Saturday 13 April 2024 11:27 AM IST : By സ്വന്തം ലേഖകൻ

‘എല്ലാ വ്യാഴാഴ്ചയും വീട്ടുകാരെ അറിയിക്കാതെ രഹസ്യ പ്രാര്‍ഥന, തിരോധാനത്തിന് കാരണം അ‍ജ്ഞാത സുഹൃത്ത്’; വെളിപ്പെടുത്തലുമായി ജസ്നയുടെ പിതാവ്

jesna.jpg.image.845.440

ജസ്ന തിരോധാനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ് ജയിംസ് ജോസഫിന്റെ ഹര്‍ജി. ജസ്ന ജീവിച്ചിരിക്കുന്നതായി കരുതുന്നില്ലെന്നും മരണത്തിന് പിന്നില്‍ അ‍ജ്ഞാത സുഹൃത്തിന് പങ്കുണ്ടെന്നും പിതാവ്. രഹസ്യമായി നടത്തിയിരുന്ന വ്യാഴാഴ്ച പ്രാര്‍ത്ഥനയാണ് തിരോധാനത്തിലേക്ക് നയിച്ചതെന്നും സി.ബി.ഐ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് നല്‍കിയ ഹര്‍ജിയില്‍ പിതാവ് പറയുന്നു.

ജസ്ന തിരോധാനത്തിന് ആറ് വയസ് പിന്നിടുമ്പോള്‍ ഇതുവരെ ഉയരാത്ത വഴിത്തിരിവാണ് പിതാവിന്റെ ഹര്‍ജിയിലുള്ളത്. അന്വേഷണം അവസാനിപ്പിക്കുന്ന സി.ബി.ഐ തീരുമാനത്തെ എതിര്‍ത്ത് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ജസ്ന മരിച്ചിരിക്കാമെന്ന സംശയമാണ് ഹര്‍ജിയില്‍ പിതാവ് പ്രകടിപ്പിക്കുന്നത്. അതിന് കാരണമായി പറയുന്നത് അ‍ജ്ഞാത സുഹൃത്തുമായുള്ള ബന്ധമാണ്. എല്ലാ വ്യാഴാഴ്ചയും ജസ്ന വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി ഒരു പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ പോകാറുണ്ടായിരുന്നു. അവിടെ വച്ചാണ് സുഹൃത്തിനെ പരിചയപ്പെട്ടത്. 

ജസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. അതിനാല്‍ ജസ്ന പോയത് ഈ സുഹൃത്തിനൊപ്പമാവാം. ജസ്ന പോകാറുള്ള പ്രാര്‍ത്ഥനാ കേന്ദ്രം ഏതാണെന്ന് താന്‍ കണ്ടെത്തി. സുഹൃത്തിനേക്കുറിച്ചും നിര്‍ണായക വിവരങ്ങളുണ്ട്. സിബിഐ രഹസ്യമായി അന്വേഷിക്കുമെങ്കില്‍ ഈ വിവരങ്ങള്‍ കൈമാറാമെന്നുമാണ് പിതാവ് കോടതിയെ അറിയിച്ചത്. ജസ്നയുടെ സുഹൃത്ത് എന്ന രീതിയില്‍ പൊലീസ് മുതല്‍ സിബിഐ വരെ അന്വേഷിച്ചത് സഹപാഠിയേയാണ്. എന്നാല്‍ അജ്ഞാത സുഹൃത്ത് ഈ യുവാവ് അല്ലെന്നും പിതാവ് പറയുന്നു. പിതാവിന്റെ ഹര്‍ജി പരിഗണിച്ച കോടതി സി.ബി.ഐയോടെ മറുപടി ആവശ്യപ്പെട്ടു. 

മറുപടിയും വിശദീകരണവും നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. 2018ലാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജെസ്നയെ കാണാതായത്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതില്‍ ഒരു തെളിവും ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാനായിരുന്നു സി.ബി.ഐ തീരുമാനം. പിതാവിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് തുടര്‍ അന്വേഷണം ഉണ്ടാകുമോ‌യെന്നാണ് ഇനി അറിയേണ്ടത്.

Tags:
  • Spotlight