Friday 05 April 2024 03:00 PM IST : By ശ്യാമ

‘ഒപ്പം പഠിച്ചവർ ഇപ്പോൾ ഉസൈൻ ബോൾട്ടെന്നാണു വിളിക്കുന്നത്’; രാജ്യാന്തര പവർ ലിഫ്റ്റിങ്ങിൽ സ്വർണ മെഡലുകൾ സ്വന്തമാക്കിയ റീനി പറയുന്നു

reeni56787 ഫോട്ടോ: സുനിൽ ആലുവ

ട്ടാണോ ഇത്രയും ദൂരം കാറോടിച്ച് ജിമ്മിൽ പോ യി ഈ പെടാപ്പാടൊക്കെപ്പെടാൻ??

ആലപ്പുഴയിലെ വീട്ടിൽ നിന്ന് എറണാകുളത്തെ ജിമ്മിൽ പരിശീലനത്തിനു പോകുന്ന റീനിയോട് പലരും പല തവണ ചോദിച്ച ചോദ്യമാണിത്. ഉത്തരം പറയാനുള്ള സമയം കൂടി റീനി വർക്കൗട്ട് ചെയ്തു. അങ്ങനെയിരിക്കെ 2023ൽ മംഗോളിയയിൽ നടന്ന രാജ്യാന്തര പവർ ലിഫ്റ്റിങ് മത്സരത്തിൽ റീനി നാലു സ്വർണ മെഡലുകൾ സ്വന്തമാക്കി. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്നോണം ആ മെഡലുകൾ ആവേശത്തോടെ തിളങ്ങി.

തലവര മാറ്റിയ തീരുമാനം

‘‘ആദ്യം ജിമ്മിൽ പോകുന്നതു 2013ലാണ്. ശരീരഭാരം കുറയ്ക്കുക, ആരോഗ്യത്തോടെയിരിക്കുക എന്നൊരുദ്ദേശം മാത്രം. മുൻപ് ഒരു ജിമ്മിന്റെ അകം പോലും കണ്ടിട്ടില്ല.

സ്കൂൾ തലം  തൊട്ടേ കായികരംഗത്തോടു താൽപര്യമായിരുന്നു. ടെന്നിസ് ഒഴികെ ബാക്കി ഒട്ടുമിക്ക കളികളും കളിച്ചിട്ടുണ്ട്. പലപ്പോഴും ടീം ക്യാപ്റ്റനുമായിരുന്നു.  ഒപ്പം പഠിച്ചവർ ഇപ്പോൾ ഉസൈൻ ബോൾട്ടെന്നാണു വിളിക്കുന്നത്.’’ റീനിയുടെ കുഞ്ഞുങ്ങളുടേതു പോലുള്ള പൊട്ടിച്ചിരി ജിമ്മിൽ അലയടിക്കുന്നു.

‘‘ഹൈജംപ്, ലോങ്ങ് ജംപ്, ഓട്ടം തുടങ്ങി എല്ലാ വിഭാഗത്തിലും ഞാനുണ്ടായിരുന്നു. അച്ഛൻ അത്‌ലറ്റായിരുന്നു. പൊതുവേ വീട്ടിൽ എല്ലാവർക്കും കായികരംഗത്തോട് ഇഷ്ടവും. അതുകൊണ്ട് എനിക്ക് നല്ല പ്രോത്സാഹനമുണ്ടായി. പിന്നീട് കുടുംബകാര്യങ്ങൾ  നോക്കിയങ്ങനെപോയി.

ആദ്യം  എറണാകുളം വൈറ്റിലയിലെ ഗോൾഡ്സ് ജിമ്മിലായിരുന്നു ചേർന്നത്. പിന്നീട് സ്റ്റാൻഡേർഡ് ജിമ്മിലേക്കു മാറി. അവിടുത്തെ ട്രെയ്നർ ജഗൻ ആണ് എനിക്കിങ്ങനൊരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത്. 2019ൽ മത്സരിക്കാനൊരുങ്ങിയപ്പോഴേക്കും കോവിഡും പ്രശ്നങ്ങളുമായി. അതു കഴിഞ്ഞപ്പോഴാണ് ടി.ഐ.എ. (ട്രാൻസിയന്റ് ഇസ്കീമിക് അറ്റാക്) വരുന്നത്. പേടിയൊന്നും തോന്നിയില്ല, അതെന്നെ മാനസികമായി തളർത്തിയുമില്ല. ഒരു മാസത്തോളം വിശ്രമിച്ച ശേഷം പരിശീലനത്തിൽ മുഴുകി.

2023 നവംബർ തൊട്ടാണ് ‘ഫിറ്റ്നസ് കൊച്ചി’ എന്ന ജിമ്മില്‍ ചേരുന്നത്. ജിമ്മിൽ വരുന്ന ദിവസം കോച്ച് ബീനയ്ക്കൊപ്പം 45 മിനിറ്റ് നേരം ലിഫ്റ്റിങ് ചെയ്യും. ശേഷം വ്യായാമങ്ങളും.

വീട്ടിലാണെങ്കിൽ ഒരു ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യും. ആഴ്ചയിൽ ആറു ദിവസം വർക്കൗട്ടും ഒരു ദിവസം വിശ്രമവും എന്നതാണു നിലവിലെ ചിട്ട. കീറ്റോ ഡയറ്റാണ് എന്റെ ശരീരത്തിന് അഭികാമ്യമെന്നറിഞ്ഞ് അതു പിന്തുടരുന്നു.

പവർ ലിഫ്റ്റിങ് മത്സരത്തിന് തൊട്ടു മുൻപ് നമ്മുടെ ശ രീരഭാരമളക്കും. നിശ്ചിത ശരീരഭാരത്തിൽ 100 ഗ്രാം പോ ലും കൂടാൻ പാടില്ല. മാറ്റം വന്നാൽ റജിസ്റ്റർ ചെയ്യാത്ത വിഭാഗത്തിൽ മത്സരിക്കേണ്ടി വരും. അതോടെ നമ്മൾ ഗെയിമിൽ നിന്നേ പുറത്താകാനുള്ള സാധ്യത ഏറെയാണ്.

നിലവിൽ 63 വയസ് വരുന്ന എം. ത്രീ വിഭാഗത്തിനു കീഴിൽ 69 കിലോ ഭാരോദ്വഹനത്തിലാണു മത്സരിക്കുന്നത്.

ആരോഗ്യപരിപാലനം കടമ

ഒപ്പം പഠിച്ചവരിൽ പലരേയും നോക്കുമ്പോൾ  അവർക്ക് പല പ്രശ്നങ്ങളാണ്. നന്നായി നടക്കാൻ പറ്റുന്നില്ല, അനങ്ങാൻ പറ്റുന്നില്ല. വേണ്ട കാര്യങ്ങൾ പോലും ചെയ്യാനാകുന്നില്ല. പ്രായമാകുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ വരില്ല എന്നല്ല. പക്ഷേ, ആരോഗ്യം ശ്രദ്ധിക്കേണ്ട കടമ നമുക്കുണ്ട്.

ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങിയതോടെ പറയത്തക്കശരീരവേദനകളില്ല. കൂടുതൽ വർക്കൗട്ട് ചെയ്തു കഴിയുമ്പോഴുള്ള ചെറിയ പേശി വേദനയല്ലാതെ ഒന്നും അലട്ടാറുമില്ല. സ്ട്രോക്ക് വന്നു പോയതൊഴികെ വേറെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഒരു ദിവസം വർക്കൗട്ട് ചെയ്തില്ലെങ്കിൽ ആ ദിവസമേയില്ലാതായി പോകുന്നതു പോലെയാണു തോന്നാറുള്ളത്.

വീട്ടുകാരെന്ന തണൽമരങ്ങൾ

കാഞ്ഞിരപ്പള്ളിയാണ് സ്വദേശം. താമസിക്കുന്നത് ആലപ്പുഴയിലും. ഭർത്താവ് ആന്റണി തരകൻ റെയിൽവേയിൽ നിന്നു വിരമിച്ച ആളാണ്. മൂത്ത മകൾ ആന്യ യുഎസ്സിലെ ഹൂസ്റ്റണിൽ ടീച്ചറായിരുന്നു. രണ്ടാത്തെ കുഞ്ഞുണ്ടായ ശേഷമിപ്പോൾ ജോലിക്കു പോകുന്നില്ല. രണ്ടാമത്തെ മകൾ റോഷീന, ചെന്നൈയിൽ റസ്റ്ററന്റ് നടത്തുന്നു. എനിക്കു വലിയ പിന്തുണ നൽകുന്നുണ്ടു കുടുംബം.

വീട്ടിലുണ്ടാക്കുന്ന അച്ചാറും പ്രിസർവുകളുമായി ചെറിയൊരു വ്യവസായം ഞാൻ ചെയ്യുന്നുണ്ട്. ‘വുഡ് സ്റ്റോവ് പ്രിസേർവ്സ്’ എന്നാണ് പേര്. പഴയ വീടാണ്, ഇപ്പോഴും പറമ്പിൽ നിന്നു കിട്ടുന്ന വിറകു കൊണ്ടാണു പാചകമൊക്കെ. അതുകൊണ്ടാണ് അങ്ങനൊരു പേര്.  

 സ്വന്തം വീട്ടുകാരല്ലാതെ പലർക്കും  ഞാനിതിനായി ഇടുന്ന വേഷം പിന്നെ, കാറോടിച്ചു ജിമ്മിൽ വരുന്നതും പോകുന്നതും പലതും ഇഷ്ടമല്ല. ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നില്ല. തെളിമയാർന്ന സ്വപ്നമുണ്ട്. അതു മാത്രമേ മനസ്സിലുള്ളൂ. ബാക്കിയുള്ളതൊക്ക താനേ മങ്ങിപ്പോകും.

ഫിറ്റ്നസ് അല്ലാതെ വായനയാണ് മറ്റൊരു വലിയ ഇ ഷ്ടം. പറ്റുമ്പോഴെല്ലാം വായിക്കും. നിലവിൽ മംഗോളിയയെ കുറിച്ചുള്ള യാത്രാ പുസ്തകമാണ് വായിക്കുന്നത്. യാത്രാവിവരണമാണു വായിക്കാനേറെ ഇഷ്ടം.

മത്സരം ഭയമല്ല, ആവേശമാണ്

2019 ജില്ലാതല പവർലിഫ്റ്റിങ്ങായിരുന്നു ആദ്യത്തെ മത്സരം. സംസ്ഥാന തലം വരെ ഒപ്പം മത്സരിക്കാൻ ആരുമുണ്ടായിരുന്നില്ല. പിന്നീടാണു ശരിക്കും മത്സരിച്ചത്.  

രാജ്യാന്തര തലത്തിൽ മംഗോളിയയിൽ മത്സരിച്ചത് വ്യത്യസ്തമായൊരു അനുഭവം തന്നെയായിരുന്നു. വളരെ പ്രഫഷനലാണു നടത്തിപ്പ്. ചെറിയ കാര്യങ്ങൾക്കു പോലും ഏറെ ശ്രദ്ധ വേണം. ഡെഡ് ലിഫ്റ്റിന് സോക്സ് വേറെയാണ്, ഷൂസ് വേറെയാണ്. ഒരു മത്സരത്തിനു ഞാൻ തെറ്റായ സോക്സാണ് ഇട്ടത്. അപ്പോൾ തന്നെ പുറത്താക്കി.

മാറ്റിയിടാനൊന്നും സമയമില്ല. ലിഫ്റ്റ് ചെയ്യാൻ ഒരു മിനിറ്റാണ് കിട്ടുക. അതിനു ശേഷം ലിഫ്റ്റ് ചെയ്യാനുള്ളവർ പിന്നിലുണ്ട്. ഒരു തവണ പേരു വിളിച്ചാൽ ആ ഒരു മിനിറ്റിൽ ലിഫ്റ്റ് ചെയ്തിരിക്കണം.

അതേപോലെ ചെയ്യുന്ന സ്കോട്ട് കൃത്യമല്ലെങ്കിൽ ഔ ട്ട് ആകും. അവിടെ പ്രത്യേക കമാന്റുകളുണ്ട്. അതനുസരിച്ചു മാത്രമേ ചെറു നീക്കം പോലും പാടുള്ളൂ. അതിനാണു നമ്മൾ വിദഗ്ധരായ കോച്ചുമാരെ ആശ്രയിക്കുന്നത്. മൂന്നു തവണ കമാന്റുകൾ തെറ്റിച്ചാൽ ആ മത്സരത്തിൽ നിന്നേ നിങ്ങൾ പുറത്തു പോകേണ്ടി വരും. ശരീരത്തിനൊപ്പം മനസ്സും ഫോക്കസ്ഡ്  ആക്കി വയ്ക്കുക, അതാണ് ശരിക്കുള്ള മത്സരം. ഒപ്പം മത്സരിക്കുന്ന ഓരോ മത്സരാർഥിയും നമ്മളെ ശ്രദ്ധിക്കുന്നുണ്ട്. 90 വയസ്സുള്ളവർ വരെ അവിടെ മത്സരാർഥികളായുണ്ടായിരുന്നു.

വിദേശികളിൽ പല മത്സരാർഥികളും അവരുടെ എല്ലാ കോച്ചുമാരും രാജ്യത്തെ പ്രതിനിധീകരിക്കുന്ന പ്രഫഷനലുകളുമൊക്കെ ആയാണ് വരുന്നത്. എന്റെ കൂടെ സത്യം പറഞ്ഞാൽ ആരുമില്ല. ഒളിംപിക് വിഭാഗമല്ലാത്തതു കൊണ്ട് തന്നെ ഇതിലേക്കുള്ള ശ്രദ്ധ കുറവാണ്.

മാത്രമല്ല വളരെ പണച്ചെലവുള്ളൊരിനമാണിത്. രാജ്യാന്തര വിഭാഗത്തിലേക്കു മത്സരിക്കാൻ പോകാൻ ഏകദേശം 2.5 ലക്ഷം വേണം. വേറെ സഹായം ഒന്നും എവിടുന്നും കിട്ടാനില്ല. നിലവിൽ വ്യക്തിഗത ചെലവിലാണു പോകുന്നത്.

പുതിയ കോച്ചിന് എന്റെ ഓരോ ചലനങ്ങളും അറിയാം. ചില സമയത്തു മനസ്സു പോലും വായിക്കാൻ പറ്റുന്ന പോലെ തോന്നും. കോച്ച് മേരി ബീന രാജ്യാന്തര– ദേശീയ തലത്തിൽ പവർലിഫ്റ്റിങ്ങിൽ നിരവധി സ്വർണ മെഡലുകൾ സ്വന്തമാക്കിയ വ്യക്തിയാണ്. ലിഫ്റ്റിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു നന്നായറിയാം.

മുൻപ് എടുത്തതിൽ നിന്ന് എത്രയോ ഭാരം കൂടിയ വെയ്റ്റാണ് ഇപ്പോൾ ഞാൻ എടുക്കുന്നത്. അത് ബീനയുടെ ദീഘവീക്ഷണവും പരിശീലനവും കൊണ്ടു സാധിച്ചതാണ്. ഭാരോദ്വഹനത്തിനു വേണ്ട  പരിശീലനവും ഡയറ്റും ഒക്കെ വ്യത്യസ്തമാണ്. അതിലൊക്കെ ബീന ഇമ തെറ്റാതെ ശ്രദ്ധിക്കും.

ഞങ്ങൾ രണ്ടാളും വലിയ ദൈവവിശ്വാസികളാണ്. ദൈവത്തിന്റെ കയ്യിലേക്കു ഞാനെന്നെ അർപ്പിക്കും അതുകൊണ്ടു മത്സര സമയത്തു പേടിയൊന്നും തോന്നാറില്ല. ആ സമയത്തു മറ്റുള്ളവർ ലിഫ്റ്റ് ചെയ്യുന്നതും ഞാൻ ലിഫ്റ്റ് ചെയ്യാൻ പോകുന്നു എന്നതുമൊക്കെ ആവേശം കൊള്ളിക്കും. അപ്പോഴും പ്രാർഥിക്കും.

പറ്റുന്ന പ്രായം വരെ ഭാരോദ്വഹനം ചെയ്യണം. അതാണ് ഏറ്റവും വലിയ സ്വപ്നം.

reeni86544
Tags:
  • Spotlight
  • Motivational Story
  • Inspirational Story