തലൈവരുടെ മാസ് ആൻഡ് ക്ലാസ് പ്രകടനത്തിന്റെ സൂചനകൾ നൽകി പേട്ടയുടെ ആദ്യ ടീസർ എത്തി. സൂപ്പർസ്റ്റാറിന്റെ പിറന്നാൾ ദിനത്തിലാണ് ആരാധകർക്ക് ആഘോഷമാക്കാൻ അണിയറ പ്രവർത്തകർ ടീസർ പുറത്തു വിട്ടത്.
രജനീകാന്തും യുവ സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ പേട്ട കാത്തിരിക്കുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന പേട്ടയിൽ രജനിയുടെ വ്യത്യസ്ത ലുക്കുകൾ കാണാം. കാളി എന്ന കഥാപാത്രമാണ് താരത്തിന്. സൂപ്പർസ്റ്റാറിന്റെ അഭിനയ ജീവിതത്തിൽ വലിയ വഴിത്തിരിവ് സൃഷ്ടിച്ച ഒരു പഴയകാല ചിത്രത്തിന്റെ പേരും കാളി എന്നാണ്.
മക്കൾ സെൽവൻ വിജയ് സേതുപതി, ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി, താര സുന്ദരിമാരായ സിമ്രാൻ, തൃഷ, ശശികുമാർ, ബോബി സിംഹ, മാളവിക മോഹനൻ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഏതാനും ദിവസം മുൻപ് റിലീസ് ചെയ്തിരുന്നു. അനിരുദ്ധ രവിചന്ദറാണ് സംഗീത സംവിധായകൻ.
ജിഗര്‍തണ്ട, പിസ, ഇരൈവി, മെർക്കുറി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. പൊങ്കലിനാണ് ‘പേട്ട’ യുടെ റിലീസ്.