Thursday 01 February 2024 10:14 AM IST : By സ്വന്തം ലേഖകൻ

‘വാലിബനി’ലൂടെ വിനോദിന്റെ ഗംഭീര റീ എൻട്രി: ചർച്ചയായി യോദ്ധാവിന്റെ വേഷം

vinod-kozhikkod

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു വില്ലൻ വേഷങ്ങളിൽ തിളങ്ങിയിരുന്ന നടൻ വിനോദ് കോഴിക്കോട്.

നാടകത്തിലൂടെ സിനിമയിലെത്തിയ വിനോദിന്റെ ആദ്യ ചിത്രം ഐ.വി ശശി സംവിധാനം ചെയ്ത ‘അങ്ങാടിപ്പുറത്ത്’ ആണ്. പിന്നീട് നമ്പര്‍ 20 മദ്രാസ് മെയില്‍, ജോർജ്ജുട്ടി C/O ജോർജ്ജുട്ടി, അടിവേരുകള്‍, ഗോഡ്ഫാദര്‍, മഹായാനം തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും പിന്നീടു ദീർഘകാലം സിനിമയിൽ സജീവമായിരുന്നില്ല.

ഇപ്പോഴിതാ, മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ കഥാപാത്രത്തിലൂടെ വീണ്ടും ചർച്ചയാകുകയാണ് വിനോദിന്റെ പ്രകടനം. സിനിമയില്‍ മോഹന്‍ലാല്‍ പോരിനെത്തുന്ന മാങ്ങോട്ട് കളരിക്ക് മുന്നിലെ മരച്ചുവട്ടില്‍ മരക്കട്ടിലില്‍ തളര്‍ന്നുകിടക്കുന്ന കഥാപാത്രമാണ് വിനോദിന്റേത്. കടുത്ത ചതിയിലൂടെ തോറ്റുപോയ പഴയ യോദ്ധാവിന്റെ ദൈന്യത വിനോദ് അതിഗംഭീരമായി പകര്‍ന്നാടുന്നു.

സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് ഈ കഥാപാത്രം വിനോദാണ് അവതരിപ്പിച്ചതെന്ന് പ്രേക്ഷകർ മനസ്സിലാക്കിയത്.

മുന്‍പ് എല്‍.ജെ.പി ഒരുക്കിയ ആമേൻ എന്ന സിനിമയിൽ വിക്രമന്‍ എന്ന വേഷത്തിലും ജെല്ലിക്കെട്ടില്‍ നക്സല്‍ പ്രഭാകരനായും വിനോദ് എത്തിയിരുന്നു.