Thursday 14 March 2024 01:40 PM IST : By Ansila Naushad

എന്റെ ശരീരം എത്ര ശക്തവും സുന്ദരവുമാണെന്ന ബോധ്യം കൂടിയാണ് ഇമയ്‌ക്കൊപ്പം ജന്മമെടുത്തത്... ; ഒരു സ്കാൻഡിനേവിയൻ പ്രസവ കഥ

sweedish-pregnancy-story-ansila-naushad-cover അൻസില കൂട്ടുകാർക്കൊപ്പം, ആശുപത്രിയിൽ, കുടുംബത്തോ‍ടൊപ്പം

ഓഫീസിൽ നിന്നു വരുന്ന വഴി പെട്ടെന്ന് തോന്നിയ കൊതിയിൽ അടുത്തുള്ള ഇന്ത്യൻ റെസ്റ്റോറന്റ് ൽ പോയി സമൂസയും മേടിച്ചാണ് അന്ന് വീട്ടിൽ എത്തിയത്.കയ്യോടെ സമൂസ പൊതി തുറന്ന് എടുത്ത് വച്ചപ്പോൾ ശ്രീനിയുടെ ഡയലോഗ് .. ‘‘ഇതെന്താ സമോസ. താൻ അല്ലേ ഇത്രയും നാളും പുല്ലും വൈക്കോലും ആ വൃത്തികെട്ട ബ്രെഡും കഴിച്ചു ജീവിച്ചത്!’’

‘‘അതു പിന്നെ പെട്ടെന്ന് ഉണ്ടായ ആഗ്രഹത്തിന്റെ പുറത്ത് മേടിച്ചതാ..’’

‘‘പെട്ടെന്നൊ! അപ്പോൾ കഴിഞ്ഞ ദിവസം ഓർഡർ ചെയ്തു കഴിച്ചതോ?’’

‘‘എന്റെ പൊന്നു ശ്രീനി. ഇങ്ങനെ കഴിക്കണ ഭക്ഷത്തിന് കണക്ക് വയ്ക്കല്ലേ.. വേണേൽ എടുത്ത് കഴിക്ക്’’

എന്റെ സമോസ തീർന്ന് ശ്രീനിയുടെ സമോസയിൽ കണ്ണ് വയ്ക്കുമ്പോളാണ് ‘ആ സംശയം’ ഒരാവശ്യവും ഇല്ലാതെ മനസ്സിൽ വന്നത്.

‘‘ശ്രീനി.. ഇനി ഞാൻ എങ്ങാനും ഗർഭിണി ആണോ! ചുമ്മാ അതും ഇതും ഒക്കെ കഴിക്കാൻ തോന്നുന്നുണ്ട്..’’

‘‘ഏയ്.. ഇനി ആണോ? ഇല്ല ആയിരിക്കില്ല...’’

എന്തായാലും വെറുതെ സംശയം വച്ച് നടക്കണ്ട എന്നു കരുതി അടുത്ത ദിവസം തന്നെ ടെസ്റ്റ്‌ ചെയ്തു.. ദാ വരുന്നു സംശയമില്ലാതെ രണ്ടു പിങ്ക് വരകൾ !!! എനിക്കത്ര വിശ്വാസം പോരാത്ത കൊണ്ടു കുറച്ചു ദിവസം വിട്ട് രണ്ടു തവണ കൂടി ടെസ്റ്റ്‌ ചെയ്തിട്ടാണ് ഉറപ്പ് വരുത്തിയത്. ആദ്യത്തെ കുട്ടി ദിയയ്ക്ക് മുന്നേ ഒരു എക്ടോപിക് പ്രെഗ്നൻസിയും അതിന്റെ ട്രോമയും ഉള്ളത് കൊണ്ടു ആനന്ദത്തെക്കാൾ ഏറെ ആശങ്ക ആയിരുന്നു മനസ്സിൽ.

സ്വീഡനിൽ നമ്മൾ ഗർഭിണി ആണെന്ന് അറിഞ്ഞാൽ ഓടിച്ചാടി ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകുന്നതല്ല രീതി. മിഡി‌വൈഫറി ക്ലിനിക്കുകളാണ് ഗർഭവുമായി ബന്ധപ്പെട്ട സേവനങ്ങൾ ചെയ്യുന്നത്. എന്റെ വീടിന്റെ അടുത്ത് ഇത്തരത്തിൽ രണ്ടു ക്ലിനിക്കുകൾ ഉണ്ട്. അടുത്ത സുഹൃത്തു റോഷ്‌നിയുടെ നിർദേശം അനുസരിച്ചു ഞാൻ മാമ മിയ സോൾനയിലേക്ക് ഡയൽ ചെയ്തു..

പ്രെഗ്നന്റ് ആണെന്നു പറഞ്ഞപ്പോൾ വളരെ ഊഷ്മളമായി അഭിനന്ദനങ്ങൾ പറഞ്ഞിട്ട് ചില അടിസ്ഥാന വിവരങ്ങൾ ചോദിച്ചു. നാല് ആഴ്ച കൂടി കഴിഞ്ഞിട്ടുള്ള അപ്പോയ്ന്റ്മെന്റ് തീയതി തന്നു!

‘അയ്യോ.. ഇനിയും ഒരു മാസമോ! അതു പറ്റില്ല...’ നേരത്തെ ഉണ്ടായ എക്ടോപിക് പ്രെഗ്നൻസിയുടെ വിവരം കൂടി ഞാൻ അവരോട് പറഞ്ഞു. അതു കൊണ്ട് അടുത്ത ദിവസത്തേക്ക് തന്നെ അവർ സാക്ഷാൽ ഗൈനക്കോളജിസ്റ്റിന്റെ അപ്പോയ്ന്റ്മെന്റ് ബുക്ക്‌ ചെയ്തു.

അങ്ങനെ ആ ദിവസം വന്നെത്തി. ഡോക്ടറുടെ മുറിയിൽ തന്നെ അൾട്രാ സൗണ്ട് സ്കാനിനുള്ള സംവിധാനം ഉണ്ടായിരുന്നു. തിരിച്ചും മറിച്ചുമൊക്കെ അവർ നോക്കി. ഒന്നും കാണുന്നില്ല!! എന്റെ ഹൃദയം പട പട അടിക്കുന്നത് എനിക്ക് തന്നെ കേൾക്കാമായിരുന്നു.. രണ്ടാഴ്ച കഴിഞ്ഞ് ഒന്നൂടെ നോക്കാം എന്നു പറഞ്ഞു ഡോക്ടർ.

‘‘അല്ല.. ബ്ലഡ് ടെസ്റ്റ്‌ ചെയ്തു എക്ടോപിക് പ്രെഗ്നൻസി കണ്ടു പിടിക്കാൻ പറ്റുമല്ലോ. ഡോക്ടർ അതു ഒന്ന് ചെയ്യാമോ??’’

‘‘നിങ്ങളുടെ ടെൻഷൻ എനിക്ക് മനസിലാകും.. പക്ഷേ ഇവിടുത്തെ പ്രോട്ടോകോൾ പ്രകാരം അതു ചെയ്യാൻ ഉള്ള വകുപ്പ് ഇല്ല.. രണ്ടാഴ്ച കഴിഞ്ഞു നമുക്ക് ഒന്നു കൂടി സ്കാൻ ചെയ്യാം. അതിന്റെ ഇടയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടേൽ ഗൈനക്കുട്ടിലേക്ക് പോയാൽ മതി’’ എന്നു പറഞ്ഞു കൊണ്ടു ഡോക്ടർ കസേരയിൽ നിന്ന് എഴുന്നേറ്റു.

ഗർഭവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള എമർജൻസി റൂം ആണ് ഗൈനകൂട്ട്. വീട്ടിൽ നിന്ന് 10-12 മിനുട്ട് ഡ്രൈവ് ചെയ്‌താൽ എത്തുന്ന ദൂരത്തിൽ ഒന്നുണ്ട്.

ഗർഭകാലം തുടക്കം...

sweedish-pregnancy-story-ansila-naushad അൻസില നൗഷാദ്

എന്തായാലും അവിടെ പോകേണ്ട ആവശ്യം വന്നില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ബാർൺമുക്ഷ (barnmörska / midwife) യുടെയും ഡോക്ടറുടെയും അപ്പോയിന്മെന്റ് ഒരേ ദിവസം കിട്ടി. മിഡ്‌വൈഫ് വളരെ വിശദമായി എന്റെ അതു വരെയുള്ള ജീവചരിത്രവും ഇപ്പോഴത്തെ ജീവിത രീതിയും ഒക്കെ ചോദിച്ചറിഞ്ഞു. അതോടൊപ്പം തന്നെ എല്ലാ കാര്യങ്ങളും അവരുടെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്നുമുണ്ടായിരുന്നു. കുടിക്കുമോ, വലിക്കുമോ, പുകയ്ക്കുമോ എന്നൊക്ക ചോദിച്ച് പതിവു രക്തപരിശോധനകൾക്കുള്ള സാമ്പിൾ എടുത്തു. കൂടാതെ ഇനി അങ്ങോട്ട്‌ ഓരോ മാസവും എന്തൊക്ക ആണ് അമ്മയുടെ ശരീരത്തിൽ സംഭവിക്കുന്നത് കുഞ്ഞിന്റെ വളർച്ച എങ്ങനെ ആണ് എന്നൊക്ക പ്രതിപാദിക്കുന്ന പുസ്തകം ശ്രീനിക്ക് കൊടുത്തു. അടുത്ത മൂന്ന് മാസത്തേക്കുള്ള അപ്പോയ്ന്റ്മെന്റുകൾ ഞങ്ങളുമായി ചർച്ച ചെയ്തു ബുക്ക്‌ ചെയ്തു.

സ്കാനിങ് വളരെ പെട്ടെന്ന് കഴിഞ്ഞു. ഞങ്ങളുടെ ഹൃദയത്തിൽ (കണ്ണിലും) മഴ പെയ്യിച്ചു കൊണ്ടു മിടിക്കുന്ന ഒരു കുഞ്ഞിഹൃദയം മോണിറ്ററിൽ കണ്ടു. ആകെ കൂടി കിളി പോയി നിൽക്കുന്ന ഞങ്ങളെ കണ്ടിട്ടാകാം ഡോക്ടർ ആകാശത്തേക്ക് കൈ പൊക്കി ദൈവത്തിനു സ്തുതി പറഞ്ഞു!

ഓരോ ഗർഭവും വ്യത്യസ്തം

ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന് പറയുമല്ലോ.. അതു പോലെ തന്നെ ആണ് ഗർഭവും എന്ന് മനസിലായി.. കഴിഞ്ഞ തവണ പേരിനു മാത്രം ആയിരുന്നു ഛർദി പോലുള്ള സാധാരണ പ്രശ്നങ്ങളെ നേരിട്ടിരുന്നെങ്കിൽ ഇത്തവണ പലതരം പ്രശ്നങ്ങളായിരുന്നു.

എന്ത്‌ കഴിച്ചാലും അപ്പോൾ തന്നെ ഛർദിക്കും. കൂടാതെ അലർജിയും. ശരീരത്തിൽ ആകമാനം ഉണ്ടായ ചൊറിഞ്ഞു തടിക്കൽ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്! ചൂടാണ് എന്റെ സ്കിന്നിനെ ഇറിറ്റേറ്റ് ചെയ്യുന്നത് എന്ന സത്യം ഞങ്ങൾ വേദനയോടെ തിരിച്ചറിഞ്ഞു. പാചകം മൊത്തമായി ശ്രീനി ഏറ്റെടുത്തു. ചൂടു വെള്ളത്തിൽ കുളിക്കാൻ പോലും പറ്റാത്ത അവസ്ഥ. ആകെ കൂടി ദേഷ്യം വന്നിട്ട് ഞാൻ പോയി മുടി മുറിച്ചു. ഇതുകാരണം ഡോക്ടറെ കണ്ടപ്പോൾ ‘ഇതു uticaria എന്ന അവസ്ഥയാണ്.. പേടിക്കണ്ട’ എന്ന് പറഞ്ഞു ! ജോലിയും വീടും ഛർദിയും ഗർഭവുമൊക്ക ആയി ആകെ വിഷമിച്ചു പോയ ഞാൻ കുമ്പളങ്ങി നൈറ്റ്‌സിൽ സജി കരയുന്ന പോലെ ഡോക്ടറുടെ മുന്നിലിരുന്നു കരഞ്ഞു. ഡോക്ടർ എന്റെ കൈകളിൽ മുറുകെ പിടിച്ചു ഇത്രയും സങ്കടം വരുന്നത് ഹോർമോണുകളുടെ വ്യതിയാനം മൂലമാണ് എന്ന് പറഞ്ഞു അശ്വസിപ്പിച്ചു.

എന്റെ ബർണമുഷ്ക നെറ്റ വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആളായിരുന്നു. പതിവ് ഡാൻസും വ്യായാമവും തുടരണമെന്നും ഓഫീസിൽ സാധാരണ പോലെ പോകണമെന്നും പറഞ്ഞു. ആ സമയത്ത് ഞാൻ മോഹിനിയാട്ടം പഠിക്കുന്നുണ്ടായിരുന്നു. അതിന്റെ വിഡിയോ നെറ്റയെ കാണിച്ചു കൊടുത്തിട്ടാണ് പിന്നെ ക്ലാസ്സിൽ പോയത്. ആദ്യത്തെ trimester ൽ ഒരു 5 കിലോ മീറ്റർ ഫൺ റൺ ഓടിയും നടന്നും പൂർത്തിയാക്കിയത് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. വേനൽ കാലം ആയതിനാൽ കുടുംബവുമായി ചെറിയ ചെറിയ റോഡ് ട്രിപ്പുകൾ പോയി.

മൂന്നാം മാസത്തെ പരിശോധനകൾ

sweedish-pregnancy-story-ansila-naushad-hospital ഭർത്താവ് ശ്രീനി, ഇമ, അൻസില, മിഡ്‌വൈഫ്

മൂന്നാമത്തെ മാസം ക്രോമോസോമൽ തകരാറുകൾക്കുള്ള സാധ്യത പരിശോധിക്കുന്ന KUB ( combined ultra sound and blood test ) ഉണ്ടായിരുന്നു. ഓരോ ടെസ്റ്റിനു മുമ്പും അതേപ്പറ്റി നമ്മളോടു വിശദമായി പറഞ്ഞു തരികയും നമ്മുടെ മുന്നിൽ വച്ചു തന്നെ റിസൾട്ട്‌ വിശകലനം ചെയ്തു വിവരിക്കുകയും ചെയ്യും. മിഡ്‌വൈഫ് കൺസൽടെഷനും പരിശോധനകളും സ്കാനും എല്ലാം തികച്ചും സൗജന്യമാണ്. പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് നമ്മൾ ചെന്നാൽ മാത്രം മതി. നമ്മൾ ഇരിക്കുന്ന സീറ്റിൽ വന്നു ഡോക്ടർ/ മിഡ്‌വൈഫ് സ്വയം പരിചയപ്പെടുത്തി നമ്മളെ വിളിച്ചു കൊണ്ടു പൊയ്ക്കോളും. പരിശോധനകൾക്ക് ഫീസ് ഇല്ല, പക്ഷേ, എന്തെങ്കിലും അസൗകര്യം കൊണ്ടു നമുക്ക് പോകാൻ പറ്റാത്ത അവസരത്തിൽ കൃത്യമായി അപ്പോയ്ന്റ്മെന്റ് ക്യാൻസൽ ചെയ്തില്ലെങ്കിൽ ഫൈൻ ഉണ്ട്! ഇന്ത്യൻ രൂപയിൽ ഏകദേശം 4000 രൂപ വരെ വരും ഇത്!

കൃത്യം മൂന്ന് മാസം കഴിഞ്ഞപ്പോൾ എന്റെ ആസ്വസ്ഥകൾ നിന്നു. നെറ്റയുമായുള്ള കൂടി കാഴ്ചകളിൽ എന്റെ ശാരീരിക ആരോഗ്യവും കുഞ്ഞിന്റെ വളർച്ചയും മാത്രമല്ല, മാനസികാരോഗ്യവും വിലയിരുത്തിയിരുന്നു. ഓരോ കൂടി കാഴ്ചകളും അര മണിക്കൂറോളം നീണ്ടു. ദിയയ്ക്ക് ഞാൻ ജന്മം കൊടുത്തത് എമർജൻസി സിസേറിയൻ വഴിയായിരുന്നു. ഇതും സി സെക്ഷൻ ആയിരിക്കില്ലേ എന്ന എന്റെ ചോദ്യത്തിന് ‘നിന്റെ ശരീരത്തിന് നോർമൽ പ്രസവം (vaginal birth) ചെയ്യാൻ സാധിക്കും എന്നാണ് മനസ്സിലാകുന്നത്. അതു കൊണ്ടു നമുക്ക് ആദ്യം സാധാരണ പ്രസവത്തിനു ശ്രമിക്കാം’ എന്നായിരുന്നു നെറ്റയുടെ മറുപടി.

അഞ്ചാം മാസത്തിലെ അനോമലി സ്കാനും വളരെ വിശദമായിരുന്നു. കൂടാതെ ദിയയ്ക്ക് ഒരു അനിയത്തി വാവ ആണ് വരാൻ പോകുന്നത് എന്നു പറഞ്ഞു കുഞ്ഞിന്റെ കൈയും കാലുമൊക്കെ ദിയയെയും മോണിറ്ററിൽ കാണിച്ചു കൊടുത്തു. സാധാരണ അവസ്ഥയിൽ മൂന്നാം മാസത്തിലെ സ്കാനും പിന്നെ ഈ സ്കാനും ആണ് ഇവിടെ ഉള്ളത്.

സംഭവ ബഹുലം രണ്ടാം ട്രൈമെസ്റ്റർ

sweedish-pregnancy-story-ansila-naushad-family കുടുംബചിത്രം

ഓണം, നമസ്തെ സ്റ്റോക്‌ഹോം ഒക്കെ ആയി സംഭവബഹുലമായിരുന്നു രണ്ടാം ട്രൈമെസ്റ്റർ. ഓണഘോഷത്തിന് ഡാൻസ് ചെയ്തതും ഇന്ത്യൻ എംബസി നടത്തുന്ന നമസ്തെ സ്റ്റോക്‌ഹോമിന്റെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ചു തിരുവാതിര കളിച്ചതും ഞാൻ ജോലി ചെയ്യുന്ന വിപ്രോയിലെ സഹപ്രവർത്തകരെ ഫാഷൻ ഷോ പരിശീലിപ്പിച്ചതും ഒക്കെ മറക്കാൻ വയ്യാത്ത അനുഭവങ്ങൾ ആണ്.

നെറ്റ നിർദേശിച്ചതിന് അനുസരിച്ചു ഞാനും ശ്രീനിയും ഒരു ബെർത് പ്രപ്പറേഷൻ (birth preparation) ക്ലാസിൽ പങ്കെടുത്തു. ഒരു മണിക്കൂർ നീണ്ടു നിന്ന ഈ മീറ്റിങ്ങിൽ സ്വീഡിഷ് ആശുപത്രികളിലെ പ്രസവം, ലേബറിലെയും കുഞ്ഞിന്റെ ജനനത്തിലെയും വിവിധ ഘട്ടങ്ങൾ, പ്രസവ വേദന കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ എന്നിവ ആയിരുന്നു പ്രധാന വിഷയം. മിഡ് വൈഫും The Positive Birth Story Podcast ന്റെ സ്ഥാപകയുമായ ഓസ ഹോൾസ്റ്റേയൻ നയിച്ച ക്ലാസ്സ്‌ ഞങ്ങൾക്ക് രണ്ടു പേർക്കും പുതിയ അനുഭവമായിരുന്നു. നമുക്ക് വളരെയേറെ ആത്മവിശ്വാസം നൽകുന്ന വളരെ ഇൻഫർമേറ്റീവ് ആയ ഒന്നായിരുന്നു അത്. നമ്മുടെ നാട്ടിൽ കിട്ടുന്ന അമിതോപദേശങ്ങൾക്കും ഭയപ്പെടുത്തലുകൾക്കും പകരം ഓരോ സ്ത്രീക്കും അവരുടെ പങ്കാളികൾക്കും ഇങ്ങനെ പരിശീലനത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി! ഇതിന്റെ ഇടയിൽ നടന്ന സ്പിരിറ്റ്‌ ഓഫ് വിപ്രോ റണ്ണിലും ഞാൻ പങ്കെടുത്തു.ഏകദേശം പത്തു കിലോമീറ്റർ ആണ് അന്ന് നടന്നത്.

പ്രസവം വരെ ജോലി

2024 ജനുവരി 17 ആയിരുന്നു എന്റെ ഡ്യൂ ഡേറ്റ്. പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ മാനേജJgമായി സംസാരിച്ച ശേഷം പ്രസവം വരെ ജോലി ചെയ്യാൻ തീരുമാനം എടുത്തു. ഒക്ടോബർ അവസാനം വരെ പബ്ലിക് ട്രാൻസ്‌പോർട് ആയിരുന്നു ഓഫീസിൽ പോകാൻ ഉപയോഗിച്ചിരുന്നത്. സ്റ്റോക്‌ഹോമിലെ ബസ്, ട്രെയിൻ, ട്രാം, മെട്രോ റെയിൽ, ബോട്ട് എന്നിവ അടങ്ങുന്ന പൊതു ഗതാഗത സംവിധാനം വളരെ മികച്ചതും കൃത്യനിഷ്ഠയുള്ളതുമാണ്. മെട്രോയിൽ ആയിരുന്നു എന്റെ യാത്ര. നവംബർ പകുതിയോടെ മഞ്ഞും മഴയും കാരണം വഴിയിൽ തെന്നൽ തുടങ്ങി. കൂടാതെ വലിയ വയറും. വിന്റർ ജാക്കറ്റ് ഇട്ടു കൊണ്ടുള്ള നടപ്പ് നല്ല ബുദ്ധിമുട്ടായത്തിനാൽ ഓഫീസിൽ ശ്രീനി കാറിൽ കൊണ്ടു പോകാൻ തുടങ്ങി. ആദ്യം ഉണ്ടായിരുന്ന ഛർദി, തലകറക്കം ഒക്കെ തിരിച്ചു വന്നെങ്കിലും ഓഫീസിൽ ഞാൻ വളരെ ഹാപ്പിയും ആക്റ്റീവുമായിരുന്നു. എന്റെ സഹപ്രവർത്തകർ വലിയ സപ്പോർട്ട് ആയിരുന്നു. ഡിസംബർ ആദ്യവാരം ഉമ്മ നാട്ടിൽ നിന്നു വന്നു.

എല്ലാ വ്യാഴാഴ്ചയും ഞങ്ങൾക്ക് ഓഫീസിൽ ടീം ഫീക ഉണ്ട്. എല്ലാവരും കൂടി ഇരുന്നുള്ള ഈ കാപ്പിക്കുടി സ്വീഡിഷ് സംസ്കാരത്തിന്റെ ഭാഗം ആണ്. ഡിസംബർ 14 നുള്ള ഫികയിൽ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു. പ്രസവത്തിനു ഒരു മാസം കൂടി ഉണ്ടെങ്കിലും ഇനി അങ്ങോട്ട് അവധിക്കാലം ആണ്. ജനുവരി രണ്ടാം ആഴ്ചയോട് കൂടിയേ ഇനി ഓഫീസിൽ ആളനക്കം ഉണ്ടാകുകയുള്ളു.

ആത്മവിശ്വാസം തന്ന പ്രസവം

വെള്ളിയാഴ്ച ജോലിക്ക് ശേഷം ഞങ്ങളുടെ സുഹൃത്തുക്കൾ വീട്ടിൽ വന്നിരുന്നു. അവധിക്കാല ആഘോഷങ്ങൾ ഒക്കെ പ്ലാൻ ചെയ്തു എല്ലാവരും പിരിഞ്ഞപ്പോൾ രാവേറെ ആയി.. സ്വതവേ ഉറക്കം ഇല്ലാതിരുന്ന എനിക്ക് അന്ന് ഒട്ടും ഉറങ്ങാൻ പറ്റിയില്ല. വെളുപ്പിനെ എപ്പോഴോ ഉറങ്ങിയ ഞാൻ എണീറ്റത് ഒൻപത് മണിയോടെ ദിയ വന്നു വിളിച്ചപ്പോളാണ്. അവളോട് സംസാരിച്ചു കൊണ്ടു കിടക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് അംനിയോട്ടിക് ഫ്ലൂയിഡ് ലീക് ആയത്. എന്താ സംഭവം എന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾ എടുത്തു. ശ്രീനിയോട് വിവരം പറഞ്ഞിട്ട് ഞാൻ എനിക്ക് അനുവദിച്ചിട്ടുള്ള ഡെലിവറി സെന്റർ ആയ BB Stockholm ലേക്ക് വിളിച്ചു. വിവരങ്ങൾ പറഞ്ഞപ്പോൾ എത്രയും വേഗം അവിടെ എത്താൻ പറഞ്ഞു.

കാറിൽ ഏകദേശം 15 മിനിറ്റ് മതി. ഒരു മാസം കൂടി ഉള്ളത് കൊണ്ടു ഹോസ്പിറ്റൽ ബാഗ് ഒന്നും തയ്യാറാക്കിയിരുന്നില്ല. അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ പെട്ടിയിലാക്കി ഏകദേശം 11:30 യോടെ ഞങ്ങൾ BB സ്റ്റോക്‌ഹോമിൽ എത്തി. ഈ സമയമെല്ലാം ഫ്ലൂയിഡ് ലീക് ആയി കൊണ്ടിരിക്കുകയാണ്. ഡിസംബറിലെ കഠിന തണുപ്പിൽ ആകെ നനഞ്ഞു കുതിർന്നാണ് എന്റെ നിൽപ്പ്.

അവിടെ എത്തിയ ഉടൻ തന്നെ ഒരു മിഡ്‍വൈഫ് ഞങ്ങളുടെ അരികിൽ എത്തി.പരിശോധനകൾക്കു ശേഷം ലേബർ പ്രോഗ്രസ്സിൽ ആണെന്നും ഏകദേശം 4 സെന്റിമീറ്റർ ഡയലേറ്റഡ് ആണെന്നും അവർ പറഞ്ഞു. 35 ആമത്തെ ആഴ്ച ആയത് കൊണ്ടു ഇൻഫെക്ഷൻ ഒഴിവാക്കാൻ അഡ്മിറ്റ്‌ ആകാൻ നിർദേശിച്ചു. ഉടൻ തന്നെ ഞങ്ങൾക്കുള്ള ഡെലിവറി റൂമും തയ്യാറാക്കി.

വളരെ ശാന്തവും പോസിറ്റീവുമായ അന്തരീക്ഷം ആയിരുന്നു BB യിൽ. ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ മുറികളോട് കിടപിടിക്കുന്ന മുറികൾ. ഞങ്ങളുടെ മുറിയിൽ തന്നെ ഡെലിവറിക്കുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. കൂടാതെ ഡെലിവറി എളുപ്പമാക്കാനുള്ള വ്യായാമങ്ങൾ ചെയ്യാനുള്ള ബർത്ത് ബോൾ പോലുള്ള ഉപകാരണങ്ങളും അത്യാവശ്യം വലിയ ഒരു സോഫയും ബീൻബാഗും റോക്കിങ് ചെയറും ഒക്കെ ആയി അടിപൊളി സെറ്റ് അപ്പ്‌. നല്ല സൂപ്പർ ഭക്ഷണവും.

രണ്ടു മിഡ്‍വൈഫ്സും ഒരു അസിസ്റ്റന്റ് മിഡ്‍വൈഫും നമ്മളുടെ കൂടെ തന്നെ ഉണ്ട്. നല്ല വേദന വരുന്ന വരെ കാത്തിരിക്കാമെന്നും അത് വരെ റിലാക്സ് ചെയ്യൂ എന്നായിരുന്നു അവരുടെ നിർദേശം. രാത്രി ഏകദേശം 11 മണിയോട് കൂടിയാണ് വേദനയോടെ കൂടെയുള്ള കോൺട്രാക്ഷൻ എനിക്കു തുടങ്ങിയത്. കുറച്ചു ബ്രീതിങ് ടെക്‌നിക്‌സ് ഒക്കെ കൊണ്ടു ആദ്യം വേദന മാനേജ് ചെയ്തു. ഒരു തിരമാല പോലെ വരുന്ന ഓരോ വേദനയിലും ശ്രീനി എന്നെ ചേർത്തു പിടിക്കുന്നുണ്ടായിരുന്നു. വേദന ശക്തമായപ്പോൾ ലാഫിങ് ഗ്യാസ് (laughing gas) എടുത്തു. നല്ല ശക്തിയിൽ അത് വലിച്ചു കയറ്റിയ കൊണ്ടു എനിക്ക് തല കറങ്ങി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ epidural തന്നു. നടുവിന്റെയും വയറിന്റെയും ഭാഗത്തുള്ള വേദന മാത്രമേ epidural കുറയ്ക്കുകയുള്ളു എന്നും പെൽവിക് ഭാഗത്തുള്ള പ്രഷർ അനുഭവപ്പെടും എന്നൊക്കെയുള്ള വ്യക്തമായ വിവരം തന്നിട്ടാണ് epidural തന്നത്. ഇതിന്റെ ഇടയിൽ എന്റെ ബാൻമുഷ്ക മിയ കുഞ്ഞ് ബർത്ത് ടണലിലേക്ക് ഇറങ്ങി വരാനുള്ള ചില വ്യായാമങ്ങൾ എന്നെ കൊണ്ടു ചെയ്യിക്കുന്നുണ്ടാരുന്നു.

ഏകദേശം മൂന്ന് മണിയായപ്പോൾ സെർവിക്സ് 10 സെന്റിമീറ്റർ ഡയലേറ്റ് ആയെന്നു മിയ പറഞ്ഞത് എനിക്ക് അവിശ്വസനീയം ആയിരുന്നു! കുറച്ചു കൂടി കഴിഞ്ഞപ്പോൾ എങ്ങനെയാണ് കുട്ടിയെ പുഷ് ചെയ്യേണ്ടതെന്നു വിശദമായി പറഞ്ഞു തന്നു. ശ്രീനി കൂടെയുള്ളത് എനിക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകി. ശ്രീനി മുറിയിലെ സ്പീക്കറിൽ ഇഷ്ടമുള്ള പാട്ടുകൾ പ്ലേ ചെയ്തു കൊണ്ടേയിരുന്നു. ഒരു മണിക്കൂറിലേറെ എനിക്ക് പുഷ് ചെയ്യേണ്ടി വന്നു. ഒരേ പൊസിഷനിൽ ഞാൻ തളരുന്നതിനു അനുസരിച്ചു മിയ എനിക്ക് പുതിയ പൊസിഷനുകൾ നിർദേശിച്ചു കൊണ്ടേയിരുന്നു.

ഇടയ്ക്ക് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൂടിയപ്പോൾ രണ്ടു തവണ ഡോക്ടർ വന്നു ഗർഭസ്ഥ ശിശുവിന്റെ തലയിൽ നിന്നും ബ്ലെഡ്‌ സാമ്പിൾ എടുക്കുന്ന കണ്ടപ്പോൾ ‘കിളി പോയി’ എന്നാണ് ശ്രീനി പറഞ്ഞത്. എന്തെങ്കിലും എമർജൻസി ഉണ്ടായാൽ ഉടനെ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്ത് എടുക്കാനായി ഒരു ടീം തയ്യാറായി നിൽപ്പുണ്ടായിരുന്നു.

അങ്ങിനെ ഡിസംബർ 17, 5:57 നു തല നിറയെ മുടിയും അച്ഛനെ പോലെ നീണ്ട വിരലുകളും ഒരു കുഞ്ഞ് കരച്ചിലും ആയി ‘ഇമ’ മിയയുടെ കൈകളിലേക്കും അടുത്ത നിമിഷം എന്റെ നെഞ്ചിലേക്കും വന്നു. സന്തോഷം കൊണ്ടു ഞാനും ശ്രീനിയും ഒരു പോലെ കരയുന്നുണ്ടായിരുന്നു. തെല്ലൊരു പേടിയോടെ ശ്രീനി പൊക്കിൾ കൊടി മുറിച്ചു.

അമ്മയുടെ ഉറക്കം കുഞ്ഞിന്റെ ആരോഗ്യം

sweedish-pregnancy-story-ansila-naushad-family-mother ശ്രീനി, അൻസിലയുടെ ഉമ്മ, അൻസില, ദിയ, ഇമ

മിനിറ്റുകൾക്കുള്ളിൽ റൂം ഒക്കെ വൃത്തിയാക്കി പുതിയ അതിഥിയുടെ വരവ് ആഘോഷിക്കാനുള്ള "birthday fika " യുമായി മിയയും ടീമും വന്നു. നെഞ്ചോടു ഒട്ടി കിടക്കുന്ന പുതു ജീവനുമായി ഞങ്ങൾ Fika ചെയ്തു.

സാധാരണ പ്രസവവും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെങ്കിൽ 6 മണിക്കൂർ കഴിഞ്ഞ് വീട്ടിലേക്ക് പോകാം. ഇമ പ്രിമച്വർ ബേബി ആയതു കൊണ്ടു ഞങ്ങളെ വേറെ ഒരു റൂമിലേക്ക് മാറ്റി. ദിയയെ നോക്കുന്നതിനായി ശ്രീനി വീട്ടിലേക്കു പോയതു കൊണ്ടു ഉമ്മിച്ചി ആയിരുന്നു പിന്നെ കൂടെ നിന്നത്. ബ്രെസ്റ്ഫീഡിന് പുറമെ 2 മണിക്കൂർ ഇടവിട്ട് മൂക്കിൽ ഇട്ടിരുന്ന ട്യൂബിൽ കൂടെയും കുഞ്ഞിന് പാൽ കൊടുക്കാമായിരുന്നു. പ്രിമച്വർ ബേബി അധിക നേരം പാലു വലിച്ചു കുടിക്കാൻ കുഞ്ഞിന് കഴിയാത്തത് കൊണ്ടായിരുന്നു അത്. പ്രസംഗത്തിന്റെ വേദനയും ഇടവിട്ടുള്ള ഫീഡിങ്ങും കൊണ്ടു എനിക്ക് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇതു ശ്രദ്ധിച്ച മിഡ്‌വൈഫ്, ‘കുഞ്ഞിനെ കുറിച്ച് വിഷമിക്കണ്ട, നീ ഇങ്ങനെ ഉറങ്ങാതിരിക്കാൻ പറ്റില്ല’ എന്നു പറഞ്ഞു കുഞ്ഞിനെ നോക്കി കൊണ്ടു ഞങ്ങളുടെ മുറിയിൽ തന്നെ മണിക്കൂറുകളോളം ഇരുന്നു എനിക്കും ഉമ്മിച്ചിക്കും മതിയായ ഉറക്കം കിട്ടുന്നുവെന്ന് ഉറപ്പു വരുത്തി. നാലാമത്തെ ദിവസം ഞങ്ങൾ ഹോസ്പിറ്റൽ വിട്ടു. കൂടെ നിന്ന ആളുടെ 4 ദിവസത്തെ മുറിവാടകയും ഭക്ഷണത്തിന്റെ ചാർജും മാത്രമായിരുന്നു ചെലവായത്!

കുഞ്ഞുങ്ങൾ നാടിന്റെ സ്വത്ത്

ഹോസ്പിറ്റൽ വിട്ടെങ്കിലും പിന്നെയും 3 ആഴ്ച ഞങ്ങൾ പ്രിടേം ശിശുകൾക്കുള്ള ഹോം കെയറിൽ ആയിരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ കുട്ടികളുടെ നഴ്സ് വീട്ടിൽ വന്നു കുഞ്ഞിന്റെ ആരോഗ്യവും തൂക്കവും വിലയിരുത്തി കൊണ്ടിരുന്നു.

കുഞ്ഞുങ്ങളെ സ്റ്റേറ്റിന്റെ സ്വത്തും അവരുടെ സംരക്ഷണം സ്റ്റേറ്റിന്റെ കടമയും എന്നതാണ് സ്വീഡനിലെ സമീപനം. കുട്ടിക്ക് 16 വയസു ആകുന്ന വരെ എല്ലാ മാസവും 1250 sek (ഏകദേശം 10000 രൂപ ) രക്ഷകർത്താക്കൾക്ക് കിട്ടും (Child Benefit). അച്ഛനും അമ്മയ്ക്കും കൂടി 480 ദിവസം വരെ കുഞ്ഞിനെ നോക്കാനായി ജോലിയിൽ നിന്നു വിട്ടു നിൽക്കാവുന്നതാണ്. ഈ സമയത്തും സോഷ്യൽ സെക്യൂരിറ്റിയിൽ നിന്നും ഒരു നിശ്ചിത തുക എല്ലാ മാസവും കിട്ടും (Parental allowance). കുഞ്ഞുങ്ങൾക്ക് അസുഖം വന്നാൽ നോക്കാനായി ലീവ് എടുത്താൽ ആ ദിവസങ്ങളിൽ ശമ്പളം തരുന്നതും സോഷ്യൽ സെക്യൂരിറ്റി ആണ്. ഒരു വയസു വരെയുള്ള കുഞ്ഞുങ്ങളുമായി രക്ഷകർത്താക്കൾക്ക് പോകാനുള്ള ഓപ്പൺ പ്രീസ്കൂൾ, ഒന്നു മുതൽ ആറു വയസു വരെയുള്ള കുഞ്ഞുങ്ങൾക്കായുള്ള പ്രീസ്കൂൾ, ആറു വയസ് മുതൽ ഉള്ള നിർബന്ധ സൗജന്യ വിദ്യാഭ്യാസം മുതൽ കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്റ്റേറ്റ് കൂടെയുണ്ട്.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനം മാനസികമായും ശാരീരികമായും എന്നെ കൂടുതൽ ശക്തിപ്പെടുത്തി. ഉയരം കുറവാണ്, വണ്ണം കൂടുതൽ, നിറമില്ല തുടങ്ങി ഒട്ടനവധി ആക്ഷേപങ്ങൾ കേട്ട എന്റെ ശരീരം എത്ര ശക്തവും സുന്ദരവും ആണെന്ന ബോധ്യം കൂടിയാണ് ഇമയ്‌ക്കൊപ്പം ജന്മമെടുത്തത്