Tuesday 02 April 2024 11:12 AM IST : By സ്വന്തം ലേഖകൻ

സിംനയുടെ ശരീരത്തിൽ കത്തി കൊണ്ടു ആഴത്തിൽ ഒമ്പത് മുറിവുകൾ; ഷാഹുലുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പ്രതികാരം, കൊലപാതകം

ernakulam-general-murder-case

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മ സിംനയുടെ ശരീരത്തിൽ കത്തി കൊണ്ടുള്ള 9 മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ്. കഴുത്തിൽ ആഴത്തിൽ നീളമുള്ള മുറിവാണ് ഉണ്ടായിരുന്നത്. ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകിയ സിംനയുടെ മൃതദേഹം കബറടക്കി.

കൊലപാതകത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ഷാഹുലിനെ കൈകൾക്കു മുറിവേറ്റ നിലയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. കൊലപ്പെടുത്തിയ ഷാഹുലിന്റെ കൈകളിൽ ആഴത്തിൽ‌ മുറിവുണ്ടായതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി. സിംനയെ കൊലപ്പെടുത്തുന്നതിനിടെ കത്തി കൊണ്ട് ഷാഹുലിന്റെ കൈകളിൽ മുറിവേറ്റിരുന്നു. ഇതേ തുടർന്നാണു പൊലീസ് വിദഗ്ധ ചികിത്സയ്ക്കായി ഷാഹുലിനെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇന്നലെ വൈകിട്ട് ശസ്ത്രക്രിയ നടത്തി. ഇന്നോ നാളെയോ ഇയാളെ  ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം.

സിംനയുടെ കഴുത്തറുത്ത ശേഷം ‌കത്തി കൊണ്ടു തുടർച്ചയായി കുത്തുന്നതിനിടെയാണു ഷാഹുലിന്റെ കൈകളിൽ മുറിവുണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് ജനറൽ ആശുപത്രിയിൽ നിരപ്പ് കോട്ടക്കുടിതാഴത്ത് സിംനയെ സുഹൃത്തായ വെസ്റ്റ് പുന്നമറ്റം തോപ്പിൽകുടി ഷാഹുൽ അലി കഴുത്തറത്തു കൊലപ്പെടുത്തിയത്. പിതാവിനു ഭക്ഷണം നൽകിയ ശേഷം മകളോടൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു ഷാഹുൽ സിംനയെ ആക്രമിച്ചത്.

സൗഹൃദം അവസാനിപ്പിച്ചതിന് പ്രതികാരം; കൊലപാതകം

ഷാഹുലുമായുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് സിംനയെ കൊലപ്പെടുത്താൻ തീരുമാനിച്ചതിനു കാരണമെന്നു പൊലീസ് പറഞ്ഞു. സിംനയുടെ ഭർത്താവ് ഷക്കീർ ജോലിക്കായി വിദേശത്ത് ആയിരുന്നപ്പോൾ ഷാഹുൽ സിംനയ്ക്ക് സഹായങ്ങൾ നൽകിയിരുന്നു. ഷക്കീർ‌ ഇപ്പോൾ നാട്ടിലുണ്ട്.

രണ്ടാഴ്ച മുൻപും സിംന ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തി ഷാഹുൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. സിംന ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്നു കൊലപ്പെടുത്താൻ തീരുമാനിച്ചു തന്നെയാണു കത്തിയുമായി ഷാഹുൽ ആശുപത്രിയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പാക്കാനാണ് കഴുത്തറത്തതിനു ശേഷവും പിൻഭാഗത്ത് പലതവണ കുത്തിയത്.

ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമേ കൊലപാതകത്തിനുള്ള കാരണങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശേഷം ഷാഹുലിന്റെ കൈകളിൽ മുറിവ് ഉണ്ടായിരുന്നതിനാൽ പൊലീസ് ഇയാളെ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഒരാളെ പൊലീസിനു മുന്നിൽ ഷാഹുൽ രൂക്ഷമായ ഭാഷയിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:
  • Spotlight