Thursday 29 February 2024 12:42 PM IST

അറബിക്കടലിൽ അപ്രത്യക്ഷമായ ബോട്ട്, 19 ദിവസത്തെ തിരച്ചിൽ... ഒടുവിൽ മഞ്ഞു മാതാവിന്റെ അദ്ഭുതം: കഥകളുറങ്ങും ബസിലിക്ക

Rakhy Raz

Sub Editor

manjummal-cover

കൂപ്പൂകൈ പോലുള്ള ഇരുപതു സ്തൂപികകൾക്കു നടുവിലായി ആകാശം തൊട്ടു നിൽക്കുന്ന പരിശുദ്ധ മഞ്ഞുമാതാവിന്റെ തിരുരൂപം. മാതാവിന്റെ പാദങ്ങളിൽ മുത്താൻ കൊതിച്ചു പുലരി മഞ്ഞും വെൺമേഘങ്ങളും... എറണാകുളം വൈപ്പിൻകരയിലെ പള്ളിപ്പുറത്ത്, മഞ്ഞുകൊണ്ടു പണിതതോ എന്നു തോന്നിക്കുന്ന, ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് സ്നോ എന്ന ദേവാലയം പ്രഭാതസൂര്യന്റെ പ്രഭയേറ്റു തിളങ്ങി.

പ്രാർഥിക്കുന്നതെന്തും അലിവോടെ അരുളുന്ന മഞ്ഞുമാതാവിനെ തേടി വരാത്ത ഭക്തർ കുറവ്. തിരുനൊവേനയിൽ നിന്നുള്ള വരികൾ മൂളി, വൃദ്ധയായൊരമ്മ വന്ദിച്ചെഴുന്നേൽക്കുമ്പോൾ ആ വരികൾ ഇങ്ങനെ തെളിഞ്ഞു.

‘‘പള്ളിപ്പുറത്തെഴും കാരുണ്യ ദായികേ

പരിശുദ്ധ മഞ്ഞു മാതാവേ,

ഉണ്ണിയെ താരാട്ടു പാടിയ കൈകളാൽ

ഞങ്ങൾതൻ കണ്ണീർ തുടയ്ക്കേണമേ...’’

പള്ളിയില്ലാ പള്ളിപ്പുറം

എറണാകുളത്തെ പള്ളിപ്പുറം എന്ന പ്രദേശത്തെ മലയാളികൾ എളുപ്പമോർക്കുന്നത് രണ്ടു പേരുകളിലാണ്. ഒന്ന് സാക്ഷാൽ മഞ്ഞു മാതാവാണെങ്കിൽ മറ്റൊരാൾ കുട്ടിക്കവിതയുടെ നെയ്ത്തുകാരൻ സിപ്പി പള്ളിപ്പുറം.

ബാലമാസികകളിൽ ഈ പേര് വായിക്കാതെ വളർന്നവ ർ ഇല്ലെന്നു തന്നെ പറയാം. കഥയും പാട്ടും പാഠങ്ങളും കൊണ്ടു കുട്ടികളുടെ മനസ്സിനും മസ്തിഷ്കത്തിനും തെളിച്ച മേകിയ സിപ്പി മാഷ് തിരക്കുകളൊക്കെ മാറ്റിവച്ചു മഞ്ഞുമാതാവിന്റെ കഥ പറയാനെത്തി.

‘‘പൊതുവെ ധ്യാനലീനമായിരിക്കുന്ന പള്ളിയും പരിസരവും ക്രിസ്മസ് ആയാൽ ആഘോഷത്തിന്റെ ആവേശത്തിലാകും. നക്ഷത്രവിളക്കുകളും തോരണങ്ങളും അണിഞ്ഞു രാജകുമാരിയാകും.’’ സിപ്പി മാഷ് ഓർമകളിലേക്കു വഴുതി.

‘‘എന്റെ കുടുംബത്തിൽ നടക്കുന്ന മാമോദീസ മുതൽ എല്ലാ ചടങ്ങുകളും അമ്മയുടെ സമക്ഷത്തിലാണ്. കുട്ടിക്കാലത്ത് അപ്പന്റെ കൈപിടിച്ച് എത്തിയ കാലം തുടങ്ങിയുള്ള ഓർമകളാണ് പള്ളിമുറ്റത്ത് ഓടിച്ചാടി നടക്കുന്നത്.‌

manjummal-4 ബസിലിക്കയിലെ അൾത്താര

എന്റെ അമ്മയുടെ അമ്മ പാടിത്തന്ന മുത്തശ്ശിപ്പാട്ടുകൾ കേട്ടാണ് കവിതയെഴുത്തിലേക്കു വന്നത്. പരിശുദ്ധ മഞ്ഞു മാതാവിന്റെ ശനിയാഴ്ചകളിൽ നടക്കുന്ന നവനാൾ ജപമെഴുതാനും (നൊവേന) ഭാഗ്യമുണ്ടായി. അതു കേട്ടറിഞ്ഞു പള്ളിപ്പുറം സെന്റ് റോക്കിസ് ദേവാലയം, മുനമ്പം തിരുക്കുടുംബ ദേവലായം, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിലെയും നൊവേനയെഴുതാൻ അവസരം ലഭിച്ചു. അതെല്ലാം ഒരു നിയോഗം.

1341 ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഉയർന്നു വന്നതാണ് വൈപ്പിൻ ദ്വീപ്. ദ്വീപിന്റെ വടക്കേ അറ്റമാണ് പള്ളിപ്പുറം. കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പള്ളിപ്പുറം കടൽക്കൊള്ളക്കാരുടെ ഒളിസങ്കേതമായിരുന്നത്രേ. പോർച്ചുഗീസുകാരുടെ വരവോടെയാണ് പള്ളിപ്പുറത്തിന്റെ മുഖം മാറുന്നത്.

ഇവിടെ കോട്ട നിർമിക്കാൻ കൊച്ചി രാജാവ് പോർച്ചുഗീസുകാർക്ക് അനുവാദം നൽകി. 1503 ൽ ശിലാസ്ഥാപനം നടന്ന കോട്ട ആറടി വണ്ണത്തിൽ ഷഡ്കോണാകൃതിയിലുള്ള ഭിത്തിയിലാണ് പണിതീർത്തിരിക്കുന്നത്. കൂറ്റൻ ചെങ്കല്ലുകൾ കുന്നിക്കുരുവിന്റെ പശയുപയോഗിച്ചു ചേർത്തു കെട്ടി പൊക്കിയ കോട്ടയുടെ പണി 1507 ലാണ് പൂർത്തിയായത്.

അയക്കോട്ടയെന്നും അഴിക്കോട്ടയെന്നും വട്ടക്കോട്ടയെന്നും വിളിക്കപ്പെടുന്ന ഈ കോട്ടയിരിക്കുന്ന ഭാഗം 1909ൽ തിരുവിതാംകൂർ മഹാരാജാവ് വാങ്ങിയതിനാൽ തിരുവിതാംകൂറിന്റെ രാജചിഹ്നമായ ശംഖ് മുദ്രയാണു കോട്ടയിൽ പതിപ്പിച്ചിരിക്കുന്നത്. കോട്ടയിൽ നിന്ന് 500 മീറ്റർ തെക്കു മാറി പുഴയോരത്തായി വൈദിക സെമിനാരിയും അച്ചടിശാലയും അടങ്ങിയ വൈപ്പിക്കോട്ടയും സ്ഥാപിക്കപ്പെട്ടു.

അഴിക്കോട്ടയുടെയും വൈപ്പിക്കോട്ടയുടെയും വരവോടെ പള്ളിപ്പുറത്തു പോർച്ചുഗീസുകാരും തദ്ദേശീയരും താമ സമായി. അവർക്ക് ആരാധന ചെയ്യാനാണ് മാതാവിന്റെ നാമത്തിൽ 1507 ൽ ആദ്യത്തെ പള്ളി സ്ഥാപിച്ചത്. അങ്ങനെ പള്ളിയില്ലാ പള്ളിപ്പുറം പള്ളിയുള്ള പള്ളിപ്പുറമായി.’’

1931 ലാണ് ഇപ്പോൾ കാണുന്ന ഗോഥിക് ശൈലിയിൽ ദേവാലയം പുതുക്കി നിർമിച്ചത്. അൾത്താരയിൽ ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ ഇരുവശത്തുമായി വിശുദ്ധരായ ഇഗ്നേഷ്യസ് ലയോളയും ഫ്രാൻസിസ് സേവ്യറും നിൽക്കുന്ന ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നു. പള്ളി പണിഞ്ഞ കാലത്ത് പോർച്ചുഗലിൽ നിന്നു കൊണ്ടുവന്നു സ്ഥാപിച്ചതാണിത്. ഫാ. ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ ആ ണ് ഇപ്പോഴത്തെ ബസിലിക്ക റെക്ടർ.ഡ‍ച്ചുകാർ പണിയി ച്ച ആദ്യ പള്ളി നവീകരിച്ചത് ഫാ. ബെഞ്ചമിനാണ്.

ദൈവമാതാ മഞ്ഞുമാതാവായ കഥ

ആദ്യകാലത്ത് മാതാവിന്റെ പള്ളി വിളിക്കപ്പെട്ടിരുന്നത് അ ഴിക്കോട്ടപ്പള്ളിയെന്നും വൈപ്പിക്കോട്ട പള്ളിയെന്നുമായിരുന്നു. അതു പിന്നീട് മഞ്ഞു മാതാവിന്റെ പള്ളിയെന്ന് അറിയപ്പെട്ടതിനു പിന്നിൽ ഈ പ്രദേശത്തുകാർ തലമുറകളായി വിശ്വസിക്കുന്ന ഐതീഹ്യമുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ അഴിമുഖത്തിന് അപ്പുറത്തു പടയോട്ടം നടത്തിയ മൈസൂർപ്പട പള്ളിപ്പുറം ആക്രമിച്ചു കീഴ്പ്പെടുത്താനും പള്ളി തകർക്കാനും പദ്ധതിയിട്ടു. അവർ പള്ളിയെ ചുറ്റിയൊഴുകുന്ന പുഴയ്ക്കക്കരെ ത മ്പടിച്ചു പീരങ്കിക്കുഴലുകൾ പള്ളിക്കു നേരെ ലക്ഷ്യമാക്കി ഒരുക്കി. വിശ്വാസികൾ ഒന്നടങ്കം പള്ളിയിൽ ഒത്തുകൂടി. ‘ദേവാലയത്തെയും ഞങ്ങളെയും രക്ഷിക്കാൻ മറ്റാരുമില്ല. മാതാവേ നീ തുണയ്ക്കേണമേ...’ എന്ന് നൊന്തു പ്രാർഥിച്ചു.

manjummal-church

മാതാവിന്റെ അദ്ഭുത പ്രവൃത്തിയാൽ ഉടൻ പള്ളിയും പരിസര പ്രദേശങ്ങളും കോടമഞ്ഞു കൊണ്ടു നിറഞ്ഞു. പീരങ്കിയുതിർക്കാൻ ലക്ഷ്യം കാണാതെ മൈസൂർപ്പട പിന്തിരിഞ്ഞു. ആപത്തിൽ മഞ്ഞുപുതപ്പു കൊണ്ടു മൂടി ദേവാലയത്തെയും വിശ്വാസികളെയും കാത്ത മാതാവിനെ പിന്നീടവർ ഭക്ത്യാദരപൂർവം മഞ്ഞുമാതാവ് എന്നു വിളിച്ചു.

കടലിനോടടുത്ത പ്രദേശവും മത്സ്യത്തൊഴിലാളികൾ കൂടുതലായി പാർക്കുന്ന ഇടവുമായ പള്ളിപ്പുറം വാസികൾക്ക് ഏതു കാറ്റിലും കോളിലും തിരയിലും ചുഴിയിലും മാ താവ് രക്ഷിക്കും എന്ന വിശ്വാസം അചഞ്ചലമാണ്.

1974ൽ പള്ളിപ്പുറത്തു നിന്ന് കൊല്ലം വഴി മത്സ്യബന്ധനത്തിന് പുറപ്പെട്ട ലേഡി ഓഫ് സ്നോ എന്ന ബോട്ടും അതിലെ അഞ്ചു തൊഴിലാളികളും അറബിക്കടലിൽ അപ്രത്യക്ഷമായി. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും പലവട്ടം കടലിൽ തിരച്ചിൽ നടത്തി. കൊച്ചിയിൽ നിന്ന് നാവികസേനയുടെ കപ്പലും ഹെലികോപ്റ്ററുകളും ഇറങ്ങി. ബോട്ടിലെ തൊഴിലാളികളുടെ വീട്ടുകാർ മാതാവിനെ വിളിച്ചു കരഞ്ഞു പ്രാർഥിച്ചു. 19 ദിവസത്തെ തിരച്ചിലിനു ശേഷം പ്രത്യാശ നഷ്ടപ്പെട്ടു തിരച്ചിൽ അവസാനിപ്പിക്കുമ്പോൾ മാതാവ് തങ്ങളെ കൈവിട്ടല്ലോ എന്നോർത്ത് അഞ്ചു മ ത്സ്യത്തൊഴിലാളി കുടുംബങ്ങളും കണ്ണീരിലാണ്ടു. എങ്കിലും മാതാവിലുള്ള അവരുടെ ഭക്തിക്ക് ഒരു കോട്ടവും തട്ടിയില്ല.

പത്തൊൻപതാം ദിവസം തമിഴ്നാട്ടിലെ പാമ്പൻകടലിടുക്കിൽ ഉച്ച കഴിഞ്ഞ നേരത്ത് നിയന്ത്രിക്കാൻ ആളില്ലാതെ ഒരു ബോട്ട് അടിഞ്ഞു. ബോട്ടിലുണ്ടായിരുന്നവർ അബോധാവസ്ഥയിലായിരുന്നു. തമിഴ് സഹോദരങ്ങളും അന്നത്തെ തമിഴ്നാട് ആരോഗ്യമന്ത്രി ലൂർദമ്മാളും അവർക്ക് മികച്ച ചികിത്സ നൽകി. ബോധം വന്ന അഞ്ചുപേരോട് അവർ ചോദിച്ചു, ‘നിങ്ങൾക്ക് എന്താണ് സംഭവിച്ചത് ?’

‘ആഴക്കടലിൽ വച്ച് യന്ത്രം നിലച്ച് ബോട്ട് ദിക്കറിയാതെ കടലിൽ ഒഴുകിനടന്നു. തൊഴിലാളികൾ സ്രാങ്കിന്റെ മുറിയിലെ മഞ്ഞമ്മയുടെ ചില്ലിട്ട ചിത്രത്തിനു മുന്നിൽ നിന്നു പ്രാർഥിച്ചു. പിന്നീടെപ്പോഴോ ബോധം നഷ്ടപ്പെട്ടു. മാതാവ് ഞങ്ങളെ കൈവിട്ടില്ല.’ അവർ ഒരേ സ്വരത്തിൽ പറഞ്ഞു.

ആവേശമുണർത്തും തിരുനാൾ

ഓരോ വർഷവും ജൂലൈ 30 നാണു മഞ്ഞുമാതാവിന്റെ കൊമ്പ്രിയാ തിരുനാൾ കൊടിയേറ്റം. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന തിരുനാളാഘോഷവും ഓഗസ്റ്റ് പതിനഞ്ചിന് നടക്കുന്ന എട്ടാമിടവും വരെയുള്ള ആരാധനയിൽ പങ്കുകൊള്ളാൻ ദേശാന്തരങ്ങളിൽ നിന്നുള്ളവർ വരെ എത്തുക പതിവാണെന്നു പറയുന്നു സിപ്പി പള്ളിപ്പുറം.

‘‘കാറ്റും മഴയും കൈകോർത്ത് നൃത്തം വയ്ക്കുന്ന കർക്കടക മാസമാണെങ്കിലും തിരുനാളാഘോഷത്തിനെത്തുന്നവരുടെ തിരക്കു കുറയാറില്ല. പെരുന്നാളിന് മുൻപായി പള്ളിമുറ്റവും പരിസരവും പലവക കച്ചവടക്കാരെക്കൊണ്ട് നിറയും. വഞ്ചി, വല, പങ്കായം, കളിമൺപാത്രങ്ങൾ, മരസാമാനങ്ങൾ, ഓട്ടുപാത്രങ്ങൾ, പായ, കുട്ട വട്ടി, മുറം തുടങ്ങി പെരുന്നാളിന് കിട്ടാത്ത ഒന്നും തന്നെയില്ല എന്നു പറയാം.

കുട്ടികളായ ഞങ്ങളെ പെരുന്നാൾ കാലത്ത് ഏറ്റവും ആകർഷിച്ചിരുന്നത് തമിഴകത്തെ പെണ്ണുങ്ങൾ കൊണ്ടുവരുന്ന പച്ചയും ചുവപ്പും മഞ്ഞയും മിഠായികളായിരുന്നു. പെരുന്നാൾ കാലത്തു വീട്ടിലെത്തുന്ന വിരുന്നുകാർ നേർച്ചയിടാൻ കുട്ടികളുടെ കൈകളിൽ പണം കൊടുക്കും. ആ കാശുകൊണ്ട് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കഴിക്കുകയാ ണ് ചെയ്യുക. എന്നിട്ട് ഇനിയും വിരുന്നുകാർ വരണേയെന്ന് മഞ്ഞുമാതാവിനോടു പ്രാർഥിക്കും.

സബർജലി എന്ന ഫലം ആദ്യമായി കാണുന്നത് പള്ളിപ്പെരുന്നാളിനായിരുന്നു. ബോട്ടുകളിലും വഞ്ചികളിലുമായി വന്നിറങ്ങുന്ന സബർജലികൾ പള്ളിമുറ്റത്തു കുന്നു കൂട്ടിയിട്ടിരിക്കും. കൈ സഞ്ചിയിൽ വാങ്ങി നിറച്ച സബർജലിയും തൂക്കി, പൊരി, വളയപ്പം, ഉഴുന്നാട, ചുക്കുണ്ട, ഹൽവ തുടങ്ങിയ പലഹാരങ്ങളൊക്കെ വാങ്ങി ഞങ്ങൾ പള്ളിമുറ്റത്ത് കറങ്ങി നടക്കും. അമിട്ടു പൊട്ടുമ്പോൾ ആകാശത്തു വിടരുന്ന വർണപ്പൂങ്കുലകൾ കണ്ട് അദ്ഭുതം കൂറും. അന്നൊക്കെ പള്ളിപ്പുറത്തേക്കു വരാനുള്ള മാർഗം ബോട്ട് സർവീസാണ്. പാലവും ബസും വന്നിട്ട് ഏറെ നാൾ ആയില്ല.

പെരുന്നാൾക്കാലത്തിന്റെ മട്ടും മാതിരിയും മാറിയെങ്കിലും കുട്ടികൾക്കും മുതിർന്നവർക്കും അതു നൽകുന്ന ആവേശത്തിനു കുറവില്ല. അതിനൊപ്പം ഭക്തിയാൽ പ്ര ചോദിതരായ ഓരോ വിശ്വാസിയുടെയും ഹൃദയം മന്ത്രിക്കും.

നന്മ നിറഞ്ഞ മറിയമേ... സ്വസ്തി

കർത്താവ് അങ്ങയോട് കൂടെ...

സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു...

(ലൂക്ക:1.28) ’’

തയാറാക്കിയത് : രാഖി റാസ്

ഫോട്ടോ: ഷാനിഷ് മുഹമ്മദ്