Monday 18 December 2023 02:40 PM IST : By സ്വന്തം ലേഖകൻ

അരിതാ ബാബുവിന്റെ ഫോണിലേക്ക് വിദേശനമ്പറിൽ നിന്ന് വിഡിയോ കോൾ, അശ്ലീല ദൃശ്യങ്ങൾ; പ്രവാസി യുവാവ് അറസ്റ്റില്‍

shameer5678hgo

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ മൊബൈൽ ഫോണിലേക്ക് നിരന്തരമായി വിഡിയോ കോൾ ചെയ്യുകയും അശ്ലീല ദൃശ്യങ്ങൾ അയയ്ക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലപ്പുറം മാമ്പൊയിൽ സ്വദേശി ഷമീറിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാളെ സംഭവത്തെത്തുടർന്ന് കമ്പനി  ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഷമീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അരിത ബാബു കായംകുളം ‍ഡിവൈഎസ്പിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

‘‘ഈ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെടുന്നതിനു മുൻപ് ഞാൻ ഫെയ്സ്ബുക്കിലാണ് പോസ്റ്റ് ഇട്ടത്. ഗൾഫ് നമ്പരായതിനാൽ ഇതേക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാനായിരുന്നു അത്. ഇൻകാസ് പ്രവർത്തകർ അപ്പോൾത്തന്നെ പ്രതികരിച്ചു. ഒരു ദിവസം വൈകിട്ടാണ് ഇതെല്ലാം സംഭവിച്ചത്. പിറ്റേന്ന് കായംകുളം ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നൽകി. അവർ കൃത്യമായിത്തന്നെ പരാതി അന്വേഷിച്ച് പ്രതിയെ നാലു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തു.

ഈ പരാതിക്കു പിന്നിൽ ഉറച്ചുനില്‍ക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇൻകാസ് പ്രവർത്തകർ അയാളെക്കൊണ്ട് ഒരു വിഡിയോ ചെയ്യിച്ചു. ഈ പ്രശ്നങ്ങളുടെ പേരിൽ എന്നോടു മാപ്പു പറയുന്ന വിഡിയോയാണ്. പ്രൊഫൈലിൽ ഒരു പെൺകുട്ടിയുടെ ചിത്രം കണ്ടപ്പോൾ വിഡിയോ കോൾ ചെയ്തതാണെന്നാണ് അയാൾ അതിൽ പറയുന്നത്. 

അതിനു ശേഷം, എന്നെ മനസ്സിലായപ്പോൾ മറ്റൊരു നമ്പറിൽനിന്ന് അയാൾ മെസേജ് അയച്ചിരുന്നു. എന്നോടു ക്ഷമ ചോദിച്ച ശേഷം അയാൾ പറയുന്നത്, അത് എന്നെ ഉദ്ദേശിച്ച് അയച്ച മെസേജ് അല്ല എന്നാണ്. മറ്റൊരു പെൺകുട്ടിക്ക് അയച്ചതാണത്രെ. ഏതു പെൺകുട്ടിക്ക് അയച്ചതാണെങ്കിലും അതിൽ പ്രശ്നമില്ലേ? ആ പെൺകുട്ടിക്ക് ചിലപ്പോൾ ഇതുപോലെ പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല.’’- സംഭവത്തെക്കുറിച്ച് അരിത ബാബു പ്രതികരിച്ചു. 

Tags:
  • Spotlight