Monday 29 April 2024 10:54 AM IST : By സ്വന്തം ലേഖകൻ

‘ശ്രീനിയേട്ടന്റെ സംവിധാനത്തിൽ ഒരു നാടകം, അതിലെ നായിക ഞാൻ’: ഓർമകൾ പങ്കുവച്ച് ഭാഗ്യലക്ഷ്മി

bhagyalakshmi

മലയാള സിനിമയുടെ സകലകലാവല്ലഭനായ ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് ഓർമകളുണർത്തുന്ന ഒരു കുറിപ്പുമായി ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

‘വർഷങ്ങൾക്ക് ശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടപ്പോൾ...പഴയ മദിരാശി ഓർമകളായിരുന്നു ഞങ്ങൾ സംസാരിച്ചത് മുഴുവൻ. 1976 ൽ മണിമുഴക്കം ഡബ്ബിങ് സമയത്താണ് ശ്രീനിയേട്ടനെ പരിചയപ്പെടുന്നത്. ശ്രീനിയേട്ടൻ സിനിമയിൽ അവസരം അന്വേഷിച്ചു നടക്കുന്ന കാലം. ഞാൻ ഡബ്ബിങ്ങിനും. പിന്നീട് 1982 ലോ 83 ലോ ഒരു ഓണക്കാലത്തു മദ്രാസ് മലയാളി അസോസിയേഷനു വേണ്ടി ശ്രീനിയേട്ടന്റെ സംവിധാനത്തിൽ ഒരു നാടകം. അതിലെ നായിക ഞാൻ.
കുറേ റിഹേഴ്സൽ ഒക്കെ നടത്തി. പക്ഷെ നാടക ദിവസം രാവിലെ ശ്രീനിയേട്ടൻ വീട്ടിൽ വന്നു പറഞ്ഞു നാടകം നടക്കില്ല. ഞാൻ നാട്ടിൽ പോണു. ഒരൊറ്റ പോക്ക്. അതെന്താണെന്ന് ഇന്നും ഞങ്ങൾ പരസ്പരം ചോദിച്ചു. ആ... മധുരമുള്ള ഓർമ്മകൾ ചേച്ചിയോട് പറഞ്ഞു കുറേ ചിരിച്ചു. എപ്പോഴും കാണാറും വിളിക്കാറും ഒന്നുമില്ലെങ്കിലും അതേ സൗഹൃദവും സ്നേഹവും ഇന്നും ഞങ്ങൾ തമ്മിലുണ്ട്.

ചിന്താവിഷ്ടയായ ശ്യാമളയും വടക്കുനോക്കി യന്ത്രവും ഞാനാണ് ‍‍ഡബ്ബ് ചെയ്തതെന്ന് ഇന്നാണ് അറിയുന്നത് എന്ന് ചേച്ചി പറഞ്ഞപ്പോ ഞാൻ അത്ഭുതത്തോടെ ശ്രീനിയേട്ടനെ നോക്കി. അപ്പോഴും ശ്രീനിയേട്ടൻ ഉറക്കെ ചിരിച്ചു’.– ഭാഗ്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.