Monday 12 February 2024 10:47 AM IST : By റിജോ ജോസഫ്

‘എനിക്കുള്ള സ്വത്തെല്ലാം പാവങ്ങൾക്കു കൊടുക്കണം’; മകളുടെ ഓർമയ്ക്കായി ‘ഹെബ്സിബ ഗാർഡൻ’, കരുണയുടെ പൂന്തോട്ടം ഒരുങ്ങുന്നു

phorr5677

ആഴ്ചയിൽ മൂന്നുനാലു ദിവസം തോമസും ജാൻസിയും മകൾ ഹെബ്സിബയെ കാണാനായി പോകും. വിശേഷങ്ങൾ പങ്കുവയ്ക്കും. ഇറങ്ങാറാകുമ്പോൾ കൊണ്ടുവന്ന പൂവ് സമ്മാനിക്കും. ഒരിക്കലും ഉണരാതെ ഉറങ്ങുന്ന മകളെ കാണാൻ കോട്ടയം മേലുകാവ് സിഎസ്െഎ ക്രൈസ്റ്റ് കത്തീഡ്രലിലെ സെമിത്തേരിയിലേക്കാണ് ഇവരുടെ യാത്ര. 2019 ഡിസംബർ 19 മുതൽ തുടങ്ങിയതാണീ സന്ദർശനം. ഇങ്ങനെ ഒരു സന്ദർശനത്തിനിടെയാണ് മുൻപു മകൾ പറഞ്ഞ ഒരു കാര്യം അവരോർമിച്ചത്. ‘എനിക്കുള്ള സ്വത്തെല്ലാം പാവങ്ങൾക്കു കൊടുക്കണം’ എന്നതായിരുന്നു അത്. ആ അച്ഛനും അമ്മയും അത് അനുസരിച്ചു. മേലുകാവ് കുളത്തിക്കണ്ടത്തിലെ 63 സെന്റ് സ്ഥലം സിഎസ്െഎ സഭയുടെ കാരുണ്യ പ്രവർത്തനത്തിനായി കൈമാറുന്നു.

വീടും സ്ഥലവും ഇല്ലാത്ത 5 കുടുംബത്തിന് വീടു വയ്ക്കാനായി 5 സെന്റ് വീതം അതിൽ 25 സെന്റ് സ്ഥലം ഉടൻ നൽകും. ‘ഹെബ്സിബ ഗാർഡൻ’ എന്നാവും ആ സ്ഥലം അറിയപ്പെടുക. ആ സ്ഥലത്തേക്ക് നല്ല വഴിയില്ലായിരുന്നു, പക്ഷേ ആ മാതാപിതാക്കളുടെ ആഗ്രഹം മനസ്സിലാക്കി സിഎസ്െഎ സഭയും സ്വകാര്യ വ്യക്തികളും വഴിക്കുള്ള സ്ഥലം സൗജന്യമായി നൽകി.കനറാ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന അസമ്പനാപ്പറമ്പിൽ എ.ജെ.തോമസിന്റെ തറവാട് മേലുകാവ് പെരിങ്ങാലിയിലാണ്.

എങ്കിലും ഇവർ വീടു വച്ചത് തിരുവനന്തപുരം ബാലരാമപുരത്താണ്. തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ കോളജിലും തിരുവനന്തപുരം എൻജിനീയറിങ് കോളജിലുമായി ഹെബ്സിബ ബിടെക്കും എംടെക്കും പൂർത്തിയാക്കി. പിന്നെ, കോളജ് പഠനകാലത്ത് 6 വർഷം സ്നേഹിച്ച സീനിയർ വിദ്യാർഥിയുമായി വിവാഹം. പക്ഷേ, രണ്ടു മാസക്കാലമേ ആ സന്തോഷം നീണ്ടുള്ളൂ. കാൻസർ തന്നെ കീഴടക്കാൻ ശ്രമിക്കുകയാണ് എന്ന സത്യം ഹെബ്സിബ മനസിലാക്കി. തിരുവനന്തപുരത്തും വെല്ലൂരുമായി ചികിത്സ നീണ്ടു.

ഒടുവിൽ കാൻസറിനെ ഒരു പരിധി വരെ കീഴടക്കി ഹെബ്സിബ എത്തിയപ്പോൾ മറ്റൊരു ദുരന്തം കാത്തുനിന്നിരുന്നു, ഡിവോഴ്സ് നോട്ടിസിന്റെ രൂപത്തിൽ. കാൻസറിനെ അതിജീവിച്ച മകളുടെ നിശ്ചയദാർഢ്യം ഇതിനു മുൻപിൽ തളർന്നുപോയെന്ന് മാതാപിതാക്കൾ പറയുന്നു. 2019 ഡിസംബർ 13നു മരണം ഹെബ്സിബയെ കീഴടക്കി. ബാലരാമപുരത്തുനിന്ന് ഇടവകയായ മേലുകാവ് സിഎസ്െഎ ക്രൈസ്റ്റ് കത്തീഡ്രലിലെത്തിച്ച് സംസ്കാരം നടത്തിയ ശേഷം ഹെബ്സിബയുടെ മാതാപിതാക്കൾ മേലുകാവുമറ്റത്ത് ഒരു വീട് വാടകയ്ക്കെടുത്തു.

മകളുടെ ഓർമകളോടൊപ്പം ജീവിക്കാനായി ആ വീടു മുഴുവൻ ഹെബ്സിബയുടെ കുഞ്ഞുനാ‍ൾ മുതലുള്ള ചിത്രങ്ങൾ ഒരുക്കി. ബാലരാമപുരത്തെ വീടു വിറ്റ് മേലുകാവുമറ്റത്ത് വീടു വാങ്ങണം. മകളുടെ ഓർമയ്ക്കായി നിർമിക്കുന്ന ‘ഹെബ്സിബ ഗാർഡൻ’ ഉടൻ പൂർത്തിയാക്കണം. ഇന്ന് സിഎസ്െഎ ഇൗസ്റ്റ് കേരള മഹാഇടവക കൺവൻഷൻ വേദിയിൽ 63 സെന്റ് സ്ഥലത്തിന്റെ രേഖകൾ സഭാ അധികാരികൾക്ക് ആ മാതാപിതാക്കൾ കൈമാറും.

Tags:
  • Spotlight