Tuesday 23 May 2023 12:05 PM IST : By സ്വന്തം ലേഖകൻ

‘ലിനി... നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല; നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല’; സിസ്റ്റർ ലിനിയുടെ ഓര്‍മ്മകളില്‍ സജീഷും പ്രതിഭയും, കുറിപ്പ്

linyannivvv45

രോഗിയെ പരിചരിക്കാനുളള നിയോഗത്തിനു സ്വന്തം ജീവനേക്കാൾ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് അഞ്ചു വയസ്സ്. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച് മരണപ്പെട്ട ലിനി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ മാതൃകയാണ്. മരണം ശരീരത്തില്‍ ശരവേഗത്തിൽ പടർന്നു കയറുമെന്ന് അറിഞ്ഞിട്ടും സഹജീവിക്കായി ജീവൻ ത്യജിച്ചു.

പ്രിയപ്പെട്ടവരെ വിട്ട് മറ്റൊരു ലോകത്തേക്ക് പോകുമെന്ന് തിരിച്ചറിഞ്ഞ നിമിഷം ലിനി കുറിച്ചിട്ട സ്നേഹാക്ഷരങ്ങൾ ഇന്നും മലയാളിക്ക് വേദനയാണ്. ലിനിയുടെ ഓർമ്മകളിൽ ഭർത്താവ് സജീഷ് പുത്തൂരും സജീഷിന്റെ ഭാര്യ പ്രതിഭയും പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ് നൊമ്പരമാകുന്നു. 

സജീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം;

ലിനി...

നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു.

ഇന്ന് ഞങ്ങൾ തനിച്ചല്ല....

ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും,

ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അത്‌ അനുഭവിക്കുന്നുണ്ടെങ്കിൽ ‌നിന്റെ നിഴൽ കാവലായ്  ഞങ്ങളുടെ കൂടെ ഉളളത്‌ കൊണ്ട്‌ മാത്രമാണ്‌.

മെയ്‌ 21

വേർപാടിന്റെ ഓർമ്മദിനം

സജീഷിന്റെ ഭാര്യ പ്രതിഭ പങ്കുവച്ച കുറിപ്പ്;

ലിനി… നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌. നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നത്‌. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്‌. കാവലായ്‌ സ്നേഹത്തോടെ പ്രതിഭ സജീഷ്. 

Tags:
  • Spotlight
  • Social Media Viral