Wednesday 29 March 2023 05:52 PM IST

കേരളത്തിലെ ‘ബംഗാളി തൊഴിലാളി’, അസമിൽ ഇന്ന് പൊറോട്ട മുതലാളി...; കേരളത്തിനു നന്ദി പറഞ്ഞ് ഭായി ദിഗന്ത ദാസ്

Easwaran Namboothiri H

Sub Editor, Manorama Traveller

digantha-das-porotta-cover ദിഗന്ത ദാസ്, ഡെയിലി ഫ്രഷ് കേരള പൊറോട്ട

പേര് ദിഗന്ത ദാസ്. സ്വദേശം അസമിലെ ബിശ്വനാഥ് ജില്ല. ഈ യുവസംരംഭകന്റെ ജീവിതത്തിനും ബിസിനസ്സിനും കേരളവുമായി വലിയ ബന്ധമുണ്ട്. ദക്ഷിണേന്ത്യയിലെ ‘ബംഗാളി തൊഴിലാളി’യിൽ നിന്നു രണ്ടു യൂണിറ്റുകളുള്ള ഫൂഡ് വ്യവസായി എന്ന വളർച്ചയുടെ നാൾവഴികളിലാണ് അതു തെളിയുന്നത്.

2011 ൽ കേരളത്തിലെ തൊഴിൽ സാധ്യതകളെപ്പറ്റി സുഹൃത്ത് ഖാലിദ് പറഞ്ഞു കേട്ടതനുസരിച്ചാണ് അസമിൽ നിന്ന് ദിഗന്ത ദാസ് തെക്കേ ഇന്ത്യയിലേക്ക് ട്രെയിൻ കയറിയത്. കൂട്ടുകാരന്റെ സഹായത്തിലൂടെ തന്നെ ആലുവയില്‍ പ്ലൈവുഡ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. താമസിയാതെ തൃശൂരിലെ ഒരു ഹോട്ടലിലേക്കു മാറി. ഒന്നര വർഷം കേരളത്തിൽ, പിന്നീട് ബെംഗളൂരുവിൽ പായ്ക്കേജ്ഡ് ഫൂഡ് മേഖലയിലും തുടർന്ന് വയനാട്ടിലും തൊഴിലെടുത്തു. അതിനുശേഷം ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക്. അവിടെയും ഹോട്ടൽ മേഖല തന്നെയായിരുന്നു കർമമേഖല.

കോവിഡ് മാറ്റിമറിച്ച ജീവിതം

digantha-das-porotta-company ദിഗന്ത ദാസ്

ലോകമെങ്ങും ഒട്ടേറെ ആളുകളുടെ ജീവിതത്തിൽ വഴിത്തിരുവ് സൃഷ്ടിച്ച കോവിഡ് കാലത്തിന്റെ വരവ് വിജയവാഡയിൽ വച്ചായിരുന്നു. പലരും മറക്കാനാഗ്രഹിക്കുന്ന ആ കാലം ദിഗന്ത ദാസിന്റെ ജീവിതത്തിൽ എന്നെന്നും ഓർമിക്കത്തക്കതായി മാറി. ലോക്ഡൗൺ കാലഘട്ടം ആന്ധ്രയിൽ തന്നെ കഴിഞ്ഞു. നിയന്ത്രണങ്ങൾക്ക് ഇളവു വന്നപ്പോൾ നാട്ടിലേക്ക് മടങ്ങി. ഇനി എന്ത് എന്ന ചോദ്യം മനസ്സിലുയർന്നതിനൊപ്പം തന്നെ ഉത്തരവും തെളിഞ്ഞിരുന്നു... പൊറോട്ട.

കേരളത്തിൽ എത്തിയപ്പോൾ തന്നെ ദിഗന്ത ദാസിന്റെ രുചിമുകളങ്ങളെ ഏറെ കൊതിപ്പിച്ചതാണ് ‘കേരള സ്‌റ്റൈൽ പൊറോട്ട’. വടക്കു കിഴക്കൻ ഇന്ത്യക്കാർക്ക് വേറിട്ട രുചി അനുഭവമാണെങ്കിലും കേരളത്തിലെത്തിയവർ പലർക്കും പൊറോട്ട ഇഷ്ട ഭക്ഷണമായിട്ടുണ്ടെന്ന് തന്റെ അനുഭവത്തിൽനിന്നു തന്നെ തിരിച്ചറിഞ്ഞെന്ന് ദിഗന്ത ദാസ്. അതു തന്റെ നാട്ടിലും പരീക്ഷിക്കാൻ തീരുമാനിച്ചു. കേരളത്തിൽ നിന്നു തന്നെ പൊറോട്ടയുടെ ചേരുവയും പാചകവുമൊക്കെമനഃപ്പാഠമാക്കിയിരുന്നു. ബെംഗളൂരുവിലെ ഐഡി ഫൂഡ്സ് എന്ന സ്ഥാപനത്തിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണത്തിൽ പരിശീലനം നേടി, രുചികരമായ പൊറോട്ട വിളമ്പാൻ തയാറെടുത്തു. തീൻസുകിയയിൽ നിന്നുള്ള സുഹൃത്ത് സുരിയ താപ്പയുമൊത്ത് വിജയവാഡയിലായിരുന്നു ആദ്യ ശ്രമം.

അസമിലെ കേരള പൊറോട്ട

digantha-das-porotta-factory പൊറോട്ട യൂണിറ്റ്

അസമിലെ ബിശ്വനാഥ് ചരിയാലിയിലാണ് കേരള പൊറോട്ടയുടെ ആദ്യ യൂണിറ്റ് ആരംഭിച്ചത്. 80 ശതമാനവും തൊഴിലാളികളുടെ അധ്വാനത്തിലാണു പൊറോട്ട നിർമാണം. മൈദ മാവ് കുഴയ്ക്കാനും പൊറോട്ട പായ്ക്ക് ചെയ്യാനും മറ്റും യന്ത്ര സഹായം തേടുന്നു. ഡെയിലി ഫ്രഷ് ഫൂഡ്സ് എന്ന ബ്രാൻഡിൽ അസമിലെ ഗ്രാമങ്ങളിൽ അപരിചിതമായ പാക്കേജ്ഡ് ഫൂഡ് വളരെ പെട്ടന്നു തന്നെ ശ്രദ്ധ നേടി. ആവശ്യക്കാരുടെ എണ്ണവും കൂടി. അതോടെ ലഖിംപുരിൽ രണ്ടാമതൊരു യൂണിറ്റുകൂടി സ്ഥാപിച്ചു. സമാന മനസ്കരായ ഏതാനും ചെറുപ്പക്കാരെക്കൂടി ഉൾപ്പെടുത്തി ഏകദേശം 10 ലക്ഷം രൂപയോളം നിക്ഷേപിച്ചാണ് ദിഗന്ത ദാസ് തന്റെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്തുന്നത്.

60 രൂപയ്ക്ക 5പൊറോട്ടകളുള്ള ചെറിയ പാക്കറ്റ്, 100 രൂപയ്ക്ക് 10 പൊറോട്ടകളുള്ള ബൾക്ക് പാക്കറ്റ് എന്നിങ്ങനെ രണ്ട് വിധമാണ് വിൽപന. സെയിൽസ്മാൻമാർ വഴി പ്രാദേശിക മാർക്കറ്റുകളിലെ കടകളിൽ എത്തുമ്പോഴേക്ക് ആവശ്യക്കാർ ഒട്ടേറെ. ഓരോ യൂണിറ്റിലും പത്ത് പേർ ജോലിക്കുണ്ട്, സെയിൽസിന് വേറെ എട്ടു പേരും. ദിവസവും 700 ബൾക്ക് പാക്കറ്റുകളും 1400 ചെറുപാക്കറ്റുകളും വിപണിയിലെത്തിക്കുന്നുണ്ട് ഇപ്പോൾ. കേരളത്തിൽ നിന്ന് അസമിൽ തിരിച്ചെത്തിയവരും അല്ലാത്തവരുമായി ഒട്ടേറെ നാട്ടുകാർ ഇപ്പോൾ പൊറോട്ടയുടെ ആരാധകരാണ് അവിടെ.

digantha-das-porotta-product

തൊഴിലാളിയിൽ നിന്നു മുതലാളിയിലേക്കെത്തുമ്പോൾ എന്തു തോന്നുന്നു? ദിഗന്ത ദാസ് വിനയാന്വിതനായി, ‘‘എല്ലാം നല്ലവരായ ആളുകളുടെ ആശീർവാദം കൊണ്ട്, അതിൽ പ്രത്യേകിച്ച് കേരളീയരുടേത്. നിങ്ങളല്ലേ എനിക്കിതിന്റെ രുചിയും ചേരുവയും പകർന്നത്. അതിനു പ്രത്യേക നന്ദി.’’

2019 ൽ ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ–ബംഗ്ലദേശ് ബൈക്ക് പര്യടനത്തിനു പോയ എറണാകുളം സ്വദേശി ക്രിസ്റ്റി റോഡ്രിഗ്സ് പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ഒരു കാഴ്ച കണ്ടു. തെരുവോരത്ത് മധുരപലഹാരങ്ങളും പൂരിയും വിൽക്കുന്ന കടകൾക്കിടയിൽ, ഒരിടത്ത് നല്ല ‘മലയാളിത്തമുള്ള’ പുട്ട് ചൂടോടെ വിളമ്പുന്നു. കടലയും പപ്പടവും സഹിതമാണ് മുളങ്കുറ്റിയിൽ വേവിച്ചെടുക്കുന്ന പുട്ട് മുന്നിലെത്തിയത്. കടക്കാരൻ മുൻപ് കേരളത്തിൽ കുറച്ചു കാലം ഉണ്ടായിരുന്നത്രേ. കക്ഷി അന്ന് ഇവിടെ നിന്നു പഠിച്ച വിദ്യയാണ് ബംഗാളികൾക്കു വിളമ്പുന്നത്... പൊറോട്ടയുടെ സാധ്യതകൾ കണ്ടറിഞ്ഞ ദിഗന്ത ദാസിന്റെ പരീക്ഷണ മനസ്സിന്റെ വിജയമാണ് ഡെയിലി ഫ്രഷ് ഫൂഡ്സ്. പ്രവാസ ജീവിതത്തിൽ അല്ലലും അലട്ടലും തിരിച്ചടികളുമുണ്ടായിട്ടും തളരാതെ തന്റെ സ്വപ്നങ്ങളിലേക്ക് നടക്കാനുള്ള ദിഗന്ത ദാസിന്റെ പരിശ്രമങ്ങൾ ഒരു നല്ല മാതൃകയുമാണ്.