+591 ല്‍ തുടങ്ങുന്ന അജ്ഞാത ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിക്കാൻ നിൽക്കേണ്ട. ചിലപ്പോൾ ‘പണി പാലുംവെള്ളത്തിൽ കിട്ടിയെന്നിരിക്കും.’ കേരള പൊലീസാണ് മുന്നറിയിപ്പുമായി പൊതുജനങ്ങളിലേക്കെത്തിയിരിക്കുന്നത്.
+591 ല്‍ തുടങ്ങുന്ന അജ്ഞാത ഫോണ്‍ നമ്പറിലേക്ക് തിരികെ വിളിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാമെന്നാണ് പൊലീസിന്റെ ജാഗ്രതാനിർദ്ദേശം. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ പൊതുജനങ്ങളില്‍ നിന്ന് സൈബര്‍ സെല്ലിന് ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നുളളതാണ് +591 എന്ന മൂന്നക്കത്തില്‍ തുടങ്ങുന്ന ഫോണ്‍ നമ്പര്‍. ഇത്തരത്തില്‍ ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറയുന്നു. ഇത്തരം കോളുകള്‍ വന്നാല്‍ ഫോണ്‍ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാന്‍ ഒരു കാരണവശാലും ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
ഫോണ്‍ നമ്പറിന്റെ അക്കങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 12 ആയി വര്‍ധിക്കുമെന്ന് പറഞ്ഞാണ് ഇത്തരത്തിലുളള കോളുകള്‍ വരുന്നത്. തുടര്‍ന്ന് ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്നിവ അവര്‍ ചോദിച്ച് മനസിലാക്കാന്‍ ശ്രമിക്കും. വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. അതിനാല്‍ ഒരു കാരണവശാലും ആധാര്‍ നമ്പറും, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആരുമായും പങ്കുവെയ്ക്കരുതെന്നും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും അറിയിച്ചു.