Thursday 01 February 2024 12:50 PM IST

‘എങ്കിലും ഈ വേഷം കാണാൻ കാത്തു നിൽക്കാതെ അവൾ പോയല്ലോ...’ സന്തോഷത്തിലും മനസ്സുലയ്ക്കുന്ന വേദന: വിനോദ് കോഴിക്കോട് സംസാരിക്കുന്നു

V.G. Nakul

Sub- Editor

vinod-kozhikkod-1

ചിലരുണ്ട്, സിനിമയെന്ന ആകാശത്ത് മിന്നിത്തിളങ്ങി നിന്ന്, പെട്ടെന്നൊരു നാൾ പിന്നിലേക്ക് മാറിപ്പോകും. അവരിലേറെയും അഭിനേതാക്കളാണ്. അങ്ങനെയൊരാളെ മലയാളി പ്രേക്ഷകർ അറിയും. നമ്മളോരോരുത്തരും മടുപ്പേതുമില്ലാതെ ഇപ്പോഴും കാണുന്ന ചില ജനപ്രിയ സിനിമകളില്‍ വില്ലൻ കഥാപാത്രങ്ങളായി വന്ന് കയ്യടികളേറെ നേടിയ ഒരു നടൻ – വിനോദ് കോഴിക്കോട്!

പേര് പറഞ്ഞാൽ പെട്ടെന്ന് ആളെ പിടികിട്ടാത്തവർക്കും, ഗോഡ് ഫാദറിലെ കടപ്പുറം ദാക്ഷായണിയുടെ ചട്ടമ്പിയായ ആങ്ങളെയും, ജോർജ് കുട്ടി കെയർ ഓഫ് ജോർജ് കുട്ടിയിലെ തിലകന്റെ ബോഡി ഗാർഡിനെയും മഹായാനത്തിലെ നാടൻ റൗഡിയെയും മറക്കാനാകില്ല. ആ വേഷങ്ങളെല്ലാം, അതാതിന്റെ പൂർണതയിൽ കാണികളനുഭവിച്ചത് വിനോദിന്റെ മികച്ച പ്രകടനത്താലാണ്. വർഷങ്ങൾക്കിപ്പുറം വിനോദിന്റെ മറ്റൊരു വേഷം വീണ്ടും തിയറ്ററിൽ ആരവമുയർത്തുന്നു – മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ യോദ്ധാവ്! സിനിമയില്‍ മോഹന്‍ലാല്‍ പോരിനെത്തുന്ന മാങ്ങോട്ട് കളരിക്ക് മുന്നിലെ മരച്ചുവട്ടില്‍ മരക്കട്ടിലില്‍ തളര്‍ന്നുകിടക്കുന്ന കഥാപാത്രമാണ് വിനോദിന്റേത്. കടുത്ത ചതിയിലൂടെ തോറ്റുപോയ പഴയ യോദ്ധാവിന്റെ ദൈന്യത വിനോദ് അതിഗംഭീരമായി പകര്‍ന്നാടുന്നു.

vinod-4

സിനിമ ജീവിതത്തിന്റെ നാൽപ്പതാം വർഷത്തിൽ, ഇത്തരമൊരു മികച്ച വേഷം കിട്ടിയതിന്റെ അതിയായ സന്തോഷത്തോടൊപ്പം മറക്കാനാകാത്ത ഒരു വേദനയും വിനോദിന്റെ മനസ്സിലുറയുന്നു, അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത കായിക താരവുമായിരുന്ന കെ.വി ആനന്ദവല്ലിയുടെ മരണം അടുത്തിടെയായിരുന്നു. നാല് മാസം മുമ്പ് വിനോദിനെയും മക്കളെയും തനിച്ചാക്കി ആ വിളക്കണഞ്ഞു.

‘എന്റെ കലാജീവിതത്തിന്റെ വലിയ പിന്തുണയായിരുന്നു. പെട്ടെന്നുള്ള ആ വിയോഗം എനിക്കിപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല. ഇങ്ങനെയൊരു ഗംഭീര വേഷം കിട്ടിയപ്പോൾ, അതു കാണാൻ അവളില്ലല്ലോ എന്ന വേദന എന്നും ബാക്കിയാണ്. അവളായിരുന്നു എന്റെ ധൈര്യം’.– പ്രിയപ്പെട്ടവളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വരമിടറി. വാക്കുകളിൽ സങ്കടത്തിന്റെ നനവു പടർന്നു.

അർജുൻ വി കുമാർ, അലീന വി കുമാർ എന്നിവരാണ് മക്കൾ. അർജുൻ ബാംഗ്ലൂരിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നു. അലീന ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയാണ്.

കോഴിക്കോട് കോവൂർ സ്വദേശിയാണ് വിനോദ്. പഠനകാലത്ത് നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആ ബന്ധങ്ങളാണ് സംവിധായകൻ ഐ.വി ശശിയെ പരിചയപ്പെടാൻ ഇടയാക്കിയതും അദ്ദേഹത്തിന്റെ ‘അങ്ങാടിക്കപ്പുറത്ത്’ എന്ന സിനിമയിൽ ഒരു മികച്ച വേഷം നേടിക്കൊടുത്തതും. ആ റോൾ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ വന്നു. മിക്കതും വില്ലൻ വേഷങ്ങളായിരുന്നു. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് വിനോദ് ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

vinod-3

‘‘സിനിമയിൽ അങ്ങനെയാണല്ലോ. ഒരു റോളിൽ ഒരാൾ തിളങ്ങിയാൽ അത്തരം വേഷങ്ങൾ കൂടുതൽ വരും. എന്നെ സംബന്ധിച്ചും അതിനു മാറ്റമുണ്ടായില്ല.

അപ്പോഴും ഐ.വി ശശി, ഹരിഹരൻ, ജോഷി, ലോഹിതദാസ്, ടി.ദാമോദരൻ, സിദ്ദിഖ്–ലാൽ തുടങ്ങി ലിജോ ജോസ് പെല്ലിശ്ശേരി വരെയുള്ള ലെജൻ‌ഡ്സിനൊപ്പം മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി’’.

എന്നാൽ എൺപതുകൾക്കും തൊണ്ണൂറുകളുടെ തുടക്കകാലത്തിനും ശേഷം സിനിമയിൽ വിനോദ് അത്ര സജീവമായില്ല. പൂർണമായും സിനിമ വിട്ടു എന്നു പറയാനാകില്ലെങ്കിലും, ശ്രദ്ധേയമായ ഒരു സാന്നിധ്യമുണ്ടായില്ലെന്നതാണ് സത്യം.

‘‘ഞാനായിട്ടൊരു ഇടവേള എടുത്തതാണ്. കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യങ്ങൾ ശ്രദ്ധിക്കാനായിരുന്നു അത്. വീട്ടിലെ കാര്യങ്ങൾ, കുട്ടികളുടെ പഠനം എന്നിങ്ങനെ വ്യക്തി ജീവിതത്തില്‍ കൂടുതൽ സമയം ആവശ്യമായപ്പോൾ, സിനിമയ്ക്കു വേണ്ടിയുള്ള ദീർഘമായ മാറി നിൽക്കലുകൾ ബുദ്ധിമുട്ടായി. ഞാൻ സിനിമയ്ക്ക് പിന്നാലെ നടന്നാൽ എന്റെ മക്കളുടെ ഭാവി നഷ്ടപ്പെട്ടാലോ എന്ന ആശങ്കയുണ്ടായിരുന്നു.

vinod-2

പിന്നീട് സാഹചര്യങ്ങൾക്കനുസരിച്ചുള്ള ഓഫറുകള്‍ മാത്രമാണ് സ്വീകരിച്ചത്. സിനിമയിലെത്തുന്ന കാലത്തേ എനിക്ക് ജോലിയുണ്ട്. മെഡിക്കൽ റെപ്പായി പ്രവർത്തിക്കുകയായിരുന്നു. ജോലി വിട്ടിരുന്നില്ല. പിന്നീട് കമ്പനിയുടെ ജില്ല മാനേജരായി. ജോലി, കുടുംബം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്തപ്പോൾ സിനിമയിൽ അൽപ്പം പിന്നിലേക്കു മാറി’’.– വിനോദ് പറയുന്നു.

1982 ൽ ആദ്യ സിനിമ ‘അങ്ങാടിക്കപ്പുറത്ത്’. പിന്നീട് നമ്പര്‍ 20 മദ്രാസ് മെയില്‍, ജോർജ്ജുട്ടി C/O ജോർജ്ജുട്ടി, അടിവേരുകള്‍, ഗോഡ്ഫാദര്‍, മഹായാനം, വാർത്ത തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി ടീമിൽ എത്തുന്നത് ‘ആമേൻ’ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ വിക്രമന്‍ എന്ന കാരിക്കേച്ചർ സ്വഭാവമുള്ള ഗുണ്ടയുടെ വേഷം കയ്യടി നേടിക്കൊടുത്തു. തുടർന്ന്, ലിജോയുടെ ‘ജെല്ലിക്കെട്ട്’ല്‍ നക്സല്‍ പ്രഭാകരനായും എത്തി.

‘‘എറണാകുളത്ത് ഒരു സിനിമയുടെ വർക്ക് കഴിഞ്ഞ് ഞാൻ പോകാൻ നിൽക്കുമ്പോൾ അതിന്റെ പ്രോഡക്ഷൻ കൺട്രോളർ പറഞ്ഞു, ‘രണ്ട് ദിവസം കൂടി ഇവിടെ നിന്നാല്‍ നല്ലൊരു വേഷം ചെയ്തിട്ട് പോകാം’ എന്ന്. അദ്ദേഹമായിരുന്നു ‘ആമേൻ’ന്റെയും പ്രൊഡക്ഷൻ കൺട്രോളർ. അങ്ങനെയാണ് ആ റോൾ കിട്ടിയത്. പിന്നീട് ‘ജെല്ലിക്കെട്ട്’ലേക്കും വിളിച്ചു. ആ പരിചയമാണ് ഇപ്പോൾ ‘വാലിബനി’ലെത്തി നിൽക്കുന്നത്. അഭിനയിക്കുന്ന സമയത്തല്ല, ഡബ്ബിങ്ങിലാണ് ഈ ക്യാരക്ടറിൽ എന്തോ ഒരു സാധനം കിടക്കുന്നുണ്ടല്ലോ എന്നു തോന്നിയത്. ശ്രദ്ധിക്കപ്പെട്ടതിൽ വലിയ സന്തോഷം. പടത്തിനും നല്ല അഭിപ്രായങ്ങൾ കിട്ടുന്നു’’.

ഇത്രകാലം അഭിനയിച്ച ഓരോ റോളുകളും വിനോദിന് പ്രിയപ്പെട്ടതാണ്. ഒന്നു നല്ലത്, മറ്റൊന്ന് മോശം എന്നു പറയാനാകില്ല.

vinod-kozhikkod

‘‘സിനിമയിൽ അടുത്ത സുഹൃത്ത് എന്നൊന്നും ഒരാളെക്കുറിച്ചും പറയാനില്ല. മിക്കവരും പരിചയക്കാർ, സ്നേഹമുള്ളവർ. സിനിമയിൽ, ഞാൻ പൊതുവേ ജോലി തീർന്നാൽ എത്രയും വേഗം വീട്ടിലെത്തുക എന്ന രീതിക്കാരനായിരുന്നു. സൗഹൃദ വേദികളിലൊന്നും അധികം ഉണ്ടായിരുന്നില്ല. പക്ഷേ, മമ്മൂട്ടിയും മോഹൻലാലും ജയറാമും സുരേഷ് ഗോപിയുമുൾപ്പടെ അക്കാലം തൊട്ടേയുള്ള മിക്കവരുമായി ഊഷ്മളമായ ബന്ധമാണ്. അവരൊക്കെ വലിയ സ്നേഹത്തോടെയാണ് ഇപ്പോഴും ഇടപഴകുക. ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ്ങുകൾക്ക് കൃത്യമായി പങ്കെടുക്കുന്നതിനാൽ എല്ലാവരെയും മിക്കപ്പോഴും കാണാറുമുണ്ട്’’.

എന്തായാലും പ്രതിഭകൾ മികച്ച അവസരങ്ങളിലൂടെ മടങ്ങി വരുകയാണ്, കയ്യടികളോടെ വിനോദ് കോഴിക്കോടിന്റെ റീ എൻട്രിയും മലയാളികൾ ആഘോഷമാക്കുന്നു...