പ്രണയത്തിൽ മനസ് മന്ത്രിക്കുന്നതാണ് ശബ്ദം, കണ്ണുകൾ തമ്മിൽ പറയുന്നതും പരസ്പരം അറിയാതെ അറിയുന്നതും പ്രണയസംഭാഷണങ്ങളാണ്. അതിന് ശബ്ദമോ കേൾവിയോ കാഴ്ചയോ ഒന്നും പരിമിതികളേയല്ല. പ്രണയത്തിന് കാഴ്ചയുടെ പുതിയ അർത്ഥതലങ്ങളേകി ‘മാഞ്ഞിടാതെ’ വിഡിയോ ആൽബം ശ്രദ്ധ നേടുകയാണ്. ഏപ്രിൽ ഒന്നിന് യൂട്യൂബിൽ റിലീസ് ആയ മ്യൂസിക് ആൽബം ടീം നൊമാഡ്സ് എന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യസംരംഭമാണ്.
അപകടത്തിൽ സംസാര ശേഷിയും കേൾവിയും നഷ്ടപ്പെട്ട പെൺകുട്ടിയുടെ അതിജീവനത്തിന്റെയും പ്രണയത്തിന്റെയും വ്യത്യസ്തമായ കഥയാണ് വിഡിയോ ആൽബം നമുക്ക് മുന്നിലെത്തിക്കുന്നത്. കുര്യാക്കോസ് പി ജോൺ സംവിധാനം ചെയ്ത ആൽബത്തിന്റെ സംഗീത സംവിധാനം ജിതിൻ ജേക്കബ്, ബ്ലെസൺ തോമസ് പാടിയ മനോഹരഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് മെറിൻ തോമസ് ആണ്.