Tuesday 23 January 2024 10:08 AM IST : By സ്വന്തം ലേഖകൻ

‘ബക്കറ്റില്ല കോവണിയില്ല സൈക്കിളും ഇല്ല...സർവ്വം ഡിജിറ്റൽ പ്രോഗ്രാം’: രഘുനാഥ് പലേരിയുടെ കുറിപ്പ്

raghunath

താൻ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

‘ഇപ്പോൾ സിനിമാ പോസ്റ്റർ പതിക്കാൻ പശ വേണ്ട. പോസ്റ്റർ മാത്രം മതി. സിനിമകൾ ഇറങ്ങുന്നതിനു മുൻപ് വലുതും ചെറുതുമായ പോസ്റ്ററുകൾ മൈദപ്പശ തേച്ച് പതിക്കുന്നത് പലതവണ നോക്കി നിന്നിട്ടുണ്ട്. ബക്കറ്റിൽ നിന്നും വാരിയെടുത്ത് പശ പോസ്റ്ററിന്റെ പിറകിൽ കൈപ്പത്തി ബ്രഷ് ആക്കി അങ്ങോട്ടുമിങ്ങോട്ടും അതിവേഗം ഓടിച്ചു കൊണ്ടൊരു തേപ്പുണ്ട്. തേപ്പ് കഴിയുന്നതും, കൈപ്പത്തിയിലെ ശേഷിക്കുന്ന പശ, ബക്കറ്റിന്നഗ്രത്തിൽ തന്നെ തുടച്ച്, പോസ്റ്റർ തിരിച്ചിട്ട് പശ പോയ കൈപ്പത്തികൊണ്ട് ഒരു നാല് തടവു തടവലുണ്ട്. അതോടെ പോസ്റ്ററിലെ പ്രേംനസീർനും ജയഭാരതിക്കും സത്യനും ശാരദക്കുമെല്ലാം ഒരു തിളക്കം കിട്ടും. അവരുടെ മുഖകമലങ്ങൾക്ക് താഴെ പടത്തിന്റെ പേരുണ്ടാവും. സംവിധായക തിരക്കഥ സംഗീത ഛായാഗ്രഹണ പ്രതിഭകളുടെ പേരും ഉണ്ടാകും. ആ പേരുകൾ അധികമാരും ശ്രദ്ധിക്കാറില്ല. ശ്രദ്ധ മുഴുവൻ താരത്തിളക്കത്തിൽ ആയിരിക്കും. നോട്ടമെല്ലാം ആ കൺകോണുകളിലെ ദേവപ്രഭയിൽ ഉഴറി നിൽക്കും. പുതിയ സിനിമയിലെ കഥാപാത്ര താരങ്ങളെല്ലാം ഭംഗിയായി ഒട്ടി എന്ന് ഉറപ്പുവരുത്തി പോസ്റ്റർ പതിക്കുന്ന എൻജിനീയർ തന്റെ ബക്കറ്റും കോവണിയും എടുത്ത് അടുത്ത പതിക്കൽ കേന്ദ്രത്തിലേക്ക് പറക്കും. ചുമലിൽ കോവണിയും ബാലൻസ് ചെയ്തുള്ള ആ പറക്കലും അതിമനോഹരമായ ഒരു കാഴ്ചയാണ്. മുൻകാല സിനിമകളുടെ ഓരോ പിറവിയിലും അത്തരം വൈഡൂര്യ കാഴ്ചകൾ ധാരാളം ഉണ്ടായിരുന്നു. ഇപ്പോൾ സിനിമയുടെ തിയറ്റർ ജനനം എല്ലാം സിസേറിയൻ സ്റ്റൈലിൽ ആണ്.

ശ്രീ ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ സിനിമയുടെ ആദ്യ പോസ്റ്റർ ഞാനിവിടെ പശയില്ലാതെ പതിക്കുകയാണ്. ബക്കറ്റില്ല കോവണിയില്ല സൈക്കിളും ഇല്ല. സർവ്വം ഡിജിറ്റൽ പ്രോഗ്രാം. ഇതൊരു പിക്സൽ യുഗം. സിനിമ തീയേറ്ററിൽ പ്രസവിച്ചു വീഴുന്നതും, എനിക്കും ആദ്യം തന്നെ കാണണം.

ഇങ്ങിനെ ഒരു പോസ്റ്റർ പതിക്കാനുള്ള സമയഗണ്ഡത്തിലേക്ക് എന്നെ നിർബന്ധിച്ച് കൈപിടിച്ച് നടത്തിച്ചതിന് ഏങ്ങണ്ടിയൂരിലെ എന്റെ പ്രിയപ്പെട്ട ശ്രീ സുബ്രഹ്മണ്യനും ബിന്ദുവിനും കുഞ്ചുവിനും പ്രാണനിൽ പൊതിഞ്ഞ സ്നേഹം സമർപ്പിക്കുന്നു.

ജയ്, ഒരു കട്ടിൽ ഒരു മുറി’.– രഘുനാഥ് പലേരി കുറിച്ചു.

ഷാനവാസ് കെ ബാവക്കുട്ടിയാണ് ‘ഒരു കട്ടിൽ ഒരു മുറി’ ഒരുക്കുന്നത്. പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.