Monday 19 August 2019 06:37 PM IST : By സ്വന്തം ലേഖകൻ

600 രൂപയുടെ സാരി ധരിച്ച് കങ്കണ! ആഡംബരത്തിൽ കുളിക്കുന്ന താരങ്ങൾക്ക് മാതൃകയെന്ന് സോഷ്യൽമീഡിയ

kangana

താരങ്ങളുടെ ഫാഷൻ, സ്റ്റൈൽ എന്നിവയിലൊക്കെ കണ്ണുവയ്ക്കുന്നവരാണ് ആരാധകർ. അവർ ഉപയോഗിക്കുന്ന സാരി, ചെരുപ്പ്, ആഭരണങ്ങൾ എന്നിവയുടെ വില കേട്ട് ഞെട്ടിത്തരിക്കുന്നവരും കുറവല്ല. ആഡംബരത്തിൽ കുളിക്കുന്ന താരങ്ങളുടെ കാലത്ത് വേറിട്ട ഫാഷനുമായി ഇതാ ഒരാൾ. ബി ടൗണിന്റെ പ്രിയനായിക കങ്കണ റണൗട്ടാണ് ഒരു സാരിയുടെ പേരിൽ മറ്റു താരങ്ങൾക്കും ആരാധകർക്കും മാതൃകയായിരിക്കുന്നത്.

600 രൂപയുടെ സാരി ധരിച്ചാണ് താരം അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ എത്തിയത്. പീച്ച് നിറത്തിലുള്ള കൊൽക്കത്ത കോട്ടൺ സാരിയാണ് ധരിച്ചത്. കങ്കണയുടെ സഹോദരി രംഗോളിയാണ് ഇക്കാര്യം ട്വീറ്റു ചെയ്തത്.

ജയ്പുരിലേക്കുള്ള യാത്രയിൽ കൊൽക്കത്തയിൽ നിന്നു വാങ്ങിയ 600 രൂപയുടെ സാരിയാണ് കങ്കണ ധരിച്ചത്. ഇത്രയും നല്ല സാരി 600 രൂപയ്ക്കു കിട്ടുമെന്നത് അവൾക്ക് അദ്ഭുതമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടു ജോലി ചെയ്തിട്ടും വളരെ കുറവു രൂപയാണ് പലരും സമ്പാദിക്കുന്നത് എന്നത് വളരെ വേദനാജനകമായ കാര്യമാണ്’’– രംഗോലി ട്വീറ്റ് ചെയ്തു.

ട്വീറ്റിനു പിന്നാലെ കങ്കണയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. താരങ്ങൾ കങ്കണയെ മാതൃകയായി സ്വീകരിച്ചാൽ അതൊരു മികച്ച തുടക്കമാകുമെന്നാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം.

Tags:
  • Celebrity Fashion