Thursday 14 March 2024 12:07 PM IST : By സ്വന്തം ലേഖകൻ

‘ചരിഞ്ഞതല്ല, ചാഞ്ഞതാ...’; എണ്ണപ്പന തോട്ടത്തിൽ അവശനിലയിൽ കിടന്നിരുന്ന ഏഴാറ്റുമുഖം ഗണപതി എഴുന്നേറ്റു! അകന്നുമാറി ആൾക്കൂട്ടം

elephant677000 ചിത്രം : ഉണ്ണി കോട്ടക്കൽ ∙ മനോരമ

ചരിഞ്ഞെന്നു കരുതി ആളുകൾ വട്ടംകൂടിയപ്പോൾ കാട്ടാന തലപൊക്കി. 2 ദിവസമായി ഏഴാറ്റുമുഖം പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ അവശനിലയിൽ കിടന്ന കൊമ്പനാണ് അടുത്ത് ആളനക്കം കേട്ട് ‍ഞെട്ടിയുണർന്നത്. പുലർച്ചെ വെട്ടം വീണതുമുതൽ ചരിഞ്ഞെന്നു കരുതി ആനയ്ക്കുചുറ്റും ജനം തടിച്ചുകൂടിയിരുന്നു. കൊമ്പൻ എഴുന്നേറ്റതോടെ അങ്കലാപ്പിലായ ആൾക്കൂട്ടം അപകടം മണത്ത് അകന്നുമാറി. ഏറെ നേരം ഒരിടത്തുതന്നെ മാറാതെ നിന്നിരുന്ന ആന രാവിലെ പത്തരയോടെ കാടുകയറിയതായി വനംവകുപ്പ് അറിയിച്ചു.

ദഹനപ്രക്രിയ തകരാറിലായതാണ് ആനയുടെ ആരോഗ്യസ്ഥിതി മോശമാകാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എണ്ണപ്പനയുടെ നാരടങ്ങിയ ഭക്ഷണം കൂടുതലായി അകത്തു ചെന്നാൽ ദഹിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്നും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുമെന്നും വനംവകുപ്പ് വെറ്ററിനറി ഡോ.ബിനോയ് കെ ബാബു അറിയിച്ചു. വെറ്റിലപ്പാറ ഫാക്ടറിക്കു സമീപം തിങ്കൾ രാവിലെയാണ് തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന ആളൊഴിഞ്ഞ ക്വാർട്ടേഴ്സിനു സമീപം അവശനിലയിൽ ആനയെത്തിയത്. അരൂർമുഴി അയ്യപ്പൻ, ഏഴാറ്റുമുഖം ഗണപതി, കട്ടപ്പ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആനയാണിത്. 

നടക്കാൻ ബുദ്ധിമുട്ടിയിരുന്ന കൊമ്പൻ മണിക്കൂറുകൾ ഒരിടത്തുതന്നെ മാറാതെ നിന്നിരുന്നു. കൊമ്പൻ അനക്കമറ്റ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് വനം വകുപ്പിന് വിവരം നൽകിയത്. ചൊവ്വാഴ്ച ഉച്ചയോടെ വെള്ളം കുടിക്കാൻ ഇറങ്ങിയ കൊമ്പൻ മണിക്കൂറുകൾ പുഴയിൽ നിന്നു. കരയ്ക്കു കയറിയ ആനയ്ക്ക് 50 മീറ്ററോളം നടന്നു നീങ്ങാൻ 3 മണിക്കൂർ വേണ്ടിവന്നതായി പറയുന്നു. പിന്നീട് റോഡിനു സമീപമുള്ള ചതുപ്പിലാണ് രാത്രിയാകുവോളം ആന തങ്ങിയത്. റോഡിൽ യാത്രക്കാർ ഉള്ളതിനാൽ രാത്രിയിൽ തന്നെ വനം വകുപ്പ് ആർആർടി വിഭാഗമെത്തി ആനയെ തോട്ടത്തിന്റെ ഉൾഭാഗത്തേക്ക് ആട്ടിയകറ്റി.

കഴിഞ്ഞ ദിവസങ്ങളിൽ തീർത്തും അവശനിലയിൽ കാണപ്പെട്ട കൊമ്പൻ ആളുകൾ അടുത്തു ചെന്നിട്ടും ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്നില്ല. ഇന്നലെ ആനയുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തെക്കാൾ മെച്ചപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. കാടുകയറിയ കൊമ്പനെ അരകിലോമീറ്റർ അകലെ വഞ്ചിക്കടവ് വനമേഖലയിൽ കണ്ടതായി വനം വകുപ്പ് അറിയിച്ചു. അതിരപ്പിള്ളി റേഞ്ച് ഓഫിസർ പി.എസ്.നിധിൻ, ആർആർടി വിഭാഗം ഉദ്യോഗസ്ഥൻ ജെ.ബി.സാബു എന്നിവർ നടപടികൾക്കു നേതൃത്വം നൽകി.

Tags:
  • Spotlight