Tuesday 07 May 2024 04:19 PM IST : By സ്വന്തം ലേഖകൻ

ഫോട്ടോഷൂട്ടും കഴിഞ്ഞു, എന്നിട്ടും അജിത് എന്തിനു നോ പറഞ്ഞു ? ‘മിരട്ടൽ’ സൂര്യയുടെ ‘ഗജിനി’യായ കഥ

ajith-kumar

തമിഴ് സിനിമയിലെ താരചക്രവർത്തി അജിത് കുമാർ ഉപേക്ഷിച്ച ചില ചിത്രങ്ങൾ മറ്റു നടൻമാർ അഭിനയിച്ച് സൂപ്പർഹിറ്റുകളും ബ്ലോക് ബസ്റ്ററുകളുമായ സംഭവങ്ങൾ കോളിവുഡിൽ കുറവല്ല. അതിലൊന്നാണ് ‘ഗജിനി’.

‘ദീന’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അജിത്തിന്റെ ആക്ഷൻനായക പദവി അരക്കിട്ടുറപ്പിച്ച്, അദ്ദേഹത്തെ ആരാധകരുടെ ‘തല’യാക്കി മാറ്റിയ സംവിധായകനാണ് എ.ആർ മുരുഗദോസ്. ‘ദീന’യ്ക്ക് ശേഷം വിജയകാന്തിനെ നായകനാക്കി ‘രമണ’ എന്ന ബ്ലോക് ബസ്റ്റർ‌ ഹിറ്റ് കൂടി ഒരുക്കിയ ശേഷം മറ്റൊരു കഥയുമായി മുരുഗദോസ് വീണ്ടും അജിത്തിനെ കാണാനെത്തി. കഥ അജിത്തിന് വളരെയധികം ഇഷ്ടമായി. പ്രൊജക്ട് ഓൺ ആയതോടെ ‘മിരട്ടൽ’ എന്നു പേര് നിശ്ചയിച്ച് അജിത്തിന്റെ ഫോട്ടോഷൂട്ടും നടത്തി. എന്നാല്‍ പിന്നീടുള്ള ചർച്ചകളിൽ അജിത് പിൻമാറി. അതോടെ ഈ കഥയുമായി മുരുഗദോസ് സൂര്യയെ സമീപിച്ചു. ‘കാക്ക കാക്ക’ ഉൾപ്പടെയുള്ള സിനിമകളിലൂടെ സൂര്യ താരപദവിയിലേക്കുയർന്നു വരുന്ന കാലമാണ്. കഥ കേട്ടപ്പോഴേ സൂര്യ മുരുഗദോസിനോട് യേസ് പറഞ്ഞു. അതോടെ മുരുഗദോസ് ‘മിരട്ടൽ’നെ‘ഗജിനി’യാക്കി.

2005 ൽ ആണ് ‘ഗജിനി’ തിയറ്ററുകളിലെത്തിയത്. ആദ്യ ഷോ മുതൽ വൻ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം തെന്നിന്ത്യയാകെ തരംഗമായി. സഞ്ജയ് രാമസ്വാമിയായി സൂര്യയും കൽപ്പനയായി അസിന്‍ തോട്ടുങ്കലും മത്സരിച്ചഭിനയിച്ച ഈ പ്രണയ – ആക്ഷൻ സിനിമ 7 കോടി ബജറ്റിലാണ് ഒരുക്കിയത്. ചിത്രം 50 കോടിയിലധികം കലക്ഷനോടെ ചരിത്ര വിജയമായി. ഈ മഹാവിജയത്തോടെയാണ് സൂര്യയ്ക്ക് കേരളത്തിൽ വലിയ ആരാധക പിന്തുണ ലഭിച്ചത്. തുടർന്ന് സൂര്യയുടെ ‘അയൻ’ ഉൾപ്പടെയുള്ള മിക്ക ചിത്രങ്ങളും കേരളത്തിലെ തിയറ്ററുകളിൽ ആളെക്കൂട്ടി. ഇപ്പോഴും സൂര്യയുടെ കേരള മാർക്കറ്റ് വളരെ വലുതാണ്.

അതേ സമയം ‘ദീന’യ്ക്ക് ശേഷം 2006 വരെയുള്ള കാലം അജിത് കുമാറിനെ സംബന്ധിച്ച് കരിയറിലെ അത്ര നല്ല ഘട്ടമായിരുന്നില്ല. ‘അട്ടഹാസം’, ‘പരമശിവം’ എന്നിവയുൾപ്പടെ ചില ആശ്വാസ വിജയങ്ങളൊഴിച്ചാൽ അദ്ദേഹത്തിന്റെ മിക്ക സിനിമകളും ബോക്സ് ഓഫീസിൽ തകർന്നു തരിപ്പണമായി. പിന്നീട് 2007 ൽ ‘ബില്ല’യുടെ മഹാവിജയത്തോടെയാണ് അജിത് മടങ്ങി വന്നത്. അങ്ങനെ നോക്കുമ്പോൾ ‘ഗജിനി’യിൽ നിന്നു പിൻമാറിയത് അജിത്തിന്റെ കരിയറിലെ വലിയ അബദ്ധങ്ങളിലൊന്നായി കണക്കാക്കാം. ഒരു പക്ഷേ, അജിത് സഞ്ജയ് രാമസ്വാമിയായി എത്തിയിരുന്നെങ്കിൽ ചിത്രം നിലവിലേതിന്റെ ഇരട്ടി സാമ്പത്തിക നേട്ടമുണ്ടാക്കുമായിരുന്നേനെയെന്ന് ചില ട്രേഡ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു.

ajith-kumar-2 അജിത്തിന്റെ ‘ഗജിനി’ ഫോട്ടോഷൂട്ട് ചിത്രം.

‘ഗജിനി’ക്കു ശേഷം എ.ആർ മുരുഗദോസ് സംവിധായകരിലെ താരമായി. ആമിർ ഖാൻ ‘ഗജിനി’യുടെ ഹിന്ദി പതിപ്പിൽ നായകനായി. ചിത്രവും വൻ വിജയമാണ് നേടിയത്. തുടർന്ന് വിജയ്, സൂര്യ, രജനികാന്ത്, അക്ഷയ് കുമാർ, മഹേഷ് ബാബു തുടങ്ങി വലിയ താരസാന്നിധ്യങ്ങൾ മുരുഗദോസിന്റെ ചിത്രങ്ങളിൽ നായകൻമാരായെങ്കിലും അജിത് കുമാർ – മുരുഗദോസ് ടീം പിന്നീടൊരിക്കലും ഒന്നിച്ചില്ല. എന്താണവർക്കിടയില്‍ സംഭവിച്ച പിണക്കത്തിന്റെ കാരണമെന്നത് ഇപ്പോഴും അവ്യക്തമായി തുടരുന്നു. അടുത്തിടെ ‘ദീന’ റീ റിലീസ് ചെയ്തപ്പോഴും ഈ ചോദ്യം ചർച്ചയായിരുന്നു. പിന്നീട് മുരുഗദോസ്–വിജയ് ബന്ധത്തിലും വിള്ളലുകൾ വീണു. ‘തുപ്പാക്കി’ എന്ന ബ്ലോക് ബസ്റ്ററിലൂടെ വിജയ്ക്ക് ഒരു പുതിയ കരിയർ ഗ്രേസ് നൽകിയ മുരുഗദോസ് ‘കത്തി’യിലൂടെ മറ്റൊരു വലിയ വിജയവും വിജയ്ക്ക് നൽകി. ‘സർക്കാർ’ ആണ് ഇവർ ഒന്നിച്ച മൂന്നാം സിനിമ. എന്നാൽ ‘തുപ്പാക്കി 2’ ന്റെ ചർച്ചകൾക്കിടെ ഇവർ തമ്മിൽ പിണങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

എന്തായാലും പ്രേക്ഷകർ കൊതിക്കുന്നുണ്ട്, വീണ്ടും അജിത്തും മുരുഗദോസും ഒന്നിച്ചൊരു സിനിമ. അങ്ങനെയൊന്ന് സംഭവിച്ചാൽ അതൊരു വൻ റിലീസായിരിക്കുമെന്നതിൽ സംശയമേതുമില്ലല്ലോ...