Tuesday 08 January 2019 05:18 PM IST : By സ്വന്തം ലേഖകൻ

മരയ്ക്കാറായി പുത്തൻ ഗറ്റപ്പിൽ പ്രണവ്; ചിത്രം വൈറൽ

pranav

‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിലെ പ്രണവ് മോഹൻലാലിന്റെ വേറിട്ട ഗറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുടി നീട്ടി, മരയ്ക്കാർ കോസ്റ്റ്യൂമിലാണ് ചിത്രത്തിൽ പ്രണവ്. മോഹൻലാലിന്റെ ചെറുപ്പകാലമാണ് ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദർശനാണ് പ്രണവിന്റെ നായിക. മഞ്ജു വാര്യരുടെ ചെറുപ്പമാണ് കല്യാണി അവതരിപ്പിക്കുക.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ റാമോജി ഫിലിം സിറ്റിയാണ്. ചിത്രീകരണം പുരോഗമിക്കുന്ന മരയ്ക്കാർ മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് ഒരുങ്ങുന്നത്. ചരിത്രവും ഫിക്ഷനും ഇടകലരുന്നതാണ് ചിത്രത്തിന്റെ കഥ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരിനൊപ്പം ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മധു, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ , കീർത്തി സുരേഷ്, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ സുനിൽ ഷെട്ടി തുടങ്ങി വൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്.

റിലീസിനൊരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റെ മറ്റൊരു ചിത്രം. അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.