചികിത്സ അത്യന്താപേക്ഷിതമാണ്.

ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്ന രോഗമാണെങ്കിലും മിക്ക കുട്ടികളും വലിയ കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെടുകയാണ് പതിവ്. അപൂർവമായി ചില സങ്കീർണതകളും കടന്നുവരാം. ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുക, ഹൃദയത്തിന്റെ താളം അപകടകരമായ നിലയിൽ തെറ്റുക,ഹൃദയപേശികളെ തകരാറിലാക്കുന്ന മയോകാർഡൈറ്റിസ്, ഹൃദയ വാൽവുകൾക്ക് തകരാർ എന്നിവയും സംഭവിക്കാം. അതുപോലെ ഹൃദയധമനികൾ ആയ കൊറോണറി രക്തക്കുഴലുകളെ ഗുരുതരമായി ബാധിച്ചു ബ്ലോക്കുകളും രക്തസ്രാവവും ഉണ്ടാക്കി രോഗിയെ ഗുരുതരാവസ്ഥയിൽ എത്തിക്കുകയും ചെയ്യാം.

ചികിത്സയുണ്ട്

ലക്ഷണങ്ങളിൽ നിന്നും രോഗം തിരിച്ചറിയാം. എങ്കിലും രോഗം ഉറപ്പാക്കാൻ ഇസിജി, എക്കോ ടെസ്റ്റ്, എക്സറേ ഇവയൊക്കെ വേണ്ടി വരാം. കൊറോണറി ആൻജിയോഗ്രാഫിയും ചിലപ്പോൾ വേണ്ടി വരും. ആസ്പിരിനും ഇമ്മ്യൂണോഗ്ലോബുലിനും കാവസാക്കി രോഗത്തിന് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടുപിടിച്ച് ചികിത്സിക്കുകയാണെങ്കിൽ സങ്കീർണതകൾ ഒഴിവാക്കാനാകും.

ഡോ. ടൈറ്റസ് ശങ്കരമംഗലം

ഇരവിപേരൂർ, തിരുവല്ല

മുൻ സീനിയർ മെഡിക്കൽ ഡോക്ടർ, ഷംബർജെ, കുവൈത്ത്

drtitusjohn@gmail.com

Tags:
  • Manorama Arogyam
  • Health Tips