കഴിഞ്ഞ ദിവസമാണ് ഗായിക അമൃത സുരേഷ് തനിക്ക് സോഷ്യല്‍മീഡിയയിലുണ്ടായ ദുരവനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നത്. മോശം കമന്റിന് ചുട്ട മറുപടിയുമായാണ് അമൃത തന്റെ ബോള്‍ഡ്നസ് കാണിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം പുതുതായൊന്നുമല്ലെന്നും ഏറ്റവും വേദനിപ്പിച്ച മറ്റൊരനുഭവമുണ്ടായിട്ടുണ്ടെന്നും പറയുകയാണ് അമൃത. ഒരു അഭിമുഖത്തിലാണ് അമൃത സുരേഷ് തന്നെ മാറ്റിയ ജീവിതത്തെക്കുറിച്ചും പുതിയ ജീവിതത്തെ ബോള്‍ഡ് ആയി നേരിടുന്നതിനെക്കുറിച്ചുമൊക്കെ മനസ്സു തുറന്നത്.
എനിക്ക് ഭയങ്കര വിഷമമുണ്ടായ ഒരു സംഭവമുണ്ട്. ഒരു രണ്ടു വര്‍ഷം മുന്‍പ് ഞാനും എന്റെ മോളും ഒരുമിച്ചുള്ള ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തു. അവള്‍ക്കന്ന് രണ്ടോ മൂന്നോ വയസു കാണും. അതിന് താഴെ ഒരുത്തന് കമ്മന്റ് ചെയ്തിരിക്കുന്നു. നിന്റെ മകളെ കാണാന്‍ പിശാചിനെ പോലുണ്ടെന്ന്. എന്താണീ പറയുന്നത്. ഒരു കുഞ്ഞിന്റെ പോലും വെറുതെ വിടാത്തവരാണ്. ഞാന്‍ അതിന്റെ സ്ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തു. എന്റെ കുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല. അന്നാണ് ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഒരു കാര്യത്തില്‍ ആദ്യമായി കരഞ്ഞത്. അതിനാല്‍ തന്നെ ഞാന്‍ ഇപ്പോള്‍ യൂസ്ഡ് ആണ്. അവയൊന്നും ഞാന്‍ കാര്യമാക്കാറില്ല.
രണ്ടു തരം ആള്‍ക്കാരുണ്ട് സാമൂഹിക മാധ്യമങ്ങളില്‍. ഒന്ന് വിഷമം വന്നാല്‍ കൂടെ നില്ക്കുന്നവര്. ഞാന്‍ അവരെയെല്ലാം പേഴ്സണലായി മെസ്സേജ് ചെയ്യാറുണ്ട്. അത് ഒരു തരത്തില്‍ എനിക്ക് വലിയ പിന്തുണയാണ്. എന്നാല്‍ വേറെ തരം ആളുകളുണ്ട് ഇവളെ വിഷമിപ്പിച്ചേ അടങ്ങൂ എന്ന് കരുതി നടക്കുന്നവര്‍.
അന്നത്തെ സംഭവം എന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു. എന്റെ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ പറയുന്നത്. ഞാനും ഒരു മനുഷ്യനല്ലേ. പക്ഷെ ഈ സംഭവത്തോടെ ഞാന്‍ ചിലതു തിരിച്ചറിഞ്ഞു. എന്ത് സംഭവിച്ചാലും മുന്നോട്ട് പോവുക. നമുക്ക് നമ്മള് മാത്രമേ ഉണ്ടാകൂ. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും പുഞ്ചിരിച്ച് മുന്നോട്ട് പോവുക. എന്ത് സംഭവിച്ചാലും ഞാന്‍ സ്വപ്നം കാണും അത് എത്തിപ്പിടിക്കാന്‍ നോക്കും”. അമൃത പറഞ്ഞു.