Saturday 06 January 2024 12:08 PM IST : By സ്വന്തം ലേഖകൻ

‘അപ്പാ മലയാളത്തിൽ ഒരു ബ്രേക്ക് എടുക്കൂ’: കണ്ണൻ നൽകിയ ഉപദേശം: എബ്രഹാം ഓസ്‍ലറിനു പിന്നിലെ സസ്പെൻസ്: ജയറാം പറയുന്നു

jayaram-ozler

എബ്രഹാം ഓസ്‍ലറിലൂടെ വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ജയറാം. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന സസ്പെൻസ് ത്രില്ലറിൽ കരുത്തുറ്റ കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ചിത്രം റിലീസിനൊരുങ്ങുമ്പോൾ തന്റെ സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസു തുറക്കുകയാണ് ജയറാം. മലയാളത്തിൽ എന്തുകൊണ്ട് ഒരു ബ്രേക്ക് എടുത്തു എന്നതിനുള്ള ഉത്തരം മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ജയറാം തുറന്നു പറഞ്ഞത്.

‘എന്തു തീരുമാനം എടുക്കുമ്പോഴും കുടുംബമാണ് എനിക്കു വലുത്. സിനിമയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ എന്റെ മോനാണു പറഞ്ഞത് ‘മലയാളത്തില്‍ അപ്പായ്ക്കു ബ്രേക്ക് എടുക്കാം. ആവർത്തനവിരസത മാറുമല്ലോ. തെലുങ്കില്‍ നിന്നൊക്കെ വരുന്ന പടങ്ങളും ചെയ്യാം. നായകനല്ല എന്നല്ലേയുള്ളൂ. മറ്റു വേഷങ്ങൾ ചെയ്യാനും കൂടുതൽ ഭാഷകളിലേക്കു പോകാനും പറ്റും. നല്ല സിനിമ വരുമ്പോൾ മലയാളത്തിലും ചെയ്യാം’ എന്ന്.

ഒന്നര വർഷം മുൻപു മിഥുൻ എന്റടുത്തു വന്നു കഥ പറഞ്ഞു. ടൈറ്റിൽ മാത്രമാണ് ആദ്യം പറഞ്ഞത്. അബ്രഹാം ഓസ്‌ലർ. ഇതൊരു ആക്‌ഷൻ സിനിമയാണോ എന്നാണ‌ു ഞാൻ മിഥുനോടു ചോദിച്ചത്. ആക്‌ഷനല്ല, ഇതൊരു ക്രൈം മെഡിക്കൽ ത്രില്ലറാണെന്നു കേട്ടപ്പോൾ രസം തോന്നി. വയനാട്ടിലുള്ള ഡോക്ടർ കൃഷ്ണയാണു കഥ എഴുതിയത്. കഥ മുഴുവൻ കേട്ടപ്പോൾ ഞാൻ മിഥുനോട് ചോദിച്ചു, ‘ഇതു ജയറാമിനു ചേരുന്ന ക്യാരക്ടറാണോ അതോ നിങ്ങൾ വേറെ ആരിലേക്കെങ്കിലും പോകുന്നതാണോ നല്ലത്’ എന്ന്. അത്രയും ഹെവി ആയ, നല്ല കഥാപാത്രമാണ്. ഞാൻ ചെയ്യുന്നില്ലെങ്കിൽ അവർ ഈ പടം തന്നെ വേണ്ടെന്നു വയ്ക്കും എന്നു കേട്ടപ്പോൾ സന്തോഷം തോന്നി.

ജീവിതത്തിൽ ഒരുപാടു പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ് ഈ കഥാപാത്രം. ആ രൂപവും നടത്തവും കഥാപാത്രത്തിന്റെ ഭൂതകാലവും കേട്ടപ്പോൾ വലിയ ആവേശമായി.– ജയറാം പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം