Thursday 21 December 2023 04:45 PM IST : By സ്വന്തം ലേഖകൻ

മൂലമറ്റത്ത് ദമ്പതികള്‍ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ചു; സംഭവത്തിനു ശേഷം കാണാതായ മകനെ മരിച്ചനിലയിൽ കണ്ടെത്തി

ajesh

ഇടുക്കി മൂലമറ്റത്തു വെട്ടേറ്റു മരിച്ച ദമ്പതികളുടെ മകൻ ചേറാടി സ്വദേശി അജേഷ് മരിച്ച നിലയിൽ. വീടിനു സമീപത്തു തൂങ്ങിമരിച്ചനിലയിലാണു അജേഷിനെ കണ്ടെത്തിയത്. മാതാപിതാക്കളുടെ മരണത്തിനു പിന്നാലെ അജേഷിനെ കാണാതായിരുന്നു. മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരൻ (70) ഭാര്യ തങ്കമ്മ (65) എന്നിവർ ഇന്നലെയാണു കൊല്ലപ്പെട്ടത്.  

ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരെ അന്വേഷിച്ചു ചെന്ന ബന്ധുക്കളാണു കുമാരനെയും തങ്കമ്മയെയും വെട്ടേറ്റ നിലയിൽ കണ്ടത്. കുമാരൻ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ കട്ടിലിനടിയിൽ നിന്നാണു കണ്ടെത്തിയത്. തുടർന്നു മൂലമറ്റം പൊലീസിനെ വിവരമറിയിച്ചു. തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവു ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ മരിച്ചു.

ചൊവ്വാഴ്ച രാത്രി റോഡിൽ വീണു പരുക്കേറ്റ ദമ്പതികളുടെ മകൻ അജേഷിനെ അയൽവാസികൾ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി തിരികെ വീട്ടിൽ എത്തിച്ചിരുന്നു. പിന്നീട് അജേഷിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അജേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതിനിടെയാണു അജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

Tags:
  • Spotlight