Wednesday 17 January 2024 10:48 AM IST

‘എന്റെ ചോറൂണു നടന്നതു ഗുരുവായൂരിൽ, പോകാൻ ഏറ്റവും ഇഷ്ടമുള്ളത് ആ മാരിയമ്മൻ കോവിലിൽ’ അനുസിത്താര പറയുന്നു

Rakhy Raz

Sub Editor

anu-sithara-mom

കസവണിപ്പുടവ ചുറ്റി... ഭക്തിനിർഭരമായ മനസ്സുമായി തിരുനടയിലേക്ക് നീങ്ങുന്ന പെൺകുട്ടിയെ കണ്ട് ക്ഷേത്രദർശനത്തിനെത്തിയവർ അ മ്പരപ്പോടെ നോക്കി. മലയാളത്തനിമ തുളുമ്പുന്ന മുഖശ്രീയുള്ള നടി അനു സിതാര എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചു മുന്നോട്ടു നടന്നു. ‘‘ഉത്സവകാലത്തു ക്ഷേത്രങ്ങളി ൽ പോകാനാണ് ഏറെയിഷ്ടം. ഭക്തിയും ആഘോഷവും സമാസമം ചേർന്നു നിറഞ്ഞു തുളുമ്പുന്ന മട്ടിലായിരിക്കും അപ്പോൾ ക്ഷേത്രങ്ങൾ. കൊച്ചിയിലെ അമ്പലങ്ങളി ൽ അധികം പോയിട്ടില്ല. അനിയത്തി അനു സൊനാര തൃപ്പൂണിത്തുറ ആർഎൽവി കോളജിലാണു പഠിച്ചത്. അവൾ ഇടയ്ക്കിടെ പൂർണത്രയീശ ക്ഷേത്രത്തിൽ പോകുകയും ഫോട്ടോ എടുത്ത് അയച്ചു തരികയും ചെയ്യുമായിരുന്നു. അതു കണ്ടപ്പോൾ മുതലുള്ള ആഗ്രമാണു തൃപ്പൂണിത്തുറ പൂർണത്രയീശനെ കാണണമെന്നത്. പക്ഷേ, അതിന് അ വസരം വന്നത് ഈ ഓണക്കാലത്താണ്.’’ ഇത്രയും പറ ഞ്ഞ് അനു സിതാര തിരുനടയിലേക്ക് നടന്നു.

പൂർണത്രയീശ ഹരേ..

ശ്രീകോവിലിനു മുന്നിൽ അനു മിഴികളടച്ചു തൊഴുതു നിന്നു. കൺമുന്നിൽ അലങ്കാരങ്ങളോടും ദീപപ്രഭയോടും വിളങ്ങി നിൽക്കുന്ന സാക്ഷാൽ പൂർണത്രയീശൻ. അനന്തന്റെ മേൽ ഇരിക്കുന്ന രൂപത്തിലുള്ള ചതുർബാഹുവായ മഹാവിഷ്ണുവിന്റെ ഗംഭീര വിഗ്രഹം ശ്രീകോവിൽ നിറഞ്ഞു നിൽക്കുന്നു. ആ കാഴ്ച കണ്ട മിഴിവോടെ തൊഴുതിറങ്ങിയ അനു പ്രദക്ഷിണ വഴിയിലൂടെ മെല്ലെ നടന്നു.

‘‘നിറമാല ചുറ്റുവിളക്ക് ഇവിടെ എല്ലാ ദിവസവമുണ്ടോ.’’ അനുവിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞതു ദേവ സ്വം ഓഫിസർ സുധീർ മേലേപ്പാട്ട് ആണ്. ‘‘അത്രയേറെ ബുക്കിങ് ഉണ്ട്. അതുകൊണ്ടാണു മുടങ്ങാതെ നടത്താൻ കഴിയുന്നത്. എല്ലാം പൂർണത്രയീശന്റെ അനുഗ്രഹം. ’’

‘‘മിക്ക ക്ഷേത്രങ്ങളിലും വിശ്വാസവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുണ്ടാകുമല്ലോ?’’ അനുവിന്റെ ചോദ്യത്തിനു ഉത്തരമായി വന്നത് കഥയുടെ പുഴയാണ്. പൂർണത്രയീശന്റെ ഭക്തയായ ലക്ഷ്മിയമ്മ ആ ചോദ്യം കാത്തുനിന്നതു പോലെ പറഞ്ഞു തുടങ്ങി.

‘‘കുഞ്ഞുങ്ങളെ സംബന്ധിച്ച സങ്കടങ്ങൾക്ക് അറുതി വരുത്തുന്ന ഈശ്വരനായാണു പൂർണത്രയീശനെ ആരാധിക്കുന്നത്. ഒൻപത് മക്കളും മരിച്ച ഒരു ബ്രാഹ്മണൻ ദ്വാരകയിലെത്തി ഭഗവാൻ ശ്രീകൃഷ്ണനെ കണ്ടു സങ്കടമുണർത്തിച്ചു. ഒപ്പമുണ്ടായിരുന്ന അർജുനൻ ആ ബ്രാഹ്മണനെ സഹായിക്കാമെന്നേറ്റു. പരാജയപ്പെട്ടാൽ അഗ്നിയിൽ ചാടി പ്രാണത്യാഗം ചെയ്യുമെന്നു ശപഥവും ചെയ്തു. അടുത്ത പ്രസവ സമയത്ത് അർജുനൻ ശരം കൊണ്ടു സൂതികാ ഗൃഹം തീർത്തു. പക്ഷേ, അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. നവജാതശിശുവിന്റെ മൃതശരീരം കണ്ട അർജുനൻ പറഞ്ഞ വാക്കനുസരിച്ചു പ്രാണത്യാഗത്തിനൊരുങ്ങി.

ശ്രീകൃഷ്ണ ഭഗവാൻ അതിൽ നിന്നു പിന്തിരിപ്പിച്ച് അ ർജുനനെയും കൂട്ടി വൈകുണ്ഠത്തിലെത്തി. അനന്തന്റെ മേൽ പള്ളികൊള്ളുന്നു സാക്ഷാൽ മഹാവിഷ്ണു. അദ്ദേഹത്തിനു ചുറ്റും കളിച്ചു നടക്കുന്നു പത്തു കുട്ടികളും.

ശ്രീകൃഷ്ണനെയും അർജുനനെയും ഒരുമിച്ചു കാണുന്നതിനായാണ് ഈ പരീക്ഷണം നടത്തിയതെന്ന് അരുളിചെയ്ത ഭഗവാൻ പത്തു കുട്ടികളെയും പൂജിക്കാൻ ഒരു വിഗ്രഹവും അവർക്കു നൽകി അനുഗ്രഹിച്ചു. ഈ വിഗ്രഹം തൃപ്പൂണിത്തുറയിൽ പ്രതിഷ്ഠിച്ചു. സമീപത്തു നിന്നു ത ന്നെയെടുത്ത എള്ള് പിഴിഞ്ഞുണ്ടാക്കിയ എണ്ണ കൊണ്ടാണത്രേ ആദ്യദീപം തെളിയിച്ചത്.

ഇന്നും ക്ഷേത്രത്തിലെ പ്രധാന വഴിപാട് എള്ളെണ്ണ സ മർപ്പണം ആണ്. ദിവസേന അഞ്ചു പൂജയും ആനയെഴുന്നള്ളിപ്പുമുണ്ട്. പന്തിരുനാഴി, കുംഭമാസത്തിലെ ഉത്രം നാളി ലെ അപ്പം വഴിപാട് എന്നിവ പ്രസിദ്ധമാണ്.

നാല് ഉത്സവങ്ങളാണു ക്ഷേത്രത്തിലുള്ളത്. ചിങ്ങത്തിലാണ് ആദ്യ ഉത്സവം. എട്ടു ദിവസം നീളുന്ന ഉത്സവമാണിത്. തിരുവോണ നാളിൽ ആറാട്ടോടെ സമാപിക്കും. ഇതിനെ മൂശാരിയുത്സവം എന്നാണു പറയുന്നത്.

പണ്ടൊരിക്കൽ ഭഗവാന്റെ പഞ്ചലോഹ വിഗ്രഹം തീർക്കാൻ മൂശാരിയെ ഏൽപിച്ചു. മൂശാരി എത്ര ശ്രമിച്ചിട്ടും മൂശയിൽ വിഗ്രഹം രൂപം കൊണ്ടില്ല. അദ്ദേഹം പൂർണത്രയീശനെ വിളിച്ചു കരഞ്ഞു പ്രാർഥിച്ചു. പിന്നെ, മൂശാരിയെ ആരും കണ്ടില്ല. അദ്ദേഹം പ്രതിഷ്ഠിതമായ വിഗ്രഹത്തിൽ ലയിച്ചു എന്നാണു വിശ്വാസം. ഈ സംഭവത്തിന്റെ സ്മരണയിലാണു ചിങ്ങത്തിലെ ഉത്സവം.

തുലാത്തിലാണു രണ്ടാം ഉത്സവം. അതുകഴിഞ്ഞാൽ വൃശ്ചികോത്സവം നടക്കും. പ്രസിദ്ധമായ തൃക്കേട്ടപ്പുറപ്പാടും 15 ആനയെ എഴുന്നള്ളിക്കുന്നതും ഉൾപ്പെട്ട വർണാഭമായ ഉത്സവമാണ് വൃശ്ചികോത്സവം. നാലാമത്തെ ഉത്സവത്തിനു പറ ഉത്സവം എന്നാണു പേര്. കുംഭമാസത്തിലാണ് അതു നടക്കുക.

വർഷത്തിൽ ഏറ്റവും കൂടുതൽ ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രമാണു തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം. അ നന്തന്റെ മടിയിൽ ഇരിക്കുന്ന രൂപത്തിലുള്ള വിഷ്ണു വി ഗ്രഹമാണ് പ്രതിഷ്ഠ. സംഗീത കച്ചേരിയോ കഥകളിയോ മിക്ക ദിവസങ്ങളിലും അരങ്ങേറും.

കൊച്ചി രാജകുടുംബത്തിന്റെ പരദേവതയാണല്ലോ പൂർണത്രയീശൻ. കലകൾ സമ്പന്നമാക്കിയ രാജനഗരിയുടെ ഓർമ നിലനിർത്തുന്ന രീതിയിൽ തന്നെയാണ് ഇ പ്പോഴും ക്ഷേത്രം നടത്തിപ്പ്.’’ നിത്യവും തൊഴാനെത്തുന്ന ലക്ഷ്മിയമ്മയ്ക്കു ഭഗവാന്റെ വിശേഷങ്ങൾ പറഞ്ഞിട്ടു മതിയാകാത്തതു പോലെ.

വിശേഷങ്ങൾ കേട്ടു പ്രദക്ഷിണം വയ്ക്കുന്നതിനിടെ അനുവിന്റെ ഓർമയിൽ നിന്നു ഇഷ്ടക്ഷേത്രങ്ങളിലെ പുണ്യനിമിഷങ്ങൾ നടയിറങ്ങി വന്നു.

മണിയങ്കോട്ടെ മഞ്ഞക്കിളി

‘‘മമ്മിക്ക് നൃത്തവിദ്യാലയമുണ്ട്. എന്നെയും അനിയത്തി യെയും തുടക്കത്തിൽ നൃത്തം പഠിപ്പിച്ചതു മമ്മിയാണ്. എ ട്ടാം ക്ലാസിലാണു കേരള കലാമണ്ഡലത്തിൽ ചേർന്നത്. പ ത്താം ക്ലാസ് വരെ കലാമണ്ഡലത്തിൽ പഠിച്ചു. പിന്നീടു നാട്ടിലെ കോളജിൽ. ആ കാലത്താണു കലോത്സവങ്ങളിലൊക്കെ പങ്കെടുത്തിരുന്നത്.

നൃത്തവിദ്യാലയങ്ങളിലെ കുട്ടികളുമൊത്തു സംഘമായി നൃത്തപരിപാടികൾക്കായി വയനാടുള്ള പല ക്ഷേത്രങ്ങളിലും പോയതാണ് അമ്പലവുമായി ബന്ധപ്പെട്ടുള്ള ആദ്യ ഓർമകൾ. എന്റെ നാടായ വയനാട് കൽപ്പറ്റയ്ക്കടുത്തുള്ള ക്ഷേത്രമാണു മണിയങ്കോട്. അവിടെയാണു കുട്ടിക്കാലത്തു കൂടുതലും നൃത്തപരിപാടി ചെയ്തിരുന്നത്. അച്ഛന്റെ നാടകങ്ങളും അവതരിപ്പിക്കപ്പെട്ടിരുന്നു.

അവിടെ പ്രോഗ്രാമിനു പോകുമ്പോൾ മിക്കപ്പോഴും എന്റെ വേഷം മഞ്ഞയായിരുന്നു. അച്ഛനെയും അമ്മയെയും പരിചയമുള്ളയാളുകളൊക്കെ വന്നു മഞ്ഞക്കിളിയുടെ നൃത്തം നന്നായി എന്നു പറയുന്നത് ഇന്നും ഓർമയുണ്ട്. അപ്പോൾ ഒരുപാടു സന്തോഷം തോന്നിയിരുന്നു. ഇപ്പോഴും അവിടെ ഇടയ്ക്കു പോകും. വിവാഹം കഴിഞ്ഞ ശേഷം വയനാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും വിഷ്ണുവേട്ടനും (വിഷ്ണു പ്രസാദ്) കുടുംബത്തിനുമൊപ്പം പോയിട്ടുണ്ട്. വിവാഹശേഷം എല്ലാ യാത്രകളും ഞങ്ങൾ ഒന്നിച്ചേ പോയിട്ടുള്ളൂ.

ഗുരുവായൂരപ്പാ നിൻ മുന്നിൽ...

പരിപാടികൾക്കായി ഏറ്റവും കൂടുതൽ പോയിട്ടുള്ളതും പോകുന്നതും ഗുരുവായൂർ ക്ഷേത്രത്തിലാണ്. എന്റെ ചോറൂണു നടന്നതു ഗുരുവായൂരാണ്. ഓർമയിൽ ആദ്യമായി ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തുന്നതു ചെറിയമ്മയുടെ മകന്റെ ചോറൂണിനായിരുന്നു. അന്ന് അഞ്ചാം ക്ലാസ്സിലായിരുന്നു. നീളൻ ക്യൂ നിന്ന് അമ്പലത്തിൽ കയറിയതു നല്ല ഓർമയുണ്ട്. കുടുംബത്തിലെല്ലാവരും ഒന്നിച്ചു വണ്ടി വിളിച്ചു, പാട്ടൊക്കെ പാടിയുള്ള ആ യാത്ര നല്ലൊരനുഭവമായി ഇന്നും മനസ്സിലുണ്ട്. അന്നു ഞങ്ങൾ കുട്ടികൾ മത്സരിച്ചു മഞ്ചാടി വാരി.

കോവിഡ് കാലത്തു സമയം കൊല്ലാൻ ഞാൻ ഓൺലൈൻ നൃത്ത ക്ലാസ് തുടങ്ങിയിരുന്നു. സാവധാനം അതു വളരെ ഗൗരവമുള്ള ക്ലാസ് ആയി മാറി. യുഎസ്, യുകെ, ആഫ്രിക്ക എന്നിവിടങ്ങളിൽ താമസിക്കുന്ന കേരളത്തിൽ പല ഇടത്തു നിന്നുമുള്ള കുട്ടികളുണ്ട്. അവധിക്ക് അവർ വരുമ്പോഴാണ് അരങ്ങേറ്റം നടത്തുക. അതു ഗുരുവായൂരമ്പലത്തിലായിരിക്കും. പല കുട്ടികൾ ചേർന്നു സൗകര്യപ്രദമായ സമയം നിശ്ചയിച്ച് അരങ്ങേറ്റത്തിന് എത്തുകയാണു പതിവ്. കുറച്ചു ദിവസം നേരിട്ടു പരിശീലിപ്പിച്ച ശേഷമാണു പരിപാടി അവതരിപ്പിക്കുക.

anu-sithara-story

ഗുരുവായൂര് അരങ്ങേറ്റം എന്നതു നൃത്തം പഠിക്കുന്ന മിക്ക കുട്ടികളുടേയും മോഹമാണ്. കണ്ണന്റെ സന്നിധിയിൽ മനസ്സു സമർപ്പിച്ചു നൃത്തം ചെയ്യുന്ന അനുഭവം ഒന്നുവേറെ തന്നെ.

മലകൾ കാക്കും മാരിയമ്മൻ

പോകാൻ എനിക്കേറ്റവും ഇഷ്ടമുള്ളതു വയനാട്ടിലെ മുണ്ടക്കൈ മാരിയമ്മൻ കോവിലിലാണ്. കുന്നിന്റെ മുകളിലാണ് കോവിൽ. വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്ന് ആ റു കിലോമീറ്റർ മാറിയാണു മുണ്ടക്കൈ ക്ഷേത്രം.

സുന്ദമായ ഗ്രാമമാണു മുണ്ടക്കൈ. ചുറ്റും മേഘങ്ങൾ തൊട്ടുനിൽക്കുന്ന വലിയ മലനിരകൾ. താഴ്‌വാരത്ത് തേയിലത്തോട്ടങ്ങളും ചെറുവീടുകളും. എത്ര കണ്ടാലും എനിക്കു മതിവരാത്ത ദൃശ്യമാണ് അവിടുത്തേത്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര തന്നെ സുന്ദരമായ അനുഭവമാണ്. ജോലിത്തിരക്കൊഴിഞ്ഞു നാട്ടിലുള്ള അവസരത്തിലൊക്കെ ഞങ്ങളവിടെ പോകും. ദൂരെ നിന്നു വീട്ടിലെത്തുന്ന അതിഥികളെയും കൊണ്ടുപോകുക മാരിയമ്മൻ കോവിലിലാണ്.

anu-sithara-1

വൈക്കത്തപ്പനും പദ്‌മനാഭസ്വാമിയും

‘കുപ്രസിദ്ധ പയ്യന്റെ’ ഷൂട്ട് നടക്കുന്ന സമയത്താണ് അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ സന്നിധിയിലെത്തുന്നത്. ജീവിതത്തിലാദ്യമായി വൈക്കം ക്ഷേത്രത്തിലെത്തുമ്പോ ൾ ശീവേലി നടക്കുന്നു. ഏറെനേരം അവിടെ ചെലവഴിച്ചു അന്നദാനത്തിലും പങ്കുകൊണ്ടാണു തിരികെ പോന്നത്.

ഷൂട്ട് സംബന്ധമായ യാത്രകളിലാണു തിരുവനന്തപുരത്തു താമസിച്ചിട്ടുള്ളത്. പറ്റാവുന്ന അവസരങ്ങളിലൊക്കെ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി തൊഴുതിട്ടുണ്ട്. വേറെ ഒരു ലോകത്തേക്ക‌ു പ്രവേശിക്കുന്നതു പോലെയാണു പദ്‌മനാഭ സ്വാമിയുടെ തിരുമുറ്റത്ത് എത്തുമ്പോൾ.

എന്നെ സംബന്ധിച്ചു ദൈവം അതീന്ദ്രിയമായ ഒരനുഗ്രഹ ശക്തിയാണ്. ക്രിസ്ത്യൻ പള്ളി കണ്ടാൽ കുരിശ് വരയ്ക്കാനും മസ്ജിദ് കാണുമ്പോൾ വണങ്ങാനും എനിക്ക് ഇഷ്ടമാണ്. എല്ലാം എനിക്കു ദൈവം തന്നെ.’’

രാഖി റാസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ