Wednesday 17 January 2024 03:40 PM IST : By സ്വന്തം ലേഖകൻ

ഉപ്പ്, എരിവ്, പുളി തുടങ്ങിയവ ഭക്ഷണത്തിൽ അമിതമാകരുത്; അർശസ്സ് അഥവാ പൈൽസ് വരാതെ നോക്കാം

piles-health

ആധുനിക ജീവിതരീതികൾ കൊണ്ട് പിടിപെടുന്ന രോഗങ്ങളിലൊന്നാണ് അർശസ്സ് അഥവാ പൈൽസ്. രോഗം വരാതെ നിയന്ത്രിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

∙ ഉപ്പ്, എരിവ്, പുളി തുടങ്ങിയവ ഭക്ഷണത്തിൽ അമിതമായി ഉൾപ്പടുത്തരുത്. ഇവയുടെ സ്ഥിരമായ അമിത ഉപയോഗം അർശസ്സ് വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

∙ കോഴിമുട്ട, കോഴിയിറച്ചി, ഗോമാംസം തുടങ്ങിയവ ഉപേക്ഷിക്കുന്നതോ നിയന്ത്രിക്കുന്നതോ നന്നായിരിക്കും.

∙ താറാവിന്റെ മുട്ട, താറാവിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ദോഷം ചെയ്യില്ല.

∙ മീനുകളിൽ ചെമ്മീൻ, അയല, കൂരി തുടങ്ങിയവ വർജിക്കുവാൻ ശ്രദ്ധിക്കുക.

∙ ചാള (മത്തി), വരാൽ, കാരി, സ്രാവ്, തെരണ്ടി തുടങ്ങിയ മീനുകൾ ദോഷം ചെയ്യില്ല.

∙ സസ്യവർഗ്ഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പീച്ചിങ്ങ, ചീര, വെണ്ടയ്ക്ക, വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയവ ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.

∙ പാലോ, നെയ്യോ നിത്യേന ഭക്ഷണത്തിന്റെ ഭാഗമാക്കി ഒരു നേരമെങ്കിലും ഉപയോഗിക്കുക. മോര് സ്ഥിരമായി കുടിയ്ക്കുന്നത് ഫലം നൽകും.

∙ പഴവർഗ്ഗങ്ങൾ നിത്യഭക്ഷണത്തിന്റെ ഭാഗമായി രാത്രി ഒരു നേരമെങ്കിലും ശീലമാക്കുക. വാഴപ്പഴങ്ങൾ, ഓറഞ്ച്, മുന്തിരിങ്ങ തുടങ്ങിയവയും ഗുണകരമാണ്.

‍‌∙ സ്ഥിരമായി മലബന്ധമുണ്ടാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ രാത്രികാലങ്ങളിൽ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കുകയും മാംസാഹാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.

∙ വെള്ളം ധാരാളം കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് നന്നായിരിക്കും.

നമ്മുടെ നിത്യേനയുള്ള ജീവിതരീതികളും മാനസികാവസ്ഥയുമൊക്കെ ഈ രോഗത്തെ വിളിച്ചു വരുത്തുന്ന മറ്റു ഘടകങ്ങളാണ്.

∙ അത്യധ്വാനവും അധ്വാനമില്ലായ്മയും പൈൽസ് രോഗത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കും. അത്യധ്വാനം മുലമുണ്ടാകുന്ന ഉഷ്ണാവസ്ഥയും അധ്വാനമില്ലായ്മ മൂലമുണ്ടാകുന്ന നിശ്ചലാവസ്ഥയും രോഗത്തെ ക്ഷണിച്ചു വരുത്തും.

∙ മണിക്കൂറുകളോളം അനങ്ങാതെ നിവർന്നിരുന്ന് ജോലി ചെയ്യുന്നവരിൽ പൈൽസിനുള്ള സാധ്യതകൾ കൂടുതലാണ്. ഇങ്ങനെയുള്ള ജോലികൾ സ്ഥിരമായി ചെയ്യുന്നവർ ഇടയ്ക്കൊക്കെ എണീറ്റ് നിൽക്കുന്നതും അൽപമൊന്ന് നടന്നശേഷം ഇരിക്കുന്നതും പൈൽസിനെ തടുത്തു നിർത്തുവാൻ സഹായിക്കും.

∙ ഉൽക്കണ്ഠ, കോപം, മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവയും അർശസ്സിന് പ്രേരകമായ ഘടകങ്ങളാണ്.

പാരമ്പര്യം അർശസ്സിന്റെ ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നു എങ്കിലും ഭക്ഷണരീതികളും ജീവിതരീതികളും രോഗത്തിന്റെ കാരണങ്ങളാണ്. ചിട്ടയായ ഭക്ഷണക്രമവും ജീവിതരീതിയിൽ സ്വീകരിക്കുന്ന മുൻകരുതലുകളും ഒരു പരിധി വരെ രോഗം വരാതിരിക്കാൻ സഹായിക്കും.

Tags:
  • Health Tips
  • Glam Up