‘ടുട്ടുമോനേ ഗംഭീരമായിരിക്കുന്നു. ഇനി രജനികാന്തിന്റെ ഒരു പടം വരയ്ക്കണം. ഒരെണ്ണം എന്റെ നേതാവ് മോദിജിയുടെയും.’- സിനിമയിൽ മാത്രം കേട്ട് പരിചയമുള്ള ഗാംഭീര ശബ്ദം ഫോണിൽ കേട്ടപ്പോൾ ടുട്ടുമോൻ (നിഷാന്ത്) ആദ്യം ഒന്ന് ഞെട്ടി. പിന്നെ ആഹ്ലാദിച്ചു. നടനും എംപിയുമായ സുരേഷ് ഗോപിയാണ് തന്റെ ചിത്രം വരച്ച നിഷാന്തിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്. ടുട്ടുമോൻ വരച്ച ചിത്രം അത്ര നിസാരമല്ല, 32,423 സ്ക്രൂ ഉപയോഗിച്ച് 144 മണിക്കൂർ കൊണ്ടാണ് ടുട്ടുമോൻ സുരേഷ് ഗോപിയുടെ ചിത്രം വരച്ചത്. സുരേഷ് ഗോപിയെ നേരിട്ടു കാണണമെന്ന് ടുട്ടുമോൻ ആഗ്രഹം അറിയിച്ചപ്പോൾ സാധിച്ചുതരാമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് സ്ക്രൂ ക്യാന്‍വാസില്‍ ഒരുക്കിയ ഏറ്റവും വലിയ ചിത്രമാണ് സുരേഷ്ഗോപിയുടേത്. നൂറ് കിലോയോളം ചിത്രത്തിന് ഭാരമുണ്ട്. ടുട്ടുമോൻ തയാറാക്കിയ നാലടി വീതിയും ഉയരവുമുള്ള ഈ ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കഴിഞ്ഞു. രോഗക്കിടക്കയിൽ നിന്ന് ഈ 32 വയസ്സുകാരൻ വരച്ചുതീർത്ത ചിത്രങ്ങൾ ആരെയും അദ്ഭുതപ്പെടുത്തും. മാങ്ങാണ്ടിയിൽ തീർത്ത പൃഥ്വിരാജും, മാങ്ങയിൽ തീർത്ത ശശി കലിംഗയും മറ്റൊരു കൗതുകമാണ്. പത്താം ക്ലാസ് വരെ മാത്രം പഠിച്ച ടുട്ടുമോന് ചെറുപ്പം മുതൽ ചിത്രരചനയോട് കമ്പമുണ്ടായിരുന്നു.
തൂക്കുപാലം -പുത്തരിക്കണ്ടം ബ്ലോക്ക് നമ്പർ 479ൽ എം.ഡി. അച്ചൻകുഞ്ഞ്-ഇന്ദിര ദമ്പതികളുടെ മകനാണ് നിഷാന്തെന്ന ടുട്ടുമോൻ. പെയ്ന്റിങ് തൊഴിലാളിയായിരുന്നു. ഏഴ് വർഷം മുന്‍പ് കുമളിയിൽ പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റു. രണ്ട് വർഷത്തോളം അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായിരുന്നു. ചികിത്സയ്ക്ക് ഇതുവരെ 10 ലക്ഷം രൂപ ചിലവായി. മൂന്നര വർഷത്തെ ചികിൽസയ്ക്കൊടുവിലാണ് ചലനശേഷി വീണ്ടെടുത്തത്. പൂർണമായി നടക്കണമെങ്കിൽ ഫിസിയോതെറപ്പി ചെയ്യണം. ഇതിനായി ചിത്രങ്ങൾ വരച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ടുട്ടുമോൻ. പാചക പരീക്ഷണങ്ങളുടെ ഒരു യുട്യൂബ് ചാനലും ടുട്ടുമോനുണ്ട്.
മുൻപ് മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ചിത്രം വരച്ചപ്പോൾ മന്ത്രി നേരിട്ട് ടുട്ടുമോനെ വിളിച്ചു അഭിനന്ദിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, തിലകൻ, പൃഥ്വിരാജ്, ദിലീപ്, കെ.എസ്.ചിത്ര, ശ്രീനിവാസൻ, സലിംകുമാർ, കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ, വിനായകൻ, ഫഹദ് ഫാസിൽ, കവിയൂർ പൊന്നമ്മ, കെപിഎസി. ലളിത, ജയസൂര്യ, ജയറാം, കാവ്യമാധവൻ, പ്രേംനസീർ തുടങ്ങി സിനിമ താരങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി, ഉമ്മൻചാണ്ടി, കെ.കെ.ഷൈലജ, എം.എം. മണി തുടങ്ങിയ രാഷ്ട്രീയക്കാരെയും ടുട്ടുമോൻ വരച്ചിട്ടുണ്ട്.