Monday 02 September 2019 03:02 PM IST

സംഗീതത്തിൽ ഈ ആൺ– പെൺ വേർതിരിവൊക്കെ എന്തിനാ? യൂത്തിന്റെ ഹൃദയംതൊട്ട പാട്ടുകാർ ചോദിക്കുന്നു...

V N Rakhi

Sub Editor

_REE0443 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പാട്ടുകളിലൂടെ കേട്ട് നന്നായറിയാം, എന്നാലോ പാട്ടിനപ്പുറം അധികമൊന്നും അറിയുകയുമില്ല. കോഫി ടേബിളിനു ചുറ്റുമിരുന്ന് വിശേഷങ്ങൾ പറഞ്ഞൊരിത്തിരി നേ രം... ഇതാദ്യം. ഗൗരിലക്ഷ്മി, അഞ്ജു ബ്രഹ്മാസ്മി, ഭദ്ര റെജിൻ. പഴയ പാട്ടുകൾക്ക് പുതിയ കുപ്പായങ്ങൾ തുന്നിയണിയിപ്പിച്ചും മനസ്സിലുള്ളത് തുറന്നു പാടിയും അരികിലെത്തുന്ന ഗായികമാർ.

പതിമൂന്നാം വയസ്സിൽ, കാസനോവയിലെ ‘സഖിയേ...’ പാട്ടിന് വരികളെഴുതി, ഈണമിട്ട് സംഗീതത്തിന്റെ കൂട്ടുകാരിയായതാണ് ഗൗരി. പ്രശസ്തയാക്കിയത്  ഗോദയിലെ ‘ആരോ നെഞ്ചിൽ...’.

ഗൗരിയുടെ ‘തോണി’യും ‘തിരിഞ്ഞും മറിഞ്ഞും’  എല്ലാം യൂത്തിന്റെ ഹൃദയത്തിൽ തൊട്ടു. അഞ്ജുവിന്റെ ‘അതിരുകാക്കും  മലയും’ എന്തരോ മഹാനുഭാവുലുവും  പാട്ടിന്റെ ഹിറ്റ് ചാർട്ടിലുണ്ട്.  ഒരു മില്യൻ വ്യൂസുമായി യൂട്യൂബിൽ ടോക് ആയ ഭദ്രയുടെ രാസയ്യയ്യോ...യും ‘96’ ൽ ചിൻമയിക്കൊപ്പം പാടിയ ‘കാത ലേ കാതല’യും എത്രയോ പേർ ഇപ്പോഴും മൂളുന്നു.  

ചോദിക്കണമെന്നു തോന്നിയതെല്ലാം ചടപടേന്ന് പുറത്തു ചാടിയതോടെ രംഗം ലൈവായി.സംഗീതം,ജീവിതം, സ്ത്രീശക്തി... വിഷയങ്ങൾ മാറിമറിഞ്ഞു.

WE’LL ROCK U

ഗൗരി: ഭദ്രയെ നേരത്തേ പരിചയമുണ്ട്. ഉസ്താദ് ഫയാസ് ഖാന്റെ ഹിന്ദുസ്ഥാനി ക്ലാസിൽ വച്ച്. ‘ഓ ർക്കാതെ...മായാതെ...’പാടാൻ പോയപ്പോൾ ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ചാണ് അഞ്ജുവിനെ ആദ്യം കാണുന്നത്. പക്ഷേ, അടുത്ത് സംസാരിക്കാൻ പറ്റിയിട്ടില്ല, അല്ലേ?

അഞ്ജു: അതേ സ്റ്റൂഡിയോയിൽ പരസ്യത്തിന്റെ റെക്കോഡിങ്ങായിരുന്നു എനിക്ക്. അധികമൊന്നും സംസാരിച്ചില്ലല്ലോ അന്ന്. ഞാനങ്ങനെയാ. വായാടിയാണെന്നൊക്കെ തോന്നും. സംസാരിക്കേണ്ടി വരുമെന്നു തോന്നിയാൽ മെല്ലെ തടി തപ്പും. അന്ന് ന മ്മളൊക്കെ തുടക്കക്കാരായിരുന്നല്ലോ?

ഗൗരി: അതെ. ഞാൻ ഇൻഡിപെൻഡൻഡ് മ്യൂസിക് ചെയ്തു തുടങ്ങിയിട്ട് മൂന്നര വർഷമേ ആയുള്ളൂ. ഇ പ്പോൾ സ്വന്തം യൂട്യൂബ് ചാനൽ ആയി. സിനിമാ പാട്ടുകളിൽ കിട്ടാത്ത ഒരു സ്വാതന്ത്ര്യം അതിലുണ്ട്.

ഭദ്ര: പാട്ടിന്റെ തീം എങ്ങനെയാ കണ്ടെത്തുന്നത്?

അഞ്ജു: ഹൃദയത്തിൽ തട്ടിയ കാര്യങ്ങളേ എന്റെ പാട്ടിലുണ്ടാകൂ. ഒന്നും പ്ലാൻ ചെയ്തല്ല. സ്ത്രീയുടെ ശക്തി സ്ത്രീ തന്നെ എന്നു തിരിച്ചറിയണം എന്ന തോന്നലിൽ നിന്നാണ് ‘ലോകാ സമസ്താ സുഖിനോ ഭവന്തു...’ ചെയ്തത്. ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ചരിത്രം സൃഷ്ടിക്കാൻ സ്ത്രീകളോട് പറയുന്നതാണ് തമിഴ് ആൽബം ‘തീരാളെ’.

മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ കേരളത്തിന്റെ മുക്കാൽ ഭാഗവും മുങ്ങിപ്പോകും എന്നു കേട്ടപ്പോൾ സങ്കടം തോന്നി. എല്ലാം നഷ്ടപ്പെട്ടാൽ എന്താകും  എന്നാലോചിച്ച് ശരിക്കും ഡിപ്രഷനിലായി. അതിൽ നിന്നു കരകയറാൻ ‘അതിരുകാക്കും മലയൊന്നു തുടുത്തേ...’ ഇച്ചിരി അഗ്രസീവ് രീതിയിൽ  ചെയ്തു. ശരിക്കും അതു നാലു വരിയേ ഉള്ളൂ. കാവാലം നാരായണപ്പണിക്കർ സാറിനെ വിളിച്ചപ്പോൾ ഫോണിലൂടെ കുറച്ചു വരികൾ പറഞ്ഞു തന്നു. പിന്നെ, പാട്ട് കേൾക്കുന്നവർ കുറച്ച് ചിന്തിക്കണമല്ലോ. അത്തരം വിഷയങ്ങളേ ചെയ്യൂ.

ഗൗരി: അനുഭവങ്ങളിൽ നിന്നാണ് പാട്ട് ചെയ്യാറ്. ആദ്യത്തെ പാട്ട് ‘തോണി ’ പ്രതീക്ഷയുടെ പ്രതീകമാണ്. എന്തും ഉള്ളുരുകി ആഗ്രഹിച്ചാൽ കിട്ടുമെന്ന പ്രതീക്ഷ. എന്തു പ്രശ്നമുണ്ടായാലും പിടിച്ചു നിൽക്കണമെന്ന ചിന്ത. ഞാൻ കടന്നു പോയിട്ടുള്ള വിഷാദം, ആകാംക്ഷ, അലട്ടലുകൾ. അങ്ങനെ പല അനുഭവങ്ങളിൽ നിന്നാണ് ‘തിരിഞ്ഞും മറിഞ്ഞും...’  എന്ന പാട്ട് ഉണ്ടായത്. ചേർത്തലയ്ക്കടുത്ത് പള്ളിപ്പുറം എന്ന ചെറിയ ഗ്രാമത്തിലെ ഇരുന്നൂറു വർഷം പഴക്കമുള്ളൊരു തറവാട്ടിലാണു ജനിച്ചത്. അത്തരം സ്വാധീനവും പ്രകൃതിയും നിലനിൽപ്പുമൊക്കെ എന്റെ പാട്ടുകളിലും എവിടെയെങ്കിലും കടന്നു വരും.

വേറൊരാൾ എഴുതിയാൽ നന്നാകാത്തതുകൊണ്ടല്ല, എന്റെ വികാരങ്ങൾ പറയാൻ എന്റെ ഭാഷ മതി എന്നു തോന്നി. പല പാട്ടുകളിലും വാക്കുകൾ ആവർത്തിക്കാം. എന്നാലും പറയാനുള്ള കാര്യം പറയാനാകുന്നതിൽ സന്തോഷം. അത്രേയുള്ളൂ. ഭദ്രയുടെ ‘സ്റ്റോറി ടെല്ലറി’നെക്കുറിച്ചു പറയൂ...

ഭദ്ര: പാരമ്പര്യ സംഗീതത്തിലാണ് സുഹൃത്ത് സുദീപ് പാലനാടിനും എനിക്കും താൽപര്യം. കഥ പറയുന്ന രീതിയിൽ കുറച്ചു പാട്ടുകൾ ചെയ്യാമെന്ന് സുദീപ് പറഞ്ഞു. സുദീപിന്റെ ചേച്ചി ദീപ പാലനാടും ‌കൂടി. ബാൻഡിന് ‘സ്റ്റോറി ടെല്ലർ’ എന്നു പേരിട്ടു.

നളചരിതം ആട്ടക്കഥയും  ‘മനോഗതം ഭവാൻ’ ‘കൊട്ടും ഞാൻ കേട്ടില്ല’ പാട്ടുകളുടെ കവർ വേർഷൻസും ഹിറ്റായി. എന്റെ യാത്ര തുടങ്ങിയതല്ലേയുള്ളൂ... അടുത്തു തന്നെ ഞങ്ങളുടെ ഒഫിഷ്യൽ ലോഞ്ചിങ് ഉണ്ടാകും.

WOMEN NO CRY

ഗൗരി: ആദ്യമൊക്കെ ബാൻഡ് എന്നു കേട്ടാൽ ബാൻഡ് സെറ്റാണോ എന്ന് ചോദിക്കുമായിരുന്നു. കവർ സോങ്ങുകളോട് ആളുകൾക്കൊരു ഇഷ്ടക്കൂടുതലുണ്ട്. തൈക്കുടം ബ്രിഡ്ജ് നല്ല കവർ വെർഷനുകൾ ചെയ്തല്ലേ വന്നത്? അതെല്ലാം ഹിറ്റ്സും. ബാൻഡ് സംസ്കാരത്തെ ബുദ്ധിപരമായി അവർ ജനങ്ങളിലെത്തിച്ചു.

_REE0671

ഈ ആൺ– പെൺ വേർതിരിവൊക്കെ എന്തിനാ? ഗായകർ തമ്മിലും വലിയ മത്സരമില്ല. ലോകത്തെവിടെയും ബോയ് ബാൻഡുകളോട് ഒരു ചായ്‌വുണ്ട് കേട്ടോ. അതെല്ലാം തകർത്തെറിഞ്ഞ നല്ല പാട്ടുകാരികളുമുണ്ട്. പെൺകുട്ടിയായതിന്റെ പ്രശ്നങ്ങളും  ഇടയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ചിലർ ഒരു തവണ ‘നോ’ പറഞ്ഞാൽ വിട്ടുകളയും. വീണ്ടും ചൊറിഞ്ഞുകൊണ്ടിരിക്കുന്നവരുമുണ്ട്. പെൺകുട്ടികളോട് അങ്ങനെ ചോദിക്കാൻ  ഇവർക്ക് പേടിയോ മടിയോ ഒന്നുമില്ലന്നേ.

അഞ്ജു: സ്വന്തമായി തന്നെ പാട്ടുകൾ ചെയ്യുന്നതുകൊണ്ട് ഇ ത്തരം പ്രശ്നങ്ങൾ എനിക്കുണ്ടായിട്ടില്ല. ഫീമെയിൽ ബാൻഡ് പാട്ടുകാരെ അംഗീകരിക്കാനൊരു മടിയുണ്ട്, അതുശരിയാ. ‘ഞങ്ങൾ ചെയ്യും, നിങ്ങളുടെ ആവശ്യമില്ല’ എന്നു തെളിയിച്ചാൽ ഇവർക്ക് അതിലും നല്ലൊരു മറുപടി കൊടുക്കാനില്ല.

ഗൗരി: ഈ വ്യത്യാസം രണ്ടു കൂട്ടരും ശ്രമിച്ചാലേ മാറൂ. സ്ത്രീകൾക്ക് കല്യാണം കഴിഞ്ഞാൽ രണ്ടാം ഘട്ടം...അതെന്തിനാ?  പെൺകുട്ടികളും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, ഹാപ്പിയായി ജീവിക്കുക. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത ആദ്യം  എനിക്കുമുണ്ടായിരുന്നു. ഞാൻ മാറിയതനുസരിച്ച് എ ന്റെ കുടുംബവും മാറി.പേടിച്ചിരുന്നാൽ വല്ലതും നടക്കുമോ?

അഞ്ജു:  എന്റെ ‘കാലം’ എന്ന പാട്ടു കേട്ട് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയായിരുന്ന ഒരു ഫ്രണ്ട് അതിൽ നിന്നു പിന്തിരിഞ്ഞു എന്ന് ഏട്ടൻ ഒരിക്കൽ പറഞ്ഞു. എന്നെയത് വല്ലാതെ സ്പർശിച്ചു. ‘വൺ ലൈഫ് സ്റ്റാൻഡ്’ എന്ന പാട്ടിന് ലണ്ടനിലും ലൊസാഞ്ചൽസിലും വരെ അംഗീകാരങ്ങൾ കിട്ടി. പെൺകുട്ടിയാ എന്നു പറഞ്ഞ് വീട്ടിലിരുന്നാൽ ഇതൊക്കെ സാധിക്കുമോ?

OPEN... NOT SOOO SOCIAL

ഗൗരി: ആളുകളിലേക്ക് നമ്മുടെ പാട്ട് എത്തുന്നു എന്നറിയുമ്പോൾ കിട്ടുന്ന സംതൃപ്തി ചെറുതല്ല. അതുകൊണ്ട് കാമ്പുള്ള മെസേജുകൾക്കെല്ലാം മറുപടി അയയ്ക്കും. അക്കാര്യത്തിൽ ഞാനൊരു തുറന്ന പുസ്തകമാണ്.  വ്യത്യസ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഇൻസ്റ്റാഗ്രാം, എഫ്ബി പേജുകൾ മാത്രമേ ഫോളോ ചെയ്യാറുള്ളൂ.

അഞ്ജു: അത്ര ആക്റ്റീവ് അല്ലാട്ടോ ഞാൻ. ഒഫീഷ്യൽ പോസ്റ്റുകളേ ഞാനിടൂ.

ഭദ്ര: പാട്ടിൽ 100 ശതമാനം തൃപ്തി മതിയെനിക്ക്. പൊസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും മെസേജുകളും അഭിപ്രായങ്ങളും എന്നെ ബാധിക്കാറില്ല.

ഗൗരി: ഫെയ്സ് ബുക്കിൽ എനിക്ക് പേജ് മാത്രേ ഉള്ളൂ. ഫെമിനിസം പോലുള്ള വിഷയങ്ങളിലൊക്കെ ബോൾഡായ പോസ്റ്റുകളിടും, ധാരാളം ചീത്തയും കിട്ടും. ഒഴിവുകിട്ടിയാൽ ശാന്തമായി ഒരിടത്ത് അടങ്ങിയിരിക്കാനാണ് ഇഷ്ടം. പിന്നെ, ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയുള്ളൂ. ഭർത്താവ് ഗണേഷ് വെങ്കിട്ടരമണി. എന്റെ ഡ്രമ്മറുമാണ്.

MELODIOUS LOVE STORIES

അഞ്ജു: ചെറിയൊരു ലവ് സ്റ്റോറി മണമടിക്കുന്നല്ലോ

ഗൗരി: ചുരുക്കി പറയാം.‘തോണി’ ഇറങ്ങിയ ശേഷം ഒരു ഷോ കഴിഞ്ഞപ്പോള‍്‍ ഗണേഷ് സ്റ്റേജിനു പിറകിൽ വന്നു. ‘ഫാനാണ്, സെൽഫി എടുക്കണം’ എന്നു പറഞ്ഞു. സ്റ്റേജിൽ ഗണേഷ് ഡ്രംസ് വായിക്കുന്നത് മറ്റൊരിക്കൽ  ഞാനും കണ്ടു. ഡ്രമ്മറെ തപ്പി നടക്കുന്ന സമയമായിരുന്നു. 2017 കൊച്ചി ബിനാലേ മുതൽ ഒരുമിച്ചു ഷോസ് ചെയ്തു തുടങ്ങി. ഫ്രണ്ട്സ് ആയി... ഡേറ്റിങ്... നിശ്ചയം... കല്യാണം... ശുഭം.

ഭദ്ര: റിയാലിറ്റി ഷോയിൽ എന്റെ പാട്ടു കേട്ട് സുഹൃത്ത് വഴി പരിചയപ്പെട്ടു, പ്രൊപ്പോസ് ചെയ്തു. വീട്ടിൽ പറഞ്ഞപ്പോൾ  സമ്മതം. സെപ്റ്റംബറിൽ നിശ്ചയം, ഡിസംബറിൽ കല്യാണം. അത്രേ ഉള്ളൂ ഞങ്ങടെ ലവ് സ്റ്റോറി. ടെക്നോപാർക്കിലെ അലയൻസ് കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് റെജിൻ. എന്റെ ബെസ്റ്റ് ഫ്രണ്ട്, ഫുൾ സപ്പോർട്ട്.

അഞ്ജു: ഭർത്താവ് എന്നതിനേക്കാളും ഗുരു, സുഹൃത്ത്,ദൈവം എല്ലാമാണെനിക്ക് സീയൂസ്. ബിസിനസ്സുകാരൻ.. ഇതുവരെ കിട്ടാത്ത സപ്പോർട്ട് സിയൂസിൽ നിന്നു കിട്ടി. കുടുംബത്തെക്കുറിച്ച് ഇതിലപ്പുറം എവിടെയും പറയാറില്ല ഞാൻ. സമൂഹത്തെ സന്തോഷിപ്പിക്കാനായി ഒന്നും ചെയ്യാറുമില്ല.

ഗൗരി:  ഞങ്ങളുടെ കാര്യം നല്ല രസമാ. ഞാൻ മലയാളം പറയും, അവൻ തമിഴും. പാചകം രണ്ട് സ്റ്റൈൽ. വെളിച്ചെണ്ണയും സൺഫ്ലവർ ഓയിലും  കാണും അടുക്കളയിൽ.  എന്റെ ചെമ്മീ ൻ കറിയാണ് ഗണേഷിന് ഏറ്റവും ഇഷ്ടം. ഗണേഷും ഉഗ്രൻ കുക്കാ. ബ്രേക്ക് ഫാസ്റ്റ് ഞാൻ, ലഞ്ച് ഗണേഷ്...അങ്ങനെ ഊഴം ആണ്. മൂഡ് വന്നാല്‍ കുക്കിങ്ങോടു കുക്കിങ്. അല്ലാത്തപ്പോൾ കഞ്ഞി കുടിച്ചും ജീവിക്കും. ഫ്രിഡ്ജിൽ സ്റ്റോക്ക് വയ്ക്കുന്ന ദോശമാവാണ് പലപ്പോഴുമൊരു ആശ്വാസം. ചെറുതല്ലാത്ത പട്ടി, പൂച്ച ഭ്രാന്തുണ്ട് രണ്ടാൾക്കും. അപകടത്തിൽപെടുന്ന മൃഗങ്ങളെ ശുശ്രൂഷിക്കലാണ് ഫ്രീ ടൈമിൽ പണി. കാരമൽ, ടോഫൂ, മൂച്ചി...മൂന്ന് പട്ടിക്കുട്ടികളുണ്ട് ഞങ്ങൾക്ക്. മൂച്ചിയെയും കാരമലിനെയും കാലൊടിഞ്ഞ് റോഡിൽ നിന്നു കിട്ടിയതാ. മൂന്നിനും പിന്നിൽ വലിയ വലിയ കഥകളുണ്ട്.

അഞ്ജു: ഫ്രീ ടൈമിൽ ചിത്രം വരയ്ക്കും, ക്രാഫ്റ്റ് ചെയ്യും. മുറി നിറയെ ചെടികളാ, യാത്രകളും ഇഷ്ടം. അപ്പോഴെല്ലാം ബാക്ഗ്രൗണ്ടിൽ 24x7 പാട്ട് നിർബന്ധം.

ഭദ്ര: മലേഷ്യയിലെ റെയിൻ ഫോറസ്റ്റ് മ്യൂസിക് ഫെസ്റ്റിവൽ, ജയ്പൂർ വേൾഡ് സേക്രഡ് മ്യൂസിക് ഫെസ്റ്റിവൽ...അങ്ങനെ കുറച്ച് സംഗീതോത്സവങ്ങൾക്കു പോയി. ഇടയ്ക്ക് മൂന്നാലു വർഷം തബല പഠിച്ചു. മ്യൂറൽ പെയിന്റിങ് ചെയ്യും. നഴ്സറിക്കാരി മോൾ അംബികയുടെ കാര്യങ്ങളുമായി ഇത്തിരി തിരക്കാണിപ്പോൾ.

_REE0538

WAIT ’N’ SEE...

ഗൗരി: പാട്ട് എന്നു പറഞ്ഞാൽ സിനിമാപ്പാട്ടാണു നമുക്ക്, ഇപ്പോഴും. സ്വതന്ത്രസംഗീതവും അതിനൊപ്പം തന്നെ വരണമെന്നാണ് എന്റെ വലിയ ആഗ്രഹം. എത്രയോ നല്ല പ്രൊഡക്‌ഷനുകളും കലാകാരന്മാരും ഉണ്ട് നമുക്ക്. പ്രോത്സാഹനം കിട്ടണം. പുതിയ പാട്ടുകാരെല്ലാം സ്വന്തമായി പാട്ടുകൾ ഇറക്കാൻ ശ്രമിക്കുന്നുണ്ട്. അതൊരു നല്ല മാറ്റമല്ലേ?

ജനങ്ങളിൽ നിന്ന് ഫണ്ടെടുത്ത് പാട്ടിറക്കുന്ന ക്രൗഡ് ഫ ണ്ടിങ് രീതിയിലൂടെ ‘ആരാരോ...’ എന്നൊരു ആൽബം ചെയ്തു ഞാൻ.  മലയാളത്തിൽ ആരും  ഇതുവരെ ചെയ്തിട്ടില്ല. മുംബൈയിലുള്ളൊരു ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം വിളിച്ചു. 45 ദിവസത്തിനുള്ളിൽ 3.5 ലക്ഷം ശേഖരിക്കാനായിരുന്നു ലക്ഷ്യം. ഇൻസ്റ്റാഗ്രാം അക്കൗണ്ടും എഫ്ബിപേജും വഴി മാത്രം ക്യാംപെയ്ൻ ചെയ്ത് അത്രയും ദിവസത്തിനു  മുൻപേ 3.65 ലക്ഷം നേടി അതൊരു വിജയമായി. പൊസിറ്റിവ് ആയ മാറ്റമാണത്.

അഞ്ജു: മറ്റൊരാൾ ഉണ്ടാക്കിയ പാട്ടിൽ ഗായകർക്ക് വലുതായി ഒന്നും ചെയ്യാനില്ല. സ്വന്തം പാട്ടുണ്ടാക്കുമ്പോൾ എല്ലാം നമ്മൾ ചെയ്യണം, അതിന് അറിവ് വേണം.

ഗൗരി: വർഷങ്ങളോളം പാടി ഒരാൾ ഉണ്ടാക്കിയെടുത്തൊരു സ്റ്റൈലും പാടിയ പാട്ടും അതേപോലെ വീണ്ടും പാടുന്നതിൽ ഒരർഥവുമില്ല. ഒരു പൂവും വേറൊരു പൂവിനെപ്പോലെയാകണം എന്ന് വിചാരിക്കാറില്ലല്ലോ. വേറൊരാൾ പാടുമ്പോൾ അയാളുടെ രീതിയിലല്ലേ പാടേണ്ടത്. അങ്ങനെയായാൽ ഏതു പാട്ടും രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ കഴിയും. എല്ലാവരും ഹാപ്പി...!

TATOO, HAIR STYLE, FASHION

ഭദ്ര: അഞ്ജു ബ്രഹ്മാസ്മി...? ദേഹം മുഴുവൻ ടാറ്റൂ...?

അഞ്ജു: അഞ്ജു ജോസഫ് എന്നാണ് പേര്.  ‘അഹം ബ്രഹ്മാസ്മി...എല്ലാവരെയും നമ്മളായി കാണുക...’എന്റെ ഡ്രീം കോൺസെപ്റ്റ് ആണ്. അങ്ങനെയാകാൻ ശ്രമിക്കുകയാണ്. അഹം ബ്രഹ്മാസ്മി... അഞ്ജു ബ്രഹ്മാസ്മി... പറഞ്ഞു നോക്കിയപ്പോൾ നല്ല ചേർച്ച. പിന്നൊന്നും നോക്കിയില്ല. പേരങ്ങു മാറ്റി.

പ്ലാന്‍ ഇട്ടതല്ല ടാറ്റൂ. ചെയ്തു  െചയ്തു വന്നപ്പോൾ  ദേ ഹം മുഴുവനുമായിപ്പോയി. ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷി,  ഡ്രീം കാചർ, ടിബറ്റൻ മന്ത്രം‘ഓം മണി പദ്മേ ഹൂം’, അഹം ബ്രഹ്മാസ്മി...എല്ലാം സെൽഫ് മോട്ടിവേഷന് വേണ്ടി... അടിച്ചമർത്തലിൽ നിന്നു വന്നതോണ്ടാകും രീതികളൊക്കെ തെറ്റിക്കാൻ വലിയ ഉത്സാഹമാ. ഈ മുടിയും കളർഫുൾ ഡ്രസ്സുമൊക്കെ അതിന്റെ ഭാഗമാണ്. ഫ്രീ സ്പിരിറ്റ്... കാതിൽ പത്തു പന്ത്രണ്ട് കമ്മലൊക്കെയുണ്ടായിരുന്നു. ദാ, ഗൗരിക്കും ഉണ്ടല്ലോ ടാറ്റൂ...

ഗൗരി:  ‘മാനേ’  ‘കെടാതെ’ ഇതു രണ്ടും  എന്റെ പാട്ടുകളാണ്. ഈ കിളി കുടുംബം ഹോം സിക് ആയതുകൊണ്ടു ചെയ്തതാണ്. ലിയോ എന്റെ സൂര്യരാശി...ഓരോ ഐഡിയ വരുമ്പോഴും പോയി ടാറ്റൂ കുത്തും. ഇന്റർനാഷനൽ ഫാഷൻ ഐക്കൺസാണ് എന്റെ മോഡൽസ്. സിംപിൾ ബട്ട് എലഗന്റ്. അലങ്കാരങ്ങൾ കുറയ്ക്കുക, കംഫർട്ടബിൾ ആയിരിക്കുക. ഭദ്രയുടെ ഹെയർസ്റ്റൈൽ കൊള്ളാം ട്ടോ.

 ഭദ്ര: പത്താം ക്ലാസ് വരെ ബോയ്കട്ട് ആയിരുന്നു. എല്ലാരും പറയുന്നതിന്റെ നേരെ വിപരീതമേ ഞാൻ ചെയ്യൂ. മുടി വെട്ടിയാൽ ചേരില്ല എന്നൊരാൾ പറഞ്ഞു. ഉടനെ പോയി മുടി വെട്ടി ഈ കോലത്തിലാക്കി. ക്ലാസ് ആൻഡ് എലഗന്റ് അ താണെന്റെ ഫാഷൻ മോട്ടോ.

ഗൗരി: കല്യാണം വരെ എനിക്കും നല്ല മുടിയുണ്ടായിരുന്നു. ചെന്നൈയിലായിരുന്നപ്പോൾ ചൂട് കാരണം വെട്ടിയതാ. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊടുത്തു.

ലൊക്കേഷൻ: ക്ലാസിക് ആർട്ട് കഫേ, മട്ടാഞ്ചേരി