Monday 26 October 2020 04:40 PM IST : By സ്വന്തം ലേഖകൻ

അസ്വസ്ഥരും അക്ഷമരും പിരുപിരുപ്പന്മാരും ആക്കാം, സ്വഭാവവൈകല്യം ഉണ്ടാക്കാം: മൊബൈലും വിഡിയോഗെയിമുമൊക്കെ കുട്ടികളുടെ തലച്ചോറിനെ തകർക്കുന്നത് ഇങ്ങനെ: ന്യൂറോളജിസ്റ്റിന്റെ വിലയിരുത്തൽ വായിക്കാം

kidsonlrndjla

ഇന്നത്തെ കുട്ടികൾക്ക് സമയം കൊല്ലാനുള്ള പ്രധാനമാർഗ്ഗമാണ് ഫോണിലോ ടാബിലോ വിഡിയോയോ ഗെയിമോ കാണുക എന്നത്. പണ്ട് പക്ഷേ, ഇങ്ങനെ ആയിരുന്നില്ല. രണ്ടു പതിറ്റാണ്ടു മുൻപ് വരെ  കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ - ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു.  അന്ന് അവർക്ക്‌ അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും അവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞവ, ഉണ്ടായിരുന്നതിനാൽ ഇന്നത്തെ പോലെ കളിക്കുവാൻ വിലകൂടിയ സജ്ജീകരണങ്ങളോ  മാതാപിതാക്കളുടെ മേൽനോട്ടമോ വേണ്ടി വന്നിരുന്നില്ല. ഇതേ കാരണത്താൽ പണ്ടുകാലങ്ങളിൽ കുട്ടികൾ പ്രായത്തിനു അനുസരിച്ചുള്ള പക്വതയാർജ്ജിച്ചിരുന്നു.   മാത്രമല്ല അവരുടെ ലോകത്തിൽ പ്രകൃതിക്കു വലിയ സ്ഥാനമുണ്ടായിരുന്നു.  

കഴിഞ്ഞ പത്തുകൊല്ലമായി കുട്ടികളിൽ വിനോദ സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതായി കണ്ടുവരുന്നു.  കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകളിലെ കുതിച്ചുചാട്ടവും പുറത്തുപോകാനുള്ള നിയന്ത്രണങ്ങളും കാരണം,    സാങ്കേതികവിദ്യയുടെ  സ്വാധീനം പലമടങ്ങ് വർദ്ധിച്ചു . ഇതുമൂലം കുട്ടികളുടെ  സെൻസറി, മോട്ടോർ & അറ്റാച്ച്മെന്റ് ഡെവലപ്മെന്റ് എന്നിവയിലെ നിർണായക നാഴികക്കല്ലുകൾ നിറവേറ്റപ്പെടുന്നില്ല എന്നുള്ളത് അടിവരയിട്ടു പറയേണ്ട കാര്യമാണ്. മാനസികവും ബുദ്ധിപരവുമായ വികസനത്തിലുള്ള കാലതാമസം, എണ്ണമറ്റ മാനസിക - ശാരീരിക രോഗങ്ങൾ എന്നിവ ഇപ്പോൾ സർവ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരുണത്തിൽ വർധിച്ചുവരുന്ന മൊബൈൽ, ടാബ്, കംപ്യൂട്ടർ,വിഡിയോഗെയിം ഉപയോഗം എന്തൊക്കെ  തകരാറുകൾ ആണ് സൃഷ്ടിക്കുന്നത് എന്നു വിശദമാക്കുകയാണ് കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റ് ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ. 

സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം മൂലം തലച്ചോറിന്റെ ഫ്രോണ്ടൽ കോർട്ടക്സിലേക്കുള്ള  പാതയെ വെട്ടിച്ചുരുക്കുകയും പ്രീ ഫ്രോണ്ടൽ കോർട്ടക്സിൽ ക്ഷയം സംഭവിക്കുകയും അതുവഴി കാര്യനിർവ്വഹണ പ്രവർത്തനങ്ങൾ അഥവാ എക്സിക്യൂട്ടിവ് ഫങ്ഷനിങ്, ഉൾപ്രേരണ നിയന്ത്രണശക്തി അഥവാ ഇംപൽസ് കൺട്രോൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. വർക്കിംഗ് മെമ്മറി, വഴക്കമുള്ള ചിന്ത, ആത്മനിയന്ത്രണം എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടം മാനസിക കഴിവുകളാണ് എക്സിക്യൂട്ടീവ് ഫങ്ഷനിങ് എന്ന പേരിൽ അറിയപ്പെടുന്നത്.

അത് പോലെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നതിനെ പ്രേരണ നിയന്ത്രണം എന്ന് അഥവാ ഇംപൽസ് കൺട്രോൾ എന്ന് വിളിക്കുന്നു. സാങ്കേതികവിദ്യയുടെ സ്വാധീനം കുടുംബ അടിത്തറയെ തകർക്കുകയും പരിചരണ മൂല്യങ്ങളുടെ ശിഥിലീകരണത്തിന് കാരണമാവുകയും ചെയ്തു.

കുട്ടികളെ കെട്ടിപ്പിടിക്കുന്നതിനും അവരോടൊപ്പം കളിക്കുന്നതിനും അവരുടെ കൂടെ ഇരുന്നു സംസാരിക്കുന്നതിനും പകരം ടി വി, വീഡിയോ ഗെയിമുകൾ, ഏറ്റവും പുതിയ ഐപാഡുകൾ, സെൽ ഫോൺ ഉപകരണങ്ങൾ എന്നിവ നൽകുന്നതിന് മാതാപിതാക്കൾ കൂടുതൽ ശ്രമിക്കുകയും ഇത് വഴി മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധത്തിൽ ആഴത്തിലുള്ളതും എന്നാൽ ഒരിക്കലും മാറ്റാനാവാത്തതുമായ വിള്ളൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. കുട്ടിയും രക്ഷാകർത്താവുമായുള്ള ആശയവിനിമയത്തിന്റെ അളവും ഗുണനിലവാരവും  കുട്ടികളിലെ ഭാഷാരീതിയിലും അവരുടെ സംഭാഷണരീതിയിലും കാര്യമായ അഭിവൃദ്ധിയാണ് നേടി കൊടുക്കുന്നത്. 

മാനുഷികമൂല്യങ്ങളിൽ നിന്ന് അകറ്റുന്നു

സാങ്കേതികവിദ്യയെകുറിച്ചു എളുപ്പത്തിൽ പറയുകയാണെങ്കിൽ  എപ്പോഴും മുന്നോട്ട്  മാത്രം കുതിച്ചു പായുന്ന ഒരു തീവണ്ടി ആയിട്ട് കരുതാവുന്നതാണ്. അതിനാൽ തന്നെ ഇന്നത്തെ ആധുനിക ലോകത്തിൽ നൂതന സാങ്കേതികവിദ്യ മൂലം കൈവരിക്കപ്പെടുന്ന പ്രയോജനങ്ങൾ നിരവിധിയെന്നു തന്നെ പറയാം. എന്നാൽ സാങ്കേതികവിദ്യയോടുള്ള കുട്ടികളുടെ അമിതമായ അടുപ്പം അവരെ മാനുഷികമായവയിൽ അഥവാ മാനുഷിക മൂല്യങ്ങളിൽ നിന്നും അകറ്റുകയാണ് ചെയ്യുന്നത്. ഇവമാത്രമല്ല കുട്ടികൾ പല കാര്യങ്ങൾക്കുമായി സാങ്കേതികവിദ്യയെ പരിധിയിൽ അധികം ആശ്രയിക്കുന്നു. അവരുടെ കളികൾ സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ പറഞ്ഞ പോലെ സാങ്കേതികവിദ്യയെ തന്നെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. അതുകൊണ്ടു താഴെ പറയുന്ന മൂന്നു കാര്യങ്ങളാണ് മുഖ്യമായും സംഭവിക്കുന്നത്:

∙ കുട്ടികളുടെ സർഗാത്മകത, ഭാവന എന്നിവ വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല. 

∙ അവരുടെ  സെൻസറി–മോട്ടോർ വികാസം വേണ്ടവിധം നടക്കുന്നില്ല.  

∙  ഒരു കുട്ടിയെ സംബന്ധിച്ചു അവനു പഠിക്കാൻ സഹായകമാവുന്ന രണ്ടു പ്രധാന ഘടകങ്ങൾ ആണ് സ്വയം നിയന്ത്രണവും ഏകാഗ്രതയും. എന്നാൽ ഇന്നത്തെ കുട്ടികളിൽ ഇവയുടെ അഭാവം കാര്യമായ പെരുമാറ്റപ്രശ്നങ്ങളൾക്ക് വഴിതെളിക്കുകയും അധ്യാപകർക്ക്  കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായി തീരുകയും ചെയ്യുന്നു.

തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു?

കുട്ടികളുടെ സെൻസറി (ഇന്ദ്രിയസംബന്ധമായ), മോട്ടോർ (ചലനപരമായ), അറ്റാച്ച്മെന്റ് (അടുപ്പം സംബന്ധമായ) വ്യവസ്ഥിതി പ്രതിദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാൽ  ഇന്നത്തെ ആധുനിക സാങ്കേതികവിദ്യയുടെ സ്വഭാവം  തന്നെ തീർത്തും ഉദാസീനമാണ്; എന്നാൽ വളരെയധികം  ഉന്മത്തവും, ക്രമരഹിതവുമാണ് താനും.    ഇവയെ ഉൾക്കൊള്ളുവാൻ കുട്ടികളുടെ സെൻസറി, മോട്ടോർ, അറ്റാച്ച്മെന്റ് വ്യവസ്ഥിതികൾ ജൈവശാസ്ത്രപരമായി പരിണമിച്ചിട്ടില്ല. തന്മൂലം കുട്ടികളിൽ ശാരീരികവും, മാനസികവുമായ വൈകല്യങ്ങളും പെരുമാറ്റ വൈകല്യങ്ങളും  വർദ്ധിച്ചുവരുന്നു. 

മാത്രമല്ല കുട്ടികളുടെ പരിപൂർണ്ണവികസനത്തിന്ടെ നാഴികക്കല്ലുകൾ കൈവരിക്കുന്നതിന് കാലതാമസം സംഭവിക്കുകയും അതോടൊപ്പം തന്നെ അറിവ് നേടുന്നതിനുള്ള അടിസ്ഥാനപരമായ കഴിവുകളുടെ അടിത്തറയെ ഇവ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. 

കുട്ടികൾക്ക് തങ്ങളുമായും മറ്റുള്ളവരുമായും പ്രകൃതിയുമായും അത്യന്താപേക്ഷിതമായ ബന്ധം കുറഞ്ഞുവരുന്നതോടൊപ്പം അവർ പ്രകൃതിയെ ഭയപ്പാടോടെ വീക്ഷിക്കുകയും വീടിനു വെളിയിലുള്ള കളികളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ സംഭവിക്കുന്നത് വഴി അവരുടെ ഇന്ദ്രിയസംബന്ധമായും, ചലനശക്തിപരമായുമുള്ള വികാസങ്ങളിൽ വിഘ്‌നം സംഭവിക്കുകയും ചെയ്യുന്നു. 

വളർന്നു വരുന്ന കുട്ടികളെ സാങ്കേതികവിദ്യ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നു നോക്കാം. 

∙ കുട്ടികളുടെ Vestibular (ഇതിൽ ചെവിയുടെ ഏറ്റവും ഉൾഭാഗം, തലച്ചോറിന്റെ ഭാഗങ്ങൾ  ഇവ ഉൾപ്പെടുന്നു, അത് ബാലൻസ്, കണ്ണിന്റെ ചലനങ്ങൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു), Proprioceptive ( ശരീരത്തിൻറെ സ്ഥാനവും ചലനവു൦അറിയുവാനുളള കഴിവ് ., സ്‌പര്‍ശവിഷയകമായ വ്യവസ്ഥകളും, അറ്റാച്ച്മെന്റ് സംബന്ധമായ വ്യവസ്ഥകളും കുറഞ്ഞതോതിൽ മാത്രമായി  ഉത്തേജിപ്പിക്കപ്പെട്ടിരിക്കുമ്പോൾ ദൃശ്യ ശ്രവണ ഇന്ദ്രിയസംബന്ധമായ വ്യവസ്ഥകൾ ആവശ്യത്തിലധികമായി ഭാരപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു. 

ഇത്തരത്തിലുള്ള ഇന്ദ്രിയങ്ങളുടെ അസന്തുലിതാവസ്ഥ മൊത്തത്തിലുള്ള ന്യൂറോളജിക്കൽ വികസനത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായി വരുന്നു.  തലച്ചോറിന്റെ ഘടന, രസതന്ത്രം, പാത എന്നിവയിൽ സ്ഥിരമായ രൂപാന്തരീകരണം സംഭവിക്കുന്നതാണ് കാരണം. 

∙ വെസ്റ്റിബുലാർ വികാസത്തിലുള്ള കാലതാമസം , കാഴ്ചവൈകല്യ൦, ശ്രവണ വൈകല്യം, വായന വൈകല്യം എന്നിവയ്ക്കു കാരണമാകുകയും ഇന്ദ്രിയങ്ങളടടെ ഏകോപനത്തെ തടസ്സപെ്പടുത്തുകയും    ചെയ്യുന്നു.

കുട്ടിക്ക് അവന്ടെ ചുറ്റുമുള്ള പരിതസ്ഥിതിയിൽ നിന്നും ഉത്ഭവിക്കുന്ന ഇന്ദ്രിയസംബന്ധമായ പ്രതികരണങ്ങളോട് ഒത്തുചേർന്നു പ്രവർത്തിക്കാനുള്ള കഴിവ് ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ തന്നെ ഉണ്ടായിവരുന്നു. ഇതിനെ സെൻസറി അഡാപ്റ്റേഷൻ എന്ന് വിളിക്കാം. സെൻസറി അഡാപ്റ്റേഷൻ എന്നത് ഒരു ബാഹ്യമായ ഉത്തേജകത്തോട്  നിരന്തരവിധേയമാവുമ്പോൾ അതിന്റെ സംവേദനക്ഷമത കുറയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് അവരുടെ സംരക്ഷണപരമായതും വിവേചനപരവുമായ സംവിധാനത്തിന്റെ ഭാഗമായി മാറുന്നു. 

എന്നാൽ ഇന്ദ്രിയസംബന്ധമായ ഉത്തേജകങ്ങളോടുള്ള അമിതമായ പ്രതികരണം അവരുടെ സംവേദനക്ഷമതയും ആവാസവ്യവസ്ഥയും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കുവാനുള്ള കഴിവ് നശിപ്പിക്കുന്നു. ഇത് കുട്ടിയുടെ ജീവിതത്തിന്റെ പല വശങ്ങളെയും; അതായത് സ്കൂളിലെയും വീട്ടിലെയും പ്രവർത്തനങ്ങളെ   പ്രതികൂലമായി തന്നെ ബാധിക്കുന്നു. 

അക്രമദൃശ്യങ്ങൾ കാണുമ്പോൾ

TV -യും വീഡിയോ ഗെയിമും മുഖാന്തരം കുട്ടികളിൽ എത്തുന്ന അക്രമപരമായ ദൃശ്യങ്ങൾ അവരിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ താഴെ പറയുന്നവയാണ്:

∙ അഡ്രിനാലിൻ ഹോർമോൺ വർധിക്കുന്നതോടൊപ്പം തന്നെ മാനസികസമ്മർദ്ദവും ഉയർന്നുവരുന്ന അവസ്ഥ. ഇതിനു കാരണം എന്തെന്ന് വച്ചാൽ അവരുടെ മുന്നിലൂടെ പായുന്ന കാഴ്ചകൾ യാഥാർത്ഥമായവ ആണോ അല്ലയോ എന്ന് അവരുടെ മനസ്സിന് തിരിച്ചറിയാൻ കഴിയാതെ വരുന്നതു കൊണ്ടാണ്.

∙ സാങ്കേതികവിദ്യ അമിതമായി ഉപയോഗിക്കുന്ന കുട്ടികളിൽ ശരീരമാകമാനം നിരന്തരമായ വിറയൽ ഉണ്ടാവുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. 

∙ വർദ്ധിച്ച ശ്വസനവും ഹൃദയമിടിപ്പും

∙ പൊതുവെ ഈ കുട്ടികൾ ഏപ്പോഴും അസ്വസ്ഥരും അക്ഷമരും ആയിരിക്കും.

എന്തൊക്കെ വൈകല്യങ്ങൾ വരുത്താം?

∙ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക 

∙  ഒാട്ടിസം (പഠനം, സംസാരം, ആശയവിനിമയം തുടങ്ങിയവയെ ബാധിക്കുന്ന ഒരു അവസ്ഥ)

∙  ഏകോപനം (മാനസികവും ശാരീരികവും) സംബന്ധിച്ച വൈകല്യങ്ങൾ 

∙  വ്യക്തിത്വവികസനം, ബുദ്ധിപരമായ വികസനം എന്നിവയിൽ വരുന്ന താമസം 

∙ അസ്പഷ്ടമായ സംസാരം 

∙ പഠന സംബന്ധമായ ബുദ്ധിമുട്ടുകൾ 

∙  ഇന്ദ്രിയസംബന്ധമായ പ്രക്രിയകളിൽ വരുന്ന വൈകല്യങ്ങൾ 

∙  ആശയവിനിമയത്തിനുള്ള പോരായ്മ 

∙  സഹാനുഭൂതികുറയുകയും അക്രമവാസന വർധിക്കുകയും ചെയ്യുന്നു 

∙  ഉത്കണ്ഠ 

∙ വിഷാദരോഗം

∙ ഉറക്കം സംബന്ധിച്ച തകരാറുകൾ 

∙  സൈകോട്രോപിക് (സ്വഭാവം, മാനസികാവസ്ഥ, ചിന്തകൾ എന്നിവയെ ബാധിക്കുന്ന) മരുന്നുകളുടെ ഉപയോഗം 

∙ മുറിക്കുള്ളിൽ മാത്രമായി കഴിയുന്ന അവസ്ഥ അല്ലെങ്കിൽ പൂർണമായും ഉൾവലിഞ്ഞ അവസ്ഥ 

∙ സ്പർശനം ഇല്ലായ്മ ചെയ്യുക അഥവാ മറ്റുള്ളവരുമായി ഇടപെഴുകാനോ അവർ തങ്ങളെ സ്പർശിക്കുന്നതിനോടോ ഉള്ള വൈമുഖ്യം

∙ അധികമായി അശ്ലീലസാഹിത്യം മാത്രം കാണുക 

∙ അപകടകരമായ പെരുമാറ്റം 

ഈ പറഞ്ഞ കാര്യങ്ങൾ വളരെ വേഗത്തിലും ഭയപ്പെടുത്തുന്നതുമായ നിരക്കിലാണ് വർധിച്ചു വരുന്നത്. ഇതോടൊപ്പം തന്നെ കുട്ടികളിലെ അമിതവണ്ണം, ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച രോഗങ്ങൾ, അനാവശ്യ ലൈംഗിക പെരുമാറ്റങ്ങൾ എന്നിവ പതിന്മടങ്ങാണു വർധിച്ചു കൊണ്ടിരിക്കുന്നത്.

കൊച്ചുകുട്ടികൾക്ക് അവരുടെ Vestibular, Proprioceptive, Tactile സിസ്റ്റങ്ങളിൽ മതിയായ സെൻസറി ഉത്തേജനം നേടുന്നതിന് 2 മുതൽ 3 മണിക്കൂർ വരെ സജീവവമായ കളികൾ ആവശ്യമാണ്.

ഫോൺ, ടാബ്  റേഡിയേഷൻ മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ 

ഫോണിൽ നിന്നും മറ്റും പുറപ്പെടുവിക്കപ്പെടുന്ന എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ മുതിർന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആദ്യകാല പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും കുട്ടികളിൽ എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ഫലത്തെക്കുറിച്ച് കൃത്യമായ അഭിപ്രായം ഇതുവരെ പറയാറായിട്ടില്ല. 

കമ്പ്യൂട്ടറുകൾ, WiFi, സെൽ ഫോണുകൾ, ടെലിവിഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയിൽ നിന്ന് പുറപ്പെടുവിക്കുന്ന കുറഞ്ഞ ഫ്രീക്വൻസി എലെക്ട്രോമാഗ്നെറ്റിക് ഫീൽഡുകൾ കോശങ്ങളുടെ ഓക്സിഡേറ്റീവ്  നാശത്തിനും എലികളിലെ കോശങ്ങളുടെ മരണത്തിനും കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

ഇതുമൂലം ∙ ഉറങ്ങുന്നതിനുള്ള ബുദ്ധിമുട്ട്,  തലചുറ്റൽ , തലവേദന , കൈകളിൽ തരിപ്പ് അനുഭവപ്പെടുക , ചെവിക്കുള്ളിൽ മൂളൽ കേൾക്കുക , കണ്ണുകളിൽ വേദന അനുഭവപ്പെടുക 

 വിശദീകരിക്കാനാവാത്ത ഹൃദയസംബന്ധിയായ അവസ്ഥകൾ,  Electrosensitivity  - വൈദ്യുതകാന്തികക്ഷേത്രങ്ങൾക്കും വികിരണത്തിനും അലർജിയുണ്ടെന്നുള്ള ആരോപണത്തെയാണ് ഇലക്ട്രോസെൻസിറ്റിവിറ്റി എന്ന് പറയുന്നത്,  കുറഞ്ഞതോതിലുള്ള  രോഗപ്രതിരോധശേഷി ,  ADHD  ( Attention deficit Hyperactivity dissorder)- കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ ന്യൂറോ ഡെവലപ്മെന്റൽ തകരാറാണ് ADHD.  ഇങ്ങനെയുള്ള കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടാം, കൂടാതെ ഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതെ പ്രവർത്തിചെന്നും വരാം,  ഓട്ടിസം,  ഗർഭാവസ്ഥയിലായിരിക്കുന്ന  കുഞ്ഞിന് അമ്മ മുഖാന്തരം ഏൽക്കുന്ന എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ ഭാവിയിൽ ആസ്ത്മ പോലുള്ള രോഗങ്ങൾ സൃഷ്ടിച്ചേക്കാം.

ഫോട്ടോസെൻസിറ്റിവിറ്റി ഉള്ള കുട്ടികൾക്ക് വീഡിയോ ഗെയിമുകളോ മറ്റ് "High Speed Visual" സാങ്കേതികവിദ്യകളോ ഉപയോഗിക്കുമ്പോൾ അപസ്മാരം വരാനുള്ള സാധ്യത കൂടുതലാണ്. ഓട്ടിസം ഉള്ള കുട്ടികൾ പതിവായി നേരിടുന്ന ഒന്നാണ് ഫോട്ടോസെന്സിറ്റിവിറ്റി.

കുട്ടികളുടെ വികസനത്തിന്റെ നാഴികക്കല്ലുകൾ നിറവേറ്റുന്നതിനുള്ള നിർണായക ഘടകങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാൽ അതിലും പ്രാധാന്യമർഹിക്കുന്നതാണ് സാങ്കേതികവിദ്യ ഇവയെ  എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്ന് അറിയേണ്ടത്. പഠനവും മറ്റും ാൺലൈനായ  ഇന്നത്തെ കാലത്ത്  ആധുനിക സാങ്കേതികവിദ്യകൾ അനിവാര്യമാണ്, പക്ഷേ അവ ആസക്തിയുടെ തലത്തിലേക്ക് പോകാതെ നീതിപൂർവ്വം ഉപയോഗിക്കാൻ പഠിപ്പിക്കണം .   ഓർമയിരിക്കട്ടെ "സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും"

Tags:
  • Parenting Tips
  • Manorama Arogyam
  • Kids Health Tips